News >> അമ്മ എന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചു
വിശാഖപട്ടണം രൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. പ്രകാശ് മല്ലവരപ്പൂ സംസാരിക്കുന്നുആന്ധ്രപ്രദേശിലെ ഒരു ഗ്രാമം. ഇടവകയിൽ അന്ന് തിരുനാളാണ്. തിരുനാളിനോടനുബന്ധിച്ച് നൂറിൽപരം സ്ഥൈര്യലേപനങ്ങളുമുണ്ട്. ചെറിയ ദൈവാലയം. വല്ലാത്ത ചൂടും. പ്രസംഗത്തിനിടയിൽ കറണ്ടുപോയി, അൾത്താരയിലെ തിരികളിൽ നിന്നുള്ള അരണ്ട വെളിച്ചം മാത്രം. പരസ്പരം സംസാരിച്ചു തുടങ്ങിയ ജനക്കൂട്ടത്തോട് പ്രധാന കാർമികൻ പറഞ്ഞു: നമുക്കെല്ലാവർക്കും ദൈവത്തെ സ്തുതിച്ച് ഒരു ഗാനം ആലപിക്കാം. അദ്ദേഹം കയ്യടിച്ച് തുടങ്ങി. ജനം കൂടെപ്പാടി. ആർക്കും പരിഭവങ്ങളില്ല, പിറുപിറുക്കലുകളുമില്ല. ഒരു പെന്തക്കുസ്താ അനുഭവംപോലെ. ഏകദേശം പത്തുമിനിട്ടുകൾക്കുശേഷം കറണ്ടുവന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "എല്ലാ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും ദൈവത്തെ സ്തുതിക്കുക. അപ്പോൾ ദൈവിക ആനന്ദം നിങ്ങൾ അനുഭവിക്കും."പറഞ്ഞുവരുന്നത് വിശാഖപട്ടണം അതിരൂപതയുടെ ഇടയൻ ആർച്ച് ബിഷപ് ഡോ. മല്ലവരപ്പൂ പ്രകാശിനെക്കുറിച്ചാണ്. 2012 ജൂലൈ മൂന്നിനാണ് പരിശുദ്ധ ബനഡിക്ട് പാപ്പ വിശാഖപട്ടണത്തിന്റെ പുതിയ ഇടയനെ പ്രഖ്യാപിച്ചത്. വിജയവാഡ രൂപതയുടെയും അതിനുമുമ്പ് കടപ്പാ രൂപതയുടെയും ഇടയനായിരുന്ന ബിഷപ് മല്ലവരപ്പൂ പ്രകാശ് പുതിയ ബാധ്യത സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. 1.24 മില്ല്യണിൽ അധികം ജനസാന്ദ്രതയുണ്ട് വിശാഖപട്ടണം അതിരൂപതയ്ക്ക്. വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി എന്നീ മൂന്ന് വലിയ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ രൂപതയിൽ 1.7 ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്. അതായത് ഏകദേശം 2,18,806. വിശ്വാസവർഷത്തെക്കുറിച്ചും തന്റെ വിശ്വാസ അനുഭവങ്ങളെക്കുറിച്ചും ആർച്ച് ബിഷപ് സൺഡേ ശാലോമിനോട് മനസു തുറക്കുന്നു.
കത്തോലിക്കാ വിശ്വാസം പുൽകിയത്ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്ന് നിജാമാബാദ് ജില്ലയിലേക്ക് കുടിയേറിപ്പാർത്തവരാണ് മല്ലവരപ്പൂ കുടുംബക്കാർ. എന്റെ വീട്ടുകാർ അഞ്ചുതലമുറകളായി കത്തോലിക്കാ വിശ്വാസത്തിൽ ഉള്ളവരാണ്. അമ്മമാത്രം വിവാഹത്തോടനുബന്ധിച്ച് ഹിന്ദുമതത്തിൽനിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നതാണ്. പിന്നീട് അമ്മയുടെ പക്ഷത്തുനിന്ന് എന്റെ രണ്ട് അമ്മാവന്മാരും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അഞ്ചുമക്കളുള്ള കുടുംബമാണ് ഞങ്ങളുടേത്. ഇന്നുള്ളത്ര സൗകര്യങ്ങളോ വൈദികരോ അന്നില്ല. ആറുമാസത്തിൽ ഒരിക്കൽ മാത്രമായിരുന്നു എന്റെ ഗ്രാമത്തിൽ വി. കുർബാന ഉണ്ടായിരുന്നത്. ആ കുർബാന ശരിക്കും ഉത്സവംതന്നെയായിരുന്നു. പിന്നീട് ഏറെ നാളുകൾക്കുശേഷം അത് രണ്ടു മാസത്തിലൊരിക്കലും മാസത്തിൽ ഒരു തവണയുമായി മാറി. 1960 ലാണ് ഞങ്ങളുടെ ദൈവാലയം ഇടവക ദേവാലയമാകുന്നത്. ആ കാലഘട്ടത്തിൽ എന്റെ പിതാവ് മിൽഹിൽ മിഷനറി വൈദികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹമൊരു കാറ്റക്കിസ്റ്റ് (ഉപദേശി) അല്ലാതിരുന്നിട്ടുപോലും ജീവിതമാതൃകയും സേവനസന്നദ്ധതയും മൂലം ഒരു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നുള്ളത് ഏറെ അഭിമാനത്തോടെ ഞാൻ ഓർക്കുന്നു.പിതാവ് തന്നെയായിരുന്നു എന്റെ ഊർജവും. വീട്ടിൽ പിതാവിന്റെ അടുത്ത് പ്രാർത്ഥനാസഹായം തേടി ധാരാളം പേർ വരുമായിരുന്നു. സെമിനാരിയിൽ ചേരേണ്ട സമയം വന്നപ്പോൾ പലരും എതിർത്തു. നന്നായി പഠിക്കുന്ന പ്രകാശിനെ എന്തിനാണയയ്ക്കുന്നത്, വേറെയും മക്കളുണ്ടല്ലോ എന്ന്. അന്ന് എന്റെ പിതാവ് പറഞ്ഞ വാക്കുകൾ ഓർക്കുന്നു. "ദൈവത്തിന് കൊടുക്കുമ്പോൾ ഏറ്റവും നല്ലത് കൊടുക്കണം. അതിന്റെ വേദന നാം അറിയണം. നല്ല കാഴ്ചകളിലേ ദൈവം സംപ്രീതനാകൂ" എന്ന്.ഹൈന്ദവ വിശ്വാസത്തിൽനിന്നും കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നവരായിട്ടും നമ്മുടെ വിശ്വാസത്തിന്റെ ആഴവും വ്യാപ്തിയും അറിഞ്ഞ് അനുഭവിച്ചവളാണ് എന്റെ അമ്മ. അമ്മ മറ്റുള്ളവരെ ഒത്തിരി സഹായിക്കുമായിരുന്നു. വീട്ടിൽ കൂടെക്കൂടെ വന്നിരുന്ന ഒരു വിധവയെയും അവരുടെ അഞ്ചു പെൺമക്കളെയും എത്ര കരുതലോടെയാണ് അമ്മ ശുശ്രൂഷിച്ചിരുന്നത് എന്നത് എനിക്കിപ്പോഴും രഹസ്യമാണ്. വിശ്വാസവും നന്മയുമെല്ലാം ആദ്യന്തികമായും കുടുംബത്തിൽ നിന്നുതന്നെയാണ് പിറവികൊള്ളേണ്ടത്. അങ്ങനെയൊന്നില്ലായിരുന്നെങ്കിൽ ഞാനൊരു വൈദികൻപോലും ആകുമായിരുന്നില്ല." അദ്ദേഹത്തിന്റെ മുഖത്ത് ചാരിതാർത്ഥ്യത്തിന്റെ കിരണങ്ങൾ.
സെമിനാരി പ്രവേശനംഹൈസ്കൂൾ കാലം മുതൽ അപ്പസ്‌തോലിക് സ്‌കൂളിലായിരുന്നു ഞാൻ പഠിച്ചത്. സാധാരണ രീതിയിൽ സെമിനാരിയിൽ പ്രവേശിക്കാൻ താൽപര്യമുള്ള കുട്ടികളാണ് അവിടെ പഠിക്കുക. പന്ത്രണ്ടാം തരത്തിനുശേഷമാണ് ഞാൻ ഹൈദ്രബാദ് രൂപതക്കുവേണ്ടി സെമിനാരിയിൽ ചേരുന്നത്. അത് 1971 ലാണ്. തുടർന്ന് പൂനയിലെ പൊന്തിഫിക്കൽ സെമിനാരിയിൽ 1972 മുതൽ 1979 വരെ ഫിലോസഫിയും തിയോളജിയും പഠിച്ചു. 1979 ഒക്‌ടോബർ 11 നായിരുന്നു തിരുപ്പട്ടം. തുടർന്ന് ഒരു വർഷം രൂപതാ യൂത്ത് കോ ഓർഡിനേറ്ററായി സേവനം ചെയ്തു. 1981 മുതൽ 85 വരെ പൂനയിൽ ഉപരിപഠനം, ഇന്ത്യൻ പുരാണങ്ങളിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 1991 മുതൽ 97 വരെ ഹൈദരബാദ് സെന്റ് ജോൺസ് മേജർ സെമിനാരിയിൽ റെക്ടറായിരുന്നു. തുടർന്ന് ഒരു വർഷം ഗഡ്ഡി അന്നാരം ഇടവകവികാരി. അതിനുശേഷം 1998 ജൂൺ 11 ന് കടപ്പ മെത്രാനായി. തുടർന്ന് 2001 ഓഗസ്റ്റ് 15 ന് വിജയവാഡ മെത്രാനായി സ്ഥലംമാറ്റം. ഏലൂര് മെത്രാന്റെ നിര്യാണത്തിനുശേഷം ഇപ്പോഴും രൂപതയുടെ അഡ്മിനിസ്‌ട്രേറ്റർ. ഇതിനിടയിൽ മെത്രാഭിഷേകത്തിനുമുമ്പ് ചിക്കാഗോയിൽ ലയോള സർവകലാശാലയിൽ രണ്ടുവർഷം പഠിക്കുവാൻ കഴിഞ്ഞു. അവിടെനിന്നാണ് ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്‌സ് നേടുന്നത്.ഒരിക്കൽ പള്ളിയിലെ തിരുനാളിനായി പിതാവ് പതിവു സമയത്തുതന്നെ എത്തിയെങ്കിലും ഗ്രാമങ്ങളിൽനിന്ന് ജനങ്ങൾ അപ്പോഴും എത്തിച്ചേർന്നിരുന്നില്ല. അല്പം വിഷമത്തിൽ നിന്നിരുന്ന വികാരിയച്ചനെ വിളിച്ച് അദ്ദേഹം പറഞ്ഞു; "നമുക്ക് കുറച്ചുനേരം കൂടി കാത്തിരിക്കാം. ജനങ്ങൾ ഇനിയും വരാനുണ്ടല്ലോ. ഗ്രാമങ്ങളിൽനിന്ന് അവർ എത്തിച്ചേരട്ടെ." ഈ മനോഭാവമാണ് ആർച്ച് ബിഷപ് മല്ലവരപ്പൂ പ്രകാശ് എന്നും ജനഹൃദയങ്ങളിലിടം തേടുന്നതിന് കാരണം.
ഫാ.ജൻസൺ ലാസലെറ്റ്Source: Sunday Shalom