News >> ദൈവാലയസംഗീതം മാറേണ്ട കാലം കഴിഞ്ഞു: ബേബി ജോൺ കലയന്താനി
'തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ...' ആദരണീയനായ മൈക്കിൾ പനച്ചിക്കലച്ചൻ തന്റെ അനുഗ്രഹനിറവാർന്ന തൂലികത്തുമ്പിലൂടെ കോറിയിട്ട അതിമനോഹരമായ ഗാനം. ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും അധരങ്ങളിലും ഉണർന്നുയർന്ന ഈ ഗാനം വിപണിയിലിറങ്ങുമ്പോൾ എന്റെ കോളജ് പഠനകാലമാണ്. കോളജിൽ അരങ്ങേറുന്ന കലാപരിപാടികളിൽ 'അടിപൊളി' ഗാനങ്ങൾ പാടാറുള്ള എനിക്ക് 'തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ...' എന്ന ഈരടികൾ ഹൃദയത്തെ സ്പർശിക്കുന്നതായി മാറി. അതിന്റെ അർത്ഥവ്യാപ്തി ചിന്തിച്ചപ്പോഴാണ് ഒരു ഗായകന്റെ/ഗായികയുടെ അധരങ്ങളും നാവും ദൈവത്തിന്റെ അപദാനങ്ങൾമാത്രം പാടുവാനുള്ളതാണെന്നുള്ള തിരിച്ചറിവ് പ്രദാനം ചെയ്യുന്നത്.ദൈവാലയത്തിൽ ക്വയറിലും ഭക്തസംഘടനയിലും ഒക്കെ പാടാറുള്ള ഞാൻ നല്ല ദൈവത്തോട് സ്‌നേഹപൂർവം ഒരു വാക്കു കൊടുത്തു. 'ഈശോയേ, ഞാനിനി അങ്ങേക്കുവേണ്ടി മാത്രം പാടും.'
ആലാപനവേദിയിൽ അത്ര ശോഭിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ഈശോയോടുള്ള വാക്ക് മാറ്റാതിരിക്കാൻ അവിടുന്ന് കൃപ നൽകി. ദൈവം തന്റെ അനുഗ്രഹ നിറവാർന്ന കൈയൊപ്പ് ചാർത്തുന്ന ദിവ്യദാനമാണ് ഗാനാലാപനം. ഒരു ഗായകൻ, ഗായിക ആ മഹനീയ ദാനത്തിന്റെ വില എത്രമാത്രമെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഏതു ശിലാഹൃദയത്തെയും അലിയിച്ചെടുക്കുവാൻ കഴിയുന്ന മാസ്മരിക നിർഝരിയാണ് അത്. വേദനകളിൽ ആശ്വാസമായും വിഷാദം ചാലിച്ച മനസുകളിൽ പ്രത്യാശയുടെ തിരിനാളമായും മുറിവേറ്റ ഹൃദയങ്ങളിൽ സൗഖ്യത്തിന്റെ കുളിർമഴയും പ്രദാനം ചെയ്ത് ശ്രുതിയും രാഗവും ഭാവവും താളവുമായി അത് പെയ്തിറങ്ങുന്നു.ഈ മഹോന്നത ദാനം ലഭിച്ചിട്ടുള്ള ഓരോ ഗായകനും ഗായികയും ദൈവത്തോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയണം. മാത്രമല്ല ദൈവം തന്ന ഈ കഴിവ് ദൈവത്തിനും ദൈവരാജ്യത്തിനുംവേണ്ടി സമർപ്പണം ചെയ്ത് ഉപയോഗിക്കുമ്പോൾ ഈ കഴിവുകളെല്ലാം വരങ്ങളായി മാറും.ഇത്തരുണത്തിൽ നമ്മുടെ ദൈവാലയ സംഗീതത്തെക്കുറിച്ചും അൽപം ചിന്തിക്കുന്നതും ഉചിതമായിരിക്കും. വിശുദ്ധ ബലിയർപ്പണവേള സജീവമാക്കുവാൻ പ്രധാനഘടകം തന്നെയാണല്ലോ ദൈവാലയസംഗീതവും ഗായകസംഘവും. ആരാധനാക്രമം 43-ാം ഖണ്ഡികയിൽ നാം ഇങ്ങനെ കാണുന്നു. വിശ്വാസത്തിന്റെ ഈ രഹസ്യത്തിൽ വിശ്വാസികൾ ഭാഗഭാക്കുകളാകുമ്പോൾ അപരിചിതരെപ്പോലെയോ നിശബ്ദമായ പ്രേക്ഷകരെപ്പോലെയോ ആവരുതെന്നാണ് തിരുസഭാമാതാവിന്റെ അഭിലാഷം. മറിച്ച് തിരുക്കർമങ്ങളുടെയും പ്രാർത്ഥനകളുടെയും അർത്ഥം ഗ്രഹിച്ച് തങ്ങൾ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടുംകൂടി വേണം അവർ ഇതിൽ പങ്കെടുക്കാൻ. വിവിധ ജീവിതവ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ വിശ്വാസികളെ മറ്റെല്ലാം മറന്ന് ആത്മീയതയുടെ ആഴങ്ങൾ അറിഞ്ഞ് ദൈവികശാന്തിയിൽ ലയിച്ചുചേരുന്നതിന് സഹായിക്കാൻ ദൈവാലയസംഗീതത്തിനും ഗാനങ്ങളാലപിക്കാൻ നിയോഗിക്കപ്പെട്ടവർക്കും സുപ്രധാനമായ പങ്കുണ്ട്. വിശ്വാസികൾ ഭക്തിയോടും ശ്രദ്ധയോടും ബോധത്തോടും ഉണർവോടെ നിൽക്കണമെങ്കിൽ ഭക്തിസാന്ദ്രമായ സ്വർഗീയസംഗീതം അവിടെ ഉണരുകതന്നെ വേണം. ദൈവാലയ സംഗീതവേദിയിൽ ഇന്ന് കണ്ടുവരുന്ന ചില രീതികൾ നമുക്കൊന്ന് ശ്രദ്ധിക്കാം.
ശബ്ദാതിപ്രസരംപലപ്പോഴായി പലരും പല തവണ അഭിപ്രായപ്പെട്ടിട്ടും നിർദേശങ്ങൾ വച്ചിട്ടും ഫലം കാണാത്ത ഒരു കാര്യമാണ് ഗാനാലാപനവേളയിൽ ദൈവാലയത്തിലെ ശബ്ദാതിപ്രസരം. കാതടപ്പിക്കുന്ന ഒച്ചപ്പാട് കേട്ട് ബോക്‌സിനരികെ ചെവിപൊത്തി നിൽക്കുന്നവരെ കണ്ടിട്ടുണ്ട്. ഭക്തിയോടെ, ആത്മനിറവോടെ, ശാന്തമായി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പ്രശാന്തത പ്രദാനം ചെയ്യാൻ ഗായകസംഘത്തിനാകണം. ചർച്ച് ക്വയർട്രൂപ്പ് നടത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് തോന്നുന്നു. ഗാനമേള നടത്തുന്ന പ്രതീതി ഉണർത്തുന്ന രീതികളും ആംഗ്യങ്ങളും ഓർക്കസ്ട്ര ഒരുക്കുന്ന ശബ്ദങ്ങളും വിശ്വാസികൾ ദൈവാലയത്തിൽ നിറഞ്ഞിരിക്കുമ്പോൾ പോലും ചിലയിടത്തെങ്കിലും കാണാറുള്ള മൈക്ക് ടെസ്റ്റിംഗുമൊക്കെ ശ്രദ്ധാപൂർവം നാം ചെയ്യേണ്ടതുതന്നെയല്ലേ? ദൈവം വസിക്കുന്ന ഇടത്തിലാണ് നാം വ്യാപരിക്കുന്നത് എന്ന ആഴമായ ബോധ്യം നമ്മിൽ ഉണരേണ്ടതുതന്നെ.
പെൻഡ്രൈവ് യുഗംഒരു കീബോർഡും രണ്ടു പെൻഡ്രൈവുമുണ്ടെങ്കിൽ ചർച്ച് ക്വയറിനോ ഗാനമേളയ്‌ക്കോ പിന്നണി റെഡി എന്നായി കാര്യങ്ങൾ. ഗായകർ ഗാനങ്ങൾ ആലപിക്കുമ്പോൾ ഒറിജിനൽ സിഡിയിലെ പാട്ടുകളുടെ മൈനസ് ട്രാക്ക് (കരോക്കെ) പെൻഡ്രൈവിൽ പകർത്തും. ചില ഗാനങ്ങളിൽ കോറസ് ആലാപനം ഗായകസംഘം ആലപിക്കുന്നതിന്റെകൂടെ പുറത്തു കേൾക്കാം. ഇത് പാടില്ലല്ലോ. കാരണം പരമ പരിശുദ്ധനായ ദൈവത്തിന് നാം ബലിയർപ്പിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ നിന്നുമാണ് അർച്ചനകൾ ആരാധനാഗീതമായി ഉയർത്തേണ്ടത്. പെൻഡ്രൈവിൽ പാടിച്ചേർത്തു വച്ചിരിക്കുന്ന കോറസ് ശബ്ദമല്ല.
'പിന്നണി' പിന്നിൽപാടുന്ന പാട്ടുകൾ വേണ്ടതുപോലെ കേൾക്കാൻ കഴിയാതെ അക്ഷരങ്ങൾപോലും വ്യക്തമായി തിരിഞ്ഞുകിട്ടാത്ത തരത്തിൽ പാട്ടിന് മുകളിൽ നിൽക്കുന്ന സംഗീതോപകരണ ശബ്‌ദോന്നതി ചിലയിടങ്ങളിൽ കേട്ടിട്ടുണ്ട്. ശാന്തമായ പിന്നണിയിൽ ഉച്ചാരണശുദ്ധിയോടെ, ഭക്തിലയത്തിലായിരിക്കണം ഗാനങ്ങൾ ആലപിക്കപ്പെടേണ്ടത്. 'എന്റെ സ്വരം മുന്നിൽ' എന്ന മനോഭാവം ചിലപ്പോഴെങ്കിലും അസ്വസ്ഥജന്യമായ ബഹളമയം ദൈവാലയത്തിൽ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. പ്രസ്തുത മനോഭാവം ഉപകരണ ഉപയോഗത്തിലായാലും ഗാനാലാപനവേദിയിലായാലും നല്ല പ്രവണതയല്ലല്ലോ.
ഒരു ഗായകനും ഗായികയും പിന്നെ ഓർക്കസ്ട്രയുംഒരു ഗായകനും ഗായികയും ഓർക്കസ്ട്രയും ചേർന്ന സംഘത്തെയാണ് ഇന്ന് കണ്ടുവരുന്നത്. അവർ നന്നായി പാടുന്നു എന്നത് ശരിതന്നെ. എന്നാൽ വിശ്വാസികൾക്ക് ആ പാട്ടൊന്ന് ഏറ്റുപാടുവാനോ കൂടെ പാടാനോ കഴിയാതെ ഗായകരെ മാത്രം നോക്കിയിരിക്കുന്ന അവസ്ഥയാണ് മിക്ക ദൈവാലയങ്ങളിലും. എന്നാൽ, ഗായകൻ/ഗായിക എന്നതിനപ്പുറം ഏതാനും നല്ല ഗായകരെ അണിനിരത്തിയാൽ ചേർന്നു പാടുന്ന രീതി ഉണരുകയായി. ഇങ്ങനെ ഗാനങ്ങൾ ആലപിക്കുമ്പോൾ എല്ലാവർക്കും ചേർന്നുപാടാവുന്ന ലളിതസുന്ദരമായ അർത്ഥസമ്പുഷ്ടമായ ഗാനങ്ങൾ ആണെങ്കിലോ വിശ്വാസികൾക്കും അത് ഏറ്റുപാടുവാൻ എളുപ്പമാവുന്നതായി മാറുന്നതുവഴി ബലിയർപ്പണം സജീവമായിത്തീരുന്നു.
അവസരോചിതമല്ലാത്ത ഗാനങ്ങൾബലിയർപ്പണത്തിന്റെ ആമുഖഗാനം, ദിവ്യകാരുണ്യ സ്വീകരണഗാനം തുടങ്ങിയ ഗാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അത് അവസരോചിതമാണോ എന്ന് ശ്രദ്ധാപൂർവം പരിശോധിക്കണം. ഉദാഹരണമായി പറഞ്ഞാൽ, വിശുദ്ധ കുർബാന സ്വീകരണവേളയിൽ ചില ഗായകർ 'വിശ്വം കാക്കുന്ന നാഥാ...' എന്ന ഗാനം പാടിക്കേൾക്കാറുണ്ട്. ഈ ഗാനത്തിന്റെ അനുപല്ലവിയിൽ 'ഇടയൻ കൈവിട്ട കുഞ്ഞാടുകൾ...' എന്നും മറ്റൊരു ഭാഗത്ത് 'നീ അറിയാതെ പോകുന്നു എൻ നൊമ്പരം...' എന്നുമൊക്കെ ചേർത്തിട്ടുണ്ട്. ഗാനം മനോഹരംതന്നെ. എന്നാൽ ഇത് ഒരു സിനിമാഗാനമാണെന്നും സിനിമയുടെ കഥാരീതിക്ക് അനുയോജ്യമായി കുറിക്കപ്പെട്ടതാണെന്നും ഈ ഗാനം പരിപൂജിതമായ ദിവ്യബലിയിലെ ദിവ്യകാരുണ്യവേദിക്ക് ആശയപരമായി ചേർന്നതല്ലെന്നും ആരും ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. യേശുവെന്ന നല്ലിടയൻ തന്റെ കുഞ്ഞാടുകളെ കൈവിടുകയില്ലെന്നും നമ്മുടെ നൊമ്പരം അറിയാതെ പോകില്ലെന്നുമുള്ള സ്‌നേഹസന്ദേശം ജനഹൃദയങ്ങളിൽ പാടിപ്പതിപ്പിക്കേണ്ട ദൗത്യംകൂടി ഗായകർക്കുണ്ടെന്നും അവർ തിരിച്ചറിയണം.
വില കൊടുക്കാത്ത മനോഭാവംഒരിക്കൽ ഗായകസംഘങ്ങൾക്കായി ഫൊറോനതലത്തിൽ ഏകദിന ക്ലാസ് ഒരുക്കപ്പെട്ടു. നന്നായി പാടുന്ന ഒരു പെൺകുട്ടിയുടെ മമ്മി ആ ഏകദിനക്ലാസ് സംഘടിപ്പിച്ച വൈദികനോട് ട്യൂഷനുള്ളതുകൊണ്ട് മകൾക്ക് വരാൻ അസൗകര്യമാണെന്ന് പറഞ്ഞു. എന്നാൽ ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ, ഓഡിഷൻ ടെസ്റ്റിന് പോകുവാൻ രണ്ടു ദിവസത്തെ സ്‌കൂൾ ഹാജർ നഷ്ടമാക്കാൻ ആ മാതാപിതാക്കൾക്ക് ഒരു മടിയുമില്ലായിരുന്നു എന്നതാണ് മറുപുറം.ഒരു ബലിയർപ്പണവേദിയിൽ ഗാനമാലപിക്കുവാൻ വിളിക്കപ്പെട്ടവർക്ക് ലഭ്യമാകുന്ന കൃപാദാനങ്ങൾ അവർണനീയമാണന്ന് നമ്മിൽ എത്രപേർക്ക് തിരിച്ചറിയാൻ കഴിയുന്നു.
തോന്നുന്നതെല്ലാം പാടാമോ?"വിലകെട്ടവ പറയാതെ, സദ്‌വചനങ്ങൾമാത്രം സംസാരിച്ചാൽ നീ എന്റെ നാവുപോലെയാകും" (ജറെ. 15:19).ദൈവം തന്ന കഴിവിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ്, ആഴമായ വിനയത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും നമ്മുടെ കഴിവുകൾ ദൈവത്തിനും ദൈവരാജ്യത്തിനുംവേണ്ടി ഉപയോഗിക്കുമ്പോൾ ആ കവിവുകൾ കൃപാവരങ്ങളായി മാറുന്നു. ശബ്ദമാധുര്യമുള്ളതുകൊണ്ടോ ശ്രുതിലയഭാവതലങ്ങൾ ഉള്ളതുകൊണ്ടോമാത്രേ ഒരു ഗായകന്റെ/ഗായികയുടെ ജീവിതം ധന്യമാകുന്നില്ല. ആലാപനം അനുഭവവുമാകുകയില്ല. എന്നാൽ, ആ ഗായകനിൽ/ഗായികയിൽ പരിശുദ്ധാത്മാവ് നിറഞ്ഞാൽ അവരുടെ ശബ്ദവും താളവും ശ്രുതിയും ലയവുമൊക്കെ അഭിഷേകതലങ്ങളായി മാറുന്നു. പരിശുദ്ധാത്മാവിന്റെ കൃപയിൽ ഗാനങ്ങൾ ആലപിക്കുന്ന ഒരു ഗായകന്റെ ഗാനം കേൾക്കുന്ന പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ ആവമായ വ്യതിയാനങ്ങൾ സംഭവിക്കും. അവരിലും പരിശുദ്ധാത്മാവ് നിറയാൻ തുടങ്ങും.ആയതിനാൽ ദൈവം എന്നിൽ നിക്ഷേപിച്ച ഈ താലന്ത് ഇരട്ടിയാക്കി തിരികെ കൊടുക്കാൻ എനിക്ക് കടമയുണ്ടെന്നും എന്റെ പേരിനും പെരുമയ്ക്കും സ്വാർത്ഥത നിറഞ്ഞ സ്വകാര്യതയ്ക്കും വേണ്ടിയാകാതെ, ദൈവത്തിന് സമ്പൂർണമായി നൽകി നീങ്ങുമ്പോൾ അവിടുന്ന് എന്നെ പരിപാലിച്ചുകൊള്ളുമെന്ന് ദൃഢമായി വിശ്വസിച്ച് മുന്നേറുന്ന ഒരു ഗായകനെ/ഗായികയെ ദൈവത്തിന് തന്റെ കൈയിലെ മനോഹരമായ ഉപകരണമാക്കാൻ കഴിയും.കൂദാശകളുടെ കൂദാശയും പ്രാർത്ഥനകളുടെ പ്രാർത്ഥനയും ആരാധനയുടെ ആരാധനയുമായ പരിശുദ്ധ ബലി പരികർമം ചെയ്യുമ്പോൾ ഗായകസംഘം സ്വർഗീയ മാലാഖവൃന്ദങ്ങളുടെ പ്രതീകമായി നിലകൊള്ളുകയാണ്. ഗായകസംഘത്തിലെ ഓരോ അംഗവും കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിച്ച് ഭക്തിയോടെ, ശ്രദ്ധയോടെ ഒരു ഹൃദയവും മനവുമായി ഗാനങ്ങൾ ആലപിക്കുമ്പോൾ സ്വർഗം ഭൂമിയിൽ പിറക്കുന്ന അനുഭവം ഉണരും എന്നതിൽ സംശയമില്ല. ബലിയർപ്പണത്തിന്റെ തലേനാൾ വൈദികന്റെയോ സിസ്റ്ററിന്റെയോ സാന്നിധ്യത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചൊരുങ്ങി, പിറ്റേന്ന് പാടേണ്ട പാട്ടുകൾ തിരഞ്ഞെടുത്ത് പ്രാക്ടീസ് ചെയ്ത് ഒരുക്കം നടത്തുന്നതും നല്ലതുതന്നെ.മറ്റേതു കലയെക്കാളും കൂടുതൽ സംഗീതം സഭയിൽ വിലമതിക്കപ്പെടുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ ആറാം അധ്യായത്തിൽ നാം കാണുന്നു (112). തിരുക്കർമ ഗീതങ്ങളെ അതീവ ജാഗ്രതയോടെ പരിരക്ഷിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഗായകസംഘങ്ങളെ നിഷ്‌ക്കർഷപൂർവം പ്രോത്സാഹിപ്പിക്കേണ്ടതാണ് (114). ദൈവാലയങ്ങളിൽ പ്രശാന്തമായ സംഗീതം ഒഴുകണം. സംഗീത ഉപകരണങ്ങൾ ആനുപാതികമായി സമന്വയിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പ്രവർത്തിപ്പിച്ചാൽ അത് ശ്രോതാക്കൾക്ക് ആത്മീയ അനുഭവം പ്രദാനം ചെയ്യും. അവിടെ ഉണർവേകുന്ന ആലാപനം ഓരോ വിശ്വാസിയെയും തഴുകി അവരുടെ ഹൃദയത്തിൽ ദൈവികസ്പർശം ഉളവാക്കുന്നതായി മാറും. അവിടെയാണ് ദൈവാലയസംഗീതത്തിന് അർത്ഥമുണ്ടാകുന്നത്. ഇതെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ തുറന്ന് എഴുതാം.
ബേബി ജോൺ കലയന്താനിSource: Sunday Shalom