News >> ഹൃദയത്തെ ശുദ്ധീകരിക്കുന്ന കാരുണ്യം
ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (22/06/16) അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും രോഗികളും യുവതീയുവാക്കളും നവദമ്പതികളുമുള്‍പ്പെട പതിനായിരങ്ങള്‍ എത്തിയിരുന്നു. പോളണ്ടലെ ക്രക്കോവില്‍ നിന്ന് ഇരുനൂറോളം തീര്‍ത്ഥാടകര്‍ മോട്ടോര്‍സൈക്കിളുകളുമായി ഈ പൊതുദര്‍ശന പരിപാടിയില്‍ പങ്കുകൊണ്ടതും കൗതുകമുണര്‍ത്തി. പോളണ്ടില്‍ ഇക്കൊല്ലം ആഗോളസഭാതലത്തില്‍ അരങ്ങേറുന്ന ലോകയുവജനസംഗമത്തിന്‍റെ സംഘാടകസമതിയുടെ വിനിമയ വിഭാഗത്തിന്‍റെ ചുമതലയുള്ള വൈദികന്‍ ആദം പാര്‍ഷ്വിക്കയുടെ നേതത്വത്തിലായിരുന്നു ഇവരെത്തിയത്. പൊതുദര്‍ശനം അനുവദിക്കുന്നതിനായി ചത്വരത്തിലേക്ക് വെളുത്ത വാഹനത്തില്‍ പാപ്പാ എത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷങ്ങളും ആനന്ദാരവങ്ങളും അലതല്ലി. ജനങ്ങള്‍ക്കിടയിലൂടെ വാഹനത്തില്‍ നീങ്ങിയ പാപ്പാ, അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന പിഞ്ചുപൈതങ്ങളുള്‍പ്പടെയുള്ള കുട്ടികളെയും മറ്റും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും തലോടുകയും മുതിര്‍ന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചില്ര്‍ക്ക് ഹസ്തദാനമേകുകയും ചെയ്തു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ, ഏതാനും യുവഅഭയാര്‍ത്ഥികളുടെ അകമ്പടിയോടെ സാവധാനം നടന്ന് വേദിയിലെത്തി. ഈ അഭയാര്‍ത്ഥികളെക്കുറിച്ച് പാപ്പാ തന്‍റെ പ്രഭാഷണവേളയില്‍ പരാമര്‍ശിക്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.ആദ്യം ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായണം ചെയ്യപ്പെട്ടു.യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന സംഭവം വിവരിക്കുന്ന, ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 12 മുതല്‍ 16 വരെയുള്ള വാക്യങ്ങളായിരുന്നു വായിക്കപ്പെട്ടത്.കരുണ ഹൃദയത്തെ ശുദ്ധീകരിക്കുന്നുവെന്ന്, ഫ്രാന്‍സീസ് പാപ്പാ, ഈ സുവിശേഷവചനങ്ങളെ അവലംബമാക്കി വിശദീകരിച്ചു. പാപ്പായുടെ പ്രബോധനസംഗ്രഹം താഴെ ചേര്‍ക്കുന്നു:എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടാരംഭിച്ച തന്‍റെ പ്രഭാഷണം പാപ്പാ തുടര്‍ന്നതിങ്ങനെ..... കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും(ലൂക്കായയുടെ സുവിശേഷം അദ്ധ്യായം 5, വാക്യം 12).നാം ശ്രവിച്ചത് ഒരു കുഷ്ഠരോഗി യേശുവിനോടു നടത്തിയ അഭ്യര്‍ത്ഥനയാണ്. സുഖപ്രാപ്തി മാത്രമല്ല ശദ്ധീകരണവും ഈ മനുഷ്യന്‍ ആവശ്യപ്പെടുന്നു. അതായത് ശരീരത്തിന്‍റെയും ഹൃദയത്തിന്‍റെയും സമഗ്രമായൊരു സൗഖ്യപ്പെടല്‍. വാസ്തവത്തില്‍ കുഷ്ഠം ദൈവശാപമായി, ആഴമേറിയ അശുദ്ധിയായി കണക്കാക്കപ്പെട്ടിരുന്നു. കുഷ്ഠബാധിതന്‍ എല്ലാവരിലും നിന്ന് അകന്നു കഴിയേണ്ടവനായിരുന്നു; അവന് ദേവാലയത്തില്‍ പ്രവേശനം ഇല്ലായിരുന്നു, ദൈവികമായ കര്‍മ്മങ്ങളിലൊന്നിലും പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നു കഴിയണമായിരുന്നു കുഷ്ഠരോഗി. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കിലും ആ കുഷ്ഠരോഗി ആ രോഗത്തോടും അവനെ ഒറ്റപ്പെടുത്തുന്ന ചട്ടങ്ങളോടും അടിയറവു പറയുന്നില്ല. യേശുവിന്‍റെ ചാരെ എത്തുന്നതിനുവേണ്ടി ഈ കുഷ്ഠരോഗി നിയമം ലംഘിക്കാന്‍ ഭയപ്പെടുന്നില്ല, അവന്‍ നഗരത്തില്‍ പ്രവേശിക്കുകയും യേശുവിനെ കണ്ടപ്പോള്‍ അവിടത്തെ മുന്നില്‍ സാഷ്‌ടാംഗം വീഴുകയും കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്ന് പറഞ്ഞുകൊണ്ട് അവിടത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. അശുദ്ധനെന്നു കണക്കാക്കപ്പെട്ട ഈ മനുഷ്യന്‍ ചെയ്യുന്നതും പറയുന്നതും എല്ലാം അവന്‍റെ വിശ്വാസത്തിന്‍റെ ആവിഷ്ക്കാരമാണ്. അവന്‍ യേശുവിന്‍റെ ശക്തി തിരിച്ചറിയുന്നു. തന്നെ സുഖപ്പെടുത്താനുള്ള ശക്തി അവിടത്തേക്കുണ്ടെന്നും സകലവും അവിടത്തെ ഹിതത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അവന് ഉറപ്പുണ്ടായിരുന്നു. ഈ വിശ്വാസമാണ് സകല ചട്ടക്കൂടുകളെയും തകര്‍ക്കാനും യേശുവുമായി കൂടിക്കാഴ്ച നടത്താനും അവന് കരുത്തേകുന്നത്, കര്‍ത്താവേ എന്നു വിളിച്ചുകൊണ്ട് അവന്‍ യേശുവിനു മുന്നില്‍ സാഷ്ടാംഗം വീഴുന്നു. ഈ കുഷ്ഠരോഗിയുടെ യാചന നമുക്കു കാണിച്ചു തരുന്നത് നാം യേശുവിനു മുന്നിലെത്തുമ്പോള്‍ നീണ്ട പ്രസംഗത്തിന്‍റെ ആവശ്യമില്ല എന്നാണ്. അവിടത്തെ സര്‍വ്വശക്തിയിലും നന്മയിലുമുള്ള പൂര്‍ണ്ണവിശ്വാസത്താല്‍ അനുഗതമായ ഏതാനും വാക്കുകള്‍ മാത്രം മതി. ദൈവഹിതത്തിനു നമ്മെ ഭരമേല്‍പ്പിക്കുക എന്നതിനര്‍ത്ഥം വാസ്തവത്തില്‍ അവിടത്തെ അന്തകാരുണ്യത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുക എന്നാണ്. ഞാന്‍ ചെയ്യാറുള്ള ഒരു കാര്യം നിങ്ങളോടു വെളിപ്പെടുത്തുകയാണ്. അതായത് ഞാന്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചെറിയ ഈ പ്രാര്‍ത്ഥന ചൊല്ലാറുണ്ട്: കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. അതിനുശേഷം യേശുവിന്‍റെ അഞ്ചു തിരുമുറിവുകളെ ധ്യാനിച്ചുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന അഞ്ചു പ്രാവശ്യം ചൊല്ലും. കാരണം അവിടത്തെ മുറിവുകളാലാണ് അവിടന്ന് നമ്മെ ശുദ്ധീകരിച്ചത്. സ്വഭവങ്ങളില്‍ നിങ്ങള്‍ക്കും ഈ പ്രാര്‍ത്ഥന ചൊല്ലാനാകും. കുഷ്ഠരോഗി നിയമം ലംഘിച്ചെങ്കില്‍ യേശുവാകട്ടെ അവനെ സ്പര്‍ശിക്കുകയും അവനെ ശുദ്ധനാക്കുകയും ചെയ്തുകൊണ്ട് അതു തന്നെയാണ് ചെയ്യുന്നത്. നമ്മുടെ മദ്ധ്യേയുള്ള നിര്‍ദ്ധനരുടെയും ആവശ്യത്തിലിരിക്കുന്നവരുടെയും പക്കലെത്തുകയും അവരെ തൊടുകയും ചെയ്യുന്നതിന് ഭയപ്പെടേണ്ടതില്ല എന്നാണ് യേശുവിന്‍റെ മാതൃക നമ്മെ പഠിപ്പിക്കുന്നത്. പാവപ്പെട്ടവനെ സ്പര്‍ശിക്കുകവഴി കാപട്യത്തില്‍ നിന്ന് നമുക്ക് നമ്മെത്തന്നെ ശുദ്ധീകരിക്കാന്‍ കഴിയും, പാവപ്പെട്ടവന്‍റെ അവസ്ഥയെക്കുറിച്ച് ആകുലതയുള്ളവരുമാകും നമ്മള്‍. പരിത്യക്തനെ സ്പര്‍ശിക്കുക. ഇന്ന് എന്നെ ഈ യുവാക്കള്‍ അനുഗമിച്ചു. അനേകര്‍ ചിന്തിക്കുന്നത് അവര്‍ സ്വന്തം നാട്ടില്‍ നില്ക്കുകയാരുന്നില്ലെ നല്ലത് എന്നാണ്. എന്നാല്‍ അവര്‍ അവിടെ ഏറെ യാതനകള്‍ അനുഭവിച്ചു. അവര്‍ നമ്മുടെ ഇടയില്‍ അഭയം തേടിയിരിക്കുന്നു. എന്നാല്‍ അവരെ പരിത്യക്തരായിട്ടാണ് അനേകര്‍ കരുതുന്നത്. ദയവുചെയ്ത് അവരെ നമ്മുടെ സഹോദരങ്ങളായി കരുതുക. ക്രൈസ്തവന്‍ ആരെയും തള്ളിക്കളയുന്നില്ല. സകലര്‍ക്കും ഇടം നല്കുന്നു, എല്ലാവരെയും വരാന്‍ അനുവദിക്കുന്നു. യേശുവും കുഷ്ഠരോഗിയും തമ്മിലുള്ള കൂടിക്കാഴ്ച അവിടെ അവസാനിക്കുന്നില്ല. പുരോഹിതന്‍റെ മുന്നിലെത്തി തന്നെത്തന്നെ കാണിച്ചുകൊടുക്കാനും കുഷ്ഠരോഗ സൗഖ്യത്തിനുള്ള സാക്ഷ്യമായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കാനും കുഷ്ഠരോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവനോടു യേശു പറുയന്നു. യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കിയ കാരുണ്യത്തിന്‍റെ ശക്തി അവന്‍റെ വിശ്വാസത്തെ ഒരു ദൗത്യനിര്‍വ്വഹണത്തിലേക്ക് ആനയിച്ചു. അവന്‍ പരിത്യക്തനായിരുന്നു എന്നാല്‍ ഇപ്പോള്‍ നമ്മിലൊരുവനായിരിക്കുന്നു. താന്‍ പ്രവര്‍ത്തിച്ച സൗഖ്യദായക അത്ഭുതം പാപികളുടെ പുനരധിവാസം ലക്ഷ്യമാക്കുന്നുവെന്നും, യഥാര്‍ത്ഥ വിശ്വാസം സാക്ഷ്യത്തില്‍ ഫലം പുറപ്പെടുവിക്കുന്നതിനുദ്ദേശിച്ചുള്ളതാണെന്നും യേശു കാണിച്ചുതരുന്നു. നമുക്ക് നമ്മെക്കുറിച്ചൊന്നു ചിന്തിക്കാം, നമ്മുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാം. നാം എത്രതവണ നന്മയുടെ പൊയ്മുഖമണിയുന്നു. ആകയാല്‍ ഒറ്റയ്ക്ക് ദൈവത്തിനുമുന്നില്‍ മുട്ടുകുത്തി ഇപ്രകാരം പ്രാര്‍ത്ഥിക്കുക ആവശ്യമായിരിക്കുന്നു: കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. എല്ലാ രാത്രികളിലും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഈ പ്രാര്‍ത്ഥന ചൊല്ലുക. ഇപ്പോള്‍ നമുക്കു 3 തവണ ഈ പ്രാര്‍ത്ഥന ചൊല്ലാം :കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും, കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും, കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.നന്ദി. പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രസ്തുത പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു. പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ അഭിവാദ്യം ചെയ്തതിനെ തുടര്‍ന്ന് പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.Source: Vatican Radio