News >> രൂപതയുടെ വളർച്ചയ്ക്ക് അടിസ്ഥാനം വിശ്വാസശക്തി: മാർ ആലപ്പാട്ട്
ഹൂസ്റ്റൺ : ഒന്നുമില്ലായ്മയിൽനിന്ന് നിരവധി ഇടവകകളും മിഷൻകേന്ദ്രങ്ങളുമായി അമേരിക്കയിലൂടനീളം വ്യാപിക്കുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ വളർച്ചയ്ക്ക് അടിസ്ഥാനമായത് വിശ്വാസത്തിന്റെ ശക്തിയാണെന്ന് സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്. പിയർലൻഡ് സെന്റ് മേരീസ് ദൈവാലയത്തിന്റെ കൂദാശാകർമത്തോട് അനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പിയർലൻഡ് മിഷന്റെ ഇടവകപ്രഖ്യാപന വും നിർവഹിച്ചു. രൂപതയിലെ 38^ാമത്തെ ഇടവകയാണ് പിയർലൻഡ്.വിശ്വസിക്കുന്നവൻ വലിയ അത്ഭുതങ്ങൾ ദർശിക്കും എന്ന തിരുവചനം ഉൾക്കൊണ്ട് വലിയ വിശ്വാസത്തോടെ ജീവിക്കണമെന്നും മാർ ആലപ്പാട്ട് ആഹ്വാനം ചെയ്തു. സ്വന്തം ദൈവാലയം എന്നത് ഒരു കാലത്ത് അമേരിക്കയിലെ സീറോ മലബാർ സഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം വിദൂര സ്വപ്‌നംമാത്രമായിരുന്നു. അമേരിക്കയിലെ ശുശ്രൂഷയ്‌ക്കെത്തിയ ആദ്യനാളുകളിൽ ഇവിടത്തെ സഭാംഗങ്ങളിൽനിന്ന് അക്കാര്യം നേരിട്ട് അറിയാനായിട്ടുണ്ട്. എന്നാൽ ചിക്കാഗോ കേന്ദ്രീകരിച്ച് സീറോ മലബാർ രൂപത സാധിതമായി. രൂപത 15 വർഷം പിന്നിടുന്നതിനിടയിൽ 38 ഇടവകകളും 38 മിഷൻകേന്ദ്രങ്ങളും രൂപീകൃതമായി. നമ്മിൽ കുടികൊള്ളുന്ന ദൈവവിശ്വാസത്തിന്റെ ശക്തിയാണ് ഇതിൽ അടിസ്ഥാനഘടകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദൈവാലയ അങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ മുത്തുകുടകളുടെ അകമ്പടിയോടെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. മുഖ്യാതിഥികളും പാരിഷ് കൗൺസിൽ പ്രതിനിധികളും ഭദ്രദീപം തെളിച്ചതോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിലും കൂദാശാകർമത്തിലും മാർ ജോയ് ആലപ്പാട്ടിനൊപ്പം രൂപതാ ചാൻസിലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, സഹവികാരി ഫാ. സ്റ്റീഫൻ കണിപ്പിള്ളിൽ, മുൻ വികാരിമാരായിരുന്ന ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ. വിൽസൻ ആന്റണി തുടങ്ങിയവർ സഹകാർമികരായി.ദൈവാലയ കൂദാശയെക്കുറിച്ചു ള്ള റവ. ഡോ. വേത്താനത്ത് വിശദവിവരങ്ങൾ അവതരിപ്പിച്ചത് വിശ്വാസികൾക്ക് വിശിഷ്യാ, പുതുതലമുറയ്ക്ക് പുത്തനറിവായിരുന്നു. ഇടവക ജനങ്ങളുടെ കൂട്ടായ പ്രാർത്ഥനയും പരിശ്രമവുമാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ദൈവാലയം എന്ന ചിരകാലസ്വപ്‌നം യാഥാർത്ഥ്യമാക്കിയതെന്ന് വികാരി ഫാ. നെടുവേലിചാലുങ്കൽ പറഞ്ഞു.തിരുക്കർമങ്ങൾക്കുശേഷം മാർ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ട്, പിയർലൻഡ് മേയർ ടോം റീഡ്, സ്റ്റാഫോൾഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു, ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പുതിയ ദൈവാലയത്തെയും ഇടവകാംഗങ്ങളെയും പിയർലാൻഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്ത പിയർലാൻഡ് സിറ്റി മേയർ ടോം റീഡ്, എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്ന ഔദ്യോഗിക പ്രഖ്യാപനം ദൈവാലയത്തിന് സമർപ്പിച്ചുകൊണ്ട് വായിച്ചതും ശ്രദ്ധേയമായി. ദൈവാലയ ട്രസ്റ്റി ബോർഡ് മെംബർമാരായ ജേക്കബ് തോമസ്, സിബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനയും കൈയ്‌മെയ് മറന്നുള്ള സാമ്പത്തിക സഹായവുമാണ് സ്വന്തം ദൈവാലയം എന്ന സ്വപ്‌നത്തിന് അടിസ്ഥാനമായത്. വിശ്വാസീസമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രഘോഷണംകൂടിയാണ് റക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ ദൈവാലയ നിർമാണം. 11,700 ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയാക്കിയ ദൈവാലയത്തിൽ മതബോധന ക്ലാസ് റൂമുകൾ, ചാപ്പൽ, ഓഫീസ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവകയിലെ പിയർലാൻഡ്, ക്ലിയർലേക്ക്, പാസഡീന, ലീഗ് സിറ്റി, ഗാൽവസ്റ്റൻ മുതലായ റീജ്യണുകളിലെ വിശ്വാസീസമൂഹത്തിനായി 2010 നവംബർ 28ന് മാസ് സെന്റർ രൂപീകൃതമായതോടെയാണ് പിയർലൻഡ് സമൂഹത്തിന്റെ ചരിത്രം ആരംഭിച്ചത്. അന്ന് ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക വികാരിയായിരുന്ന ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലച്ചന്റെയും പാരിഷ്‌കൗൺസിൽ അംഗങ്ങളുടെയും പിന്തുണയാണ് ഇത് സാധ്യമാക്കിത്. മികച്ച ജീവിതസാഹചര്യങ്ങൾതേടി ഗ്രേറ്റർ ഹൂസ്റ്റണിലേക്കുള്ള സീറോ മലബാർ കുടിയേറ്റം വർദ്ധിച്ചതും പുതിയ സംവിധാനം ക്രമീകരിക്കാൻ പ്രേരണയായി. 60 കുടുംബങ്ങളും 60ൽപ്പരം മതബോധന വിദ്യാർത്ഥികളുമാണ് അന്നുണ്ടായിരുന്നത്.ദിവ്യബലിയിൽ പങ്കെടുക്കാനു ള്ള സൗകര്യാർത്ഥം ആരംഭിച്ച സംവി ധാനം 2011ൽ മിഷൻ സ്റ്റേഷനായി ഉയർത്തപ്പെട്ടു. സെന്റ് ഫ്രാൻസിസ് കബ്രീനിയുടെ ദൈവാലയം കേന്ദ്രീകരിച്ച് ആരാധന നടത്തിയിരുന്നത്.മിഷൻ രൂപീകരിക്കപ്പെട്ടതോടെ സ്വന്തം ദൈവാലയം എന്ന സ്വപ്‌ന ത്തിനും ചിറകുമുളച്ചു. വിശ്വാസീസമൂഹത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് പറമ്പുകാട്ടിലച്ചന്റെ നേതൃത്വത്തിൽ 2012ൽ രൂപീകൃതമായ ബിൽഡിംഗ് കമ്മിറ്റി പിയർലൻഡിൽ 10 ഏക്കർ ഭൂമി വാങ്ങിയതോടെ നിർമാണ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലെത്തി. പറമ്പുകാട്ടിലച്ചൻ സ്ഥലം മാറിപ്പോയതിനെ തുടർന്ന് നിയമിതനായ ഫാ. സക്കറിയാസ് തോട്ടുവേലിസ്, ഫാ. വിൽസൺ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ബിൽഡിംഗ് കമ്മിറ്റിയും മിഷൻ കൗൺസിലും ഏക മനസോടെ നടത്തിയ പരിശ്രമങ്ങളും എടുത്തുപറയേണ്ടതുത ന്നെ.ഇന്ന് 120ൽപ്പരം കുടുംബങ്ങളും 167 മതബോധന വിദ്യാർത്ഥികളും ഇടവകയിലുണ്ട്. ഈ സമൂഹത്തിന്റെ വളർച്ചയുടെ രഹസ്യം ഐക്യത്തോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളാണ്. അതിനു തെളിവാണ് പിയർലൻഡിൽ വാങ്ങിയ 10 ഏക്കർ ഭൂമിയും പുതിയ ദൈവാലയവും. 2015 ഏപ്രിൽ 11നാണ് മാർ അങ്ങാടിയത്താണ് പുതിയ ദൈവാലയത്തിന്റെ കല്ലിടൽ കർമം നിർവഹിച്ച ദൈവാലയത്തിന്റെ നിർമാണവും റക്കോർഡ് വേഗത്തിലായിരുന്നു. 2015 ജുലൈയിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് കേവലം ഒൻപത് മാസങ്ങൾകൊണ്ടാണ്.Source: Sunday Shalom