News >> യേശു നമുക്കാരാണ് ? : ഇന്നു നമ്മോടുന്നയിക്കപ്പെടുന്ന ചോദ്യം
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, വിവിധരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ പതിവുപോലെ ഫ്രാന്‍സീസ് പാപ്പാ ഈ ഞായാറാഴ്ചയും (19/06/16)നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് ചിലര്‍ കുടകള്‍ വിരിച്ചു പിടിച്ചിരുന്നു, മറ്റു ചിലര്‍ തലയില്‍ തൊപ്പിയണിഞ്ഞിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പാപ്പാ, അപ്പസ്തോലിക അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകങ്ങളില്‍ ഒന്നില്‍, അതായത്, ചത്വരത്തില്‍ നമ്മള്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ നമ്മുടെ വലത്തുവശത്ത്, സ്തംഭാവലിക്കു പിന്നിലായി കാണപ്പെടുന്ന കെട്ടിടസമുച്ചയത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയുടെ തുടക്കഭാഗത്തു നിന്നുളള രണ്ടാമത്തെ ജനലില്‍, പ്രത്യക്ഷനായി. ഫ്രാന്‍സീസ് പാപ്പായെ ദര്‍ശിച്ച മാത്രയില്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ മന്ദസ്മിതം തൂകി കൈകള്‍ വീശി അഭിവാദ്യം ചെയ്ത പാപ്പാ കര്‍ത്താവിന്‍റെ മാലാഖയെന്നാരംഭിക്കുന്ന മരിയന്‍ പ്രാര്‍ത്ഥന നയിക്കുന്നതിനുമുമ്പ് ഒരു ലഘുവിചിന്തനം നടത്തി. ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച്, ഈ ഞായറാഴ്ച, (19/06/16) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, താന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നതെന്ന യേശുവിന്‍റെ ചോദ്യത്തിന്, നീ ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്ന പത്രോസ് നടത്തുന്ന വിശ്വാസ പ്രഖ്യാപനവും തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കണം എന്നു യേശു വ്യക്തമാക്കുന്നതുമടങ്ങിയിരിക്കുന്ന, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 9, 18 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ പ്രഭാഷണം ഇപ്രകാരമായിരുന്നു: പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം! ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം, അതായത്, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 9, 18 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ സ്വയം വിലയിരുത്തുന്നതിന്, യേശുവുമായി മുഖാമുഖം നില്ക്കുന്നതിന് എന്നു വേണമെങ്കില്‍ പറയാം, നമ്മെ ക്ഷണിക്കുന്നു. യേശുവും ശിഷ്യരും മാത്രമുള്ള വിരളമായ പ്രശാന്ത നിമിഷങ്ങളിലൊന്നില്‍ അവിടന്ന് ശിഷ്യരോടു ചോദിക്കുന്നു : ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നുത്? (വാക്യം 18) ചിലര്‍ സ്നാപകയോന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നും പറയുന്നു (വാക്യം 19) എന്ന് അവര്‍ പ്രത്യുത്തരിച്ചു. ആകയാല്‍ ജനങ്ങള്‍ക്ക് യേശുവിനെക്കുറിച്ച് മതിപ്പുണ്ടായിരുന്നു, അവര്‍ മഹാപ്രവാചകനായി അവിടത്തെ കരുതി. എന്നാല്‍ അവിടത്തെ യഥാര്‍ത്ഥ അനന്യതയെക്കുറിച്ച്, അതായത്, സകലരുടെയും രക്ഷയ്ക്കായി പിതാവിനാല്‍ അയക്കപ്പെട്ട ദൈവത്തിന്‍റെ പുത്രനായ മിശിഹ ആണ് അവിടന്ന് എന്ന അവബോധം അവര്‍ക്ക് അപ്പോഴും ഉണ്ടായിരുന്നില്ല. ആകയാല്‍ യേശു അപ്പസ്തോലന്മാരോടുതന്നെ നേരിട്ടു ചോദിക്കുന്നു, കാരണം ശിഷ്യരുടെ ഉത്തരമായിരുന്നു അവിടത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനം:.
ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്. ഉടനെതന്നെ ശിഷ്യഗണത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പത്രോസ് മറുപടി പറയുന്നു:
നീ ദൈവത്തിന്‍റെ ക്രിസ്തുവാണ്.(വാക്യം 20) അതിനര്‍ത്ഥം- നീ മിശിഹായണ്, ഉടമ്പടിയും വാഗ്ദാനവുമനുസരിച്ച് തന്‍റെ ജനത്തെ രക്ഷിക്കാന്‍ ദൈവം അയച്ച അവിടത്തെ അഭിഷിക്തന്‍ ആണ്. അങ്ങനെ 12 പേരും, വിശിഷ്യ, പത്രോസ് പിതാവില്‍ നിന്ന് വിശ്വാസ ദാനം സ്വീകരിച്ചുവെന്ന് യേശു മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ യേശു തനിക്ക് ജറുസലേമില്‍ സംഭവിക്കാനിരിക്കുന്നവയെക്കുറിച്ച് അവരോടു തുറന്നു സംസാരിക്കുന്നു. തുറന്നു സംസാരിക്കുന്നു എന്നാണ് സുവിശേഷം പറയുന്നത്. മനുഷ്യപുത്രന്‍ വളരെയേളെ സഹിക്കുകയും ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. (വാക്യം 22) ഇന്ന് ആ ചോദ്യങ്ങള്‍ തന്നെ നാമോരോരോരുത്തരോടും ഉന്നയിക്കപ്പെടുന്നു: നമ്മുടെ ഈ കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് യേശു ആരാണ്? എന്നാല്‍ ഇതര ചോദ്യമാണ് സുപ്രധാനം? യേശു നമുക്കോരോരുത്തര്‍ക്കും ആരാണ്? എനിക്ക്, നിനക്ക്, ആരാണ് യേശു? അവിടന്ന് ആരാണ് നമുക്കോരോരുത്തര്‍ത്തും? ദൈവത്തിന്‍റെ പുത്രനാണ് യേശു എന്നു സാനന്ദം ഏറ്റുപറഞ്ഞുകൊണ്ട് പത്രോസിന്‍റെ ഉത്തരം നമ്മുടേതാക്കിമാറ്റാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവികകരുണ നരകുലത്തിനുമേല്‍ വര്‍ഷിച്ചുകൊണ്ട് നരകുലത്തെ വീണ്ടെടുക്കുന്നതിന് മനുഷ്യനായിത്തീര്‍ന്ന, പിതാവിന്‍റെ നിത്യവചനമാണ് യേശു. ക്രിസ്തുവിനെ, അവിടത്തെ രക്ഷ, അവിടത്തെ കരുണാര്‍ദ്ര സ്നേഹം ലോകത്തിന് എന്നത്തെക്കാളുപരി ഇന്ന് ആവശ്യമായിരിക്കുന്നു. തങ്ങളെ ഒരു ശൂന്യത വലയംചെയ്യുന്നതായി, തങ്ങള്‍ക്കുള്ളില്‍ ഒരു ശൂന്യതയുള്ളതായി അനേകര്‍ക്ക് അനുഭവപ്പെടുന്നു. ചിലപ്പോഴൊക്കെ നമുക്കും അതനുഭവപ്പെടുന്നുണ്ട്. മറ്റനേകര്‍ അസ്വസ്ഥതയില്‍, സന്ദഗ്ദ്ധാവാസ്ഥയും സംഘര്‍ഷങ്ങളും മൂലം അസുരക്ഷിത ബോധത്തോടെ ജീവിക്കുന്നു. നമ്മുടെ ചോദ്യങ്ങള്‍ക്ക്, നമ്മുടെ സമൂര്‍ത്തങ്ങളായ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരങ്ങള്‍ ലഭിക്കുക നമ്മുടെ ആവശ്യമാണ്. ക്രിസ്തുവില്‍, അവിടന്നില്‍ മാത്രമെ, യഥാര്‍ത്ഥ ശാന്തി, സകല മാനുഷികാഭിലാഷങ്ങളുടെയും സാക്ഷാല്‍ക്കാരം കണ്ടെത്താന്‍ കഴിയുകയുള്ളു. യേശുവാണ്, മറ്റാരേക്കാളും, മാനവ ഹൃദയത്തെ അറിയുന്നത്. അതുകൊണ്ടുതന്നെ ജീവനും സാന്ത്വനവുമേകി അതിനെ സൗഖ്യപ്പെടുത്താനും അവിടത്തേക്കു സാധിക്കും. അപ്പസ്തോലന്മാരുമായുള്ള സംഭാഷണാനന്തരം യേശു എല്ലാവരോടുമായി പറയുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗിമക്കട്ടെ. (വാക്യം 23). ഈ കുരിശ് ഒരാഭരണമല്ല, താത്വികമായ ഒരു കുരിശല്ല ഇത്. മറിച്ച് ജീവിതമാകുന്ന കുരിശാണ് ഇത്. അവനവന്‍റെ കടമയുടെതാണ് ഈ കുരിശ്. സ്നേഹത്താല്‍ മറ്റുള്ളവര്‍ക്കായി, മാതാപിതാക്കാള്‍ക്കായി, മക്കള്‍ക്കായി, കുടുംബത്തിനായി, സുഹൃത്തുക്കള്‍ക്കായി, ശത്രുക്കള്‍ക്കായി പോലും അനുഭവിക്കുന്ന ത്യാഗത്തിന്‍റെ കുരിശാണിത്. പാവപ്പെട്ടവരോടു ഐക്യദാര്‍ഢ്യം പുലര്‍ത്താനും നീതിക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കാനുള്ള സന്നദ്ധതയുടെ കുരിശാണിത്. ഈ മനോഭാവംപുലര്‍ത്തുന്നതില്‍, ഈ കുരിശുകള്‍ ചുമക്കുന്നതില്‍ ഒരുവന് എന്തെങ്കിലും നഷ്ടമാകുന്നു. എന്നാല്‍ നാം ഒരിക്കലും മറന്നുപോകരുത്: ക്രിസ്തുവിനെ പ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും. (വാക്യം 24). നേടുന്നതിനായുള്ള നഷ്ടപ്പെടുത്താലാണിത്. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാതിരിക്കുന്നതിന് സ്വന്തം സമയവും ജോലിയും കഷ്ടപ്പാടുകളും സ്വന്തം ജീവിതം പോലും സമര്‍പ്പിച്ചുകൊണ്ട് യേശുവിന്‍റെ ഈ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന സകല സഹോദരങ്ങളേയും നമുക്കോര്‍ക്കാം. വിശ്വാസത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും സരണിയില്‍ മുന്നേറുന്നതിനായി, നാം വിശ്വസിക്കുന്നവ പ്രവര്‍ത്തിക്കാനും, ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യാതിരിക്കാനുമുള്ള ശക്തി യേശു അവിടത്തെ പരിശുദ്ധാരൂപിവഴി നമുക്ക് പ്രദാനം ചെയ്യട്ടെ. ഈ യാത്രയില്‍ പരിശുദ്ധ കന്യകാമാതാവ് സദാ നമ്മുടെ ചാരെയുണ്ട്, അവള്‍ നമുക്ക് മുമ്പേ പോകുകയും ചെയ്യുന്നു. നമ്മള്‍ കൂടുതല്‍ ഇരുളും ക്ലേശങ്ങളും നിറഞ്ഞ വേളകളിലുടെ കടന്നുപോകുമ്പോള്‍ നമ്മുടെ കരം പിടിച്ചു നടത്താന്‍ നമുക്കവളെ അനുവദിക്കാം. ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ ത്രികാല പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദനന്തരം ഫ്രാന്‍സീസ് പാപ്പാ, പരിശുദ്ധതമ രക്ഷകന്‍റെ സന്യാസിനീസമൂഹസ്ഥാപകയായ മരിയ ചെലേസ്തെ ക്രൊസ്തറോസ ശനിയാഴ്ച (18/06/16) ഇറ്റലിയിലെ ഫോജ്യ എന്ന സ്ഥലത്തു വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു. നമ്മുടെ രക്ഷകനായ യശുവിനോട് നമ്മുടെ ജീവിതം മുഴുവന്‍ അനുരൂപമാക്കിത്തീര്‍ക്കാന്‍ നവവാഴ്ത്തപ്പെട്ട മരിയ ചെലേസ്തെ ക്രൊസ്തറോസ അവളുടെ മാതൃകയും മാദ്ധ്യസ്ഥ്യവും വഴി നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ചു. ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്ന ഓര്‍ത്തഡോക്സ് സഭ ഈ ഞായറാഴ്ച(19/08/16) പെന്തക്കുസ്ത തിരുന്നാള്‍ ആചരിച്ചതും, ഗ്രീസിലെ ദ്വീപുകളില്‍ ഒന്നായ ക്രീറ്റില്‍ അഖില ഓര്‍ത്തഡോക്സ് സൂനഹദോസിന് തുടക്കം കുറിച്ചതും പാപ്പാ അനുസ്മരിച്ചു. ഈ സൂനഹദോസില്‍ സംബന്ധിക്കുന്ന പാത്രിയാര്‍ക്കീസുമാരെയും ആര്‍ച്ചുബിഷപ്പുമാരെയും മെത്രാന്മാരെയും പരിശുദ്ധാരൂപി അവിടത്തെ ദാനങ്ങളാല്‍ സഹായിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു. ഐക്യരാഷ്ട്രസഭ അനുവര്‍ഷം ജൂണ്‍ 20 ന് ലോക അഭയാര്‍ത്ഥിദിനം ആചരിക്കുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. "
അഭയാര്‍ത്ഥികള്‍ക്കൊപ്പം. നാം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരുടെ പക്ഷത്ത് " എന്നതാണ് ഇക്കൊല്ലം ഈ ദിനാചരണത്തിന്‍റെ വിചിന്തന പ്രമേയം എന്നത് അനുസ്മരിച്ച പാപ്പാ അഭയാര്‍ത്ഥികള്‍ മറ്റെല്ലാവരെയും പോലെയുള്ള വ്യക്തികളാണെന്നും എന്നാല്‍ യുദ്ധം അവരെ പാര്‍പ്പിട രഹിതരും തൊഴില്‍രഹിതരും, ബന്ധുമിത്രാദികള്‍ നഷ്ടപ്പെട്ടവരുമാക്കിത്തീര്‍ത്തിരിക്കുന്നുവെന്നും പറഞ്ഞു. നീതിയിലധിഷ്ഠിതമായ സമാധാനം സംസ്ഥാപിക്കുന്നതിനായുള്ള യത്നം നവീകരിക്കാന്‍ അഭയാര്‍ത്ഥികളുടെ ജീവിതകഥകളും അവരുടെ വദനങ്ങളും നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ആകയാല്‍ ദൈവഹിതാനുസാരം ശാന്തിയുടെ ശില്പികളായിത്തീരുന്നതിന് അഭയാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും അവരെ സ്വീകരിക്കുകയും ശ്രവിക്കുകയും ചെയ്തുകൊണ്ട് അവരോടൊപ്പമായിരിക്കാന്‍ നാം ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വവിധ സംഘങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു.എല്ലാവര്‍ക്കും നല്ലൊരു ഞയാറാഴ്ച നേര്‍ന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും നല്ലൊരുച്ചവിരുന്ന് ആശംസിക്കുകയും വീണ്ടും കാണാമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കല്‍നിന്ന് പിന്‍വാങ്ങി.Source: Vatican Radio