News >> അധ്യാപകസേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണം


കൊച്ചി: അധ്യാപകരുടെ സേവനം സഭയുടെ സാമൂഹ്യസാക്ഷ്യമാകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രതിബദ്ധതയോടും ശുശ്രൂഷാ മനോഭാവത്തോടും കൂടി വിദ്യാഭ്യാസമേഖലയിൽ സേവനം ചെയ്യാൻ അധ്യാപകർക്കു സാധിക്കേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയ്ക്ക് ഒരുക്കമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടത്തിയ കോളജ് പ്രഫസർമാരുടെയും പ്രഫഷണലുകളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാരുണ്യത്തിൽ അടിയുറച്ചതാണു സഭയുടെ ശുശ്രൂഷകളെല്ലാം. കാരുണ്യവും നീതിയും സമന്വയിപ്പിച്ചു മുന്നോട്ടുപോകേണ്ടതുണ്ട്. സംഘർഷഭരിതമായ ലോകത്തിൽ കാരുണ്യപൂർണമായ സമീപനം ക്രൈസ്തവസാക്ഷ്യത്തിന്റെ വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ആർജവത്തോടെ ഏറ്റെടുക്കാൻ നമുക്കു സാധിക്കേണ്ടതുണ്ട്. അധാർമികതയുടെ സമ്പത്ത് കാരുണ്യപ്രവർത്തനങ്ങൾക്ക് ആവശ്യമില്ലെന്നു സധൈര്യം നാം പറയണം.

സഭയിൽ വ്യക്തികളും കുടുംബങ്ങളും പ്രാദേശികസഭകളും സാക്ഷ്യത്തിന്റെ സുവിശേഷമാണു പങ്കുവയ്ക്കുന്നത്. സഭയുടെ സാമൂഹ്യസാക്ഷ്യം ചിലപ്പോഴെങ്കിലും എതിർസാക്ഷ്യങ്ങളാൽ തെറ്റിദ്ധരിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നതു ഖേദകരമാണ്. സഭാംഗങ്ങൾ സഭാവിഷയങ്ങളിലുള്ള വിമർശനം സഭാവേദികളിലാണു നടത്തേണ്ടത്. ക്രിസ്തീയമായ വിവേചനയോടെ പ്രശ്‌നങ്ങളെ സമീപിക്കണം. കുടുംബങ്ങളുടെ കൂട്ടായ്മയാണു സഭ എന്നതിനാൽ കുടുംബാരൂപി സഭയിൽ എപ്പോഴും നിലനിൽക്കേണ്ടതുണ്ടെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.

അസംബ്ലി കൺവീനർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സീറോ മലബാർ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, അസംബ്ലി സെക്രട്ടറി ഫാ. ഷാജി കൊച്ചുപുരയിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാ. ജോബി മാപ്രങ്കാവിൽ, സിസ്റ്റർ ഗ്രീന എന്നിവർ പ്രസംഗിച്ചു.

റവ.ഡോ. ടോണി നീലങ്കാവിൽ, റവ.ഡോ. മാർട്ടിൻ കല്ലുങ്കൽ, റവ.ഡോ. ഫ്രാൻസിസ് എലവുത്തിങ്കൽ എന്നിവർ അസംബ്ലിയുടെ മാർഗരേഖ സംബന്ധിച്ചു വിഷയാവതരണം നടത്തി.

Source: Sunday Shalom