News >> നാല് മാമ്പഴങ്ങൾ പഠിപ്പിച്ച പാഠം!
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചുവളർന്ന ഞാൻ 10 വർഷംമുമ്പാണ് കുടുംബസമേതം ഇംഗ്ലണ്ടിലെ അതിമനോഹരമായ നോർഫോൾക്കിലേക്ക് വന്നത്. ഇവിടെയെത്തുംമുമ്പ് കാഞ്ഞിരപ്പള്ളി രൂപതയോട് ചേർന്ന് വളർന്ന ഒരു ബാല്യവും യൗവനവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴും കത്തോലിക്കാസഭയോട് ചേർന്നുള്ള ജീവിതം നയിക്കാൻ കഴിയുന്നു എന്നതിൽ അഭിമാനമുണ്ട്.ഏതാണ്ട് 100 വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള പ്രൗഡഗംഭീരമായ കത്തീഡ്രലാണ് ഞങ്ങളുടെ ഇപ്പോഴത്തെ ഇടവക ദൈവാലയം. ഞായറാഴ്ചകളിൽ രണ്ടായിരത്തോളം വിശ്വാസികൾ ദിവ്യബലികളിൽ പങ്കെടുക്കുന്ന ഒരിടവകയാണിത്.കഴിഞ്ഞ മാസം വികാരിയച്ചൻ ദിവ്യ ബലിക്കിടയിലെ അറിയിപ്പുകളിൽ രൂപതാ ബിഷപ്പിന്റെ ഒരു അപേക്ഷ അറിയിച്ചു.വൈദിക വിദ്യാർഥികളുടെ ദൈനംദിന ചെലവുകൾ, പ്രായമായവരും അനാരോഗ്യം ബാധിച്ച വൈദികരുടെ ശുശ്രൂഷാ ചെലവുകൾ ,യുവജനങ്ങളുടെ വിശ്വാസവളർച്ചയ് ക്കായ് അസൂത്രണം ചെയുന്ന പ ദ്ധതികളുടെ ചിലവുകൾ ഇങ്ങനെ എല്ലാം കൂടി വർഷത്തിൽ ഏതാണ്ട് മൂന്നര ലക്ഷത്തിലധികം പൗണ്ടിന്റെ അധിക ഭാരം രൂപത നേരിടുന്നു. പുതിയ വരുമാന മാർഗങ്ങൾ ഒന്നും മുന്നിലില്ല. അതിനാൽ രൂപതയിലെ എല്ലാ ഇടവകകളിലെയും അംഗങ്ങൾ തങ്ങളാലാവും വിധം ഒരു നിശ്ചിത തുക പ്രതിമാസം അടുത്ത അഞ്ചു വർഷത്തേക്ക് നൽകണം അതായിരുന്നു ഉള്ളടക്കം.
മകന്റെ സംശയംതിരുക്കർമങ്ങൾക്കുശേഷം വീട്ടിലേക്കുള്ള യാത്രയിൽതന്നെ ഞാൻ ഇക്കാര്യം ഭാര്യയുമായി ചേർന്ന് ആലോചിച്ചു. ഞങ്ങളുടെ കഴിവനുസരിച്ചുള്ള ഒരു തുക ഇക്കാര്യത്തിലെക്കായി നീക്കിവെക്കാനും തീരുമാനിച്ചു. അടുത്ത ദിവസം ഞാൻ പ്രതിമാസ സംഭാവനക്കുള്ള ബാങ്ക് രേഖകൾ തയാറാക്കുകയായിരുന്നു.അപ്പോൾ 13 വയസുള്ള മൂത്ത മകൻ അടുത്തുവന്നു ചോദിച്ചു: 'ഈ പണം ശരിക്കും പള്ളിക്ക് കൊടുക്കേണ്ട കാര്യമുണ്ടോ. ഞായറാഴ്ചകളിൽ നമ്മൾ എന്നും നേർച്ച ഇടുന്നതല്ലേ. അതിനു പുറമേ ഈ പണവും കൂടി വേണോ. ശരിക്കും അച്ചന്മാർ നമ്മളെ പറ്റിക്കുകയല്ലേ?'ബാലനായ അവന്റെ അപ്രതീക്ഷിതമായ ചോദ്യം ആദ്യം അമ്പരപ്പിച്ചെങ്കിലും അത് പ്രകടമാക്കാതെ ഞാൻ തിരിച്ചു ചോദിച്ചു: 'എന്താ നിനക്കിപ്പോൾ ഇങ്ങനെ തോന്നാൻ കാരണം?' മറുപടിയായി അവൻ പറഞ്ഞത്, രൂപതയുടെ തന്നെ സ്‌കൂളിൽ അവനോടൊപ്പം പഠിക്കുന്ന ചില കൂട്ടുകാർ ഉന്നയിച്ച സംശയം അവൻ എന്നോട് ചോദിച്ചതെ ഉള്ളൂ എന്നാണ്.ആ കുട്ടികൾ എന്താണ് ഇങ്ങനെ ചിന്തിക്കാൻ കാരണമെന്ന് ഞാൻ ചോദിച്ചപ്പോൾ വന്ന മറുപടി, അവരിൽ ചിലരുടെ മാതാപിതാക്കൾ കുടുംബങ്ങളുമായി ഒത്തുകൂടിയപ്പോൾ അവർക്കിടയിൽ സംസാരവിഷയമായ ഈ കാര്യം കേട്ട ഒരു കുട്ടി സഹാപാടികളോടും ഇക്കാര്യം പറയുകയായിരുന്നുവത്രേ.അതാണ് അങ്ങനെ ചിന്തിപ്പിക്കാൻ അവനെയും പ്രേരിപ്പിച്ചത്.വ്യക്തമായ മറുപടി എനിക്കറിയാമായിരുന്നു. പക്ഷേ, അതെങ്ങിനെ അവന് മനസ്സിലാകുംവിധം പറഞ്ഞുകൊടുക്കുമെന്ന് ഒന്നാലോചിക്കേണ്ടിവന്നു എന്നതാണ് സത്യം.കാരണം എന്റെ മകൻ ഇപ്പോൾ എന്നോട് ചോദിച്ച അതെ ചോദ്യം മറ്റൊരു രൂപത്തിൽ ഞാൻ എന്റെ ചെറുപ്പകാലത്ത് എന്റെ അപ്പച്ചനോട് ചോദിച്ചിട്ടുണ്ട്. ആ സംഭവം തന്നെ എന്റെ മകനോട് വിവരിച്ചാൽ അവനുള്ള ഉത്തരമാകും എന്നെനിക്കു തോന്നി. ഞാൻ പറഞ്ഞു തുടങ്ങി:
എന്റെയും സംശയംകുറെ വർഷംമുമ്പ് നടന്ന ഒരു സംഭവമാണിത്. അന്നെനിക്ക് ഏതാണ്ട് 11 വയസ് പ്രായം വരും. ഞങ്ങളുടെ വീട്ടിൽ ആദ്യമായി ഒരു തൈ മാവ് പൂത്തു.നാല് മാങ്ങകൾ ഉണ്ടായി. 'കോട്ട മാങ്ങ' എന്ന അപൂർവ ഇ നമായിരുന്നു അത്. ഒരു മാങ്ങയ്ക്ക് വളർച്ചയെത്തി പഴുക്കുമ്പോൾ ഏതാണ്ട് ഒന്നര കിലോയോളം തൂക്കം വരും. കുങ്കുമ ചുവപ്പും ഇളം വെയിലിന്റെ മഞ്ഞയും കലർന്ന നിറവുമുള്ള മാമ്പഴത്തിന് നല്ല തേൻ കിനിയുന്ന മധുരവുമുണ്ട്.ഒരിക്കൽ തിന്നാൽ വീണ്ടും വീണ്ടും തിന്നുകൊണ്ടിരിക്കാൻ തോന്നുന്ന പ്രത്യേക തരം മണവും രുചിയും. ചുരുക്കത്തിൽ പറഞ്ഞാൽ ആരും തങ്ങളുടെ തൊടിയിൽ ഉണ്ടാകാൻ കൊതിക്കുന്ന ഒരു ചക്കര മാവ്. പക്ഷേ ഇത് എല്ലാ മണ്ണിലും വിളയില്ല. മുണ്ടക്കയത്തിനടുത്തുള്ള ഞങ്ങളുടെ നാട്ടിലെങ്ങും അന്ന് അത്തരം മാവ് ആർക്കുമില്ല. ഇരുനൂറു കിലോ മീറ്ററുകൾക്കപ്പുറമുള്ള ഹൈറേഞ്ചിലുള്ള ബന്ധുവിന്റെ വീട്ടിൽനിന്നും എന്റെ അപ്പച്ചൻ വളരെ കരുതലോടെ കൊണ്ടുവന്ന് പ്രത്യേകം പരിപാലിച്ചു വളർത്തിയ ഒരു തൈമാവാണിത്.മാവിലെ ആദ്യഫലങ്ങൾ കണ്ടപ്പോൾ ഞങ്ങൾക്കെല്ലാവർക്കും വലിയ സന്തോഷമായി.നാല് മാമ്പഴങ്ങൾ മൂപ്പെത്തി പഴുക്കാറായപ്പോൾ അവ രുചിയോടെ തിന്നുന്ന പ്രതീക്ഷയിൽ ഞാനും എന്റെ ഏക അനിയനും ദിവസങ്ങൾ തള്ളി നീക്കി. എന്നും കൊതിയോടെ മാവിന്റെ അരികിലെത്തി ഞങ്ങൾ നോക്കും , മാങ്ങകൾ പഴുക്കാൻ തുടങ്ങിയോ? തൈമാവായതിനാൽ ഞങ്ങളുടെ കൈയെത്തും ദൂരത്താണ് നാല് മാങ്ങയും.അതിനാൽ തന്നെ ഓരോ പ്രാവശ്യവും മാവിൻ ചുവട്ടിൽ എത്തുമ്പോൾ അവയെ ഒന്ന് തൊട്ടു തലോടാൻ ഞങ്ങൾ രണ്ടുപേർക്കും അടക്കാനാവാത്ത കൊതി തോന്നും. പക്ഷെ മാങ്ങകൾ തൊടരുത്, തൊട്ടാൽ അവ വാടിപോകും എന്ന് അപ്പച്ചന്റെ കർശനമായ മുന്നറിയിപ്പുള്ളതിനാൽ ഞങ്ങൾ തിരിയെ മടങ്ങും. അങ്ങനെ ആ ദിവസം വന്നുചേർന്നു. മാങ്ങ കൾക്ക് മൂപ്പെത്തിയ നിറഭേദം വന്നു അതിനാൽ പറിച്ചേക്കാമെന്ന് അപ്പച്ചൻ തീരുമാനിച്ചു. ഏറെ ശ്രദ്ധയോടെ നാല് മാങ്ങയും അപ്പച്ചൻ പറി ച്ചെടുക്കുന്നത് ഞാനും അനിയനും അമ്മയും ജിജ്ഞാസയോടെ നോക്കിനിന്നു.അതിനു ശേഷം ഉണങ്ങിയ വാഴക്കച്ചിയിൽ പൊതിഞ്ഞ് അതിനു പുറമേ അപ്പച്ചന്റെ പഴയ കൈലി മുണ്ടിൽ ഓരോ മാങ്ങയും പ്രത്യേകം പ്രത്യേകം പൊതിഞ്ഞ് അടുപ്പിന്റെ ചേരിൽ ഒരരുകിലായിവെച്ചു. ഇളം ചൂടേറ്റു കഴിഞ്ഞാൽ മാങ്ങ നല്ലതു പോലെ പഴുത്തു കിട്ടും. അതിനാണ് അവയെ ചേരിൽ വെക്കുന്നത്. രണ്ടു ദിവസങ്ങൾ കഴിഞ്ഞാൽ മാങ്ങ നല്ലതുപോലെ പഴുക്കുമെന്ന് അമ്മ ഞ ങ്ങളോട് പറഞ്ഞു.അങ്ങനെ രണ്ടു നാളുകൾ കഴി ഞ്ഞു പോയി. അന്നൊരു ശനിയാഴ്ച. സ്‌കൂൾ അവധി ദിനം. പതിവ് പോലെ റബ്ബർ വെട്ടു കഴിഞ്ഞുവന്ന് ഉച്ചയൂണിനുശേഷം അൽപ്പം വിശ്രമിച്ച അപ്പച്ചൻ ഞങ്ങളെ അടുക്കളയിലേക്ക് വിളിച്ചു. ചേരിൽനിന്നും മാമ്പഴങ്ങൾ എടുക്കാൻ പോകുന്ന ഒരുക്കമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. സന്തോഷവും കൊതിയും ആകാംഷയും എല്ലാംകൂടി കലർന്ന് ഞങ്ങളുടെ കുഞ്ഞുമനസ്സുകൾ തുള്ളിച്ചാടി.വളരെ ശ്രദ്ധയോടെ ഓരോ മാമ്പഴങ്ങളും അപ്പച്ചൻ പുറത്തെടുത്തു.ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ വലുപ്പവും നല്ല മണവും. അന്ന് ഞങ്ങളുടെ അടുക്കളയുടെ തറ ചാണകം മെഴുകിയതായിരുന്നു. ചാണകം മെഴുകിയുണ്ടാക്കിയ ഇരുണ്ട അടുക്കള തറയിലിരുന്ന നാല് മാമ്പഴവും തീക്കനൽ പോലെ വെട്ടിത്തിളങ്ങി. ഞാൻ മനസ്സിൽ കണക്കുകൂട്ടി,ഞാനും അനിയനും അപ്പച്ചനും അമ്മയും. ഞങ്ങളും നാല് പേര് മാമ്പഴങ്ങളും നാല്. ആൾക്കോരോന്നു വീതം തിന്നാൻ കിട്ടും.പക്ഷെ പിന്നീട് നടന്നത് എന്റെ കുഞ്ഞു മനസ്സിന്റെ പ്രതീക്ഷകളെ തകിടം മാറിക്കുന്ന തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു.നാലിൽ ഏറ്റവും ചെറിയ മാമ്പഴം എടുത്ത് അപ്പച്ചൻ മാറ്റിവെച്ചു. ബാക്കി വന്ന വലുപ്പം കൂടിയ മൂന്നു മാമ്പഴങ്ങൾ പഴയതുപോലെ വാഴക്കച്ചിയിൽ സസൂക്ഷ്മം പൊതിഞ്ഞു. എന്നിട്ടവയെ കടലാസിൽ പൊതിഞ്ഞശേഷം ഒരു സഞ്ചിയിലേക്ക് മാറ്റി. എന്നിട്ടെന്നോടായി പറഞ്ഞു. നീ വേഗം ഉടുപ്പും നിക്കറും എടുത്തിട്ടു റെഡിയാക്. എന്നിട്ടിത് നമ്മുടെ ഇടവക ദൈവാലയത്തിലെ അച്ചന്റെ കൈയിൽ കൊണ്ടുപോയി കൊടുക്കണം. എന്നിട്ട് അച്ചനോട് പ്രത്യേകം പറയണം, ഇതിൽ രണ്ടെണ്ണം ഗീവർഗീസ് പുണ്യാളന്റെ കുരിശടിയിൽ നാളെ ഞായറാഴ്ച കുർബാനക്കുശേഷം ലേലം വിളിക്കണം. ഒരെണ്ണം വികാരിയച്ചനുള്ളതാണ്.ഞാനും അനിയനും പരസ്പരം നോക്കി. ഒൻപത് വയസ്സേ ഉള്ളെങ്കിലും ആറ്റു നോറ്റു കാത്തിരുന്ന മാമ്പഴം നഷ്ട്ടപ്പെടുന്നതിന്റെ വിഷമം അവന്റെയും മുഖത്തു തെളിഞ്ഞു നിന്നു. അന്നേവരെ അപ്പച്ചനോട് ഒന്നും എതിർത്തു പറഞ്ഞിട്ടില്ലാത്ത ഞാൻ മനസ്സിലെ ദു$ഖം മുഴുവൻ പുറത്തു കാട്ടി ചോദിച്ചു: 'നമ്മുടെ പറമ്പിലെ മാങ്ങാ നമുക്ക് മാത്രം തിന്നാനല്ലേ.അല്ലാതെ നാട്ടുകാർക്കും പള്ളീലച്ചനും കൊടുക്കാനാണോ?'
അപ്പൻ പകർന്ന വേദപാഠംഅടികിട്ടുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ എന്റെ ചോദ്യം എനിക്ക് മുന്നേ പ്രതീക്ഷിച്ചിരുന്ന അപ്പച്ചൻ എന്റെ കണ്ണുകളിൽ നോക്കി ശാന്തനായി പറഞ്ഞു: 'നീ ചോദിച്ചത് ശരിയാണ്. പക്ഷെ എന്റെ ദൈവം കഴിഞ്ഞേ എനിക്കെന്തും ഉള്ളൂ, നിങ്ങൾ പോലും. കാരണം നിങ്ങളെ പോലെതന്നെ ഈ മാമ്പഴങ്ങൾ എനിക്കുതന്നതും ദൈവമാണ്.നമ്മെ പരിപാലിക്കുന്നത് ദൈവമാണ്. നീ ഒന്നോർത്തു നോക്കിക്കേ ഇരുനൂറിലധികം കിലോമീറ്ററുകൾ പോയി ഈ തൈമാവ് കൊണ്ടുവന്ന നമ്മളെ ഒരപകടവും വരാതെ ആ യാത്രയിൽ കാത്തത് ആരാണ്?'യാത്രക്കിടയിൽ ദീർഘ സമയം പ്ലാസ്റ്റിക് കൂടിൽ ഇരുന്ന ആ മാവിൻ തൈ വാട്ടം തട്ടാതെ സൂക്ഷിച്ചത് ആരാണ് ? നമ്മുടെ പറമ്പിലെ മ ണ്ണിൽ നട്ട തൈ മാവ് നനച്ചതും വളം ഇട്ടതും മാത്രമേ നാം ചെയ്തുള്ളൂ. വളർത്തിയത് ദൈവമാണ്. ഈ നാട്ടിൽ ആർക്കും കിട്ടാത്ത ഈ മാമ്പഴങ്ങൾ ഇന്ന് നമ്മുടെ കൈയിൽ വെച്ച് തന്നത് നമ്മുടെ ദൈവമാണ്. അതിനാൽ ഇത് ആദ്യം ഉപയോഗിക്കേണ്ടത് ദൈവനാമത്തിലാണ്.'മോൻ സന്തോഷത്തോടെ ഇത് കൊണ്ടുപോയി പള്ളിയിൽ കൊടുത്തിട്ടു വാ. എന്നിട്ട് ബാക്കിയുള്ള ഒരു മാമ്പഴം നിങ്ങൾ രണ്ടുപേരും കൂടി കഴിച്ചോളൂ. ഞാനും അമ്മയും അടുത്ത വർഷം നമ്മുടെ മാവിൽ ധാരാളം മാമ്പഴങ്ങൾ ദൈവം തരുമ്പോൾ അതിൽനിന്നും കഴിച്ചോളാം. നമുക്കുള്ളതിന്റെ ഓഹരി സന്തോഷത്തോടെ ദൈവസന്നിധിയിൽ സമർപ്പിച്ചാൽ പകരം അമർത്തി കുലുക്കി നിറപാത്രമായി നമ്മുടെ തമ്പുരാൻ തിരിയെ നൽകും.'ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല. കാരണം ഒന്നും പറയാൻ എന്റെ മനസ്സിൽ ഇല്ലായിരുന്നു.അനേക വർഷങ്ങൾ നീണ്ടു നിൽക്കുന്ന വേദപാഠ ക്ലാസുകളിൽ പഠിച്ചതിലും വലിയ പാഠം ആ നിമിഷങ്ങളിൽ എന്റെ കുഞ്ഞു മനസ്സിലേക്ക് പിതാവ് പകർന്നു തരികയായിരുന്നു. പിന്നീട് കാലം തന്നെ എന്റെ അപ്പച്ചൻ പറഞ്ഞതാണ് ശരി എന്ന് തെളിയിച്ചു. ഇപ്പോൾ ഞങ്ങളുടെ അടുക്കള നിലം ചാണകം മെഴുകിയതല്ല. അതിനു പ കരം വിലകൂടിയ മാർബിൾ വന്നു. രണ്ടുമുറി വീടിന്റെ മുറികളുടെ എണ്ണവും സൗകര്യങ്ങളും കൂടി.നാല് മാങ്ങാ കായ്ച്ച ആ മാവ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ ഇന്ന് നാലിന് പകരം കൂടുതൽ നിറവും മണവും മധുരവും ഉള്ള നാനൂറിലധികം മാമ്പഴങ്ങൾ വിളയുന്നു. എല്ലാ വർഷവും അവ ധിക്കു പോകുമ്പോൾ ആ മാവിൻ ചുവട്ടിൽ ഒരൽപ്പം സമയം ഞാൻ നിൽക്കാറുണ്ട്. ദൈവ പരിപാലന എന്താണെന്ന് എന്നെ എന്റെ പിതാവ് പഠിപ്പിക്കാനുപയോഗിച്ച ജീവിക്കുന്ന പാഠ പുസ്തകം പോലെ ഇന്നും ആ ചക്കര മാവ് തലയുയർത്തി നിൽക്കുന്നു.
നമ്മുടെ കടമയാണത്എന്റെ കഥവിവരണം കേട്ടിരുന്ന മകന്റെ കണ്ണുകൾ വിടരുന്നതും മുഖം വികസിക്കുന്നതും ഞാൻ കണ്ടു. ഞാൻ കാത്തിരുന്ന നിമിഷവും അതായിരുന്നു. 10 വർഷങ്ങൾക്കുമുമ്പ് ഈ നാട്ടിൽ കൈക്കുഞ്ഞായ അവനെയും പിടിച്ചുവന്നപ്പോൾ ഞങ്ങൾക്ക് ആരും തുണയുണ്ടായിരുന്നില്ല. ഇന്നത്തെ ധാരാളം കൂട്ടുകാരും നല്ല വീടും മികച്ച ശമ്പളമുള്ള ജോലിയും അന്നില്ലായിരുന്നു. ഇവിടെയെത്തി ആദ്യ നാളുകളിൽ ഞങ്ങൾ അന്വേഷിച്ചത് നാട്ടിലേതുപോലെ, ദിവ്യബലിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാൻ ഒരു ദൈവാലയമായിരുന്നു. അന്ന് ഞങ്ങളെ സന്തോഷപൂർവം ഇരുകൈകളും നീട്ടി സ്വീകരിച്ചവരാണ് ഇവിടുത്തെ വൈദികരും ജനങ്ങളും. പിന്നീടാണ് ജീവിതത്തിൽ ഇപ്പോളനുഭവിക്കുന്ന അനവധി നന്മകളും വളർച്ചകളുമെല്ലാം ഉണ്ടായത്.അന്ന് ഞങ്ങളെ സ്വീകരിക്കാൻ ഇവിടെയൊരു ദൈവാലയവും വൈദികരും ഉണ്ടാവാൻ കാരണം കഴിഞ്ഞ നൂറോളം വർഷമായി തങ്ങളുടെ വരുമാനത്തിൽനിന്നും ചെറിയ വിഹിതങ്ങൾ മാറ്റിവെച്ച് അവരെ സ്‌നേഹിച്ച ഒരു വലിയ ജനവിഭാഗം ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്. പള്ളിക്കെന്തിനാ ഇത്രമാത്രം പണം എന്ന് അവർ വിചാരിച്ചിരുന്നെങ്കിൽ ഒന്നും സാധ്യമാകുമായിരുന്നില്ല.ആ തലമുറ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മുടെ ഊഴമാണ്. നാളെ ഇവിടെ വരുന്ന ഒരു തലമുറയ്ക്ക് ദൈവാനുഭവം പകർന്നു കൊടുക്കാൻ ഈ ദൈവാലയവും വൈദികരും അവരുടെ സേവനങ്ങളും നിലനിന്നെ പറ്റൂ. അതാണ് ദൈവം നമ്മോട് ഇപ്പോൾ ആവശ്യപ്പെടുന്നത്. അതിനാണ് ദൈവം നമ്മെ ഇത്രയും കാലം കാത്തുപരിപാലിച്ചത്. നല്ല ആരോഗ്യവും നല്ല ജോലിയുമെല്ലാമുള്ള ഈ പ്രായം നമ്മുടെ ജീവിതത്തിലെ മധുര മാമ്പഴകാലമാണ്. അതിൽനിന്നും നല്ലതുമാത്രം സന്തോഷത്തോടെ ദൈവത്തിനായി സമർപ്പിക്കണം.പൈതൃകവും ഭംഗിയുമുള്ള ബലവത്തായ ദൈവാലയങ്ങൾ ഇടിച്ചു നിരത്തി, അതിനു പകരം മരങ്ങളും മലകളും നശിപ്പിച്ചു ആർഭാടം കാട്ടുന്നരീതിയിൽ ഭീമാകാരങ്ങളായ പുതിയ ദൈവാലയങ്ങൾ കെട്ടിപ്പൊക്കാനും പേരെടുക്കാനും കോടികൾ മുടക്കാൻ നമ്മുടെ ദൈവം ആവശ്യപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. ദൈവരാജ്യം സംജാതമാക്കുന്ന സുവിശേഷവേലകൾക്ക് താങ്ങും തണലുമാകാനാകണം നമ്മുടെ കാണിക്കകൾ വിനിയോഗി ക്കപ്പെടേണ്ടത്.
സോണി ജോസഫ്Source: Sunday Shalom