News >> ഭീകരതയ്‌ക്കെതിരെ ലോകം ഉണരണം: പാത്രിയർക്കീസ് ബാവയ്ക്കു കർദിനാൾ കത്തെഴുതി
കൊച്ചി: ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭീകരതയ്ക്ക് ഇരകളായി ആയിരക്കണക്കിനു നിരപരാധികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെടുന്നത് ആശങ്കാജനകമാണെന്നും കർദിനാൾ പറഞ്ഞു.സിറിയൻ ഓർത്തഡോക്‌സ് സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു നേരെ ജന്മനാടായ സിറിയയിലെ ഖാമിഷ്‌ലിയിലുണ്ടായ ചാവേറാക്രമണത്തിൽ ദുഖവും നടുക്കവും അറിയിച്ച്, അദ്ദേഹത്തിനെഴുതിയ കത്തിലാണു കർദിനാൾ മാർ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. പാത്രിയർക്കീസ് ബാവ സുരക്ഷിതനാണെന്നറിയുന്നതിൽ സന്തോഷമുണ്ട്.
![201626609](http://www.sundayshalom.com/wp-content/uploads/2016/06/201626609-215x300.jpg)
1915 ൽ ഖാമിഷ്‌ലി ഖാതിയിലുണ്ടായ സെയ്‌ഫോ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട നിരപരാധികൾക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രാർഥനാചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണു പാത്രിയർക്കീസ് ബാവയ്ക്കു നേരെ ആക്രമണം ഉണ്ടായതെന്നതു ആശങ്കയുണർത്തുന്നു. സംഭവത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയ്ക്കു പ്രാർഥനകൾ നേരുന്നതായും കർദിനാൾ മാർ ആലഞ്ചേരി കത്തിൽ അറിയിച്ചു.Source: Sunday Shalom