News >> വിമർശനങ്ങൾ നന്മ ലക്ഷ്യമാക്കിയാവണം: കർദിനാൾ മാർ ആലഞ്ചേരി


പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെ സമ്മേളനം നടത്തി

കൊച്ചി: മറ്റുള്ളവരെ വിമർശിക്കുമ്പോൾ, വിമർശിക്കപ്പെടുന്നവരുടെയും വിമർശിക്കുന്നവരുടെയും നന്മയാകണം ലക്ഷ്യമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വിമർശനം ഉപജീവനമാക്കുന്ന പ്രവണത ആർക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറോ മലബാർ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതൃരംഗങ്ങളിലുള്ളവരുടെ പ്രസംഗവും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടണം. ക്രിസ്തുവിലുള്ള സാക്ഷ്യംകൊണ്ടു മറ്റുള്ളവരെ നമ്മിലേക്ക് ആകർഷിക്കാനാവണം. പ്രകടനപരമായ പ്രവർത്തനങ്ങളേക്കാൾ ജീവിതത്തിന്റെ മാതൃകയാണു പ്രധാനം. മാധ്യമങ്ങളുടെയോ മറ്റോ താത്പര്യങ്ങൾക്കുവേണ്ടി ക്രൈസ്തവസാക്ഷ്യം വിറ്റഴിക്കാൻ നാം തയാറാകരുത്. പ്രാദേശികസഭകളെ ചലനാത്മകമാക്കാനും ഏകോപിപ്പിക്കാനും പാസ്റ്ററൽ കൗൺസിലുകൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. എല്ലാ തലങ്ങളിലുമുള്ള അല്മായരെ സഭയോടു ചേർത്തു നിർത്താൻ നേതൃരംഗങ്ങളിലുള്ളവർക്കു സാധിക്കേണ്ടതുണ്ടെന്നും കർദിനാൾ ഓർമിപ്പിച്ചു.

അല്മായ കമ്മീഷൻ ചെയർമാൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ ഡോ.സിറിയക് തോമസ്, കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത്, സഭാ വക്താവ് പി.ഐ.ലാസർ, മാധ്യമപ്രവർത്തക ജീനാ പോൾ, കത്തോലിക്ക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി.അഗസ്റ്റിൻ, കെസിബിസി പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ്, ഡോ.മേരി റെജീന, അഡ്വ. മനോജ് കണ്ടത്തിൽ തലശേരി, ഡോ. ആന്റണി മാത്യൂസ് ചെങ്ങനാശേരി, ഫാ. ജോസഫ് കൊല്ലക്കൊല്ലിൽ ഇടുക്കി, ഫീസ്റ്റി ജോർജ് മാമ്പിള്ളി രാമനാഥപുരം, ഡോ.ചാക്കോ കാളാംപറമ്പിൽ താമരശേരി, ഡോ. സാബു ഡി. മാത്യു പാല, സുനിൽ ജോസ് വി. ഇരിങ്ങാലക്കുട, അഡ്വ. റൈജു വർഗീസ് കോതമംഗലം, ഏബ്രഹാം മാത്യു കാഞ്ഞിരപ്പിള്ളി, ഡോ. ലിസ റോബിൻ ഫരീദാബാദ്, സെബാസ്റ്റ്യൻ പാലംപറമ്പിൽ മാനന്തവാടി തുടങ്ങിയവർ പ്രസംഗിച്ചു.

അടുത്ത രണ്ടുവർഷത്തെ അല്മായ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ സമ്മേളനം തയാറാക്കി. വിദ്യാഭ്യാസ പ്രശ്‌നങ്ങൾ, മാധ്യമരംഗം, കത്തോലിക്കാ കോൺഗ്രസിന്റെ പ്രസക്തി, സാമൂഹ്യരംഗത്തെ സഭാനിലപാടുകൾ തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചാ ചെയ്തു.

Source: Sunday Shalom