News >> ദളിത് ക്രൈസ്തവർക്ക് കൃഷി ചെയ്യാൻ് ഭൂമി നൽകില്ല


വിജയവാഡ: ദളിത് ക്രൈസ്തവർക്ക് ക്ഷേത്ര ഉടമസ്ഥതയിലുള്ള ഭൂമി കൃഷിയാവശ്യത്തിന് നൽകരുതെന്ന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ നിർദേശം.

ആന്ധ്രാപ്രദേശിൽ ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമി കൃഷിയാവശ്യത്തിനായി കൃഷിക്കാർക്ക് പാട്ടത്തിന് നൽകിയിരുന്നു. ഇതിൽ ഏകദേശം 30 ശതമാനത്തോളം പേർ ദളിത് ക്രൈസ്തവരാണ്. കൃഷിയല്ലാതെ ഇവർക്ക് മറ്റൊരു ഉപജീവനമാർഗമില്ല. 2015 നവംബർ ഒമ്പതിന് സർക്കാർ ഇറക്കിയ ഉത്തരവിൻപ്രകാരം ഹിന്ദുമത വിശ്വാസികൾ അല്ലാത്തവ്ക്ക് കൃഷിഭൂമി പാട്ടത്തിന് നൽകരുതെന്നും നിലവിലുള്ള അത്തരം പാട്ടങ്ങൾ റദ്ദാക്കി കൃഷിഭൂമി തിരിച്ചെടുക്കണമെന്നും നിഷ്‌കർഷിക്കുന്നു. ഇപ്പോൾ കൃഷിയിറക്കാനുള്ള സമയമാതിനാൽ ഇതു സംബന്ധമായ നോട്ടീസുകൾ ദളിത് ക്രൈസ്തവർക്ക് നൽകിത്തുടങ്ങി.

പ്രസ്തുത ഉത്തരവിൻപ്രകാരം ക്ഷേത്രകൃഷിഭൂമി പാട്ടത്തിനുവേണ്ട ദളിത് ക്രൈസ്തവർ ഇടവകയിൽനിന്ന് ഇവർ ക്രിസ്തുമത അനുയായികൾ അല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കൃഷിഭൂമി പാട്ടത്തിന് ഇവർക്ക് ലഭിക്കും. സമീപ കാലഘട്ടത്തിൽ ധാരാളം ദളിത് വിഭാഗക്കാർ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എന്നാൽ ഇവരിൽ നല്ലൊരു ശതമാനംപേർ പേരു മാറ്റുകയോ ജാതി മാറ്റുകയോ ചെയ്തിട്ടില്ല. അതിനാലാണ് ഇടവക വികാരിയിൽനിന്ന് ഇത്തരം സർട്ടിഫിക്കറ്റ് ഹജരാക്കാൻ നിർദേശിച്ചിക്കുന്നത്.

സർക്കാരിന്റെ പ്രസ്തുത ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പട്ടികജാതി പീഡനത്തിന് ആന്ധ്രാപ്രദേശ് എൻഡോമെന്റ് മന്ത്രി മാണിക്കയാലാ റാവുനെതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ നേതാവ് പി. നരസിംഹറാവു ആവശ്യപ്പെട്ടു.

Source: Sunday Shalom