News >> രക്തവിൽപ്പന മാഫിയായെ ഇല്ലാതാക്കാൻ ഒരു വൈദികൻ തുടങ്ങിയ പ്രസ്ഥാനം
ശസ്ത്രക്രിയക്ക് അടിയന്തിരമായി രക്തം ആവശ്യമാണെന്ന വാർത്ത കേട്ടാൽ ജനം ഭയന്നിരുന്ന ഒരു കാലഘട്ടം. രക്തവിൽപ്പനക്കാരുടെ നിയന്ത്രണത്തിന് വിധേയമായ ഭീകരതയുടെയും ഭീതിയുടെയും ആ കാലഘട്ടത്തിൽ രക്തദാന രംഗത്തേക്ക് ആകസ്മികമായി കടന്നുവന്ന മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് സന്നദ്ധരക്തദാന രംഗത്ത് 37 വർഷങ്ങൾ പിന്നിടുന്നു.സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും വിശ്വലായനിയായ രക്തത്തിൽ സർവ്വ മതങ്ങളും ചിന്താധാരകളും അലിഞ്ഞില്ലാതാകുമെന്ന വലിയ സത്യത്തിന്റെ തിരിച്ചറിവ് ഒന്നുകൊണ്ടുമാത്രമാണ്, ജാതി-മത-വർണ്ണ-വർഗ്ഗ-ഭേതമെന്യേ നാം ഒരൊറ്റ രക്തം എന്ന ചിന്താധാരയിലേക്ക് സമൂഹത്തെ നയിക്കാൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ തുടക്കമിട്ട രക്തദാന പ്രസ്ഥാനത്തിന് കഴിഞ്ഞത്.
1979ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കേ ഫ്രാൻസിസ് നേരിൽ കണ്ട ഒരു സാധുസ്ത്രീയുടെ നിസ്സഹായതയാണ് പ്രസ്ഥാനത്തിന് വിത്തുപാകിയത്. ഭർത്താവിന്റെ ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വന്നപ്പോൾ അന്വേഷിച്ചിറങ്ങിയ അവർ രക്തവിൽപ്പനക്കാരുടെ പക്കലെത്തി.ചോദിച്ച വില നൽകാൻ പണമില്ലാതെ വന്നപ്പോൾ കഴുത്തിൽ ഒരു ചരടിൽ കെട്ടിയിട്ട തന്റെ താലി പൊട്ടിച്ചു അവർക്കുമുന്നിലേക്ക് നീട്ടിപിടിച്ച് തേങ്ങലോടെ നിൽക്കുന്ന ആ സ്ത്രീരൂപമാണ് 'രക്തവിൽപ്പന അവസാനിപ്പിച്ചേ പറ്റൂ' എന്ന ദൃഢനിശ്ചയത്തിലേക്ക് ഫ്രാൻസിസിനെ നയിച്ചത്. രക്തം ആവശ്യമുള്ള നിസ്സാഹയരായ രോഗികളും ബന്ധുക്കളും ഒരു വശത്ത്, സംഘടിതരായ രക്തവിൽപ്പനക്കാർ മറുപക്ഷത്ത്. ഇതിനു രണ്ടിനുമിടയിൽ ഒന്നും ചെയ്യാനാവാതെ നോക്കുകുത്തികളായി മെഡിക്കൽ കോളേജിനോടു ചേർന്നുള്ള രക്തബാങ്കുകളും. മൂന്ന് പതിറ്റാണ്ടു മുമ്പുതന്നെ സർവ്വസാധാരണമായ 'ഒ' പോസറ്റീവിനു പോലും ആവശ്യത്തിന്റെ തോതനുസരിച്ച് അഞ്ഞൂറു രൂപയെങ്കിലും ഈടാക്കിയിരുന്നു. അപൂർവ്വ നെഗറ്റീവ് ഗ്രൂപ്പാണെങ്കിൽ ആയിരമൊ, രണ്ടായിരമൊ വരും. പ്രത്യേക തൊഴിലൊന്നുമില്ലാതെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയും കഞ്ചാവും മയക്കുമരുന്നും മറ്റും സ്ഥിരമായി ഉപയോഗിക്കുകയും ചെയ്തിരുന്ന മുന്നൂറിലേറെ പേർ ഈ സംഘത്തിലുണ്ടായിരുന്നു. രക്തദാനത്തെ കുറിച്ചുള്ള അജ്ഞതയും അന്ധവിശ്വാസവും കൈകോർത്തപ്പോൾ രക്തം ആവശ്യമായി വരുന്ന ശസ്ത്രക്രിയകളും മറ്റു ചികിത്സകളും രക്തവിൽപ്പനക്കാരുടെ 'സഹായം' ഇല്ലാതെ നടത്താനാവില്ല എന്ന ഒരു അവസ്ഥയിലെത്തിച്ചു.സമാന ആശയക്കാരായ ഏതാനും സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്രാൻസിസ് സന്നദ്ധ രക്തദാന പ്രചരണവും വ്യാപകമായ ബോധവൽക്കരണ പരിപാടികളുമായി ആരോഗ്യകേരളത്തിന്റെ ശ്രദ്ധ ആകർഷിച്ചു. 'ബ്ലഡ് ഡോണേഴ്‌സ് ഫോറം' എന്ന് ഇവർ പേരിട്ട് ആരംഭിച്ച കൊച്ചുസംഘടനയാണ് പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിച്ച സന്നദ്ധരക്തദാന സംഘടനയായ കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറമായി വളർന്നത്. പ്രസ്ഥാനത്തിന്റെ പ്രസക്തി ബോധ്യപ്പെട്ട മാധ്യമങ്ങളാണ് ഇത് ജനകീയമാക്കാൻ ഏറെ പിന്തുണച്ചത്. 'വിൽപ്പനരക്തം വിഷരക്തം' എന്ന മുദ്രാവാക്യത്തിലൂടെ രക്തവിൽപ്പനക്കാരെ പ്രതിരോധിക്കാനും സാധിച്ചു. സമാന്തരമായി എയ്ഡ്‌സ് രോഗത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി, രക്തദാനത്തിനു മുമ്പുള്ള പരിശോധനകൾ (സ്‌ക്രീനിംഗ് ടെസ്റ്റ്) നിർബന്ധമാക്കിയത് ആശയപ്രചരണത്തിന് ഏറെ ഉപകരിച്ചു. സന്നദ്ധ സംഘടനകൾ, സർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെല്ലാം രക്തദാന പ്രചരണത്തിൽ പങ്കാളികളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ആരംഭിച്ച പ്രസ്ഥാനം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളടക്കം മിക്കവാറും എല്ലാ കലാലയങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. യുവത്വത്തിന്റെ പ്രസരിപ്പുള്ള കോളേജ് വിദ്യാർത്ഥികൾ രക്തദാന സന്ദേശം ഹൃദയത്തിൽ ഏറ്റുവാങ്ങിയതോടെ സ്വമേധയാ രക്തദാനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചെന്നു മാത്രമല്ല രക്തവിൽപ്പനക്കാർ രംഗത്തുനിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. രക്തഘടകങ്ങൾ വേർതിരിക്കുന്ന ബ്ലഡ് കോംപണന്റ് സെപ്പറേഷൻ നടപ്പിൽ വന്നത് രക്തദാനത്തിന്റെ സംലഭ്യത വർദ്ധിപ്പിച്ചു.പതിനെട്ടാം ജന്മദിനം രക്തം ദാനം ചെയ്ത് അർത്ഥപൂർണ്ണമായി ആഘോഷിക്കുന്ന ചെറുപ്പക്കാർ ഈ രംഗത്തിന്റെ പ്രവാചകന്മാരായി മാറി. ഇത്തരം പ്രവർത്തനങ്ങളുടെയെല്ലാം ഭാഗമായി രക്തദാന പ്രസ്ഥാനം മനുഷ്യഹൃദയങ്ങളിൽ രൂഢമൂലമായ സാഹചര്യത്തിലാണ് ഡോ. ഫ്രാൻസിസ് സന്യാസത്തിലേക്ക് പ്രവേശിക്കുന്നത്. എങ്കിലും തന്റെ വൈദിക-ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടയിലും ഇന്നും പകുതി സമയമെങ്കിലും രക്തദാന പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവയ്ക്കുന്നു. രക്തദാനം ആരോഗ്യരക്ഷാ പ്രവർത്തനം എന്നതോടൊപ്പം മനുഷ്യത്വത്തിന്റെയും ആത്മീയതയുടെയും അടയാളമെന്ന ആശയം പ്രചരിപ്പിക്കാനാണ് അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.1987ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം.ജേക്കബുമായി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ സന്നദ്ധരക്തദാന പ്രവർത്തകർ സംസാരിച്ചതിന്റെ വെളിച്ചത്തിൽ, എസ്.എസ്.എൽ.സി. ബുക്കിൽ വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർബന്ധമായും ചേർക്കണം എന്ന് മന്ത്രി പുറപ്പെടുവിച്ച ഉത്തരവ് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 1987ൽ ഇത് പ്രാവർത്തികമാക്കിയെങ്കിലും തുടർ വർഷങ്ങളിൽ തീർത്തും അപ്രത്യക്ഷമായത് സങ്കടകരമായെന്ന് അച്ചൻ ഇപ്പോൾ പറയുന്നു. സ്വന്തം രക്തഗ്രൂപ്പ് അറിയുക എന്നത് രക്തദാനത്തിന്റെ ആദ്യപടിയാണെന്നതിനാൽ രക്തഗ്രൂപ്പ് നിർണ്ണയം എസ്.എസ്.എൽ.സി.തലത്തിൽ പുനരാരംഭിക്കണമെന്ന് കേരള ബ്ലഡ് ഡോണേഴ്‌സ് പ്രവർത്തകർ സംസ്ഥാന സർക്കാരിനോട് ഈയിടെ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആലപ്പാട്ടച്ചൻ പറയുകയുണ്ടായി. ഇത് പുനരാരംഭിക്കപ്പെടുമ്പോൾ വർഷം തോറും അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ 15-ാം വയസ്സിൽ രക്ദാന മേഖല പരിചയപ്പെടുകയും 18-ാം ജന്മദിനത്തിൽ രക്തം ദാനം ചെയ്ത് സംസ്ഥാനത്തെ രക്തശേഖരം വർദ്ധിപ്പിക്കാൻ ഈ സംരംഭം വഴി തെളിക്കുകയും ചെയ്യും.ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും (ആറായിരത്തോളം പേർ) ഒരുമിച്ച് രക്തഗ്രൂപ്പ് നിർണ്ണയം നടത്തി സന്നദ്ധരക്തദാനത്തിന് പ്രോത്സാഹിപ്പിച്ച ഒരു പരീക്ഷണം ഒരു പക്ഷേ ലോകചരിത്രത്തിൽ തന്നെ ആദ്യമായി പരീക്ഷിച്ചത് ഫാ. ആലപ്പാട്ടായിരിക്കും. തൃശൂർ ജില്ലയിലെ ഇരവിമംഗലം ഗ്രാമത്തിന് അങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ രക്തസാക്ഷരഗ്രാമമെന്ന ബഹുമതി നേടികൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ മാതൃക പിന്തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽതന്നെ പിന്നീട് മറ്റ് മൂന്ന് ഗ്രാമങ്ങളും രക്തസാക്ഷരഗ്രാമങ്ങളായി മാറി. ഗവർണ്ണർ ആർ.എൽ. ഭാട്യയുടെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ അരങ്ങേറിയ ഫോറത്തിന്റെ രജതജൂബിലിയാഘോഷം മറ്റൊരു ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. രണ്ടായിരത്തോളം സ്‌കൂൾ വിദ്യാർത്ഥികൾ മനുഷ്യഹൃദയത്തിന്റെ ആകൃതിയിൽ അണിചേർന്ന് ചുവന്ന റോസാപൂക്കൾ കൈകളിലേന്തി 'ദേശീയോദ്ഗ്രഥന രക്തദാന പ്രതിജ്ഞ' ചെയ്തു - "എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും അതിനാൽ നാം ഒരൊറ്റ രക്തമാണെന്നും സ്പർദയുടെ പേരിൽ തെരുവിൽ രക്തം ഒഴുക്കില്ലെന്നും ദാനമായി നൽകി സഹജീവിയുടെ വിലയേറിയ ജീവൻ കാത്തുപരിപാലിക്കുമെന്നും ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു".തലമുറകളിലേക്ക് രക്തദാന സന്ദേശം പകർന്നുനൽകുക എന്ന ചിന്തയോടെ ആവിഷ്‌കരിച്ച 'ബ്ലഡ് ഡോണർ ഫാമിലി' എന്ന ആശയവും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. വിവാഹ വേളകൾ, ജന്മദിനാഘോഷങ്ങൾ, കുടുംബയോഗങ്ങൾ തുടങ്ങി ഓരോ കുടുംബവും ഒത്തൊരുമിക്കുന്ന വേളകൾ അർത്ഥപൂർണ്ണമാക്കാൻ രക്തം ദാനം ചെയ്യുക അതുവഴി മക്കൾക്ക് രക്തദാന സന്ദേശം പകർന്നു നൽകുക എന്ന മഹത്തായ സംരംഭം വിജയകരമായി ഇന്നും ചില കുടുംബങ്ങൾ അനുവർത്തിച്ചുവരുന്നു. ഇത്തരം കുടുംബങ്ങളുടെ കൂട്ടായ്മകൾ വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാറുമുണ്ട്.എൺപത് പ്രാവശ്യം രക്തം ദാനം ചെയ്ത് രക്തദാനത്തിന്റെ സജീവ സാക്ഷ്യമായി പ്രവർത്തിക്കുന്ന അദ്ദേഹം പ്രസ്ഥാനത്തിന് നൽകിയ മുദ്രാവാക്യവും ഏറെ ശ്രദ്ധേയമാണ് - 'സ്‌നേഹവിപ്ലവം രക്തദാനത്തിലൂടെ'. 'പൂവിതൾ പൊഴിയുമ്പോൾ' എന്ന ഡോക്യുമെന്ററിയടക്കം ഒട്ടനവധി മാധ്യമങ്ങളിലൂടെ രക്തദാനസന്ദേശം അദ്ദേഹം ലോകത്തിന് നൽകി. അഞ്ഞൂറിലേറെ റേഡിയോ സംഭാഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹം മൂന്നിലൊന്നും ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളവയായിരുന്നു. ഒരു വൈദികൻ എന്ന നിലയിലും ഈ പ്രസ്ഥാനം ജീവിതത്തിന് കൂടുതൽ അർത്ഥമേകുന്നുന്നുണ്ടെന്ന് കേരളത്തിൽ വേരൂന്നിയ ജനകീയ രക്തദാന പ്രസ്ഥാനത്തിന്റെ പിതാവെന്ന നിലയിൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് സമ്മതിക്കുന്നു.
സി.ഡി ആന്റണിSource: Sunday Shalom