News >> ദൈവാലയം തകർക്കാൻ പോയവൻ വിശ്വാസിയായി മടങ്ങി


അസാധാരണമായൊരു സാക്ഷ്യത്തിന്റെ നിറവുണ്ട്, ഒഡീഷക്കാരനായ ബാംദേവ് കാൻഹറിന്. യഥാർത്ഥത്തിൽ അയാൾ വിശുദ്ധ ഗ്രന്ഥത്തിലെ സാവൂളിന് തുല്യമാണ്. ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ പുറപ്പെട്ട സാവൂൾ ക്രിസ്ത്യാനിയായി മടങ്ങിയ അനുഭവം. ബാം ദേവിനും സംഭവിച്ചത് ഇതുതന്നെയാണ്. ഒരു പറ്റം ആളുകൾക്കൊപ്പം പള്ളി തകർക്കാൻ പുറപ്പെട്ടതായിരുന്നു അയാൾ. എന്നാൽ ഉറച്ച വിശ്വാസിയായി അയാൾ മടങ്ങി.

2007 ലെ ക്രിസ്മസ് കാലത്താണ് അത്. തീവ്രവാദി ആക്രമണത്തിന് വിധേയമായ ഒഡീഷയിലെ പൊബിംഗിയ സെന്റ് പീറ്റർ ദൈവാലയവും പരിസരവും ഭൂമികുലുക്കത്തിനുശേഷമുള്ള അവസ്ഥയിലായിരുന്നു. പള്ളിക്ക് ചുറ്റും ഉണ്ടായിരുന്ന വലിയ മരങ്ങളെല്ലാം ക്രിസ്ത്യാനികളോട് വിരോധമുണ്ടായിരുന്ന അക്രമികൾ വെട്ടിമുറിച്ചിട്ടു. പള്ളിക്കു മുകളിൽ സ്ഥാപിച്ചിരുന്ന 15 അടി ഉയരമുള്ള കോൺക്രീറ്റ് കുരിശ്, ഇരുമ്പു കട്ടറുകൾ ഉപയോഗിച്ച് മുറിച്ച് അതിനുമുമ്പേ തന്നെ താഴെയിട്ടിരുന്നു. പള്ളിമുതൽ വൈദികമന്ദിരം വരെ ആ പരിസരത്തുണ്ടായിരുന്നതും കുട്ടികളുടെ ഹോസ്റ്റലും ഉൾപ്പെടെ പലതും അവർ അഗ്നിക്കിരയാക്കി. ആ ഗ്രൂപ്പിലായിരുന്നു ബാം ദേവും.

ദൈവാലയം തീവെച്ചു നശിപ്പിച്ചുവെങ്കിലും ഇടവകവൈദികനായ പ്രസന്നകുമാർ സിംഗിനെ പിടികൂടാൻ അവർക്ക് കഴിഞ്ഞില്ല. നിർണായകഘട്ടത്തിൽ, വികാരിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പരിസരവാദികളായ മറ്റുമതസ്ഥരെ ബാംദേവ് ഭീഷണിപ്പെടുത്തി. അച്ചനെ പിടികൂടി ശിക്ഷിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം.

ക്രൈസ്തവ വിരുദ്ധകലാപം വ്യാപകമായപ്പോൾ ഇടവകവികാരിയായിരുന്ന ഫാ. പ്രസന്ന നൂറുകണക്കിന് ക്രൈസ്തവരെപ്പോലെ കാണ്ടമാലിൽനിന്ന് കാട്ടിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് കലാപം ഒതുങ്ങിയതിന് ശേഷം 2009 ഫെബ്രുവരിയിലാണ് അച്ചൻ പൊബിംഗിയായിലേക്ക് തിരിച്ചുവരുന്നത.്

രണ്ടുമാസം കഴിഞ്ഞ് ഒരു രാത്രിയിൽ 33 കാരനായ ബാംദേവ് ഭാഗികമായി കേടുപാടുതീർത്ത പള്ളിമേടയുടെ വാതിലിൽ മുട്ടി. വാതിൽക്കൽ ബാംദേവിനെ കണ്ട ആ വൈദികന്റെ മുഖത്ത് സംഭ്രമമായിരുന്നു. അച്ചന്റെ പരിഭ്രമം മനസിലാക്കിയ അദ്ദേഹം പറഞ്ഞു: "അച്ചാ, ഭയപ്പെടേണ്ടാ. ഞാൻ അങ്ങയോട് മാപ്പ് ചോദിക്കാനാണ് വന്നത്."

പൊബിംഗിയയിലെ വർഗീയവാദികളുടെ നേതാവായ ആ മനുഷ്യൻ അച്ചന്റെ മുന്നിൽ മുട്ടുകുത്തി, ദൈവാലയം ആക്രമിച്ചതിന് കരഞ്ഞ് ക്ഷമ ചോദിച്ചു. ഉയർന്ന ഗുണനിലവാരമുള്ള ഒരു പപ്പായത്തൈ അപ്പോൾ അയാളുടെ കയ്യിലുണ്ടായിരുന്നു. തന്റെ പശ്ചാത്താപത്തിന്റെ പ്രതീകമായി പള്ളിപ്പറമ്പിൽ അതു നട്ടുവളർത്തണമെന്നായിരുന്നു അയാളുടെ ഏക അഭ്യർത്ഥന.

ശത്രുവായിരുന്ന ഒരു വ്യക്തിയുടെ ഹൃദയപരിവർത്തനത്തിന്റെ സമ്മാനമാകയാൽ ഫാ.പ്രസന്ന പ്രത്യേക ശ്രദ്ധയോടെ പപ്പായ ഏറ്റുവാങ്ങി വളർത്തി. കട്ടക്ക് -ഭുവനേശ്വർ ആർച്ച് ബിഷപായിരുന്ന ഡോ. റാഫൽ ചീനാത്ത് 2010 ഒക്‌ടോബറിൽ പൊബിംഗിയ സന്ദർശിക്കാനെത്തിയപ്പോൾ ആ പപ്പായയിലെ ആദ്യഫലം അതിന്റെ ചരിത്രം വിവരിച്ചുകൊണ്ട് അച്ചൻ അദ്ദേഹത്തിനു നൽകി. പപ്പായയുടെ കഥ കേട്ടപ്പോൾ ആർച്ച് ബിഷപ് ചിനാത്ത് അതിലൊന്ന് ബാംദേവിനു സമ്മാനിക്കണമെന്ന് ആഗ്രഹിച്ചു. ആർച്ച് ബിഷപ് പറഞ്ഞതനുസരിച്ചാണ് ഈ പഴം ഞാൻ തരുന്നതെന്ന് അച്ചൻ അദേഹത്തോട് പറഞ്ഞപ്പോൾ അയാൾ പിന്നെയും പൊട്ടിക്കരഞ്ഞു. വിതുമ്പലിനിടയിൽ അയാൾ പറഞ്ഞു.

"ദൈവാലയം നശിപ്പിച്ചതിനെക്കുറിച്ച് ഞാൻ പലതവണ ഓർത്തിട്ടുണ്ട്. അവിടെ വളരെയേറെ മനോഹരമായ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. ഞങ്ങൾ അത് എല്ലാം തകർത്തു. ദൈവാലയം തകർത്ത സംഘത്തലവൻ എന്ന ചീത്തപ്പേര് നിലനിർത്താൻ എനിക്കാഗ്രഹമില്ല. പള്ളി അതിവിശുദ്ധ സ്ഥലമാണ്. ഞങ്ങൾ അതൊരിക്കലും അശുദ്ധമാക്കാൻ പാടില്ലായിരുന്നു. അത് ആക്രമിക്കുവാൻ ചിലർ ഞങ്ങളെ പ്രേരിപ്പിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണ്."

പള്ളിക്ക് സമീപം ഒരു ചെറിയ ചായക്കട നടത്തുന്ന ബാംദേവ് പറയുന്നു. "വിശുദ്ധ സ്ഥലങ്ങൾ അശുദ്ധമാക്കുന്നവരെ ദൈവം ശിക്ഷിക്കും. അനേകം അക്രൈസ്തവരുടെ ഇടയിൽ ഇതെക്കുറിച്ച് സംസാരമുണ്ട്". ബാംദേവ് കരയുന്നു. പള്ളിയുടെ കുരിശ് തകർത്ത വ്യക്തിക്കുണ്ടായ അനുഭവമാണ് അയാളുടെ മനസിലുള്ളത്. ക്രിസ്മസിന് പള്ളിയും ഹോസ്റ്റലും തീവെച്ചു നശിപ്പിച്ചതിനുശേഷം ഏതാനും അക്രമികൾ പള്ളിയുടെ മുകളിൽ ഉയർന്ന് നിൽക്കുന്ന 15 അടി ഉയരമുള്ള കോൺക്രീറ്റ് കുരിശ്, കട്ടറുകൾ ഉപയോഗിച്ച് മുറിച്ചിട്ട സംഭവം അയാൾ ഓർമ്മിച്ചു. അഗ്നിയ്ക്കിരയാക്കിയ ദേവാലയത്തിന്റെ നിറുകയിൽ കുരിശ് തലയുയർത്തി നിൽക്കുന്നത് അവർക്ക് തെല്ലും സഹിക്കാൻ കഴിയുമായിരുന്നില്ല.

കോൺക്രീറ്റ് കുരിശ് അറുത്തു മുറിക്കുന്നതിനിടയിൽ ഒരുവൻ ചോദിച്ചു; "യേശുവേ, നീ ദൈവപുത്രനെന്ന് എല്ലാവരും പറയുന്നു. എന്നാൽ നിനക്ക് എന്തുകൊണ്ട് ഈ കുരിശിന്റെ ഉള്ളിലിരിക്കാതെ പുറത്തു വന്നുകൂടാ? ഞങ്ങൾക്ക് നിന്നെയൊന്നു കാണാമായിരുന്നു..." കുരിശിനെ അവഹേളിച്ചവരിൽ രണ്ടുപേർ നരേഷ് കൺഹറും അനുജൻ ദന്തിം കൺഹറും ആയിരുന്നുവെന്നും ബാം ദേവ് ഓർക്കുന്നു. പിറ്റേന്ന് വൈകിട്ട് പതിവുപോലെ മദ്യപിക്കാനെത്തിയപ്പോൾ എന്തോ പറഞ്ഞ് അവരിവരും തമ്മിൽ വഴക്കായി. കോപംമൂത്ത അനുജൻ ചേട്ടനെ കുത്തിക്കൊന്നു. ഈ ദുരന്തം താങ്ങാനാവാതെ അവരുടെ അമ്മയും വൈകാതെ മനം നുറുങ്ങി മരിച്ചു. അനുജനാകട്ടെ ജ്യേഷ്ഠനെ കൊന്നതിന് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. അയാളിപ്പോൾ അനുതപിക്കുന്നുണ്ടാകണം. ക്രൈസ്തവ പീഡനത്തിന് നേതൃത്വം നൽകിയ പലരുടെയും അവസ്ഥ ഇതാണെന്നും ബാംദേവ് പറയുന്നു.

എന്നാൽ ദൈവം ശിക്ഷിക്കുന്നവനല്ല എന്ന ബോധ്യം വികാരിയച്ചൻ ബാംദേവിനോട് പലകുറി പറഞ്ഞിട്ടും അയാൾക്ക് അതൊന്നും സ്വീകാര്യമായിട്ടില്ല. അയാൾക്ക് പറയാൻ നൂറ് ന്യായങ്ങളുണ്ട്. പുനരുദ്ധരിച്ച ദൈവാലയത്തിൽ വരുമ്പോൾ അയാളുടെ കയ്യിൽ കുറച്ചു പൂക്കൾ ഉണ്ടായിരിക്കും. വൈദികനെ കണ്ട് പ്രത്യേക പ്രാർത്ഥനാനിയോഗങ്ങൾ ഏൽപിക്കും. ജോലിചെയ്തതിൽ നിന്നും മാറ്റിവെച്ച കുറച്ച് പണം നൽകാനും ബാം ദേവ് മറക്കാറില്ല.

"എന്റെ പക്കൽ ജപമാലയുണ്ട്. ക്രിസ്ത്യൻ പ്രാർത്ഥനകളൊന്നും എനിക്കറിയില്ലെങ്കിലും കൊന്ത പിടിച്ച് പലപ്പോഴും രാത്രിയിൽ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. ലോകത്തിൽ സമാധാനവും സന്മനസും ഉണ്ടാകുന്നതിനുവേണ്ടി;" ബാംദേവിന്റെ ചുണ്ടിൽ പുഞ്ചിരി. '

'ഞങ്ങളുടെ നാട്ടിലെ ജനങ്ങൾ അത്ര വിദ്യാഭ്യാസമുള്ളവരല്ല. ഇവിടെ വന്ന് വെറുപ്പും വിദ്വേഷവും പ്രസംഗിച്ച നേതാക്കൾ നന്നായി കൃഷി ചെയ്യുന്നതിനെക്കുറിച്ചോ ഉപകാരപ്രദമായ മറ്റെന്തെങ്കിലും സംഗതികളെക്കുറിച്ചോ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം എത്രയോ മെച്ചപ്പെടുമായിരുന്നു." ബാംദേവിന്റെ വാക്കുകളിൽ പ്രത്യാശമാത്രമാണുളളത്.

സാബു ജോസ്

Source: Sunday Shalom