News >> ആത്മനവീകരണത്തിന് സഹായിക്കുന്ന പരിപാടികളുമായി ഒരു റേഡിയോ സ്റ്റേഷൻ: റേഡിയോ മരിയ.
തലയുംവാലുമില്ലാത്ത റേഡിയോ ജോക്കി ഭാഷണങ്ങളും കേട്ടുകേട്ട് തഴമ്പിച്ച സിനിമാഗാനങ്ങളുംകൊണ്ട് കൊമേഴ്‌സ്യൽ എഫ്.എം റേഡിയോകൾ തമ്മിൽത്തല്ല് തുടരുമ്പോൾ, ആത്മനവീകരണത്തിന് സഹായിക്കുന്ന പരിപാടികളുമായി ഒരു റേഡിയോ സ്റ്റേഷൻ: 'റേഡിയോ മരിയ'. പരിശുദ്ധ മാതാവിന്റെ നാമധേയത്തിൽ ലോകത്തിലെ 70 രാജ്യങ്ങളിൽ ദൈവസ്തുതികളുമായി പ്രവർത്തിക്കുന്ന ഈ ശ്രാവ്യമാധ്യമത്തിന് ഭാരതസഭയിൽ ആതിഥ്യമൊരുക്കിയിരിക്കുന്നത് കൊച്ചി രൂപതയാണ്. മാർച്ച് 19മുതൽ കൊച്ചിയിലെ നാലു ലക്ഷത്തോളം കുടുംബങ്ങളിൽ 'റേഡിയോ മരിയ' സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.ദിവ്യബലി, ജപമാല, കരുണക്കൊന്ത, അനുദിന പ്രാർത്ഥനകൾ, മതബോധനം, പ~നം, ചർച്ചകൾ, കൃഷി, ആരോഗ്യം, വ്യക്തിത്വ വികസനം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന പരിപാടികളുമായി ഇതിനകംതന്നെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു റേഡിയോ മരിയ. എറണാകുളം ജില്ലയിലെ തെക്കൻ പറവൂർമുതൽ എറണാകുളം നഗരവും പശ്ചിമകൊച്ചിയുംകടന്ന് ആലപ്പുഴ ജില്ലയിലെ തുറവൂർവരെയുള്ള പ്രദേശങ്ങളിൽ ലഭ്യമായ റേഡിയോ പരിപാടികൾ ഇൻറർനെറ്റിലൂടെ ലോകത്തെവിടെയിരുന്നും ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ വിവിധ രൂപതകളിൽനിന്നും പ്രസ്ഥാനങ്ങളിൽനിന്നും മാത്രമല്ല ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും പരിപാടികൾ അവതരിപ്പിക്കുന്ന, 80ൽപ്പരം രാജ്യങ്ങളിൽ മലയാളി ശ്രോതാക്കളുള്ള കൊച്ചി സ്റ്റേഷന്റെ തുടക്കം മാധ്യമരംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ഫാ. റാഫി കൂട്ടുങ്കലിന്റെ നേതൃത്വത്തിലാണ്. റേഡിയോ മരിയയുടെ ഏഷ്യൻ ഡയറക്ടറും കൊച്ചി സ്റ്റേഷൻ ഡയറക്ടറുമാണ് ഫാ. റാഫി.
ഇറ്റലിയിൽ ജനനം!ഇറ്റലിയിലെ മിലാൻ രൂപതയിലെ എവർബാ എന്ന സ്ഥലത്താണ് റേഡിയോ മരിയയുടെ ആരംഭം. ഇടവക ദൈവാലയത്തിന്റെ മണിമേടയിൽ സ്ഥാപിച്ച ചെറിയ ആന്റിനയിലൂടെ പ്രവഹിച്ച സുവിശേഷതരംഗങ്ങൾ സമീപദേശത്തുള്ളവരുടെ നവീകരണത്തിന് കാരണമായത് റേഡിയോ മരിയയുടെ വളർച്ചയ്ക്ക് കുതിപ്പേകി. അതിന്റെ ഫലമായിരുന്നു റേഡിയോ മരിയയുടെ ലോകവ്യാപകമായ വളർച്ച.ഇടവക വികാരിയോടൊപ്പം വ്യവസായിയും അൽമായ പ്രമുഖനുമായ ഇമ്മാനുവൽ ഫെറാറിയോയും ചേർന്നാണ് റേഡിയോക്ക് തുടക്കം കുറിച്ചത്. 'റേഡിയോ മാത്തർ' എന്നായിരുന്ന ആദ്യ പേര്. സാധാരണ റേഡിയോയിലേതുപോലെ വിനോദ വിജ്ഞാനപരിപാടികളായിരുന്നു ആദ്യം. എന്നാൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ നവസുവിശേഷവൽക്കരണ ആഹ്വാനത്തിൽ പ്രചോദിതനായി ഫാ. ലീവിയോയുമായി ആലോചിച്ച് 1987ലാണ് 'റേഡിയോ മരിയ അസോസിയേഷ'ന് രൂപംകൊടുക്കുകയായിരുന്നു.മാതാവിലൂടെ ഈശോയിലേക്ക് എന്ന് പറയുന്നതുപോലെ റേഡിയോ മരിയയിലൂടെ ലോകസുവിശേഷീകരണം എന്ന ദൗത്യം ഏറ്റെടുത്തപ്പോൾ മറ്റെല്ലാ വ്യവസായ പരിപാടികളും ഇമ്മാനുവേൽ ഫെറാറിയോ ഉപേക്ഷിച്ചു. ഇപ്പോൾ 70 രാജ്യങ്ങളിൽ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ഈ റേഡിയോയ്ക്ക് സാന്നിധ്യമണ്ട്. ജാതി മത വർഗ വർണ ഭേദമില്ലാതെ വിവിധ ഭാഷകളിൽ വൈവിധ്യമാർന്ന പരിപാടികളിലൂടെ റേഡിയോ മരിയ ലോകമെങ്ങും സുവിശേഷവെളിച്ചം പകരുകയാണിപ്പോൾ.അനേകലക്ഷം വോളന്റിയർമാർ റേഡിയോ മരിയയുടെ ലോകമെങ്ങുമുള്ള വിവിധകേന്ദ്രങ്ങളിൽ നിസ്വാർത്ഥസേവനമനുഷ്ഠിക്കുന്നു. എല്ലാ സ്ഥലങ്ങളിലെയും പരിപാടികളുടെ പൂർണചുമതലയും നേതൃത്വവും ഒരു കത്തോലിക്ക പുരോഹിതനിലായിരിക്കും നിക്ഷിപ്തമായിരിക്കുക. അനേകം വിശ്വാസികൾ സമയവും സമ്പത്തും നൽകി പരിശുദ്ധ മാതാവിന്റെ ഈ റേഡിയോ 24 മണിക്കൂറും സജീവതയോടെ പ്രവർത്തനനിരതമാക്കി നിലനിർത്തുന്നു.
ചോദിച്ചത് 'ലിഫ്റ്റ് ', കയറിയത് റേഡിയോലാറ്റിൻ അമേരിക്കയിൽവെച്ച് ഫാ. റാഫി നടത്തിയ ഒരു കാർയാത്രയാണ് റേഡിയോ മരിയ മലയാളക്കരയിലെത്താൻ കാരണമായത്. 2000ന്റെ തുടക്കത്തിലായിരുന്നു ആ യാത്ര. ലാറ്റിൻ അമേരിക്കയിലെ ഇക്കദോറിൽ മിഷനറി സേവനത്തിനെത്തിയ ഫാ. റാഫിക്ക് സ്പാനിഷ് ഭാഷ പ~ിക്കാൻ തലസ്ഥാന നഗരിയായ കീത്തോയിലേക്ക് പോകേണ്ടിവന്നു. ഒരിക്കൽ യാത്രയ്‌ക്കൊരുങ്ങിയ അദ്ദേഹത്തിന് കാറിലൊരു ലിഫ്റ്റ് കിട്ടി. അവിടെ റേഡിയോ മരിയയുടെ ഡയറക്ടറായിരുന്ന ഫാ. ഫ്രാൻസിസ്‌കോ പലാസിയോസിനൊപ്പം നടത്തിയ ആ യാത്രയിലാണ് ഫാ. റാഫി റേഡിയോ മരിയയെ അടുത്തറിഞ്ഞത്.ഫാ. റാഫിയുടെ ഭാരതത്തിലെ സഭാപ്രവർത്തനങ്ങൾ, ഇന്ത്യൻ മെഡിറ്റേഷൻ, സംഗീതം എന്നിവയെല്ലാം യാത്രയ്ക്കിടയിൽ സംസാരവിഷയമായി. സ്പാനിഷിൽ 'ഇന്ത്യൻ ക്രിസ്ത്യൻ മെഡിറ്റേഷൻ' എന്ന പരിപാടി അവതരിപ്പിക്കാനും ആ യാത്ര റാഫിയച്ചന് അവസരമൊരുക്കി. ആറു വർഷം അദ്ദേഹമായിരുന്നു ആ പരിപാടിയുടെ അവതാരകൻ. പിന്നീട്, റേഡിയോ മരിയയുടെ വേൾഡ് ഡയറക്ടറായി ഫാ. ഫ്രാൻസിസ്‌കോ ഇറ്റലിയിലേക്ക് പോയി. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഭാരതത്തിൽ റേഡിയോ മരിയയുടെ പ്രവർത്തനങ്ങൾ കൊച്ചി രൂപതയുടെ അനുവാദത്തോടെ ഫാ. റാഫി ഏറ്റെടുത്തത്.റേഡിയോ മരിയയുടെ അന്തർദേശീയ നേതൃസംഘം 2008ൽ കൊച്ചി ബിഷപ്പുമായി ചർച്ച നടത്തിയതൊടെയാണ് റേഡിയോ മരിയ ഇന്ത്യയിൽ ആരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾക്ക് തുടക്കമായത്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഫാ. റാഫിയെ രൂപത ചുമതലപ്പെടുത്തി. തോപ്പുംപടി സാന്താ സിസിലിയാ സ്റ്റുഡിയോയിൽ റേഡിയോ മരിയ ചെറിയതോതിൽ പ്രവർത്തനം തുടങ്ങി. 2011 മാർച്ച് 25ന് കൊച്ചി രൂപതയിൽ റേഡിയോ മരിയ അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചു. 2013 ജൂൺ 30നാണ് ആലപ്പുഴ ജില്ലയിലെ അരൂരിൽ വിശാലമായ സ്റ്റുഡിയോ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ആശീർവദിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയും ഭാരതത്തിലെ സവിശേഷ സാഹചര്യങ്ങൾ വിലയിരുത്തിയുമാണ് ഫാ. റാഫി കൂട്ടുങ്കൽ പദ്ധതികൾ ആവിഷ്‌കരിച്ചത്. ബിഷപ്പ് ഡോ. കരിയിലിന്റെ മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളും ഫാ. റാഫിക്ക് വലിയ പിന്തുണയായി. അച്ചനോടൊപ്പം അലക്‌സ് വള്ളവനാട്ട് (പ്രസിഡന്റ്), അഡ്വ. റോഷൻ നെല്ലിക്കൽ (സെക്രട്ടറി), സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ (ട്രഷറർ), ജോസഫ് ആലുങ്കൽ, ബെൻസൻ ബെൻസസ്, ജെയിസൺ കണ്ണമാലി എന്നിവരും ഉൾപ്പെട്ടതാണ് കൊച്ചിയിലെ റേഡിയോ മരിയ അസോസിയേഷൻ.
റേഡിയോ മരിയ കേരളത്തിനു പുറത്തേക്കും'സ്റ്റുഡിയോയിലും പ്രവർത്തനങ്ങളിലും പ്രാർത്ഥനയുടെ അന്തരീക്ഷം നിലനിർത്താൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ക്രിസ്തുവിന്റെ വഴിനടത്തിപ്പിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന അൽമായ സഹോദരങ്ങളുടെ കൂട്ടായ്മയാണ് റേഡിയോ മരിയയുടെ ശക്തി,' റേഡിയോ മരിയയുടെ ഏഷ്യാ കോർഡിനേറ്റർ കൂടിയായ ഫാ. റാഫി പറഞ്ഞു.റേഡിയോ പരിപാടികളിൽ 30% പ്രാർത്ഥനകൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നു. ദിവ്യബലി, കരുണക്കൊന്ത, ജപമാല, അനുദിന പ്രാർത്ഥനകൾ എന്നിവയുണ്ട്. എല്ലാദിവസവും രാവിലെ അർപ്പിക്കപ്പെടുന്ന ദിവ്യബലിയാണ് അന്ന് പ്രക്ഷേപണം ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 11മുതൽ 12വരെ ശ്രോതാക്കൾക്ക് ഒരുമിച്ച് പ്രാർത്ഥിക്കാൻ കഴിയുന്ന തരത്തിൽ തൽസമയ പ്രാർത്ഥനാകൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. ഫോണിലൂടെ മധ്യസ്ഥ പ്രാർത്ഥനകൾ അറിയിക്കാനും സൗകര്യമുണ്ട്.കൂടാതെ, സഭാപ്രബോധനങ്ങൾക്കായും സമയം നീക്കിവെച്ചിട്ടുണ്ട്. പ്രഭാഷണം, അനുഭവങ്ങൾ, മതബോധനം, പ~നം, ചർച്ചകൾ എന്നിവയിലൂടെയാണ് സഭാപ~നം. സാമൂഹ്യനന്മയ്ക്ക് ഉപകാരപ്രദമായ കൃഷി, ആരോഗ്യം, വ്യക്തിത്വ വികസനം, നിയമം, പ്രൊ ലൈഫ് തുടങ്ങിയ വിഷയങ്ങളും റേഡിയോ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന സമയമാണ് വിനോദപരിപാടികളുടെ ഊഴം.ഇപ്പോൾ മലയാളത്തിൽ മാത്രമാണ് റേഡിയോ മരിയ ഉള്ളതെങ്കിലും അധികം വൈകാതെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽകൂടി റേഡിയോ ആരംഭിക്കാനാണ് ശ്രമമെന്ന് ഫാ. റാഫി പറയുന്നു. 'പ്രാർത്ഥനാഗ്രൂപ്പുകൾ സ്റ്റുഡിയോയിലെത്തി ജപമാലയും മറ്റു പ്രാർത്ഥനകളും നടത്തുന്നു. പ്രശസ്ത വചനപ്രഘോഷകരും ബിഷപ്പുമാരുമെല്ലാം സ്റ്റുഡിയോയിൽ വന്ന് പ്രഭാഷണം നടത്തിയിട്ടുണ്ട്. വത്തിക്കാനിൽ നടക്കുന്ന എല്ലാ പ്രധാന പരിപാടികളും ദിവ്യബലിയും ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യാൻ അംഗീകാരമുള്ള അന്തർദേശീയ പ്രസ്ഥാനവും റേഡിയോ മരിയയാണ്,' അദ്ദേഹം വ്യക്തമാക്കി.യേശുവിനെയും അവിടുത്തെ ദൃശ്യസാന്നിധ്യമായ തിരുസഭയെയും ജനങ്ങളിലേക്ക് എത്തിക്കാനാണ് റേഡിയോ മരിയ ശ്രമിക്കുന്നത്. കുട്ടികൾ, യുവജനങ്ങൾ, ദമ്പതികൾ, സമർപ്പിതർ എന്നിങ്ങനെ എല്ലാ വിഭാഗക്കാർക്കുമുള്ള പരിപാടികൾ റേഡിയോയിലുണ്ട്. ഇപ്പോൾ ലത്തീൻ റീത്തിലുള്ള ദിവ്യബലിയാണ് പ്രക്ഷേപണം ചെയ്യുന്നത്. സീറോ മലബാർ, സീറോ മലങ്കര റീത്തിലുള്ള ദിവ്യബലികളും വൈകാതെ പ്രക്ഷേപണം ചെയ്തുതുടങ്ങും.
മേയ് മാസം 'മരിയത്തോൺ'മലയാളത്തിൽ ആദ്യം ഇന്റർനെറ്റിൽ, പിന്നെ കൊച്ചിയിൽ കേബിളിൽ, ഇപ്പോൾ ലോകത്ത് എവിടെനിന്നും മൊബൈലിലും റേഡിയോ മരിയ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽനിന്ന് 'റേഡിയോ മരിയ വേൾഡ് ഫാമിലി' എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്, 'ഇന്ത്യ' ലിങ്ക് സെലക്ട് ചെയ്താൽ സ്മാർട്ട് ഫോണുകളിലും റേഡിയോ മരിയ മലയാളം പരിപാടികൾ ശ്രവിക്കാം. നവസുവിശേഷവത്ക്കരണത്തിന്റെ സാധ്യതകൾ നമ്മുടെ മുന്നിൽ തുറന്നുവെക്കുമ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. റാഫി പറയുന്നു.കേബിൾ നെറ്റ്‌വർക്കിന്റെ സഹകരണത്തോടെ കേരളത്തിലെവിടെയും മലയാളികൾ കൂടുതൽ താമസിക്കുന്ന മറ്റ് ഇന്ത്യൻ നഗരങ്ങളിലും റേഡിയോയിലൂടെ സുവിശേഷം എത്തിക്കാൻ കഴിയും. ഇതെക്കുറിച്ചുള്ള പദ്ധതിയും ആശയങ്ങളും റാഫിയച്ചൻ സഭയുടെ മാധ്യമ കമ്മീഷനിൽ അവതരിപ്പിച്ചിട്ടുണ്ട്.ലോക്കൽ കേബിൾ ഉടമകൾ സമ്മതിച്ചാൽ ഇന്റർനെറ്റ് കണക്ഷനും കംപ്യൂട്ടറും വീഡിയോ കൺവേർട്ടറും ഉണ്ടെങ്കിൽ കേബിൾ ചാനലുകളിലും റേഡിയോ മരിയയ്ക്ക് ഇടം കണ്ടെത്താൻ കഴിയുമെന്ന് ഫാ. റാഫി കൂട്ടുങ്കൽ പറയുന്നു.'കേബിൾ ടിവിയുടെ ഓരോ സെറ്റപ്പ് ബോക്‌സിലും റേഡിയോ അടക്കം 999 ചാനലുകൾക്ക് സാധ്യതയുണ്ട്. ഇത് കർത്താവിനായി നാം പ്രയോജനപ്പെടുത്തണം. രൂപതകളിലെ മാധ്യമവിഭാഗം വിചാരിച്ചാൽ കൂടുതൽ നഗരങ്ങളിലേക്കും ഇടവകകളിലേക്കും റേഡിയോ പരിപാടി വ്യാപിപ്പിക്കാൻ കഴിയും. ആവശ്യമെങ്കിൽ പ്രാദേശിക പരിപാടികൾക്ക് സമയം കണ്ടെത്താനും കഴിയും.'റേഡിയോ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ 'മരിയത്തോൺ' എന്ന പേരിൽ മേയ് മാസത്തിൽ പ്രചരണപരിപാടി ലോകമെങ്ങും നടക്കുന്നു. മാതാവിന്റെ ആയിരത്തോളം ചിത്രങ്ങൾ ഉൾപ്പെടുത്തിയ എക്‌സിബിഷൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു.ചെന്നൈ, ബംഗളൂരു, ഡൽഹി എന്നി വിടങ്ങളിൽ റേഡിയോ ആരംഭിക്കാൻ അന്വേഷണങ്ങൾ വരുന്നുണ്ടെന്ന് റാഫിയച്ചൻ പറയുന്നു. ഇന്ത്യയിലെ ബിഷപ്പുമാരുടെ പിന്തുണയും പ്രോത്‌സാഹനജനകമാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'സ്റ്റുഡിയോ ആരംഭിക്കാൻ വേൾഡ് അസോസിയേഷനിൽനിന്ന് സഹായം ലഭിച്ചു. അനുദിന പ്രവർത്തനങ്ങൾക്കുള്ള തുക നാം കണ്ടെത്തണം. 'ഫ്രണ്ട്‌സ് ഓഫ് റേഡിയോ മരിയ' എന്ന കൂട്ടായ്മവഴിയാണ് പ്രചാരണം നടത്തുന്നതും സഹകാരികളെ കണ്ടെത്തുന്നതും. ബിഷപ്പ് ഡോ. കരിയിലിന്റെ ആധ്യാത്മിക നേതൃത്വത്തിലൂടെ റേഡിയോ മരിയ ഇന്ത്യ വളർച്ചയുടെ പടവുകൾ അതിവേഗം പിന്നിടുകയാണ്.'താൽപ്പര്യമുള്ള കത്തോലിക്കാപ്രസ്ഥാനങ്ങൾ ബന്ധപ്പെട്ടാൽ ആവശ്യമായ വിശദവിവരങ്ങളും സഹായങ്ങളും നൽകാൻ റാഫിയച്ചൻ തയാറാണ്. സിസ്റ്റർ പൗളിൻ (കോർഡിനേറ്റർ), ലിന ജോസഫ് (പ്രോഗ്രാം), റീന എന്നിവർ ഉൾപ്പെടുന്നതാണ് അരൂർ ഓഫിസിലെ പ്രവർത്തകസംഘം. ഓരോ പരിപാടിയും തങ്ങളുടെ ജീവിതത്തെ ആത്മീയമായി വളർത്തുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇവർ ഇതൊരു കർതൃശുശ്രൂഷയായാണ് കാണുന്നത്.
'വെർബും ദോമിനി'യുടെ ശിൽപ്പി;'ആമേൻ'ന്റെ ജനയിതാവ്കേരളത്തിലെതന്നെ വലിയ സൗണ്ട് റക്കോർഡിംഗ് സ്റ്റുഡിയോയായ, രണ്ടര പതിറ്റാണ്ടിനോട് അടുക്കുന്ന 'സാന്താ സിസിലിയ'യ്ക്ക് നേതൃത്വംകൊടുക്കുന്ന ഫാ. റാഫി, കൊച്ചി രൂപതാ മീഡിയ കമ്മീഷന്റെയും കൊച്ചിൻ ആർട്ട് അക്കാഡമിയുടെയും ഡയറക്ടറുമാണ്. ഇന്ന് ലോകവ്യാപകമായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുസദ്യ നേർച്ചയ്ക്ക് തുടക്കംകുറിച്ച കണ്ണമാലി തീർത്ഥാടനകേന്ദ്രത്തിൽ 'ആമേൻ' എന്ന പേരിൽ വർഷംതോറും ബാൻഡ് മത്സരം സംഘടിപ്പിക്കുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽത്തന്നെ.ലത്തീൻ ആരാധനാ ക്രമത്തിൽ ഞായറാഴ്ച ദിവ്യബലി സജീവമാക്കാൻ സഹായിക്കുന്ന 'വെർബും ദോമിനി' എന്ന ലഘുലേഖ കഴിഞ്ഞ ആറു വർഷമായി മുടങ്ങാതെ അച്ചൻ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. കൊച്ചി രൂപതയിൽ മാത്രമല്ല, ഇതര രൂപതകളിലും ഇത് ഉപയോഗിക്കുന്നു. തിരുവചന വായനകൾ, ആമുഖം, വിശ്വാസികളുടെ പ്രാർത്ഥന, വിശുദ്ധരെ പരിചയപ്പെടുത്തൽ തുടങ്ങിയവയാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.കൊച്ചിൻ ചാനൽ നെറ്റ്‌വർക്കിൽ 'ആത്മീയവസന്തം' എന്ന പേരിൽ റാഫിയച്ചൻ അവതരിപ്പിക്കുന്ന പ്രഭാഷണങ്ങൾ ശ്രദ്ധേയമാണ്. ഭാവിയിൽ വിവിധ ചാനലുകൾക്കായി വീഡിയോ പരിപാടികൾ നിർമിച്ച് നൽകാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. ഭക്തിഗാന രചനാമത്സരവും സംഗീതമത്സരവും സംഘടിപ്പിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന ഗാനരചയ്താവുമാണ്. ഗാനഗന്ധർവൻ യേശുദാസ് ശബ്ദം നൽകിയ ഗാനങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടിയിലുണ്ട്.പള്ളുരുത്തി ചിറക്കൽ കൂട്ടുങ്കൽ ആന്റണി പൗളി ദമ്പതികളുടെ മകനായ ഇദ്ദേഹം 1991 ഡിസംബർ 28ന് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കുരിത്തറയിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. ചന്തിരൂർ, കുമ്പളങ്ങി ദൈവാലയങ്ങളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.Source: Sunday Shalom