News >> ചൈനക്കാരിയോട് സുവിശേഷം പ്രസംഗിച്ച ചുവർചിത്രങ്ങൾ
ചൈനയിലെ പ്രസിദ്ധമായ ഒരു നഗരമാണ് വുഹാൻ. അവിടെ മനോഹരമായൊരു കത്തോലിക്കാ കത്തീഡ്രൽ ദേവാലയമുണ്ട്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ളത്. ഡൗൺടൗൺ ആയതിനാൽ കത്തോലിക്കരും അകത്തോലിക്കരും ചിലപ്പോഴൊക്കെ ദേവാലയത്തിന്റെ ശ്രേഷ്ഠത കണ്ട് അക്രൈസ്തവരും അവിടം സന്ദർശിക്കാറുണ്ട്.യാൻ ചു എന്നൊരു സ്ത്രീയുടെ മാനസാന്തരകഥ ഇങ്ങനെയാണ്. 2003 ൽ ജോലിയിൽനിന്ന് പിൻവാങ്ങിയശേഷം ജീവിതത്തിൽ അടുത്ത ചുവടുവയ്പ് ഏത് എന്നറിയാതെ ആശങ്കയിലായിരുന്ന കാലം. നല്ലൊരു ചിത്രകാരിയായിരുന്നതിനാൽ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നടന്ന് നല്ല ചിത്രങ്ങൾ വരയ്ക്കുക അവരുടെ വിനോദമായിരുന്നു. അങ്ങനെ ഒരുദിവസം അവർ ഈ കത്തീഡ്രൽ ദേവാലയത്തിലെത്തി. വളരെ മനോഹരമായ ചിത്രരചനകൾ അവരെ ആകർഷിച്ചു. അവിടെ ദൈവസാന്നിധ്യമുണ്ടെന്നോ, കത്തോലിക്കാ വിശ്വാസമെന്തെന്നോ അവർക്കറിവുണ്ടായിരുന്നില്ല. എങ്കിലും ചിത്രങ്ങൾ കാണുവാൻ അടുത്തദിവസവും തിരിച്ചെത്തി.ദേവാലയത്തിലെ ചിത്രങ്ങൾ അവരോട് സുവിശേഷം പ്രഘോഷിച്ചു. അങ്ങനെയാണ് അവർ അതിനെ മനസിലാക്കുന്നത്. അവരുടെ ജീവിതത്തിൽ സന്തോഷം നൽകിയവയായിരുന്നു ചിത്രങ്ങൾ. അതിലൂടെതന്നെ സത്യദൈവം അവരെ ആകർഷിച്ചു. ദേവാലയത്തിലെത്തുമ്പോൾ മറ്റ് ചിത്രങ്ങൾ നല്കാത്ത എന്തോ അനുഭൂതി അവർക്കുണ്ടായി. ഏതോ ഒരു ആകർഷണവലയത്തിൽ പെട്ടതുപോലെ...അടുത്തടുത്ത ദിവസങ്ങളിൽ ദേവാലയത്തിലെത്തിയ ആ സ്ത്രീയെ ഒരു കത്തോലിക്കാ വൈദികൻ പരിചയപ്പെട്ടു. അവരെ ആകർഷിച്ച കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു. വർഷങ്ങളായി മതം എന്ന വിഷയത്തെപ്പറ്റിപോലും ചിന്തിക്കാതിരുന്ന അവർ ആദ്യമായി യേശുവിന്റെ നാമം കേട്ടു. ആ വൈദികന്റെ വാക്കുകൾ കേട്ട് വിശ്വാസത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി.എല്ലാ ഞായറാഴ്ചയും ദേവാലയത്തിൽ വിശുദ്ധ ബലിക്കെത്തി, മാമ്മോദീസ ഒന്നും സ്വീകരിക്കാതെതന്നെ. അറിയാവുന്ന ഭാഷയിൽ തന്റെ ജീവിതത്തിൽ വെളിച്ചം വീശണമേ എന്നു പ്രാർത്ഥിച്ചു. ജ്ഞാനസ്‌നാനം സ്വീകരിക്കാൻ വീണ്ടും ഏഴു വർഷത്തോളമെടുത്തു. 2011 ഈസ്റ്റർ ദിനത്തിൽ ആഘോഷമായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. മാമ്മോദീസയ്ക്ക് മുമ്പുള്ള കാലമത്രയും ഉറപ്പുള്ള വിശ്വാസത്തെ അടുത്തറിഞ്ഞു. പ്രാർത്ഥിച്ചു. ഇന്ന് വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ള ദേവാലയത്തിലെ സജീവ അംഗമാണ് യാൻ ചു.അവരുടെ വാക്കുകളുടെ സൗന്ദര്യം അസ്തമിക്കുന്നില്ല. "ചൈനയിൽ അനേകർ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും കാണാതെ വലയുകയാണ്. എന്തിനാണ് തങ്ങൾ ജീവിക്കുന്നതെന്നുപോലും പലർക്കും അറിയില്ല. ക്രിസ്തുവിന് മാത്രമെ ഈ ജീവിതങ്ങളെ രക്ഷിക്കാനാകൂ. റോമിൽനിന്ന് ഏറെ അകലെയാണ് ചൈന. എങ്കിലും, ഒരുദിവസം പാപ്പ ഇവിടെയുള്ള കത്തോലിക്കരെ സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു..."ചൈനയിൽ കത്തോലിക്കരായിരിക്കുക അത്ര എളുപ്പമല്ല. വുഹാൻ നഗരത്തിൽ 10 മില്യൺ ആളുകളുണ്ട്. 30,000 വരുന്ന ന്യൂനപക്ഷമാണ് കത്തോലിക്കർ. മതവിശ്വാസം എന്തെന്ന് പോലും കേൾക്കാത്തവരാണ് ചൈനയിൽ അധികവും.പക്ഷേ, വിശ്വസിക്കുന്നവരുടെ ജീവിതം ശക്തമാണ്. യാൻ ചു പറയുന്നു, "അനേകം കത്തോലിക്കാ യുവജനങ്ങളുണ്ടിവിടെ. എല്ലാദിവസവും ദിവ്യബലിയിൽ പങ്കെടുക്കുകയും, ഒരുമിച്ച് ജപമാല ചൊല്ലുകയും ചെയ്യുന്നവർ. കത്തോലിക്കാ വിശ്വാസം ഞങ്ങളെ കൂടുതൽ നല്ല മനുഷ്യരാക്കുന്നു."ഗായകസംഘത്തിലെ അംഗം കൂടിയാണ് അവർ. ദേവാലയ ഭിത്തിക്കുള്ളിൽ ദിവ്യബലിയർപ്പിക്കാൻ ഗവൺമെന്റ് അനുവാദം നൽകിയിട്ടുണ്ട്. പുറത്തിറങ്ങി പ്രദക്ഷിണങ്ങളും, പൊതുസ്ഥലത്ത് ആരാധനയും നടത്തരുതെന്ന് മാത്രം. ലോക യുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് അനേകം യുവജനങ്ങൾ. പലരും പോളണ്ടിലേക്കുള്ള യാത്രക്കൊരുങ്ങിക്കഴിഞ്ഞു.ഗവൺമെന്റും സഭാനേതൃത്വവും തമ്മിൽ സങ്കർഷങ്ങളുണ്ടാകാറുണ്ട്. പ്രത്യേകിച്ച് മെത്രാന്മാരെ റോമിൽനിന്ന് നിയോഗിക്കുന്ന കാര്യത്തിലാണത്. പുറം രാജ്യത്തുനിന്നുള്ള കടന്നുകയറ്റമായിട്ടാണ് അധികാരികൾ അതിനെ കാണുന്നത്. വത്തിക്കാനോടുള്ള അമിതമായ താല്പര്യം എന്ന കാരണത്താൽ ജയിലിൽ അടയ്ക്കപ്പെട്ട വൈദികരും മെത്രാന്മാരുമുണ്ട്.വിശുദ്ധ തോമസ് അക്വിനാസിനെ ചിത്രരചനയിൽ അവതരിപ്പിച്ചപ്പോൾ അതിന് അന്തർദേശീയ പുരസ്‌കാരത്തിനും അർഹയായി യാൻ ചു. ജീവിതത്തിന്റെ ലക്ഷ്യം മനസിലാക്കുന്നതിൽ ഈ ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ വ്യക്തി നൽകിയ സഹായം ചെറുതല്ലെന്ന് യാൻ ചു പറയുന്നു. ആ സ്‌നേഹമാണ് ചിത്രരചനയിൽ പ്രതിഫലിച്ചത്.Source: Sunday Shalom