News >> ഇനി നമുക്കൊരു ഹൈ ടെക് സിസ്റ്ററെ പരിചയപ്പെടാം
സിസ്റ്റർ തെരേസാ സുക്കിച്ച്. ജനനം 1964 ൽ ക്രോയേഷിയിൽ. പഠിച്ചതും വളർന്നതും ജർമനിയിൽ. പിതാവ് അറിയപ്പെടുന്ന ഫുട്‌ബോൾ താരമായിരുന്നു. ആറാം വയസുമുതൽ കായിക ലോകത്തേക്കുളള പദയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി. ഒഴിവുകളില്ലാത്ത കഠിനപരിശീലനം. ദേശീയ-അന്തർദേശീയ തലത്തിൽ നിരവധി സമ്മാനങ്ങൾ കായികതലത്തിൽ ചെറുപ്രായത്തിൽ തന്നെ വാരിക്കൂട്ടി. മാതാപിതാക്കൾ നിരീശ്വരവാദികളായിരുന്നതിനാൽ പള്ളിയും വിശ്വാസവുമൊക്കെ 'ഔട്ട് ഓഫ് സിലബസായിരുന്നു.' സ്‌കൂൾ പിക്‌നിക്കിനിടെ യാദൃച്ഛികമായി ഒരിക്കൽ കത്തീഡ്രൽ ദേവാലയത്തിൽ കയറുവാനിടയായി. തൂങ്ങപ്പെട്ട ക്രൂശിതരൂപം കണ്ട് സങ്കടം തോന്നി. എന്തിനായിരിക്കുമോ ആ മനുഷ്യനെതൂക്കിയിട്ടിരിക്കുന്നത്? അവൾ സങ്കടപ്പെട്ടു.
അത്ഭുതങ്ങളുടെ രാവ്"സ്‌പോർട്ട്‌സ് സ്‌കൂളിലെ അവസാന വർഷം. പിറ്റേദിവസം നടക്കാനിരിക്കുന്ന ബാസ്‌ക്കറ്റ്‌ബോൾ കളിയെക്കുറിച്ചോർത്ത് കിടന്ന് എപ്പോഴോ ഉറങ്ങി." സിസ്റ്റർ തെരേസാ തന്റെ കഥ സൺഡേ ശാലോമിനുവേണ്ടി പറഞ്ഞുതുടങ്ങുന്നു."കണ്ണു തുറന്ന് നോക്കിയപ്പോൾ, പുലർച്ചെ രണ്ടുമണി. പിന്നീട് ഉറക്കം വന്നില്ല. തന്റെ പ്രിയപ്പെട്ട സംഗീതം കേട്ടുകിടന്നിട്ടും ഉറക്കം വന്നില്ല. മുറിയിൽ ഒപ്പം താമസിക്കുന്ന കൂട്ടുകാരിയുടെ പുസ്തകം കോർണറിൽ ചിതറി കിടക്കുന്നു. ഉറക്കം വരാത്തതുകൊണ്ട് അതിലൊരെണ്ണം എടുത്ത് വായിക്കുവാൻ തുടങ്ങി. തുറന്നപ്പോൾ കണ്ട വരികൾ, 'ഹൃദയവിശുദ്ധിയുള്ളവർ ദൈവത്തെ കാണും, മറ്റൊന്ന് വലത്തു കരണത്ത് അടിക്കുന്നവന് ഇടത്തുകരണം കൂടി കാണിച്ചുകൊടുക്കുക. ഇതുവരെ ഇങ്ങനെയൊരു പുസ്തകം വായിച്ചിട്ടില്ലല്ലോ എന്നാണപ്പോൾ ഓർത്തത്. വായിക്കുവാൻ ആവേശമുള്ള ഭാഗങ്ങൾ, വായിക്കുന്തോറും മനസിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. മനുഷ്യന്റെയടുത്തേക്ക് ഇറങ്ങിവന്ന ദൈവം, അപ്പാ എന്ന് ദൈവത്തെ വിളിക്കുവാൻ പഠിപ്പിക്കുന്നു. ആ ദൈവത്തെ ആരൊക്കെയോ ചേർന്ന് കൊല്ലുന്നു. നേരം വെളുക്കുംവരെ ആ പുസ്തകം വായിച്ചു. പിന്നീടാണ് മനസിലായത് അതു ബൈബിളായിരുന്നെന്നും വായിച്ചു തുടങ്ങിയ ഭാഗം മലയിലെ പ്രസംഗമായിരുന്നെന്നുമൊക്കെ. അത്ര അറിവേ എനിക്ക് ക്രിസ്തുമതത്തെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ.
കളിക്കിടയിലുണ്ടായ അനുഭവംഅന്ന് നടന്ന ബാസ്‌ക്കറ്റ്‌ബോൾ കളിയിൽ എതിർടീമിലെ ഒരു പെൺകുട്ടി മനഃപൂർവം ഒരു ഫൗളുണ്ടാക്കി. സാധാരണ എന്റെ പ്രതികരണം, അടുത്ത പ്രാവശ്യം ബോൾ കൈയിൽ കിട്ടുമ്പോൾ കിട്ടിയതിനു രണ്ടിരട്ടിയായിട്ടുള്ള തിരിച്ചടിയായിരുന്നു. പക്ഷേ, അന്ന് കളിക്കിടയിൽ പരിക്കേറ്റ സ്ഥലത്ത് കഠിന വേദനയുണ്ടായപ്പോൾ പെട്ടെന്ന് മനസിൽ തെളിഞ്ഞത് രാത്രി കൂട്ടുകാരിയുടെ പുസ്‌കത്തിൽ നിന്നും വായിച്ച വരികളായിരുന്നു. നിന്റെ വലത്തു കരണത്ത് അടിക്കുന്നവന് ഇടത്തുകരണംകൂടി കാണിച്ചുകൊടുക്കുക. അതുകൊണ്ട് മാത്രം പകരംവീട്ടാൻ എനിക്ക് തോന്നിയില്ല. ക്രിസ്തു പറഞ്ഞത് വെറുതെയൊന്ന് പരീക്ഷിച്ചു. അസാധാരണ സമാധാനമായിരുന്നു മനസിന്.."ഇവിടെ തുടങ്ങുന്നു ഡാനാ എന്ന നിരീശ്വരവാദി പെൺകുട്ടിയിൽനിന്നും തെരേസാ എന്ന കർത്താവിന്റെ മണവാട്ടിയിലേക്കുള്ള യാത്ര. മാതാപിതാക്കളുടെ സ്വപ്‌നങ്ങൾക്കും മോഹങ്ങൾക്കും മുകളിൽ വീണ ബോംബ്‌സ്‌ഫോടനങ്ങളായിരുന്നു പിന്നീട് നടന്നതൊക്കെ. മാമോദീസാ മുതൽ വ്രതവാഗ്ദാനംവരെ നീണ്ടുനിന്ന സംഭവവികാസങ്ങൾ സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സിനിമാക്കഥപോലെ. ഏതു വഴി തെരഞ്ഞെടുക്കണം, എന്തു തീരുമാനിക്കണം, ഏതാണ് ശരി എന്ന ഉള്ളിന്റെ പോരാട്ടങ്ങൾ ഒരുവശത്ത് തളർത്തുമ്പോൾ, മകളെ ഒരുപാട് സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീർ, മറ്റൊരുവശത്ത് ഈ തളർച്ചയ്ക്ക് ഭാരം കൂട്ടിക്കൊണ്ടിരുന്നു.
പ്രതിബന്ധങ്ങൾ, കനലുകൾഏകമകളെ ആത്മാർത്ഥമായി സ്‌നേഹിച്ച മാതാപിതാക്കൾ, പക്ഷേ, തങ്ങൾക്ക് വിശ്വാസമില്ലാത്ത മതവിശ്വാസത്തിലേക്കുളള മകളുടെ യാത്ര അവർക്ക് തെല്ലും സ്വീകാര്യമായിരുന്നില്ല. കൂട്ടുകാരിയുടെ പിതാവിനോട് മാമോദീസായ്ക്ക് തലതൊട്ടപ്പനാവാമോ എന്നു ചോദിച്ചപ്പോൾ അത്ഭുതവും സന്തോഷവുംകൊണ്ട് കണ്ണു നിറഞ്ഞൊഴുകി നിശ്ചലനായിപ്പോയതും മാമോദീസായുടെ തലേരാത്രി തന്നെ കാറോടിച്ച് കയറ്റി കൊല്ലുവാൻ ശ്രമിച്ച, സഭയോട് കടുത്ത എതിർപ്പുണ്ടായിരുന്ന ഒരു വ്യക്തിയോട്, പോലിസിൽ കുടുക്കാതെ ക്ഷമിച്ചതും അങ്ങനെ വികാരപരമായ ഒരുപാട് രംഗങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ട അനുഭവങ്ങളാണ് അവൾക്കുണ്ടായത്. വിശ്വാസത്തിന്റെ ഈ ലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസിൽ ഉറപ്പായിരുന്നു തന്നെ കാത്തിരിക്കുന്ന നേട്ടങ്ങളുടെ സ്വർണമെഡലുകളുടെയും ആരാധകരുടെ ആരവങ്ങളുടെയും ലോകത്തിന് തിരശീല വീഴുകയാണെന്ന്. മലയിൽ പ്രസംഗിക്കുന്ന നസ്രത്തുകാരനെ ആദ്യ കാഴ്ചയിൽ വല്ലാതെ പ്രണയിച്ചുപോയി.
സഭാംഗമായത്...എന്തുകൊണ്ടാണ് വിൻസെൻഷ്യൻ സഭ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് സിസ്റ്ററിന്റെ ഉത്തരം വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതംതന്നെ ആകർഷിച്ചു എന്നാണ്. ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ സാധുക്കൾക്ക് ക്രിസ്തുവിന്റെ സ്‌നേഹം പകർന്ന ആ വിശുദ്ധന്റെ വരികൾ ചങ്കിൽ തറച്ചുവെന്നാണ് സിസ്റ്റർ വിശദീകരിച്ചത്. നിങ്ങളുടെ കോൺവെന്റുകൾ പാവങ്ങളുടെ വീടാണെന്നും നിങ്ങളുടെ കപ്പേള ഇടവക പള്ളിയാണെന്നും നിങ്ങളുടെ ആവൃതി തെരുവോരങ്ങളാണെന്നും നീളുന്ന വരികൾ വായിച്ചപ്പോൾ മനസ് പറഞ്ഞത്രേ, ഇത് തന്റെ സ്വഭാവത്തിന് ചേരുന്ന വരികൾതന്നെയാണെന്ന്.
വിശുദ്ധ വിൻസെന്റിന്റെ വാക്കുകൾ ജീവൻ കൊടുത്ത് ജ്വലിക്കുവാൻ തുടങ്ങിയപ്പോൾ വിശ്വാസം ആളിക്കത്തുവാൻ തുടങ്ങി. പകർച്ചവ്യാധിപോലെ നഗരങ്ങളിൽനിന്നും നഗരങ്ങളിലേക്കും ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കും അതിന്റെ ചൂട് പെരുകുവാൻ തുടങ്ങി.
കുട്ടികൾക്കിടയിലേക്ക് ഇറങ്ങിയത്കുട്ടികളുടെയിടയിലേക്ക് സിസ്റ്റർ ഇറങ്ങിയത് താൻ അഭ്യസിച്ച കലകളുമായിട്ടാണ്. സ്‌ക്കെയിറ്റ് ബോർഡിൽ പറന്നും ബാസ്‌ക്കറ്റ്‌ബോൾ കളിച്ചും റോക്ക് മ്യൂസിക്ക് കേട്ടും അവരുടെകൂടെ ഗെയിംബോയ് പോലുള്ളവ കളിച്ചും ഇറങ്ങിയപ്പോൾ അവർകൂടെക്കൂട്ടി. സൂപ്പർ ഹൈടെക് സിസ്റ്റർ എന്ന് അവർ വിളിച്ചു. പതിവുപോലെ സിസ്റ്റർ ഒരിക്കൽ ട്രെയിനിൽ കയറിയപ്പോൾ ഏതോ അന്യഗ്രഹജീവികളെ നോക്കുന്നതുപോലെ പലരും ശ്രദ്ധിക്കുന്നത് അവർ കണ്ടു. ഒഴിഞ്ഞ മൂലയിലുള്ള ഒരു സീറ്റിൽ ചെന്നിരുന്ന് ബാഗിൽനിന്ന് വാക്ക്‌മേനെടുത്ത് തലേദിവസം കുട്ടികൾ കൊടുത്ത ഒരു റോക്ക് മ്യൂസിക്കിന്റെ കാസറ്റെടുത്ത് ഇടുന്നതു കണ്ടപ്പോൾ എതിർവശത്തിരുന്ന സ്ത്രീകളുടെ അത്ഭുതംനിറഞ്ഞ മുഖംകണ്ട് സിസ്റ്റർ അമ്പരന്നു."ഏതാനും സ്ത്രീകൾ അടുത്തുവന്നിരുന്ന് സംസാരിക്കാൻ തുടങ്ങി. അവർക്കെന്നെ കുറിച്ചാണ് അറിയേണ്ടത്. അങ്ങനെ സിസ്റ്റർ തെരേസ തന്റെ മാനസാന്തരകഥ മുതൽ തന്റെ മനസിന്റെ സ്വപ്‌നങ്ങൾ വരെ അവരോട് വിശദീകരിച്ചു. കുട്ടികളെ നേടുവാൻ താൻ ചെയ്യുന്ന കാര്യങ്ങൾ, അവരുടെ ഭാവിയെക്കുറിച്ചുള്ള ആകുലത എല്ലാം വിവരിച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസക്ക് ഇറങ്ങേണ്ട സ്ഥലമായി. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ. ജർമനിയിലെ പ്രശസ്തമായ ടെലവിഷൻ ചാനലിൽനിന്നും. അന്നു പരിചയപ്പെട്ട സ്ത്രീകൾ ഈ ചാനലിൽ ജോലി ചെയ്യുന്നവരായിരുന്നു. ഇവിടെ സിസ്റ്റർ തെരേസയുടെ രണ്ടാംഭാഗത്തിന്റെ തിരശീല ഉയരുകയാണ്. കർത്താവിന്റെ ഈ വ്യത്യസ്തയായ മണവാട്ടിയെക്കുറിച്ച് ചാനലിൽ വന്ന ആദ്യ റിപ്പോർട്ട് അഞ്ചുകോടിയിൽപരം പ്രേക്ഷകരാണ് കണ്ടത്. പിറ്റേദിവസം നഗരത്തിലൂടെ നടക്കുമ്പോൾ പലരും മുഖത്തോടുമുഖം അത്ഭുതപ്പെട്ട് ചോദിക്കുന്നു- ഇത് ആ സിസ്റ്ററല്ലേ. യാത്ര കഴിഞ്ഞ് അന്നു ട്രെയിൻ ഇറങ്ങിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ പത്രക്കാർ കാത്തുനിൽക്കുന്നു. കോൺവെന്റിൽ ചെന്നപ്പോഴും ചാനലുകാരും പത്രക്കാരും അവിടെ തിങ്ങി നിറഞ്ഞിരുന്നു. ഒറ്റദിവസംകൊണ്ട് യൂറോപ്പിലും അമേരിക്കയിലുമൊക്കെ പത്രങ്ങളിലും ചാനലുകളിലും സ്‌ക്കെയിറ്റ് ബോർഡിൽ പറക്കുന്ന സിസ്റ്ററിനെക്കുറിച്ച്, ബാസ്‌ക്കറ്റ്‌ബോൾ കളിക്കുന്ന കന്യാസ്ത്രീയെക്കുറിച്ച്, ഡാനാ എന്ന സ്‌പോർട്‌സ്‌കാരിയിൽനിന്ന് തെരേസാ എന്ന സിസ്റ്ററിലേക്കുള്ള യാത്രാവിവരണങ്ങൾ പ്രചരിച്ചു. പിന്നീടുള്ള ദിവസങ്ങൾ മഠത്തിലെ ടെലിഫോൺ നിലയ്ക്കാതെ ശബ്ദിച്ചുകൊണ്ടിരുന്നു. പല ടി.വി പ്രോഗ്രാമുകളിലും സിസ്റ്റർ പങ്കെടുത്തു. വിശുദ്ധ വിൻസെന്റ് ചെയ്തതുപോലെ സമ്പത്തുള്ളവരുടെ കൈയിൽനിന്നും അവർക്കുള്ളത് വാങ്ങി പാവങ്ങൾക്ക് കൊടുത്തതുപോലെ ചാനലുകാർ താൻ വഴി പണമുണ്ടാക്കുവാൻ തുടങ്ങിയപ്പോൾ അവരിൽനിന്ന് ഞാനും പ്രതിഫലം വാങ്ങിത്തുടങ്ങി, എന്റെ സാധു കുട്ടികൾക്ക് വേണ്ടി. ഒരിക്കൽ അമേരിക്കയിൽനിന്ന് ഏതോ ഒരു പാവപ്പെട്ട കുടുംബം സിസ്റ്ററിന്റെ പ്രോഗ്രാം കണ്ട് അഞ്ചു ഡോളർ കവറിലാക്കി, സിസ്റ്റർ തെരേസാ, ജർമനി എന്നുമാത്രം എഴുതി അയച്ചത് തന്റെ കൈയിൽ കിട്ടിയപ്പോൾ കണ്ണ് നിറഞ്ഞു. എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണത്. ഒരു ടി.വി ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്തിട്ട് കിട്ടിയ ഒരുലക്ഷം യൂറോ, ദൈവം നേരിട്ട് സ്‌പോൺസർ ചെയ്തതാണെന്ന് സിസ്റ്റർ പറയുന്നു.
ദൈവം ഉയർത്തിയ വഴികൾനൂറുകണക്കിന് വേദികളിലാണ് സിസ്റ്റർ പ്രസംഗിക്കുന്നത്. ഒരു പുരോഹിതനോ വിശ്വാസിക്കോ കന്യാസ്ത്രീക്കോ കയറിച്ചെല്ലുവാൻ സാധ്യതകളില്ലാത്ത എല്ലാ മേഖലകളിലും ഈ കന്യാസ്ത്രീയമ്മയ്ക്ക് വാതിലുകൾ തുറക്കപ്പെടുന്നു. സിസ്റ്റർ സ്വയം വിശേഷിപ്പിക്കുന്നത് പാലം പണിയുന്നവൾ എന്നാണ്. കത്തോലിക്കാ സഭയും കൂട്ടിമുട്ടാത്ത റെയിൽപാളങ്ങൾപോലെ പോകുന്ന എല്ലാ വിഭാഗങ്ങൾക്കുമിടയിൽ സൗഹൃദത്തിന്റെ, ഐക്യത്തിന്റെ പാലം പണിയുകയാണ് തന്റെ ദൗത്യമെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു.മൾട്ടിനാഷണൽ കമ്പനികളിലെ മാനേജേഴ്‌സിനും ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിദഗ്ധർക്കും വരെയുള്ള സെമിനാറുകളും ക്ലാസുകളുമായി ജർമിനിയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ദൈവത്തോടൊപ്പമുള്ള 'സാഹസികയാത്രകൾ' അവർ നടത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെയാണ് സിസ്റ്റർ അതിനെ വിളിക്കുന്നത്. അത്യാധുനിക മാധ്യമസൗകര്യങ്ങളുപയോഗിച്ചുകൊണ്ടുള്ള പത്രങ്ങൾ അഭിസംബോധന ചെയ്യുന്നതുപോലെ ഈ "പെൺശക്തിയുടെ" വചനപ്രഘോഷണം അത്ഭുതാവഹമാണ്. മനസുകളെ നിമിഷനേരങ്ങൾകൊണ്ട് കൈയിലെടുത്ത് അമ്മാനമാടി തന്റെ ഹാസ്യത്തിൽ ചാലിച്ച അനുഭവങ്ങൾകൊണ്ട് പൊതിഞ്ഞ്, മാതൃത്വത്തിന്റെ കരുതലും മകളുടെ ശാഠ്യവും ഒക്കെ കലർത്തി വിളമ്പുന്ന വചനത്തിന് ഇരട്ടി മധുരമാണ്.
എന്റെ ജീവിതം എന്റെ ഹോബിയാണ്മനസിൽ പെട്ടെന്ന് പതിയുന്ന തരത്തിലുള്ള ശൈലി, മഴപോലെ പെയ്തും മഞ്ഞുപോലെ ഇറ്റിറ്റും മനസിന്റെ ആഴങ്ങളിലേക്കിറങ്ങും. ശ്വാസം പിടിച്ചിരുന്നുമാത്രം കാണികൾ കേൾക്കുന്ന തന്റെ ദൈവാനുഭവത്തിന്റെ കഥകൾ കേട്ടുകഴിയുമ്പോൾ തോരാത്ത കൈയടികൾ ഹാളിൽ ഉയരുന്നു. സിസ്റ്റർ തെരേസാ, ഡാനാ എന്ന സ്‌പോർട്‌സ്‌കാരിയോട് വിട പറഞ്ഞില്ലായിരുന്നെങ്കിൽ തീർച്ചയായും പ്രശസ്തയാകുമായിരുന്നു. തന്റെ സ്വപ്‌നമനുസരിച്ച്, തന്റെ പ്രിയപ്പെട്ടവരുടെ മോഹങ്ങൾക്കനുസരിച്ചുള്ള ഒരു സ്വപ്‌നം. ഒളിംപിക്‌സിൽ ഒരു മെഡൽ. മാധ്യമങ്ങളിൽ നിറഞ്ഞ്, രാജ്യത്തിന് തിലകക്കുറി ചാർത്തിക്കൊടുക്കുന്ന രാവിന്റെ മാത്രം ഓർമ. ഒരു പത്തുമണിപ്പൂവിന്റെ ആയുസുപോലൊരു വിജയം. ഇന്ന് ഈ കന്യാസ്ത്രീ വെളിച്ചമാകുന്നത് ഇരുട്ടിന്റെ ലോകത്ത് കഴിയുന്ന എത്രയോ ജീവിതങ്ങൾക്കാണ്."ഞാൻ കവിതയെഴുതും, സംഗീതം സംവിധാനം ചെയ്യും, എഴുതും. എന്റെ ജീവിതം എന്റെ ഹോബിയാണ്." ഇതെക്കുറിച്ച് സംസാരിച്ചപ്പോൾ സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു, പണ്ട് ഞാൻ ചെയ്യുന്നതൊന്നും ആരോടും പറയാറില്ലായിരുന്നു. ഇന്നെനിക്ക് അതിന് ഒരു മടിയുമില്ല. കാരണം, ഇതൊക്കെ ദൈവം തന്ന സമ്മാനമാണ്. ഇതെല്ലാം ദൈവമഹത്വത്തിനായിട്ടാണ് ഞാൻ ചെയ്യുന്നതും. ടി.വി ചാനലിൽ പാചകഷോയിലും സിസ്റ്റർ പങ്കെടുത്തിട്ടുണ്ട്. എല്ലാ കാര്യത്തിലും വ്യത്യസ്തയായ ഈ അമ്മ പറയുന്നു, എനിക്ക് ഞാൻ ചെയ്യുന്നത് മുഴുവൻ ഉല്ലാസമാണ്, കടമയല്ല, ജോലിയല്ല... എന്റെ പ്രിയപ്പെട്ടവന്റെ കൂടെയുള്ള ഉല്ലാസം. ങ്യ ഹശളല ശ ൊ്യ വീയയ്യ.
അജീഷ് ജർമനിSource: Sunday Shalom