News >> മെൽബൺ രൂപത മൈനർ സെമിനാരിയുടെ പ്രവർത്തനം ആരംഭിച്ചു


തൃശൂർ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ മൈനർ സെമിനാരി പ്രവർത്തനം തുടങ്ങി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള മൈനർ സെമിനാരി കേരളത്തിൽ തൃശൂർ അതിരൂപതയിലാണ് തുടക്കം കുറിച്ചത്. മലബാർ മിഷനറി ബ്രദേഴ്‌സിന്റെ (എം.എം.ബി) പഴയന്നൂരിലുള്ള ഭവനത്തിലാണ് സെമിനാരി താൽക്കാലികമായി പ്രവർത്തിക്കുന്നത്. റവ.ഡോ. ലോറൻസ് തൈക്കാട്ടിലിനെ സെമിനാരിയുടെ റെക്ടറായി ബിഷപ് മാർ ബോസ്‌കോ പുത്തൂർ നിയമിച്ചു.

കേരളത്തിലെ വിവിധ രൂപതകളിൽനിന്നും സന്യാസ സമൂഹങ്ങളിൽനിന്നും 16 വൈദികർ മെൽബൺ സീറോ മലബാർ രൂപതയിലെ ഇടവകകളിൽ സേവനം ചെയ്യുന്നുണ്ട്. മെൽബൺ രൂപതയ്ക്ക് സ്വന്തമായ വൈദികർ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 വൈദിക വിദ്യാർത്ഥികൾ കേരളത്തിലെ വിവിധ സെമിനാരികളിൽ വൈദിക പരിശീലനം നടത്തുന്നുണ്ട്. ഈ വർഷം മെൽബൺ രൂപതയ്ക്കായി വൈദിക പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടരാണ് ജോൺ പോൾ രണ്ടാമൻ മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചത്. സെമിനാരിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 20-ന് നടക്കും.

Source: Sunday Shalom