News >> മുന്നറിയിപ്പുകളെ അവഗണിച്ചാൽ സഹിക്കേണ്ടി വരുംലൂക്ക. 12:57,13: 5:- 2016 ജൂൺ 19 ഞായർ സീറോ മലബാർ കുർബാനയിലെ വായന
ദൈവം മനുഷ്യന് പലപ്പോഴും പല മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകളോട് രണ്ടുവിധത്തിൽ ആളുകൾ പ്രതികരിച്ചു. ചിലർ അനുസരിച്ചു, അവർക്ക് നന്മ ഉണ്ടായി. മറ്റുചിലർ അവഗണിച്ചു, അവർക്ക് സഹനമുണ്ടാവുകയും ചെയ്തു. സഹനങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് ദൈവം മുന്നറിയിപ്പ് നൽകുന്നത്. അത് അവഗണിച്ചാൽ നിശ്ചയമായും സഹിക്കേണ്ടിവരും. ബൈബിളിൽ നിന്നുതന്നെ ഉദാഹരണം പരിശോധിക്കാം.ഉൽപത്തി രണ്ടാം അധ്യായത്തിലാണ് തുടക്കം. പറുദീസയിൽ ആക്കിയ ആദത്തിന് ദൈവം മുന്നറിയിപ്പ് നൽകി: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും (2:16-17). എന്നാൽ, ഈ മുന്നറിയിപ്പ് ആദവും ഹവ്വയും അവഗണിച്ചു. വിലക്കപ്പെട്ട മരത്തിന്റെ ഫലം അവർ തിന്നു. അതുകാരണം അവർക്ക് ധാരാളം സഹനങ്ങൾ ഉണ്ടായി. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടു. ആദവും ഹവ്വയും തമ്മിലുള്ള സ്‌നേഹം കുറഞ്ഞു. സ്ത്രീയുടെ ഗർഭാരിഷ്ടതകൾ കൂടി. മണ്ണ് ശപിക്കപ്പെട്ടതായി. മരണത്തിന് വിധേയനായി (ഉല്പ. 3:14-24). ജനം ബാബേൽ ഗോപുരം പണി തുടങ്ങി. പണിയരുതെന്ന് ദൈവം മുന്നറിയിപ്പ് നൽകി. ജനം അത് അവഗണിച്ചു. ദൈവം അവരെ ചിതറിച്ചു (ഉല്പ. 11:1-9). തെറ്റ് ചെയ്യരുതെന്ന ദൈവത്തിന്റെ കല്പന നിരസിച്ചവരാണ് സോദോം-ഗോമോറ നിവാസികൾ. ദൈവം അവരെ നശിപ്പിച്ചു (ഉല്പ. 19:23-29). സോദോം-ഗോമോറയെ നശിപ്പിക്കുന്നതിനുമുമ്പ് ദൈവം ലോത്തിനെയും കുടുംബത്തെയും അവിടെനിന്ന് മാറ്റി രക്ഷിച്ചു. ലോത്തിന്റെ രണ്ട് പെൺമക്കളെ വിവാഹം ചെയ്യാനിരുന്ന യുവാക്കളെയും രക്ഷപ്പെടുവാനായി തന്റെ കൂടെ വരുവാൻ ലോത്ത് നിർബന്ധിച്ചു. എന്നാൽ, അവർ ആ മുന്നറിയിപ്പ് അവഗണിച്ചു. ഫലമോ, അവരും വെന്ത് മരിച്ചു (ഉല്പ. 19:12-29). ഈജിപ്തിൽനിന്ന് വാഗ്ദാനനാട്ടിലേക്ക് പുറപ്പെട്ട ഇസ്രായേൽജനം നിരന്തരം ദൈവത്തിനും മോശയ്ക്കും എതിരെ പിറുപിറുത്തു. ദൈവസ്വരം അവർ അവഗണിച്ചു. അപ്പോൾ ദൈവം അവരെ ശിക്ഷിച്ചു. "എന്റെ സ്വരം അവഗണിച്ച ഈ ജനത്തിലാരും അവരുടെ പിതാക്കന്മാർക്ക് ഞാൻ വാഗ്ദാനം ചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരാരും അത് കാണുകയില്ല (സംഖ്യ 14:20-24). ദൈവത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച അവരെല്ലാം മരുഭൂമിയിൽവച്ച് മരിച്ചു. ജോഷ്വായുടെ പുസ്തകം 24:20 ഇങ്ങനെ പറയുന്നു: കർത്താവിനെ വിസ്മരിച്ച് അന്യദേവന്മാരെ സേവിച്ചാൽ അവിടുന്ന് നിങ്ങൾക്ക് എതിരെ തിരിയും.
നന്മ ചെയ്തിരുന്ന കർത്താവ് നിങ്ങൾക്ക് തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ, ന്യായാധിപന്മാർ, രാജാക്കന്മാർ തുടങ്ങിയ പഴയനിയമ പുസ്തകങ്ങൾ വായിക്കുമ്പോൾ ഇസ്രായേൽജനം ഈ മുന്നറിയിപ്പ് അവഗണിക്കുന്നതും തൽഫലമായി ശിക്ഷിക്കപ്പെടുന്നതും ക്ഷാമം, (1 രാജാ. 16:29-17:2), യുദ്ധങ്ങൾ, യുദ്ധങ്ങളിലെ തോൽവി, അടിമത്തം (2 രാജാക്കന്മാർ അധ്യായം 5) എന്നിവയെല്ലാം ഇസ്രായേൽ അനുഭവിക്കേണ്ടിവന്നു. ജറീക്കോയിൽനിന്ന് ഒന്നും എടുക്കരുതെന്ന ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച ആഖാൻ ചില നിഷിദ്ധവസ്തുക്കൾ അവിടെനിന്നും എടുത്തു. തന്മൂലം കർത്താവിന്റെ കോപം ഇസ്രായേൽ ജനത്തിന്റെമേൽ ജ്വലിച്ചു. ജനം ആഖാനെയും കുടുംബത്തെയും കല്ലെറിഞ്ഞ് കൊന്നു. വസ്തുക്കൾ അഗ്നിയ്ക്കിരയാക്കി (ജോഷ്വാ, അധ്യായം 7).ലൂക്കായുടെ സുവിശേഷം 12:57-13:5 വചനങ്ങളിൽ യേശുവിന്റെ മുന്നറിയിപ്പ് നാം വായിക്കുന്നു. ന്യായാധിപന്റെ അടുത്ത് എത്തുന്നതിനുമുമ്പ് വഴിയിൽവച്ചുതന്നെ രമ്യതപ്പെട്ടുകൊള്ളുക. ഇല്ലെങ്കിൽ തടവിലാക്കപ്പെടും. ന്യായാധിപനായ ദൈവത്തിന്റെ അടുത്ത് വിധിവാചകം കേൾക്കാൻ എത്തുന്നതിനുമുമ്പുതന്നെ ദൈവവും മനുഷ്യരുമായി രമ്യതപ്പെടണം എന്ന് യേശു നിർദേശിക്കുന്നു. ഇല്ലെങ്കിൽ ദൈവത്തിന്റെ ശിക്ഷാവിധി ഏറ്റുവാങ്ങേണ്ടിവരും. അവസാനത്തെ തുട്ടുവരെ കൊടുത്തുവീട്ടാതെ തടവറയിൽനിന്ന് പുറത്തുവരാൻ കഴിയുകയില്ല എന്ന് യേശു മുന്നറിയിപ്പ് തന്നിട്ടുണ്ട്. തടവറയിൽ കിടക്കുന്നവന് എങ്ങനെ കടം വീട്ടാൻ കഴിയും? അല്ലെങ്കിൽ, കടത്തിന് ആനുപാതികമായ ശിക്ഷ അനുഭവിക്കണം.പശ്ചാത്തപിക്കുന്നതിലൂടെയാണ് നമുക്ക് കടം വീട്ടാൻ പറ്റുക. പീലാത്തോസ് ബലികളിൽ ഗലീലിയക്കാരായ ഏതാനും പേരുടെ രക്തംകൂടി കലർത്തിയ സംഭവവും സീലോഹായിൽ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട 18 പേരുടെയും കാര്യം യേശു അനുസ്മരിക്കുന്നു. ഈ രണ്ടുകൂട്ടർ മറ്റെല്ലാവരെയുംകാൾ കൂടുതൽ പാപികളായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നൊരു ചോദ്യവും യേശു ചോദിക്കുന്നു. ഈ ചോദ്യത്തിൽ രണ്ട് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. 'കൂടുതൽ പാപികൾ' എന്ന പ്രയോഗത്തിലൂടെ, അവർ പാപികളായിരുന്നുവെന്ന് യേശുവിന്റെ വാക്കുകളിൽനിന്ന് മനസിലാക്കാം. പക്ഷേ, മനസിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. അന്ന് അവിടെ ജീവിച്ചിരുന്ന മറ്റ് മനുഷ്യരെക്കാൾ കൂടുതൽ പാപികൾ ആയിരുന്നോ എന്നാണ് യേശുവിന്റെ ചോദ്യം. രണ്ട് ഉത്തരങ്ങൾ നമുക്ക് കിട്ടുന്നുണ്ട്. ഒന്ന്, അവർ മറ്റുള്ളവരെക്കാൾ കൂടുതൽ പാപികളായിരുന്നു; അതുകൊണ്ടാണ് ഇങ്ങനെ കൊല്ലപ്പെട്ടത് എന്നർത്ഥമില്ല. രണ്ട്, അന്ന് ജീവിച്ചിരുന്ന മറ്റെല്ലാവരും ഇതുപോലെ കൊല്ലപ്പെട്ടില്ലെങ്കിലും, പാപികൾ ആയിരുന്നു. അതിനാൽ ഉടൻ ശിക്ഷ കിട്ടിയില്ല എന്നതിന്റെ പേരിൽ പാപവും ശിക്ഷയും ഇല്ലെന്ന് കരുതേണ്ട എന്നാണ് യേശു പറയുന്നത്. അതായത്, എല്ലാവരിലും പാപം ഉണ്ട്. അതിനാൽ എല്ലാവരും അനുതപിച്ച് പാപമോചനം നേടണം. ഇല്ലെങ്കിൽ എല്ലാവരും ശിക്ഷിക്കപ്പെടും.ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച എല്ലാവരും ശിക്ഷിക്കപ്പെട്ടു. അങ്ങനെയെങ്കിൽ, ഇന്നും എന്നും ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിക്കുന്നവർ ശിക്ഷിക്കപ്പെടും. മുന്നറിയിപ്പ് നൽകുന്നത് ശിക്ഷയും കഷ്ടതയും ഉണ്ടാകാതിരിക്കാനാണ്. അതിനാൽ, കഷ്ടനഷ്ടങ്ങളും സഹനങ്ങളും ശിക്ഷയും ഒഴിവാക്കുവാൻ ദൈവത്തിന്റെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണണം.
ഫാ. ജോസഫ് വയലിൽ cmi@മറുപുറംSource: Sunday Shalom