News >> ന്യൂനപക്ഷ കമ്മീഷൻ രാഷ്ട്രീയേതരമായി പുനസംഘടിപ്പിക്കണം
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രാഷ്ട്രീയപരിഗണനകൾ മാറ്റിവച്ചു ന്യൂനപക്ഷ സമുദായങ്ങൾക്കു അർഹമായ പ്രാതിനിധ്യം നൽകി പുനസംഘടിപ്പിക്കണമെന്നു സീറോ മലബാർ സഭ അല്മായ കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സഭയിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ന്യൂനപക്ഷ കമ്മീഷനിൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളേക്കാൾ ന്യൂനപക്ഷങ്ങൾക്കു പ്രാതിനിധ്യം നൽകണം. കമ്മീഷൻ വഴി ന്യൂനപക്ഷ സമുദായംഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും വിദ്യാഭ്യാസ സഹായങ്ങളും ചില പ്രത്യേക സമുദായംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന രീതി ഒഴിവാക്കണം. എല്ലാ ന്യൂനപക്ഷ സമുദായംഗങ്ങൾക്കും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയുണ്ടാവണം.യമനിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളിയായ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളും നടപടികളും വെളിപ്പെടുത്തണമെന്നു പ്രമേയം ആവശ്യപ്പെട്ടു. ഫാ. ടോമിന്റെ മോചനത്തിനായി പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിലും പാലാ രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. സാബു ഡി. മാത്യവും ചേർന്നാണു പ്രമേയം അവതരിപ്പിച്ചത്. കമ്മീഷൻ ചെയർമാൻ മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു.Source: Sunday Shalom