News >> കരുണയുടെ വര്‍ഷത്തില്‍ പൂര്‍ണ ദണ്ഡവിമോചനം
വത്തിക്കാന്‍ സിറ്റി: ദൈവകാരുണ്യ വര്‍ഷത്തില്‍ ഈശോയുടെ അനുഗ്രഹം ലഭിക്കാത്ത ഒരു വിശ്വാസിപോലുമുണ്ടാകരുതെന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ഈശോയുടെ കരുണയുടെ കരസ്പര്‍ശം അനുഭവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പാപികളെ തേടിയെത്തിയ ഈശോയുടെ അനുകമ്പയുടെ തലോടല്‍ സഭാമക്കള്‍ക്കെല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന്, ഇതുവരെ ബിഷപ്പുമാര്‍ക്കു മാത്രമായി നല്‍കപ്പെട്ടിരുന്ന പ്രത്യേക പാപമോചന അധികാരം വൈദികര്‍ക്കുകൂടി മാര്‍പാപ്പ നല്കി.
പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ഈശോയുടെ ശുശ്രൂഷയ്ക്കുള്ള അധികാരം കൈയാളുന്ന വൈദികനു ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ വര്‍ഷത്തില്‍ ഗര്‍ഭച്ഛിദ്രപാപത്തിന് കുമ്പസാര കൂദാശയിലൂടെ പാപമോചനം നല്‍കുന്നതിന് അധികാരമുണ്ടായിരിക്കുമെന്നു മാര്‍പാപ്പ അറിയിച്ചു. വിശുദ്ധവര്‍ഷത്തില്‍ ആരും ദൈവസന്നിധിയില്‍നിന്ന് അകലെയാകരുത്. പശ്ചാത്താപത്തോടെ തിരുസന്നിധിയിലെത്തുന്നവരെ തിരസ്കരിക്കരുത്. ബാഹ്യമായ സമ്മര്‍ദമോ തെറ്റിന്റെ ആഴത്തെക്കുറിച്ചു തികഞ്ഞ അറിവില്ലായ്മയോ ആണു മിക്കപ്പോഴും ഗര്‍ഭച്ഛിദ്രം പോലെയുള്ള പാപങ്ങള്‍ക്കു കാരണമാകുന്നത്. ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്തപിക്കുന്ന ദൈവമക്കള്‍ക്കു പാപമോചനം ലഭിക്കണം. ദൈവത്തോടു ചേര്‍ന്നുനില്‍ക്കാനും, തുടര്‍ന്ന് ഇത്തരം പാപങ്ങളില്‍നിന്നു മാറിനില്‍ക്കാനും കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം ലഭിക്കണം- ബിഷപ്പുമാര്‍ക്കുള്ള സന്ദേശത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി.
കരുണയുടെ വര്‍ഷം തുടങ്ങുന്ന ഡിസംബര്‍ എട്ടുമുതല്‍ അടുത്തവര്‍ഷം ഡിസംബര്‍ ഏഴുവരെയാണു മാര്‍പാപ്പയുടെ പ്രത്യേക അനുവാദം പ്രാബല്യത്തിലുണ്ടാവുക. സാധാരണഗതിയില്‍ ബിഷപ്പുമാര്‍ക്കും, ബിഷപ്പുമാര്‍ പ്രത്യേകമായി ചുമതലപ്പെടുത്തുന്ന വൈദികര്‍ക്കും മാത്രമാണു ഗര്‍ഭച്ഛിദ്രപാപം മോചിക്കുന്നതിന് അധികാരമുള്ളത്. ഈശോയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും അനുഭവം ജനഹൃദയങ്ങളില്‍ എത്തിക്കുകയെന്നതാണു കരുണയുടെ വര്‍ഷം ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
Source: Deepika