News >> ആശ്വാസത്തിന്റെ ഗുഡ് സർവീസ്


2009 ഡിസംബറിലെ ഒരു ഞായറാഴ്ച. രാവിലെ വെള്ളയമ്പലം പള്ളിയിലെ വിശുദ്ധ കുർബാന കഴിഞ്ഞ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോവുകയായിരുന്നു ശശിധരൻ. അപ്പോൾ 90 വയസ് പ്രായം തോന്നിക്കുന്ന ഒരു അമ്മച്ചി തെരുവോരത്തിരുന്ന് അദ്ദേഹത്തിന്റെ നേരെ കൈനീട്ടി.

പത്തുരൂപയുടെ രണ്ട് നോട്ടുകൾ അവരുടെ കൈയിൽ വച്ചുകൊടുത്ത് അദ്ദേഹം നടന്നു. തിരികെ വരുമ്പോൾ, ഒരുൾവിളിപോലെ ആ വൃദ്ധയുടെ രൂപം മനസിൽ തെളിഞ്ഞു. അവർക്കെന്തെങ്കിലും ആഹാരം വാങ്ങിക്കൊടുക്കാമായിരുന്നു എന്ന് തോന്നി. നോക്കിയപ്പോൾ ആ വൃദ്ധ അവിടെത്തന്നെയുണ്ട്. മുമ്പ് കൊടുത്ത ഇരുപതു രൂപയിൽ പത്തുരൂപ ഒരു കൈയിൽ മുറുകെ പിടിച്ചിരിക്കുന്നു. പത്തുരൂപ താഴെ വീണു കിടക്കുന്നു. വീണുകിടക്കുന്ന രൂപ എടുക്കാനോ കൈയിലുള്ള പണംകൊണ്ട് ഹോട്ടലിൽനിന്ന് ആഹാരം വാങ്ങി കഴിക്കാനോ കഴിയാത്ത വിധം അവശയായിരുന്നു അവർ!

ശശിധരന്റെ ഉള്ളിലൊരു പിടച്ചിൽ. വീട്ടിലേക്ക് നടക്കുമ്പോൾ ഉള്ളിൽ നൂറു ചോദ്യങ്ങളുയർന്നു. ചില്ലറ നാണയങ്ങൾ യാചകർക്ക് എറിഞ്ഞുകൊടുത്ത് സംതൃപ്തിയോടെ കടന്നുപോകുമ്പോൾ അവരുടെ യഥാർത്ഥ അവസ്ഥ ആരും അറിയുന്നില്ല. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഇരിക്കുന്ന യാചകരിൽ പലർക്കും പണം ലഭിക്കുന്നുണ്ടാവാം. പക്ഷേ, അതുകൊണ്ട് ഒരുനേരത്തെ ആഹാരംപോലും വാങ്ങിക്കഴിക്കാൻ കഴിയാത്ത എത്രയോ പേർ അവരുടെയിടയിലുണ്ട്. വീട്ടിലെത്തിയിട്ടും ശശിധരന്റെ ചിന്ത അതുമാത്രമായിരുന്നു.

പൊതിച്ചോറുമായി തെരുവിലേക്ക്..

ഡിസംബർ 25. ക്രിസ്മസ്. പത്ത് പൊതി ദോശയും കേക്കും പഴവും രസവടയുമായി ശശിധരൻ കിള്ളിപ്പാലത്ത് ബസിറങ്ങി. തെരുവിന്റെ ഓരങ്ങളിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നവർക്ക് അദ്ദേഹം ഭക്ഷണപ്പൊതി നല്കി. സ്വയം വാരിക്കഴിക്കാൻ കഴിയാത്തവർക്ക് വാരിക്കൊടുത്തു. ചിലരുടെ കൈയും മുഖവും ഭക്ഷണത്തിന് മുമ്പും പിമ്പും കഴുകിക്കൊടുക്കേണ്ടി വന്നു. കുടിക്കാൻ വെള്ളവും നൽകി. ഉള്ളിന്റെ ഉള്ളിൽ ഉണ്ണിയേശു പിറന്ന യഥാർത്ഥ അനുഭവമായിരുന്നു ശശിധരന് അന്ന്. അതൊരു തുടക്കമായിരുന്നു. പലദിവസങ്ങളിലും ശശിധരൻ ഭക്ഷണവുമായി ഇറങ്ങി. കിള്ളിപ്പാലത്തുനിന്ന് തുടങ്ങുന്ന ഭക്ഷണവിതരണം കിഴക്കേക്കോട്ടയിൽ സമാപിക്കും. ഭക്ഷണം തികയാതെ വന്നതോടെ പൊതികളുടെ എണ്ണം 30 ആക്കി. അതും തികയാതെ വന്നപ്പോൾ റെയിൽവേ കാന്റീനിൽനിന്ന് വാങ്ങിക്കൊടുക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള അവരുടെ മുഖത്തെ തിളക്കവും സംതൃപ്തിയും ശശിധരന്റെ ഹൃദയം കുളിർപ്പിച്ചു.

തന്റെ ജോലിക്ക് ഭംഗം വരുത്താതെ അവധി ദിനങ്ങളിലായിരുന്നു ഭക്ഷണ വിതരണം. പിന്നീടാണ് വിശപ്പിന് അവധിയില്ലല്ലോ എന്ന ബോധ്യം തോന്നിയത്.
ശശിധരന്റെ മുമ്പിൽ പുതിയൊരു വഴി തുറക്കുകയായിരുന്നു. തന്റെ ബാല്യകാലത്ത് വീട്ടിൽ വരുന്ന അഗതികൾക്ക് അമ്മ ഭക്ഷണം നല്കിയിരുന്നത് ശശിധരൻ ഓർത്തു. ഭക്ഷണം കൊടുക്കുന്നതിന്റെ പുണ്യം എന്റെ മക്കൾക്ക് കിട്ടുമെന്ന് അമ്മ പറയുമായിരുന്നു.

അതുകൊണ്ടാകാം ഒമ്പതു മക്കളിൽ ആരുംമദ്യത്തിനോ പുകവലിക്കോ മറ്റ് ദുഃശീലങ്ങൾക്കോ അടിമകളായില്ല. (ഇതിനൊരപവാദം ശശിധരൻ മാത്രമായിരുന്നു. ഡിവൈനിൽ ധ്യാനം കൂടിയതോടെ ശശിധരൻ പുകവലി പൂർണമായും ഉപേക്ഷിച്ചു.)

ജനനവും വീണ്ടും ജനനവും!

വിഴിഞ്ഞത്തിന് സമീപം മുക്കോലയിലാണ് ശശിധരന്റെ ജനനം. ഹൈന്ദവർ തിങ്ങിപ്പാർക്കുന്ന സ്ഥലം. സമീപത്ത് മലങ്കര സഭയുടെ ചെറിയൊരു പള്ളിയുണ്ട്. അവിടുത്തെ വൈദികനുമായി ശശിധരൻ സൗഹൃദത്തിലായി.അച്ചൻ പുതിയ നിയമം ശശിധരന് വായിക്കാൻ കൊടുത്തു. ശിഷ്യന്മാരുടെ പാദം കഴുകി സ്വയം ശൂന്യവൽക്കരിക്കുന്ന ഗുരുവിന്റെ ഭാഗമാണ് ബൈബിളിൽ ഏറെ ആകർഷിച്ചതെന്ന് ശശിധരൻ ഓർമിക്കുന്നു. ആർഷഭാരത സംസ്‌കാരത്തിൽ ശിഷ്യനാണ് ഗുരുവിന്റെ പാദം കഴുകുന്നത്. 'നല്ലവനായ ഗുരോ...' എന്നു തുടങ്ങുന്ന ഭാഗവും ഹൃദയത്തെ സ്പർശിച്ചു. തുടർച്ചയായ ബൈബിൾ വായനയിലൂടെ ശശിധരന്റെ മനസും ചിന്തകളും ക്രിസ്തുകേന്ദ്രീകൃതമാവുകയായിരുന്നു.

ശശിധരനെ ക്രിസ്തുവിലേക്കടുപ്പിച്ചതിൽ മലങ്കര കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പ്രധാന പങ്കുവഹിച്ചു. അന്ന് വെണ്ണിയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സിസ്റ്റേഴ്‌സ് നീളൻ കുടയുമായി മുക്കോലയിലെത്തും. അവർ സുവിശേഷം പ്രസംഗിക്കുകയോ പുസ്തകങ്ങളോ മാസികകളോ വിതരണം ചെയ്യുകയോ ചെയ്തില്ല. എല്ലാവരോടും കുശലാന്വേഷണം നടത്തും, പുഞ്ചിരിക്കും. പനിക്കും മറ്റും ഗുളിക നൽകും. രാവിലെ പൊതിഞ്ഞു കൊണ്ടുവരുന്ന ഗോതമ്പുദോശ ഏതെങ്കിലും വീടിന്റെ ചായ്പ്പിലിരുന്ന് കഴിച്ച് കിണറ്റിൽ നിന്ന് വെള്ളവും കോരിക്കുടിച്ച് സംതൃപ്തിയടെ നടന്നു നീങ്ങുന്നത് ശശിധരൻ കണ്ടിട്ടുണ്ട്.

സിസ്റ്റേഴ്‌സിന്റെ സ്‌നേഹസാന്നിധ്യം നാട്ടുകാർക്ക് അനുഗ്രഹമായിരുന്നു. സുവിശേഷം പ്രസംഗിച്ചില്ലെങ്കിലും പലസ്തീനായിലെ മണ്ണിലൂടെ നടന്ന യേശുവിന്റെ കാലടിപ്പാടുകൾ ജനങ്ങൾ അവരിൽ കണ്ടു. ക്രിസ്തുവിന്റെ സ്‌നേഹപരിമളം മുക്കോലയിൽ പരക്കുന്നതിനും അനേകരെ നിത്യജീവന്റെ പാത തേടാനും വിശുദ്ധരായ ആ സന്യാസിനികളുടെ ലഘുവായ പ്രവർത്തനങ്ങൾ കാരണമായി. ആ ചെറിയ ദേവാലയം ഇടവകയായി വളർന്നു. ക്രിസ്തുമാർഗം തിരഞ്ഞെടുക്കുന്നതിന് ഇതും ശശിധരന് പ്രേരണയായി. മുക്കോല സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ മാമ്മോദീസ സ്വീകരിച്ച് ശശിധരൻ ക്രിസ്തുസാക്ഷിയായി.

വഴിത്തിരിവിലേക്ക്...

ഭക്ഷണ ശുശ്രൂഷ തുടർന്നുപോകവേ ഉണ്ടായ ഒരു സംഭവം ശശിധരന്റെ ജീവിതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. ഒരു ദിവസം രാത്രി തമ്പാനൂരിൽ നിൽക്കുമ്പോൾ ഓടയുടെ മുകളിലെ നടപ്പാതയിൽ ഒരാളുടെ ഞരക്കം. ശശിധരൻ അയാളുടെ അടുത്തെത്തി. ഭക്ഷണം വാങ്ങി നൽകി. കൈകൾക്ക് സ്വാധീനമില്ലാത്തതിനാൽ അയാൾ നടപ്പാതയിൽനിന്ന് റോഡിലേക്ക് ഇഴഞ്ഞിറങ്ങി. നടപ്പാതയിൽ ഭക്ഷണപ്പൊതിവെച്ച് അതിൽ നിന്നും ആഹാരം കടിച്ചെടുത്ത് കഴിക്കാൻ തുടങ്ങി, മൃഗങ്ങളെപ്പോലെ! സ്വയം കഴിക്കാൻ കഴിയില്ലെന്നറിഞ്ഞതോടെ ശശിധരൻ അയാൾക്ക് ഭക്ഷണം വാരിക്കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ 'ഉറങ്ങാനൊരു ഇടം തരുമോ' എന്ന് ചോദിച്ച് ശശിധരന്റെ പിന്നാലെ അയാൾ ഇഴഞ്ഞുനീങ്ങാൻ തുടങ്ങി. റെയിൽവേ സ്റ്റേഷന്റെ അടുത്ത് കിടത്താമെന്ന് കരുതി അയാളെയും കൊണ്ട് അവിടേക്ക് പോയെങ്കിലും ഏതോ വി.ഐ.പി വരുന്നതിനാൽ പോലിസ് കടത്തിവിട്ടില്ല. തമ്പാനൂർ ബസ്‌സ്റ്റേഷന്റെ ഒരറ്റത്ത് അയാളെ കിടത്തി തിരികെ പോകുമ്പോൾ ശശിധരന്റെ കണ്ണ് നിറഞ്ഞിരുന്നു. തെരുവിന്റെ മക്കൾക്ക് ആഹാരം മാത്രം പോര, തലചായ്ക്കാൻ സുരക്ഷിതമായ ഒരിടവും വേണം.

ആശ്വാസ് ഭവൻ

നീറിപ്പുകഞ്ഞ ചിന്തകൾക്കൊടുവിൽ ശശിധരന്റെ മനസിൽ ഒരാശയം തോന്നി. അനേകർക്ക് അഭയമായിത്തീർന്ന 'ആശ്വാസ് ഭവൻ' അവിടെ തുടങ്ങുകയായിരുന്നു. വിളപ്പിൽശാലയ്ക്ക് സമീപം നെടുംകുഴിയിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ 'ആശ്വാസ്ഭവൻ' 2013 ഫെബ്രുവരിയിൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു.

പത്തുസെന്റ് സ്ഥലവും ഒരു വീടും വിലയ്ക്ക് വാങ്ങിയാണ് തെരുവോരങ്ങളിൽ ഉറങ്ങാൻ വിധിക്കപ്പെട്ട മാനസികരോഗികൾക്ക് തലചായ്ക്കാനിടം കണ്ടെത്തിയത്. 25 പേർക്ക് താമസിക്കാനുള്ള സൗകര്യമുള്ള ഇവിടെ ഇപ്പോൾ 25 അന്തേവാസികളുണ്ട്. ഇതിൽ മൂന്നുപേർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

പോലിസുകാരും മറ്റും ഇവിടെ ആളുകളെ എത്തിക്കാറുണ്ട്. പുരുഷന്മാർക്ക് മാത്രമേ പ്രവേശനമുള്ളൂ. പൂർണമായും തെരുവിൽ അന്തിയുറങ്ങുന്നവർക്കുവേണ്ടിയാണ് ഈ ഭവനം.
25 പേർക്കുകൂടി താമസസൗകര്യം ഒരുക്കുന്ന ഭവനവിപുലീകരണ പദ്ധതി തയാറാക്കി കർത്താവിന് സമർപ്പിച്ച് പ്രാർത്ഥിക്കുകയാണ് ശശിധരൻ. സുമനസുകളുടെ അകമഴിഞ്ഞ സഹായത്തോടെ അത് നടപ്പിലാക്കാൻ കഴിയുമെന്നുതന്നെയാണ് ശശിധരന്റെ പ്രതീക്ഷ.

സമ്പാദ്യവുമായെത്തിയ അന്തേവാസി!

വികൃതമായ രൂപവും നീണ്ടുവളർന്ന് ജടയായ മുടിയും കീറിപ്പറിഞ്ഞ് വൃത്തിഹീനമായ വസ്ത്രവുമായാണ് ആശ്വാസ്ഭവനിൽ ഒരാളെ കിട്ടുന്നത്. മുടി വെട്ടി, ഷേവ് ചെയ്ത് കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ഉടുപ്പിച്ച് അവരെ ആശ്വാസ് ഭവനിൽ സ്വീകരിക്കുന്നു. വിയർപ്പും അഴുക്കും ചെളിയും പുരണ്ട് മുഷിഞ്ഞുനാറിയ വസ്ത്രങ്ങൾ ദേഹത്തുനിന്ന് നീക്കം ചെയ്യുന്നതുതന്നെ ശ്രമകരമായ ജോലിയാണ്.

ഇവരെ കുളിപ്പിക്കുന്നതിനും വൃത്തിയാക്കുന്നതിനും ശശിധരനൊപ്പം സഹോദരന്മാരും മക്കളും ചേരും. ഒരിക്കൽ തമ്പാനൂരിൽ നിന്ന് കിട്ടിയ ബീഹാറുകാരൻ മോഹനൻ കുളിച്ചിട്ട് പത്തുവർഷമെങ്കിലും ആയിക്കാണും. ഒമ്പത് ഷർട്ടുകൾ മോഹനൻ ഇട്ടിരുന്നു. ഏറ്റവും അടിയിലത്തെ ഷർട്ടിൽ അഞ്ചുപൈസ നാണയം വരെയുണ്ടായിരുന്നു. എല്ലാ പോക്കറ്റിലും കൂടി 675 രൂപ സമ്പാദ്യവുമായാണ് മോഹനനെത്തിയത്!

എന്തുകൊണ്ട് ബീഹാറികൾ?

അന്തേവാസികളിലേറെയും ബീഹാറുകാരാണ്. അതിന് കാരണവുമുണ്ട്. വീട്ടിലെ ദാരിദ്ര്യാവസ്ഥ കാരണം കുഞ്ഞുങ്ങളെ വീട്ടിലാക്കി അമ്മമാരും ജോലിക്ക് പോകും.

കുഞ്ഞുങ്ങൾ ശല്യമുണ്ടാക്കാതിരിക്കാൻ മക്കൾക്ക് ഒരുതരം ലഹരിപദാർത്ഥം നൽകിയിട്ടാണ് അമ്മമാർ പോകുന്നത്. ജോലി കഴിഞ്ഞ് മടങ്ങിവരുംവരെ കുട്ടികൾ മയങ്ങിക്കിടക്കും. ഈ കുട്ടികൾ വളർന്നു വരുമ്പോഴേക്കും ലഹരിയുടെ അടിമകളായിത്തീരും. പിന്നീട് വീടും നാടും വിട്ട് അലഞ്ഞുതിരിയുകയാണ് പതിവ്.

വിചിത്രമായ രീതികൾ

വിചിത്ര സ്വഭാവമുള്ള മനോരോഗികളും ഇവിടെയുണ്ട്. തേനി സ്വദേശി ഭുവനചന്ദ്രൻ മാലിന്യം ഭക്ഷിക്കുന്ന സ്വഭാവക്കാരനാണ്.ആയിരം മനോരോഗികളിൽ ഒരാൾക്ക് ഇത്തരം സ്വഭാവം കാണാറുണ്ടെന്ന് മനോരോഗ വിദഗ്ധൻ ഡോ. സാഗർ പറയുന്നു. അക്രമാസക്തനായി മുറിയിലെ സാധനങ്ങൾ അടിച്ചുതകർക്കുന്നവരും തരം കിട്ടുമ്പോൾ പൈപ്പ് തുറന്നിട്ട് വെള്ളം പാഴാക്കുന്നവരും രാത്രിയിൽ ആർത്തട്ടഹസിക്കുന്നവരുമുണ്ട്.

അതുകൊണ്ടുതന്നെ ഇവരുടെമേൽ എപ്പോഴും കൂടുതൽ ശ്രദ്ധ അനിവാര്യമാണ്.ഒരു കാൽ ജീർണിച്ച അവസ്ഥയിലാണ് തമിഴ്‌നാട്ടുകാരൻ സെന്തിൽ ഇവിടെയത്തിയത്. ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ പ്രവേശിപ്പിച്ച സെന്തിലിന്റെ കാൽ ഒരു നേരം വൃത്തിയാക്കാൻ മാത്രം രണ്ടുകിലോ പഞ്ഞിയെങ്കിലും ആവശ്യമായിരുന്നു. എന്തായാലും സെന്തിൽ സുഖപ്പെട്ടു. അങ്ങനെ എത്രയോ പേർ!
പ്രാർത്ഥനാപൂർവം...

രണ്ടുനേരത്തെ ലഘുഭക്ഷണമുൾപ്പെടെ അഞ്ചുനേരം ഭക്ഷണം അന്തേവാസികൾക്ക് കൊടുക്കുന്നു. സന്ധ്യയ്ക്ക് ആറേകാൽ മുതൽ ഒരു മണിക്കൂർ പ്രാർത്ഥനയാണ്. സദാ ബഹളം വയ്ക്കുന്നവരും അനുസരണയില്ലാത്തവരും പ്രാർത്ഥനയുടെ സമയത്ത് നിശബ്ദരായിരിക്കും. പ്രാർത്ഥനാവേളയിലെ അവരുടെ ശാന്തത ആരെയും അതിശയിപ്പിക്കും. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. സാഗറിന്റെ ആത്മാർത്ഥമായ സേവനം ആശ്വാസ് ഭവന് ആശ്വാസമാണ്. തിരക്കുകൾക്കിടയിലും ഇവിടെ വന്ന് രോഗികളെ പരിശോധിക്കുകയും യഥാസമയം വേണ്ട നിർദേശങ്ങൾ നൽകി സഹായിക്കുകയും ചെയ്യുന്നു.

ഗുഡ്‌സർവീസ് എൻട്രി!

1983-ൽ റവന്യു വകുപ്പിൽ ശശിധരന് ജോലി കിട്ടി. വിവിധ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്ത ശശിധരൻ കരിങ്കുളം വില്ലേജ് ഓഫിസിൽ ഓഫിസറായിരിക്കേ ഗുഡ് സർവീസ് എൻട്രി കിട്ടി. വെട്ടുറോഡ്-വെഞ്ഞാറമൂട് ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന്റെ മേൽനോട്ടം വഹിക്കാനും മൂന്നുമാസംകൊണ്ട് പ്രശ്‌നങ്ങളില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതും നേട്ടമായി കരുതുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന സമിതി അവാർഡ് നൽകി ശശിധരനെ ആദരിച്ചു.

2008 ജനുവരി 31-ന് തിരുവനന്തപുരം കളക്‌ട്രേറ്റിൽനിന്ന് വിരമിച്ചു. 2010-ൽ ലത്തീൻ അതിരൂപതയിൽ ടെംപരാലിറ്റിയുടെ ചുമതല ഏറ്റെടുത്തു.വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ഇടവകാംഗമായ ശശിധരൻ ഇപ്പോൾ തിരുമലയിലാണ് താമസിക്കുന്നത്. ഭാര്യ ക്രിസ്റ്റീന (റിട്ട. മെഡിക്കൽ ഓഫിസർ). മക്കൾ: ലക്ഷ്മി ജ്യോത്സന (ഹോമിയോ ഡോക്ടർ), ജ്യോതിസ് (എൻജിനിയർ), മെർലിൻ രേവതി (എം.ടെക് വിദ്യാർത്ഥിനി).

മഞ്ഞും മഴയും വെയിലും സമൂഹത്തിന്റെ നിന്ദാപമാനങ്ങളുമേറ്റ് ജീവിതത്തിന്റെ രാപ്പകലുകൾ തെരുവിൽ തള്ളി നീക്കുന്ന തെരുവിന്റെ മക്കളിൽ ക്രിസ്തുവിനെ ദർശിക്കാനും അവരെ സംരക്ഷിക്കാനും ജീവിതാന്ത്യംവരെ കരുത്തു പകരണമേ എന്നാണ് പരിശുദ്ധ അമ്മയുടെ ഭക്തൻകൂടിയായ ശശിധരന്റെ പ്രാർത്ഥനയും ആഗ്രഹവും.വിലാസം: അമ്മ ചാരിറ്റബിൾ ട്രസ്റ്റ്, ആശ്വാസ്ഭവൻ, നെടുംകുഴി, വിളപ്പിൽശാല പി.ഒ, തിരുവനന്തപുരം - 695573. ഫോൺ: 9447587386.

ജെറാൾഡ് ബി. മിരാൻഡ

Source: Sunday Shalom