News >> തടങ്കൽ ജീവിതം വൈദിക സഹനത്തിന്റെ ഭാഗം
കോയമ്പത്തൂർ: തടങ്കൽ ജീവിതം വൈദിക സഹനത്തിന്റെ ഭാഗമായിട്ടാണ് താൻ കരുതുന്നതെന്ന് അഫ്ഗാനിസ്ഥാനിൽ തീവ്രവാദികളാൽ ബന്ദിയാക്കപ്പെട്ട് ഏകദേശം ഒമ്പതു മാസം തടങ്കലിൽ ആയിരുന്ന ഈശോ സഭ വൈദികൻ ഫാ. അലക്‌സി പ്രേംകുമാർ അന്തോണിസാമി.അഫ്ഗാനിസ്ഥാനിൽ, ഈ മാസം ഒമ്പതിന് ആഗാ ഖാൻ ഫൗണ്ടേഷൻ ഉദ്യോഗസ്ഥയും കൊൽക്കത്ത സ്വദേശിയുമായ ജൂഡിത്ത് ഡിസൂസയെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതിന്റെ പശ്ചാത്തലത്തിൽ, ഫാ. അലക്‌സി മനസ് തുറക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലെ തീവ്രവാദികൾ ബന്ദിയാക്കുന്നവരുടെ മോചനത്തിന് നിരന്തരം പ്രാർത്ഥന അത്യന്താപേക്ഷിതമാണെന്ന് അദേഹം പറഞ്ഞു.ഇപ്പോൾ ഇദ്ദേഹം തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥികളുടെ ഉന്നമനത്തിനായി സേവനം ചെയ്യുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ രൂപതയിലെ ദേവകോട സ്വദേശിയായ ഫാ. അലക്‌സി, അഫ്ഗാനിസ്ഥാനിലെ ഈശോ സഭാ സമൂഹത്തിന്റെ 'ജെസ്യൂട്ട് റെഫ്യുജി സർവീസി'ന്റെ അഫ്ഗാനിസ്ഥാനിലെ ഡയറക്ടറായിരുന്നു. 2014 ജൂൺ രണ്ടിനാണ് തീവ്രവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. 2015 ഫെബ്രുവരി 22 വരെ അവരുടെ തടങ്കലിൽ ആയിരുന്നു.
അന്നത്തെ ആ സംഭവം2014 മെയ് 23-ന് അഫ്ഗാനിസ്ഥാനിലെ ഗെറാത്തിലുള്ള ഇന്ത്യൻ കൗൺസിൽ താലിബാൻ തീവ്രവാദികൾ ആക്രമിച്ചിരുന്നു. ഈ ഏറ്റുമുട്ടലിൽ സുരക്ഷാഭടന്മാർ നാല് തീവ്രവാദികളെ വധിച്ചു. ഇതെത്തുടർന്ന് ഇന്ത്യക്കാർക്കെതിരെ അക്രമം ഉണ്ടാകുമെന്നും അതിനാൽ ജാഗ്രത വേണമെന്നും ഇന്ത്യൻ കൗൺസിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ ഒരാഴ്ച ഫാ. അലക്‌സിസ് പുറത്തിറങ്ങിയില്ല. ഇതിനിടയിൽ ഈശോസഭയുടെ മറ്റു രണ്ട് അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും അവിടേക്കുള്ള വിമാന സർവീസ് റദ്ദാക്കിയതിനാൽ യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ജൂൺ രണ്ടിന് ഗെറാത്തിൽനിന്ന് 35 കിലോമീറ്റർ ദൂരെയുള്ള സോഹത്തിലെ സ്‌കൂൾ സന്ദർശിക്കുന്നതിന് ഫാ. അലക്‌സിസ് പോയി. വിദ്യാർത്ഥികളെല്ലാം പോയശേഷം സ്‌കൂൾ സ്റ്റാഫ് പോകാൻ തയാറെടുക്കുമ്പോൾ പെട്ടെന്ന് തോക്കുധാരികളായ നാലുപേർ ഒരു വാഹനത്തിൽ സ്‌കൂളിലെത്തി. 'വിദേശി' എവിടെയെന്ന് ആക്രോശിച്ചുകൊണ്ട് അവർ നാലുപാടും വെടിവച്ചു. പ്രാണരക്ഷാർത്ഥം എല്ലാവരും രക്ഷപ്പെടാൻ ശ്രമിച്ചു. 'വിദേശി' എന്ന ആക്രോശത്തിൽ നിന്നും തന്നെയാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫാ. അലക്‌സിസിന് മനസിലായി. ഓടാനോ രക്ഷപ്പെടാനോ സമയം ലഭിക്കുന്നതിനുമുമ്പ് തോക്കുധാരികൾ അച്ചനെ ബന്ദിയാക്കുകയായിരുന്നു. വാഹനത്തിൽ കയറ്റി 'മുഖം കുനിച്ച് താഴോട്ട് മാത്രമേ നോക്കാവൂ' എന്ന് അവർ ആജ്ഞാപിച്ചു. തന്നെ ബന്ദിയാക്കിയ വിവരം അവർ എവിടെയൊക്കെയോ ഫോൺ ചെയ്തു പറയുന്നുണ്ടായിരുന്നു. 'പാഷ്‌കോ' ഭാഷയിലാണ് അവർ സംസാരിച്ചത്. അതുകൊണ്ട് അവർ എന്താണ് സംസാരിക്കുന്നതെന്ന് അച്ചന് മനസിലായില്ല.രണ്ടുമണിക്കൂർ യാത്രയ്ക്കുശേഷം വാഹനം ഒരു ഗ്രാമത്തിൽ നിർത്തി തീവ്രവാദികൾ ഭക്ഷണം വാങ്ങി തന്നു. തുടർന്ന് രാത്രി മുഴുവൻ യാത്രയായിരുന്നു. രാവിലെ ഒരു സ്ഥലത്ത് എത്തിയപ്പോൾ വാഹനത്തിൽ നിന്നിറക്കി. തന്റെ കണ്ണു മൂടിക്കെട്ടാൻ തുടങ്ങി. എതിർത്തപ്പോൾ തോക്കുചൂണ്ടി ഇപ്പോൾത്തന്നെ കൊല്ലുമെന്ന് ഒരാൾ പറഞ്ഞു. മറ്റൊരാൾ വലിയൊരു കത്തി കാണിച്ച് 'കുത്തി കുടൽ മാല വലിച്ചൂരു'മെന്ന് ഭീഷണിപ്പെടുത്തി. ഭയം നിമിത്തം പിന്നീട് അവർ പറയുന്നതെല്ലാം അനുസരിക്കുകയായിരുന്നു."മലമുകളിലുള്ള ഒരു ഗുഹയിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ ചങ്ങലകൾകൊണ്ട് കൈകാലുകൾ ബന്ധിച്ചു. ഭക്ഷണമൊന്നും തന്നില്ല. വല്ലപ്പോഴും വെളളമോ മറ്റോ തന്നെങ്കിലായി. പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിമാറ്റി താമസിപ്പിച്ചു. ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്ക് മേൽക്കൂര ഉണ്ടായിരുന്നില്ല. പക്ഷേ എവിടെ താമസിപ്പിച്ചാലും വളർത്തുനായയെ കെട്ടിയിടുന്നതുപോലെ ചങ്ങലകൾകൊണ്ട് ബന്ധിച്ചാണ് ഇട്ടിരുന്നത്. പല സ്ഥലവും ചെളികെട്ടി വൃത്തിഹീനമായിരുന്നു. എട്ടു മുതൽ 81 ദിവസം വരെ ഇങ്ങനെ വിവിധ സ്ഥലങ്ങളിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്.ഒരു കൂട്ടം യുവാക്കളുടെ ഗ്രൂപ്പിന് പിന്നീട് അവരെന്നെ കൈമാറി. താൻ ബന്ദിയാക്കപ്പെട്ട ആദ്യദിവസങ്ങളിൽ എനിക്ക് മോചനം നൽകുമെന്ന് തീവ്രവാദികൾ പറഞ്ഞെങ്കിലും അത് പാഴ്‌വാക്കാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. അപ്പോഴെല്ലാം നിരന്തരം പ്രാർത്ഥനയിലായിരുന്നു ഞാൻ. ദൈവം എന്നെ കൈവിടുകയില്ലെന്നും അവിടുന്ന് എന്നെ രക്ഷിക്കുമെന്നും ഞാൻ ഹൃദയത്തിൽ വിശ്വസിച്ചു. പുതിയ ഗ്രൂപ്പിന് എന്നെ വിറ്റപ്പോഴും 'രക്ഷിക്കാൻ കഴിയാത്ത വിധം ദൈവത്തിന്റെ കരം കുറുകിപ്പോയിട്ടില്ല' എന്ന തിരുവചനം ഞാൻ ഹൃദയത്തിൽ ഏറ്റുപറഞ്ഞു.പുതിയ ഗ്രൂപ്പിലുള്ള യുവാക്കൾ അധികം വൈകാതെ എന്നെ മോചിപ്പിക്കുമെന്ന് പറയുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ എന്നോടുള്ള നിസംഗതയും അക്രമ സ്വഭാവങ്ങളും മറ്റും കണ്ടപ്പോൾ മോചനം അസാധ്യമെന്ന് എനിക്ക് തോന്നി. പക്ഷേ, നിരാശനാകാതെ പ്രാർത്ഥിക്കുകയായിരുന്നു ആ നാളുകളിൽ ഞാൻ ചെയ്തത്. ഒരു ദിവസം അവരിലൊരാൾ എന്നോട് പറഞ്ഞു; ഈശോസഭയുടെ സൗത്ത് ഏഷ്യയിലെ റീജണൽ ഡയറക്ടർ, ഖത്തറിൽ വച്ച് താലിബാൻ പ്രതിനിധികളുമായി എന്റെ മോചനം സംബന്ധിച്ച് ചർച്ച നടത്തിയെന്ന്. അതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി. എങ്കിലും ചർച്ച നടത്തിയതുകൊണ്ട് മോചനം സാധ്യമാകണമെന്നില്ലല്ലോ. അടുത്ത ദിവസം പതിവുപോലെ കണ്ണുമൂടിക്കെട്ടി അവർ എന്നെയുംകൊണ്ട് യാത്രയായപ്പോൾ ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ജീവനിലേക്കോ മരണത്തിലേക്കോ ആ യാത്ര എന്നറിയില്ലല്ലോ. രണ്ടു ദിവസം നീണ്ട യാത്രയിൽ, പല വാഹനങ്ങൾ മാറി മാറി കയറി. അപ്പോഴെല്ലാം എന്നോടൊപ്പം യാത്ര ചെയ്തുവന്നവരും മാറിക്കൊണ്ടിരുന്നു.നാനാഭാഗത്തുനിന്ന് വെടിയൊച്ച കേൾക്കുന്ന ഒരു സ്ഥലത്ത് എത്തിയപ്പോൾ അവർ വാഹനം നിർത്തി. കണ്ണിലെ കെട്ടഴിച്ചശേഷം എന്റെ കൈയിൽ ഒരു മൊബൈൽ ഫോൺ തന്നിട്ട് ഓടി രക്ഷപ്പെട്ടുകൊള്ളാൻ പറഞ്ഞു. തിരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് വന്നാൽ ഇനി ജീവനോടെ മടങ്ങില്ലെന്നും അവർ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇത്രയും പറഞ്ഞശേഷം അവർ വാഹനമോടിച്ചുപോയി. അത് ഏത് സ്ഥലമെന്നോ എന്താണ് ഇനി സംഭവിക്കുന്നതെന്നോ എനിക്കറിയില്ലായിരുന്നു. പലരോടും ചോദിച്ച് ഇന്ത്യൻ എംബസിയിലേക്ക് ഞാൻ വിളിച്ചു. അവർ വന്നാണ് എന്നെ രക്ഷപ്പെടുത്തിയത്." ഫാ. അലക്‌സിസിന്റെ മുഖത്ത് തെളിച്ചം.1998-ൽ പൗരോഹിത്യം സ്വീകരിച്ച, 47 കാരനായ ഫാ. അലക്‌സിസ് 2011 മുതൽ അഫ്ഗാനിസ്ഥാനിലാണ് സേവനം ചെയ്യുന്നത്. 2012-ൽ അദ്ദേഹം ഈശോസഭയുടെ റഫ്യൂജീസ് സർവീസിന്റെ അഫ്ഗാനിസ്ഥാനിലെ ഡയറക്ടറായി. പാക്കിസ്ഥാനിൽനിന്നും ഇറാനിൽനിന്നും അഭയാർത്ഥികളായി എത്തുന്ന അഫ്ഗാനിസ്ഥാനികൾക്ക് വിദ്യാഭ്യാസ-സോഷ്യൽ സർവീസുകൾ നൽകുന്ന സംഘടനയാണ് റഫ്യൂജീസ് സർവീസ്. ഹെറാത്ത് സെന്ററിൽ ആറായിരത്തിൽ പരം അഭയാർത്ഥികൾ ഉണ്ട്. ഇവരുടെ മക്കൾക്കുവേണ്ടിയാണ് ഈശോസഭാ വൈദികർ സ്‌കൂളുകൾ നടത്തുന്നത്. ഇവിടെ ഇപ്പോൾ നാലു വൈദികരുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിനുമുമ്പ് ഫാ. അലക്‌സിസ്, ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഉന്നമനത്തിന് ഡിണ്ടിഗൽ, കൊടൈക്കനാൽ മേഖലകളിലും സേവനം ചെയ്തിരുന്നു.രണ്ടുവർഷം മുമ്പ് അഫ്ഗാനിസ്ഥാനിലെ 'പാക്ടിക്ക' പ്രൊവിൻസിൽ തീവ്രവാദികൾ ഒരു ഇന്ത്യക്കാരനെ ബന്ദിയാക്കിയശേഷം കൊലപ്പെടുത്തിയിരുന്നു. 2010-ൽ ആറ് ഇന്ത്യൻ തൊഴിലാളികളും ഇതുപോലെ വധിക്കപ്പെട്ടിരുന്നു.2014 ൽ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് 40 ഇന്ത്യക്കാരെ ബന്ദിയാക്കി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവരെപ്പറ്റി ഇതുവരെ യാതൊരു അറിവുമില്ല. ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ ഫാ. അലക്‌സിസിനെ ജീവനോടെ തിരിച്ചുകിട്ടിയത് പ്രാർത്ഥനയുടെ ശക്തി ഒന്നുകൊണ്ടു മാത്രമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കത്തോലിക്കാ സഭയും വിശ്വസിക്കുന്നു.ബന്ദികളുടെ മോചനത്തിന് തുടർ ചർച്ചകൾ അനിവാര്യമാണ്. പെട്ടെന്ന് മോചനദ്രവ്യം തരാമെന്നോ ഇല്ലെന്നോ പറയരുത്. മോചനദ്രവ്യം ഉടനെ തരാമെന്ന് അറിയിച്ചാൽ ഇനിയും മറ്റ് ഇന്ത്യക്കാരെയും അവർ ബന്ദികളാക്കും. തരില്ലെന്ന് പറഞ്ഞാൽ അവർ ബന്ദികളെ കൊന്നുകളയും. മോചനചർച്ചകൾ തുടർന്നാൽ മാത്രമേ തീവ്രവാദികൾക്ക് തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നുള്ള പ്രതീക്ഷയുണ്ടാകുകയുള്ളൂ. തന്റെ മോചനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രാലയം എന്നിവയ്ക്ക് പുറമെ സ്‌കോട്ട്‌ലൻഡ് യാർഡ് പോലിസ്, ലണ്ടനിലെ മെട്രോപ്പോലിത്തൻ പോലിസ് എന്നിവരും മധ്യസ്ഥചർച്ചയിൽ പങ്കെടുക്കുന്നതായി ഫാ. അലക്‌സി അറിയിച്ചു.അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് സിറ്റിയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നുമാണ് തീവ്രവാദികൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ചർച്ചയ്ക്ക് മുമ്പ് താൻ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അതിനവർ ഫാ. അലക്‌സി സഹായമഭ്യർത്ഥിക്കുന്ന ഒരു വീഡിയോ മന്ത്രാലയത്തിന് കൈമാറുകയുണ്ടായി. ബന്ദികളായിട്ടുള്ളവർക്കുവേണ്ടി നാം പ്രാർത്ഥിക്കണം; അദ്ദേഹം ഓർമ്മിപ്പിച്ചു.Source: Sunday Shalom