News >> ലോക സുഖങ്ങൾ തേടുന്നവരേ, ഈ ചിയാരയുടെ അനുഭവം വായിക്കണേ


ഗർഭപാത്രങ്ങൾ കൊലയറകളായി മാറുന്ന ഈ കാലഘട്ടത്തിൽ ജീവന്റെ മഹത്വം പ്രഘോഷിച്ച് മരണത്തെ ആശ്ശേഷിച്ച ചിയാര കോർബെല്ല പെട്രില്ലോയെ ആർക്കാണ് മറക്കാനാകുക. അവളുടെ മരിക്കാത്ത ഓർമ്മകളുമായി വത്തിക്കാനിലെ രോഗികൾക്കും അംഗവിഹീനരുമായവർക്കായി നടത്തിയ ജൂബിലി സമ്മേളനത്തിൽ ചിയാരയുടെ പ്രിയ ഭർത്താവും എത്തിയിരുന്നു. മാരകമായ രോഗം ജീവനെ പറിച്ചെടുത്തപ്പോഴും അതിനെ സന്തോഷത്തോടെയാണ് തന്റെ ഭാര്യ സ്വീകരിച്ചതെന്ന് എൻറികോ വെളിപ്പെടുത്തിയത് ജനം കയ്യടിയോടെ കേട്ടു.

ചിയാര സുന്ദരിയായിരുന്നു. ബുദ്ധിമതിയും സന്തോഷവതിയുമായിരുന്നു.അവൾ എല്ലാവരെയും സ്‌നേഹിച്ചു. 'സ്‌നേഹിക്കപ്പെടുവാനും അംഗീകരിക്കപ്പെടാനും കൊതിച്ച വെറും സാധാരണക്കാരിയായിരുന്നു തന്റെ ഭാര്യയെന്ന് ഭർത്താവ് എന്റികോ പറയുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ മഴയിൽ കുതിർന്നു നിന്ന വിശ്വാസികളോട് ചിയാരയുടെ ഉദരത്തിൽ നിന്നും ദൈവം പുറത്തുവെച്ച എൻ റികോ കൊർബെല്ലോ എന്ന നാലുവയസ്സുകാരനെ ചേർത്തുപിടിച്ച് എൻ റികോ അതുപറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

ചിയാര ഗർഭവതിയായിരിക്കുമ്പോൾ ബാധിച്ച മാരകമായ കാൻസർ കണ്ടെത്തിയിരുന്നെങ്കിലും ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവനുവേണ്ടി ചികിത്സ മാറ്റിവെക്കുകയായിരുന്നു. കുഞ്ഞിനെ ലോകത്തിന് സമ്മാനിച്ച് അവൾ നിത്യസമ്മാനത്തിന് പോയത് 2012 ജൂൺ 13ന്. അതും വെറും 28-ാമത്തെ വയസ്സിൽ.

ദൈവകൃപയക്ക് ഇടം നൽകാൻ ഓരോരുത്തരും മനസാകണം. നീതിയില്ലാത്ത സ്‌നേഹം എന്നാണ് അദ്ദേഹം ദൈവം നൽകിയ കുരിശിനെ വിശേഷിപ്പിച്ചത്. കാരണം നമുക്ക് അത് അനീതിയായി തോന്നിയേക്കാം എന്നതുകൊണ്ടാണ്. ഞാൻ ഭാര്യാരഹിതനായിരിക്കുന്നത് നീതിയാണോ? ഫ്രാൻസെസ്‌കോയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത് നീതിയാണോ? അവൾ രോഗിയായത് നീതിയാണോ? ക്രിസ്തു കുരിശിൽ മരിച്ചത് നീതിയാണോ? ഇതൊന്നും നീതിയല്ലാതിരിക്കാം. പക്ഷേ, അതാണ് തികഞ്ഞ സ്‌നേഹം, സ്‌നേഹമെന്നാൽ അത്ഭുതകരമായ അനിതീയാണെന്ന് പറയാം. അദ്ദേഹം ആലങ്കാരികമായി പങ്കുവെച്ചു.

2008 ലാണ് ചിയാരയായുടെയും എന്റികോയുടെയും വിവാഹം. ആദ്യം പിറന്ന രണ്ടുകുഞ്ഞുങ്ങളും ജനിച്ച് അധികം വൈകാതെ സ്വർഗത്തിലേയ്ക്ക് മടങ്ങി. ദൈവം ഞങ്ങളെ പറുദീസായുടെ കവാടത്തിലേക്ക് ആനയിക്കാൻ അയച്ച രണ്ടുമാലാഖമാരായിരുന്നു അവരെന്ന് എനിക്ക് പിന്നീട് മനസിലായി. എൻ റികോ പറഞ്ഞു. ഞങ്ങളുടെ കൈകളിൽ നിന്ന് അവർ നിത്യതയിലേയ്ക്ക് വഴുതിപ്പോകുന്നത് ഞങ്ങൾ കണ്ടു. അതിലെന്താണ് ഒരു അനീതി? അവർ ജനിച്ചപ്പോഴെ സ്വർഗ്ഗത്തിന് യോഗ്യരായിരുന്നു എന്റികോ വ്യക്തമാക്കുന്നു. മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് അധികം വൈകാതെ അവളെ മാരകമായ കാൻസർ അമ്മയെ പിടികൂടി. എന്നാൽ കുഞ്ഞിന്റെ ജീവനെപ്രതി ഒരു ചികിത്സയും സ്വീകരിക്കുവാൻ അവൾ തയ്യാറായില്ല. രോഗം മൂർച്ഛിച്ചതോടെ അവൾക്ക് സംസാരിക്കുവാനോ കാണുവാനോ കഴിഞ്ഞില്ല. രോഗസൗഖ്യം ലഭിച്ചില്ലെങ്കിലും അതിനുവേണ്ടി പ്രാർത്ഥിക്കുകയും കൂദാശകൾ സ്വീകരിക്കുകയും ചെയ്തിരുന്ന ആ മാസങ്ങൾ മനോഹരമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രോഗശാന്തിയെക്കാൾ നിത്യരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതാണ് ഉചിതമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അതെന്ന് അദ്ദേഹം പറയുമ്പോൾ ജനം കണ്ണീർ വാർക്കുകയായിരുന്നു.

മരണത്തിനുമുമ്പ് തന്റെ ഉദരത്തിലുള്ള ഫ്രാൻസെസ്‌കോയ്ക്ക് ആ അമ്മയെഴുതിയതിയത് സുവിശേഷത്തിലെ ഏന്റെ നുകം എളുപ്പമുള്ളതും ഭാരം ലഘുവുമാണ് എന്നായിരുന്നു.

രോഗം അവളുടെ ഓരോ അണുവിനെയും കീഴടക്കുന്നത് അദ്ദേഹം കണ്ടിരുന്നുവെന്ന് എന്റികോ പറയുന്നു. അവളുടെ ജീവിതത്തിന്റെ അവസാനദിനം ഞാൻ അവളോട് ചോദിച്ചു. "ചിയാര ഈ കുരിശ് ഈശോ പറയുന്നതുപോലെ മധുരതരമാണോ?"

അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "അതെ എൻ റികോ.. ഇത് തേനിനെക്കാൾ മധുരതരമാണ്." അതു പറഞ്ഞ് പതിയെ അവൾ ഈ ലോകത്തിൽ നിന്നും വിടവാങ്ങുന്നത് ഞാൻ കണ്ടു. അവൾക്ക് വ്യക്തമായി അറിയാമായിരുന്നു താൻ എങ്ങോട്ടാണ് പോകുന്നതെന്ന്...."

Source: Sunday Shalom