News >> അര്‍മേനിയന്‍ ജനതയുടെ വിശ്വാസ നിധി
അര്‍മേനിയയിലെ അപ്പസ്തോലികസഭയുടെ വിശുദ്ധ എച്ച്മിയാദ്സിനിലെ കത്തീദ്രലില്‍ വെള്ളിയാഴ്ച (24/06/16) നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ പങ്കുവച്ച ചിന്തകളിലെ പ്രസക്ത ഭാഗങ്ങള്‍: അര്‍മേനിയന്‍ ജനതയുടെ ചരിത്രത്തിന്‍റെ സാക്ഷിയും പ്രസ്തുത ജനതയുടെ ആദ്ധ്യാത്മികതയുടെ പ്രസരണ കേന്ദ്രവും ആയ ഈ പവിത്രവേദിയുടെ പടി ഞാന്‍ കടന്നത് വികാരവായ്പോടെയാണ്.അര്‍മേനിയായിലെ തന്‍റെ കന്നി പ്രഭാഷണം ഈ വാക്കുകളില്‍ ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടര്‍ന്നു.അര്‍മേനിയയില്‍ ക്രിസ്തുവിന്‍റെ വെളിച്ചം പ്രസരിക്കുന്നത് എവിടെ നിന്നാണൊ ആ പരിശുദ്ധ അള്‍ത്താരയെ സമീപിക്കാന്‍ ദൈവം എന്നെ അനുവദിച്ചത് അനര്‍ഘ ദാനമായി ഞാന്‍ കരുതുന്നു. വിശുദ്ധ എത്ച്മിയദ്സിന്‍ സന്ദര്‍ശിക്കാന്‍ നല്കിയ ക്ഷണത്തിന് ഞാന്‍ ആകമാന അര്‍മേനിയയുടെ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന് ഹൃദയപൂര്‍വ്വം നന്ദി പ്രകാശിപ്പിക്കുകയും അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. സ്വഭവനത്തില്‍ എന്നെ സ്വീകരിച്ചതിന് അങ്ങേയ്ക്ക് ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു; സൗഹൃദവും സഹോദര്യസ്നേഹവും അര്‍ത്ഥമാക്കുന്നത് എന്തെന്ന്, വാക്കുകളേക്കാളേറെ വാചാലമായി, സ്നേഹത്തിന്‍റെ ഈ അടയാളം സംസാരിക്കുന്നു.നിങ്ങളുടെ മണ്ണില്‍ കൊളുത്തപ്പെട്ട വിശ്വാസദീപത്തിന്, പരിപാവനമായ ഈ വേളയില്‍, ഞാന്‍ കര്‍ത്താവിനോടു നന്ദി പറയുന്നു. അര്‍മേനിയയ്ക്ക് സവിശേഷമായ തനിമയേകിയത് ഈ വിശ്വാസമാണ്. അത് അന്നാടിനെ ജനതകള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ ദൂതികയാക്കി. ക്രിസ്തുവാണ് നിങ്ങളുടെ മഹത്വം, നിങ്ങളുടെ വിളിച്ചം നിങ്ങളെ പ്രദീപ്തമാക്കിയ ആദിത്യന്‍, അവിടന്ന് നിങ്ങള്‍ക്ക് നവജീവന്‍ പ്രദാനം ചെയ്തു, നിങ്ങള്‍ക്കു തുണയാകുകയും നിങ്ങളെ താങ്ങിനിറുത്തുകയും ചെയ്തു, വിശിഷ്യ, വലിയ പരീക്ഷണവേളകളില്‍. റോമാസാമ്രാജ്യത്തില്‍ മതപീഢനം രൂക്ഷമായിരുന്ന ഒരു കാലഘട്ടത്തില്‍, മുന്നുറ്റിയൊന്നാം ആണ്ടു മുതല്‍ തന്നെ, അര്‍മേനിയ ക്രിസ്തുമതത്തെ ആശ്ലേഷിച്ച പ്രഥമ രാജ്യമായിരിക്കാന്‍ തിരുമനസ്സായ കര്‍ത്താവിന്‍റെ കാരുണ്യത്തിനു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു.സാഹചര്യങ്ങളും സൗകര്യങ്ങളുമനുസരിച്ച് അണിയുകയും മാറുകയും ചെയ്യുന്ന ഒരു വസ്ത്രം പോലെയല്ല വിശ്വാസം അര്‍മേനിയയ്ക്ക്, മറിച്ച്, അന്നാടിന്‍റെ തനിമയ്ക്കു തന്നെ രൂപമേകുന്ന യാഥാര്‍ത്ഥ്യമാണ് ആ വിശ്വാസം, സസന്തോഷം സ്വീകരിക്കുകയും, ഏറെ അദ്ധ്വാനത്തോടും ശക്തിയോടും കൂടെ, ജീവന്‍ വിലയായ് നല്കിപ്പോലും കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ഒരു ഒരു ദാനമാണത്. വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ കുറിച്ചിട്ടതു പോലെ, അര്‍മേനിയന്‍ സമൂഹത്തിന്‍റെ മാമ്മോദീസാ വഴി ആ ജനതയ്ക്ക്, അര്‍മേനിയയുടെ ജീവിതത്തിന്‍റെ തന്നെ മൗലികവും അവിഭാജ്യവുമായ ഘടകമായി ഭവിക്കേണ്ട, പുതിയൊരു അനന്യത കൈവന്നു. ആകയാല്‍ ആ നിമിഷം മുതല്‍, ക്രിസ്തുവിലുള്ള വിശ്വാസം ഈ തനിമയുടെ അനിവാര്യ ഘടകമല്ലെന്ന് ചിന്തിക്കുക ഒരിക്കലും സാധ്യമല്ല. വിശ്വാസത്തിന്‍റെ ഈ ഭാസുര സാക്ഷ്യത്തിന് കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. 1700 ആണ്ടുകള്‍ക്കു മുമ്പ് നിണസാക്ഷിത്വമെന്ന വാചലവും പരിശുദ്ധവുമായ അടയാളത്താല്‍ സ്വീകരിച്ച മാമ്മോദീസായുടെ ശക്തമായ കാര്യക്ഷമതയും ഫലദായകത്വവും മാതൃകാപരമാംവിധം ആവിഷ്ക്കരിക്കുന്നതാണ് ഈ വിശ്വാസ സാക്ഷ്യം. രക്തസാക്ഷിത്വം അര്‍മേനിയന്‍ ജനതയുടെ ചരിത്രത്തിലുടനീളം കാണപ്പെടുന്ന ഒരു ഘടകമാണ്.ദിവ്യകാരുണ്യവിരുന്നില്‍ പൂര്‍ണ്ണമായി ഒന്നിച്ചു പങ്കുചേരുന്നതിനായി അര്‍മേനിയായിലെ കത്തോലിക്കാസഭയും അപ്പസ്തോലികസഭയും നടത്തിയിട്ടുള്ള ആത്മാര്‍ത്ഥവും സാഹോദര്യഭാവമാര്‍ന്നതുമായ സംഭാഷണപ്രകിയയ്ക്കും ഞാന്‍ കാര്‍ത്താവിന് നന്ദി പറയുന്നു. തന്‍റെ ശിഷ്യരെല്ലാവരും ഒന്നായിരിക്കുന്നതിനും അങ്ങനെ ലോകം വിശ്വസിക്കുന്നതിനും വേണ്ടി കര്‍ത്താവുനടത്തിയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമാക്കുന്നതിന് പരിശുദ്ധാരൂപി നമ്മെ സഹായിക്കട്ടെ.ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ലോകം പിളര്‍പ്പുകളാലും സംഘര്‍ഷങ്ങളാലും മുദ്രിതമാണ്, അതു പോലെതന്നെ ഭൗതികവും ആദ്ധ്യാത്മികവുമായ ദാരിദ്ര്യത്തിന്‍റെ ഉല്‍ക്കണ്ഠാജനകങ്ങളായ രൂപങ്ങളും പ്രകടമാണ്. വ്യക്തികള്‍, കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും പോലും ചൂഷണം ചെയ്യപ്പെടുന്നു. ഇവിടെ പരസ്പരാദരവിന്‍റെയും സാഹോദരനിര്‍വ്വിശേഷ സഹകരണത്തിന്‍റെയും സാക്ഷ്യം, ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയും സത്യവും ഓരോ മനസ്സാക്ഷിക്കും മുന്നില്‍ പ്രകാശിപ്പിക്കാന്‍ കരുത്തുറ്റതായ സാക്ഷ്യം ക്രൈസ്തവരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നു..അനുരഞ്ജാനാരൂപി സഭാകൂട്ടായ്മയുടെ ദൃശ്യസീമകള്‍ക്കുമപ്പുറവും മാതൃകാപരമായ ഒരു മൂല്യം ആര്‍ജ്ജിക്കുന്നു. അത് നമുക്കെല്ലാവര്‍ക്കും പിളര്‍പ്പുകളെ സംഭാഷണത്താല്‍ പരിഹരിക്കാനും നമ്മെ ഒന്നിപ്പിക്കുന്ന സകലത്തെയും വിലമതിക്കാനുമുള്ള ശക്തമായ ഒരാഹ്വാനവുമാണ്. അത് വിശ്വാസത്തെ കരുവാക്കുന്നതും വളച്ചോടിക്കുന്നതും തടയുന്നു. കാരണം യഥാര്‍ത്ഥ വേരുകള്‍ വീണ്ടും കണ്ടെത്താനും ഓരോ മനുഷ്യവക്തിയുടെയും ഔന്നത്യത്തോടുള്ള ആദരവില്‍ സത്യം സംവേദിക്കാനും സംരക്ഷിക്കാനും പ്രഘോഷിക്കാനും അത് നമ്മെ നിര്‍ബന്ധിക്കുന്നു. അങ്ങനെ, ജനതകളും നാഗരികതകളും മതങ്ങളും തമ്മിലുള്ള അനുരഞ്ജനത്തിന്‍റെ എന്നും നൂതനമായ സരണികള്‍ തുറക്കാന്‍ കഴിയുന്ന ബോധ്യദായകമായ സാക്ഷ്യം, അതായത്, ക്രിസ്തു ജീവിക്കുന്നു, പ്രവര്‍ത്തനനിരതനായിരിക്കുന്നു എന്ന സാക്ഷ്യം, ലോകത്തിന് അടിയന്തരാവശ്യമായിരിക്കുന്ന സാക്ഷ്യം, അതിനേകാന്‍ സാധിക്കും. പ്രിയ സഹോദരങ്ങളേ, നമ്മുടെ പ്രവര്‍ത്തനം ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ പ്രചോദിതവും ആ സ്നേഹത്താല്‍ നയിക്കപ്പെടുന്നതുമാകുമ്പോള്‍ പര്സരപര ധാരണയും പരസ്പര മതിപ്പും വര്‍ദ്ധമാനമാകും, ഫലദായകമായ അനുരഞ്ജന പ്രക്രിയയ്ക്കുള്ള മെച്ചപ്പെട്ട അവസ്ഥകള്‍ സംജാതമാകും, പൗരജീവിതത്തെ പിച്ചിച്ചീന്തുന്നതും പിളര്‍പ്പുകളുടെ നികത്താനാകാത്ത കുഴി തോണ്ടുന്നതുമായ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിന് സഞ്ചരിക്കാനുതകുന്ന സമൂര്‍ത്തസരണി സന്മനസ്സുള്ള സകലര്‍ക്കും സമുഹത്തിനു മുഴുവനും കാട്ടി കൊടുക്കാന്‍ സാധിക്കും. പരിശുദ്ധ കന്യകാമറിയത്തിന്‍റെയും അര്‍മേനിയക്കാരായ പ്രബുദ്ധനായ ഗിഗറി, നാരെക്കിലെ ഗ്രിഗറി എന്നീ വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടാണ് പാപ്പാ ഇറ്റാലിയന്‍ ഭാഷയിലായിരുന്നു തന്‍റെ വിചിന്തനം ഉപസംഹരിച്ചത്.Source: Vatican Radio