News >> അര്‍മേനിയ സന്ദര്‍ശിച്ചതില്‍ സന്തോഷമെന്ന് പാപ്പാ ഫ്രാന്‍സിസ്
അര്‍മേനിയ സന്ദര്‍ശിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ക്രിസ്തുമതത്തെ ആദ്യമായി ദേശീയ മതമായി അംഗീകരിച്ച രാഷ്ട്രമാണിത്. എന്നെ സ്വീകരിച്ച സകലര്‍ക്കും നന്ദി! ഇതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം. ജൂണ്‍ 24-ന് ആരംഭിച്ച സന്ദര്‍ശനം 26-ാം തിയതി ഞായറാഴ്ച സമാപിച്ചു. അര്‍മേനിയിലെ സമയം ഞായറാഴ്ച വൈകുന്നേരം 6.30-ന് മടക്കയാത്ര ആരംഭിച്ച പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ സമയം രാത്രി 9 മണിയോടെ വത്തിക്കാനില്‍ തിരിച്ചെത്തും.
അര്‍മേനിയന്‍ സഭയെക്കുറിച്ച്:അപ്പസ്തോലന്മാരായ ബര്‍ത്തലോമിയോയും യൂദാ തദേവൂസുമാണ് ആദ്യനൂറ്റാണ്ടില്‍ ക്രിസ്തുസന്ദേശം അര്‍മേനിയയില്‍ എത്തിച്ചത്. മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചക്രവര്‍ത്തിയായിരുന്ന തിരിദാത്തെസ് മൂന്നാമന്‍ വിശ്വാസം സ്വീകരിച്ചു. അതോടെ 301-ാം ആണ്ടില്‍ ക്രിസ്തുമതം അര്‍മേനിയയുടെ ദേശീയ മതമായി ഉയര്‍ത്തപ്പെട്ടു. ചരിത്രത്തില്‍ ഏറ്റവുമധികം പൗരാണികതയുള്ള ക്രൈസ്തവസമൂഹമാണിത്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ ക്രൈസ്തവസമൂഹമെന്നും അര്‍മേനിയന്‍ സഭ വിശേഷിപ്പിക്കപ്പെടുന്നു.പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയയിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും അപ്പസ്തോലിക സഭയെന്ന പേരില്‍ അറിയപ്പെടുന്നു. പത്രോസിന്‍റെ പരമാധികാരം അംഗീകരിക്കാത്ത പൗരസ്ത്യ ക്രിസ്ത്യന്‍ സമൂഹമാണിത്. 451-ല്‍ കാല്‍സിദോണ്‍ സൂനഹദോസിന്‍റെ ക്രിസ്തുവിജ്ഞാനീയപരമായ പ്രബോധനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അര്‍മേനിയന്‍ സഭ റോമിനോട് ഇടയുന്നതും, പത്രോസിന്‍റെ പരമാധികാരം നിഷേധിച്ച് കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടത്തിലേയ്ക്ക് തിരിയുന്നതും. ഇന്ത്യയിലും കേരളത്തിലും ഇപ്പോഴുള്ള ഓര്‍ത്തഡോക്സ് സഭകള്‍ പോലെതന്നെ. നാലാം നൂറ്റാണ്ടില്‍ ജീവിച്ച പ്രബുദ്ധനായ പരിശുദ്ധ ഗ്രിഗരിയാണ് അര്‍മേനിയന്‍ സഭയുടെ പ്രഥമ നേതാവ്, അല്ലെങ്കില്‍ ഭരണകര്‍ത്താവ് (Holy Gregory, the Illuminator). അതിനാല്‍ ചിലര്‍ അര്‍മേനിയന്‍ സഭയെ പരിശുദ്ധ ഗ്രിഗരിയുടെ ഓര്‍ത്തഡോക്സ് സഭയെന്നും വിളക്കാറുണ്ട്. എന്നാല്‍ ആധുനിക അര്‍മേനിയന്‍ സഭ, ഇപ്പോള്‍ കാതോലിക്കോസ് കരേക്കിന്‍ രണ്ടാന്‍റെ നേതൃത്വത്തിലുള്ള ദേശീയ സഭാകൂട്ടായ്മയെ 'അര്‍മേനിയന്‍ അപ്പോസ്തിലക സഭ'യെന്ന് (Apostolic Church of Armenia) വിളിക്കുന്നതില്‍ അഭിമാനംകൊള്ളുന്നു.
പാപ്പാ ഫ്രാന്‍സിസിന്‍റെ ക്രൈസ്തവൈക്യ സന്ദര്‍ശനം:സഹോദരനെപ്പോലെ പാപ്പാ ഫ്രാന്‍സിസനെ സ്വാഗതംചെയ്തതും, തലസ്ഥാന നഗരമായ യേരവന്‍റെ പ്രാന്തത്തിലുള്ള ഏച്മിയാദ്സിന്‍ അരമനയില്‍ മൂന്നുദിവസം ആതിഥ്യംനല്‍കിയതും കാതോലിക്കോസ് കരേക്കിനാണ്. റോമുമായി സാഹോദര്യം നിലനിര്‍ത്തുന്ന സമഹൂമാണ് അര്‍മേനിയന്‍ അപ്പസ്തോലിക സഭ. തീര്‍ച്ചായും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സഭൈക്യപരമാണ്. ക്രൈസ്തവ സഭകളുടെ കാട്ടായ്മയും ക്രിസ്തുവിലുള്ള സാഹോദര്യവും വെളിപ്പെടുത്തുന്നതാണ്. അര്‍മേനിയയിലെ കത്തോലിക്കര്‍ ന്യൂനപക്ഷമാണ്. ലത്തീന്‍ സഭ എന്നതിനെക്കാള്‍, വിവിധ പൗരസ്ത്യ കത്തോലിക്കാ കൂട്ടായ്മയില്‍ പെട്ടവരാണ് അവിടെയുള്ള കത്തോലിക്കര്‍. അര്‍മേനിയയിലെ നഗരമായ ഗുമ്രി കേന്ദ്രീകരിച്ചുള്ള കത്തോലിക്കാ ഓര്‍ഡിനറിയേറ്റിന്‍റെ കീഴിലാണ് അര്‍മേനിയന്‍ കത്തോലിക്കാ സമൂഹങ്ങള്‍. ആര്‍ച്ചുബിഷപ്പ് റഫയേല്‍ മനാസ്സിനാണ് ഇപ്പോല്‍ ഓര്‍ഡിനറിയേറ്റിന്‍റെ ആര്‍ച്ചുബിഷപ്പ് (ഏകദേശം അതിരൂപതിയുടെ പദവിയുള്ള സഭാപ്രവിശ്യയാണ് ഓര്‍ഡിനറിയേറ്റ്). എന്നാല്‍ ലെബനോനില്‍ ആസ്ഥാനമുള്ള പാത്രിയര്‍ക്കിസ് ഗ്രിഗരി ഗബ്രയോണ്‍ സിലീസിയയുടെയും, ആര്‍മേനിയന്‍ കത്തോലിക്കാ സഭയുടെയും തലവനാണ്.Source: Vatican Radio