News >> ക്രൈസ്തവവിരുദ്ധ പീഡനങ്ങൾ: സ്‌കോട്ടിഷ് യുവജനം ഉണരുന്നു
സ്‌കോട്ട്‌ലൻഡ്:ക്രൈസ്തവവിരുദ്ധ പീ ഡനങ്ങൾക്കെതിരെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ കാർഫിൻ ഗ്രോട്ടോയിൽ ജൂൺ 16ന് അരങ്ങേറുന്ന യുവജനറാലി വൻവിജയമാക്കാനുള്ള തയാറെടുപ്പിലാണ് 'എയ്ഡ് ടു ചർച്ച് ഇൻ നീഡ്' സ്‌കോട്ട്‌ലൻഡ് വിഭാഗം. കഴിഞ്ഞവർഷം ആദ്യമായി അണിചേർന്ന യുവജനറാലി പൊതുജനമാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ വലിയ ഒരുക്കങ്ങളാണ് ഇത്തവണ നടക്കുന്നത്. കുട്ടികളെയുൾപ്പെടെ നിരവധിപേരെ കൊന്നൊടുക്കുകയും അഭയാർത്ഥികളാക്കുകയും ചെയ്യുന്ന ക്രൈസ്തവവിരുദ്ധ പീഡനങ്ങളിൽ നിസംഗത വെടിഞ്ഞ് പ്രാർത്ഥിക്കാനും പ്രതികരിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുക, അക്രമം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം പൊതുസമൂഹത്തെയും ഭരണകൂടങ്ങളെയും ബോധ്യപ്പെടുത്തുക എന്നിവയാണ് റാലിയുടെ ഉദ്ദേശ്യം.കാർഫിൻ ഗ്രോട്ടോയിലെ തിരുക്കർമങ്ങളോടെ തുടക്കംകുറിച്ച കഴിഞ്ഞ വർഷത്തെ റാലിയിൽ 1200ൽപ്പരം യുവജനങ്ങളാണ് അണിനിരന്നത്. തുടർന്ന് സംഘടിപ്പിച്ച സമ്മേളനത്തിൽ ദേശീയ അന്തർദേശീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശമായിരുന്നു കഴിഞ്ഞ വർഷത്തെ മറ്റൊരാകർഷണം. 'യുവജനമേ നിങ്ങൾ ഉണരുക, ആത്മീയതയിൽ ഊന്നി ക്രൈസ്തവമൂല്യങ്ങൾ ഉ യർത്തി, നമ്മുടെ സഹോദരങ്ങൾ ലോകമെമ്പാടും അനുഭവിക്കുന്ന പീഡനങ്ങൾക്കും മർദനങ്ങൾക്കുമെതിരെ നിങ്ങൾ പ്രതികരിക്കുക' ഇപ്രകാരം തുടരുന്ന പേപ്പൽ സന്ദേശം യുവജനങ്ങളെ ആവേശഭരിതരാക്കുന്നതായിരുന്നു.വടക്കൻ നൈജീരിയയിൽ 'ബൊക്കോ ഹാറം' തീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രവിശ്യയിൽനിന്നും റാലിയിൽ പങ്കെടുത്ത ഫാ. അംബ്രോസ് ഒ ഹോം പങ്കുവെച്ച അനുഭവങ്ങൾ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. 15,000ത്തോളം പേർ കൂട്ടക്കൊലയ്ക്ക് വിധേയരാക്കപ്പെടുകയും ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അനാഥരാക്കപ്പെടുകയും ചെയ്ത പ്രവിശ്യയിൽനിന്നാണ് അദ്ദേഹം വന്നത്.അതേ സമ്മേളനത്തിൽത്തന്നെ സന്നിഹിതനായ സ്‌കോട്ട്‌ലൻഡ് മിനിസ്റ്റർ ഫോർ യൂറോപ്പ് ആൻഡ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് എംസ യൂസഫ് നടത്തിയ സന്ദേശവും ഏറെ മാധ്യമശ്രദ്ധ നേടുന്നതായിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഞാനൊരു മുസ്ലീം മതവിശ്വാസിയാണ്. പക്ഷേ, സഹോദരതുല്യരായ ക്രിസ്തുവിശ്വാസികളോട് കരുണയും ദയയും കാണിക്കാത്തതാണ് മുസ്ലീം മതമെങ്കിൽ എനിക്ക് ഒരിക്കലും ഒരു യഥാർത്ഥ മുസ്ലീമാകാൻ സാധിക്കില്ല.'സ്‌കോട്ട്‌ലൻഡിൽ എയ്ഡ് ടു ചർച്ച് ഇൻ നീഡിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ലോറെയ്ൻ മാക് വെയനാണ് യുവജനറാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ആനുകാലിക വിഷയങ്ങളിൽ യുവജനങ്ങൾക്ക് അവബോധം പകരുക, അവരെ ഉണർത്തുക, സാമൂഹികതിന്മകളെ ക്രൈസ്തവമൂല്യങ്ങൾകൊണ്ട് പ്രതിരോധിക്കാൻ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ പ്രചരിപ്പിക്കാനുതകുംവിധമാണ് ഒരുക്കങ്ങളും ക്രമീകരിക്കുന്നത്.സ്‌കോട്ട്‌ലൻഡ് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ജോൺ കീനൻ, ഗ്ലാസ്‌ഗോ മർദവെൽ ബിഷപ്പ് ജോസഫ് ടോൽ, പാക്കിസ്ഥാനിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് ജോസഫ് കൗട്ട്, ഫാ. അംബ്രോസ് എന്നിവരെ കൂടാതെ സ്‌കോട്ട്‌ലൻഡിലെ പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ സാന്നിധ്യവും റാലിയിലുണ്ടാകും.130 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എയ്ഡ് ടു ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷൻ ഓഫ് കാത്തലിക് ചർച്ചിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനങ്ങൾ അനുഭവിക്കുന്നവർക്കും മതമർദനങ്ങളിൽ കഴിയുന്നവർക്കും സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബിജു നീണ്ടൂർSource: Sunday Shalom