News >> വധശിക്ഷയ്ക്ക് നീതികരണമില്ല: പാപ്പ


വത്തിക്കാൻ സിറ്റി: ദൈവത്തിന്റെ കരുണാപൂർവമായ നീതിക്കും വ്യക്തികളെയും സമൂഹങ്ങളെയും കുറിച്ചുള്ള പദ്ധതിക്കും വിരുദ്ധമാണ് വധശിക്ഷയെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യജീവനോടുള്ള ബഹുമാനത്തെക്കുറിച്ചും മാനുഷിക അന്തസ്സിനെക്കുറിച്ചും കൂടുതലായി പ്രചരണം നടത്താനുള്ള അവസരമാണ് കരുണയുടെ ജൂബിലിവർഷമെന്നും വധശിക്ഷയ്‌ക്കെതിരെയുള്ള ആറാമത് ലോക കോൺഗ്രസിന് നൽകിയ വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.

വധശിക്ഷ ജീവനെതിരെയും മനുഷ്യാന്തസ്സിനെതിരെയുമുള്ള കുറ്റകൃത്യമാണെന്ന് ഇതിനെതിരെ പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട് പാപ്പ പറഞ്ഞു. നിയമപരമായ സാമൂഹ്യ പ്രതിരോധമാർഗമെന്ന നിലയിൽപോലും വധശിക്ഷ ഉപയോഗിക്കുന്നതിനെതിരെ വർദ്ധിച്ചുവരുന്ന പൊതുജനാഭിപ്രായം പ്രത്യാശയുടെ അടയാളമാണ്. ജീവന്റെ പവിത്രതയെ ഹനിക്കുന്നു എന്നതിലുപരിയായി ശിക്ഷാനടപടിയുടെ ന്യായമായ ലക്ഷ്യങ്ങളോടൊന്നും വധശിക്ഷ ചേർന്ന് പോകുന്നില്ല. ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിന് പകരം വധശിക്ഷ പ്രതികാരവാഞ്ഛ വളർത്തുന്നു. കൊല്ലരുത് എന്ന് പ്രമാണം അതിന്റെ പരമമായ അർത്ഥത്തിൽ നീതിമാനും കുറ്റവാളിക്കും ഒരുപോലെ ബാധകമാണ്. ദൈവം നൽകിയിരിക്കുന്ന ജീവനുള്ള അവകാശം കുറ്റവാളിക്കുമുണ്ടെന്ന കാര്യം മറന്നുപോകരുത്; പാപ്പ വിശദീകരിച്ചു.

വധശിക്ഷയ്‌ക്കെതിരായി പ്രവർത്തിക്കുന്നതോടൊപ്പം ജയിലുകളിലെ അവസ്ഥ മെച്ചപ്പെടുത്താനും പരിപാടിയിൽ പങ്കെടുക്കുന്നവർ ശ്രമിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ജയിലിലടയ്ക്കപ്പെട്ടവരുടെ അന്തസ്സ് ബഹുമാനിക്കപ്പെടണം. ശിക്ഷ ശിക്ഷയ്ക്കുവേണ്ടി നടപ്പാക്കുന്നതല്ല നീതി. കുറ്റവാളിയുടെ പുനരധിവാസമാണ് എല്ലാ ശിക്ഷയുടെയും ആത്യന്തികലക്ഷ്യം. കുറ്റവാളിയെ സമൂഹത്തോട് വീണ്ടും കൂട്ടിച്ചേർക്കുക എന്ന വിശാല ചട്ടക്കൂടിലാവണം നീതിയും ശിക്ഷയും നടപ്പാക്കേണ്ടത്. പ്രത്യാശ കൂടാതെ അർത്ഥവത്തായ ശിക്ഷ സാധ്യമല്ല. പ്രത്യാശ കൂടാതെയുള്ള ശിക്ഷ ശിക്ഷയല്ല ഒരുതരം പീഡനമാണ്; പാപ്പ വ്യക്തമാക്കി.

Source: Sunday Shalom