News >> ആസാമിലെ മതമേലധ്യക്ഷന്മാർ ബി.ജെ.പി മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഗോഹാട്ടി: ആസാമിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാർ ആസാമിലെ ബി.ജെ.പി മുഖ്യമന്ത്രി ബർബാനന്ദ് സോൺവാളിനെ സന്ദർശിച്ചു.ഗോഹാട്ടി അതിരൂപത ആർച്ച് ബിഷപ് ജോൺ മൂലച്ചിറയുടെ നേതൃത്വത്തിലാണ് ഇവർ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സോഷ്യൽ സർവീസ്, സഹവർത്തിത്വം മുതലായ മേഖലകളിൽ ക്രൈസ്തവർ ചെയ്യുന്ന സേവനങ്ങളെ ഇവർ മുഖ്യമന്ത്രിക്ക് വിശദീകരിച്ച് കൊടുക്കുകയുണ്ടായി.ക്രൈസ്തവ സഭയുടെ സേവനങ്ങൾ എപ്പോഴും മാതൃകപരമാണെന്നും താൻ അതിനെ കൂടുതൽ വിലമതിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. തന്റെ ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്കും കാരണം ഡിബ്രുഗാറിലെ ഡോൺ ബോസ്‌കോ ഹൈസ്‌കൂളിലെ പഠനമാണെന്ന് മുഖ്യമന്ത്രി ഡോൺവാൾ അനുസ്മരിച്ചു. ക്രൈസ്തവ മേലധ്യക്ഷന്മാരുടെ എല്ലാ സഹായവും തനിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മേലധ്യക്ഷന്മാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥന നടത്തി. ബാപ്റ്റിസ്റ്റ് ചർച്ച് ജനറൽ സെക്രട്ടറി റവ. സോളമൻ റോംഗ്പി, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ബിഷപ് മൈക്കിൾ ഹെറൻസെ മുതലായവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.ഗോഹാട്ടി അതിരൂപതയുടെ കീഴിൽ ദീബ്രുഗാർ, ബൊംഗൈഗാവ്, ദിഫു, തേജ്പൂർ എന്നീ രൂപതകൾ ആസാമിലുണ്ട്. ബാപ്റ്റിസ്റ്റ് ചർച്ചിന് ഏഴായിരത്തിൽപരം ദൈവാലയങ്ങളും ചർച്ച് ഓഫ് നോർത്ത് ഇന്ത്യയ്ക്ക് 250-ൽപരം ദൈവാലയങ്ങളും ആസാമിലുണ്ട്.Source: Sunday Shalom