News >> മാർപാപ്പ അർമേനിയയുടെ ഹൃദയത്തിൽ


അർമേനിയ: ഓട്ടോമാൻ ഭരണകാലത്ത് ഒന്നര ദശലക്ഷത്തിലേറെ ക്രൈസ്തവരുടെ രക്തം വീണുകുതിർന്ന അർമേനിയയുടെ ചരിത്രം സാക്ഷിനിർത്തി ഫ്രാൻസിസ് മാർപാപ്പ അർമേനിയയുടെ മണ്ണിൽ കാലുകുത്തി.

ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഓട്ടോമാൻ ഭരണകൂടം നിർദയം കൊന്നൊടുക്കിയത് 15 ലക്ഷം അർമേനിയൻ ക്രൈസ്തവ വിശ്വാസികളെയായിരുന്നു. ഇന്നും ലോകം അതിനെ കൂട്ടക്കൊല എന്നുവിശേഷിപ്പക്കുമ്പോൾ മാർപാപ്പ അതിനെ വംശഹത്യ എന്നുവിളിച്ചു. ലോകം അർമേനിയൻ വംശഹത്യയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മാർപ്പാപയുടെ ധീരപരമാർശം ലോകം ശ്രദ്ധിച്ചു. അർമേനിയയിലെ യെരാവൻ സന്ദർശനവേളയിൽ മാർപാപ്പ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയെന്ന് വീണ്ടും വിശേഷിപ്പിച്ചു.

ഇതു രണ്ടാം തവണയാണ് മാർപാപ്പ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യ എന്ന് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പരമാർശം തുർക്കിയെ ചൊടിപ്പിച്ചിരുന്നു. അവർ വത്തിക്കാനിൽ നിന്നും നയതന്ത്ര പ്രതിനിധിയെ തിരികെവിളിക്കുകയും ചെയ്തിരുന്നു. വംശഹത്യയാകുമ്പോൾ അതിന് നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരും.

മൂന്നുദിവസത്തെ സന്ദർശനത്തിനാണ് മാർപാപ്പ അർമേനിയയിലെത്തിയത്. അർമേനിയൻ സ്റ്റേറ്റായ കൊക്കാസുസ് മൗണ്ടയ്‌സ് മാർപാപ്പ സന്ദർശിച്ചു. ഈ സ്റ്റേറ്റായിരുന്നു ക്രിസ്തീയത ആദ്യം ഔദ്യോഗികമതമായി പ്രഖ്യാപിച്ചത്.

ഓർത്തഡോക്‌സ് ക്രൈസ്തവരാണ് അർമേനിയയിൽ കൂടുതലുള്ളത്. 30 ലക്ഷം ക്രൈസ്തവരാണ് അവിടെ ഉള്ളത്. ഇതിനുമുമ്പ് 2001 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവിടെ ക്രിസ്റ്റ്യാനിറ്റി ഔദ്യോഗികമതമായി പ്രഖ്യാപിച്ചതിന്റെ 1700-ാം വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മാർപാപ്പ തന്റെ സന്ദർശനത്തെ അപ്പസ്‌തോലിക സന്ദർശനം എന്നാണ് വിശേഷിപ്പിച്ചത്. അപ്പസ്‌തോലികസന്ദർശനത്തിന്റെ ലോഗോയിൽ ചിത്രീകരിച്ചിരുന്നത് ബൈബിളിലെ മൗണ്ട് അറാറാത്തും അർമേനിയൻ മൊണാസ്റ്ററിയായ ഹോർ വിരാപുമായിരുന്നു. കാരണം അവിടെ ക്രിസ്തീയത വളർത്തുന്നതിൽ ഈ ആശ്രമം വലിയ പങ്കുവഹിച്ചിരുന്നു.

അർമേനിയൻ പ്രസിഡന്റ് സെർഗ് സർഗ് സിയാൻ, കാതോലിക്കോസ് കരേക്കിൻ രണ്ടാമൻ, അർമേനിയൻ അപ്പസ്‌തോലിക് ചർച്ചിലെ ബിഷപ്പുമാർ, നയതന്ത്രപതിനിധികൾ എന്നിവർ മാർപാപ്പയെ സ്വീകരിക്കാൻ എത്തിയിരുന്നു.

മാർപാപ്പ അർമേനിയയിലെ വംശഹത്യ മെമ്മോറിയലിലും പ്രാർത്ഥിച്ചു. സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ പറപ്പിച്ചു. മാർപാപ്പയും കതോലിക്കോസ് കരേക്കിനും സംയുക്തമായി എക്യുമെനിക്കൽ പ്രാർത്ഥനയും നടത്തി.

ക്രിസ്ത്യാനിറ്റിയെ ഇവിടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചത് ഏ.ഡി. 301 ൽ ആയിരുന്നു. ഇരുണ്ട നാളുകളിലും വിശ്വാസത്തിന്റെ തിരി കെടാതെ കാത്ത അർമനിയൻ ജനതയെ മാർപാപ്പ പ്രശംസിച്ചു. മതത്തെ ചൂഷണം ചെയ്യുന്നതിനെതിരെ ഒന്നിക്കണമെന്നും, മിഡിൽ ഈസ്റ്റിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ നടത്തുന്ന അക്രമത്തെ പരമാർശിച്ച് മാർപാപ്പ അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു.

Source: Sunday Shalom