News >> പതിനഞ്ച് മക്കളുള്ള കുടുംബത്തിലുണ്ടായ ദൈവവിളി
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സംസാരിക്കുന്നു?പതിനഞ്ച് മക്കളുള്ള ഒരു വലിയ കുടുംബത്തിൽ നിന്നാണല്ലോ അങ്ങ് അഭിഷിക്തനായത്. കുടുംബ പശ്ചാത്തലം ദൈവവിളിക്ക് എങ്ങനെ പ്രോത്സാഹനമായിത്തീർന്നുമാതാപിതാക്കന്മാരുടെ ത്യാഗപൂർണ്ണമായ ജീവിതവും പ്രോത്സാഹനവുമാണ് എന്റെ പൗരോഹിത്യ ദൈവവിളിക്ക് ഏറെ പ്രചോദനമായത്. ഞങ്ങളെ എല്ലാവരേയും എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയ്ക്ക് പറഞ്ഞയക്കുന്നതിലും കുടുംബപ്രാർത്ഥനയിലും ഇടവകയിലും കുടുംബസമ്മേളനങ്ങളിലും മറ്റു പങ്കെടുപ്പിക്കുന്നതിലും മാതാപിതാക്കൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.സഭാകാര്യങ്ങളിലും ദൈവിക കാര്യങ്ങളിലും ഇടപെടുന്നതിൽ നിന്നും ഒരിക്ക ലും പിന്തിരിയരുതെന്ന ബോധ്യവും അവർ ഞങ്ങൾക്ക് നൽകി. വൈദികരെയോ സിസ്റ്റേഴ്‌സിനെയോ വിമർശിക്കുകയോ അവരെ കുറ്റം പറയുന്നതോ മോശക്കാരായി ചിത്രീകരിക്കുന്നതോ ഒന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഞങ്ങളുടെ ദൈവവിളിക്ക് പിന്നിലുള്ള ഏക പ്രചോദനവും ഇതൊക്കെ തന്നെയാണ്.കുടുംബത്തിലെ മക്കളിൽ മുതിർന്ന ആളുകൾ വൈദികവൃത്തിയിലേക്കും സന്യാസത്തിലേക്കും തിരിഞ്ഞപ്പോൾ മറ്റുള്ളവർക്കും അത് പ്രചോദനമായി. എന്റെ കുടുംബത്തിൽ ആറ് വൈദികരും നാല് സിസ്റ്റേഴ്‌സുമാണുള്ളത്. മറ്റുള്ളവർ കുടുംബജീവിതം നയിക്കുന്നു. ഒരു വ്യക്തിയുടെ ദൈവവിളിക്ക് ഏറെ പ്രോത്സാഹനവും വളർച്ചയും നൽകുന്നതിൽ കുടുംബങ്ങൾക്കുള്ള പങ്ക് എന്നും നിർണ്ണായകമാണ്. ബൈബിൾ പാരായണം, വി. കുർബാനയിലെയും കൂദാശകളിലെയും സജീവപങ്കാളിത്തം, കുടുംബപ്രാർത്ഥന, മാതാപിതാക്കന്മാരുടെ മാതൃകാജീവിതം ഇവയൊക്കെ ദൈവവിളി കണ്ടെത്തുന്നതിനും അതിൽ ഉറച്ചു നിൽക്കുന്നതിലും യുവാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
? കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ദൈവവിളി സ്വീകരിക്കുന്നവരിൽ പ്രകടമായ മാറ്റങ്ങൾ വരുന്നതായി തോന്നിയിട്ടുണ്ടോ.ഉപഭോഗസംസ്‌കാരവും ആഡംബരജീവിതപ്രവണതയുമൊക്കെ യുവാക്കളിൽ ദൈവവിളി പ്രോത്സാഹനത്തിന് തടസ്സമാകാറുണ്ടെങ്കിലും കേരളത്തിലെ വൈദികരുടെ മാതൃകാജീവിതവും അവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളും കൊണ്ടാകണം വൈദികവൃത്തിയിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങളുടെ എണ്ണം ഏറിവരികയാണ്. ദൃശ്യമാധ്യമങ്ങളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും വൈദികരെയും സഭയെയും എത്രമാത്രം താറടിച്ചാലും പരിശുദ്ധാത്മാവ് നയിക്കുന്ന സഭയ്ക്ക് അതൊന്നും ഒരു കുറവും വരുത്തുകയില്ല എന്നതിന്റെ തെളിവാണിത്. ഉത്തമ ജീവിതം നയിക്കുന്ന ധാരാളം സന്യാസിനികൾ നമുക്കുണ്ടെങ്കിലും സന്യാസദൈവ വിളികൾ പ്രോത്സാഹിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.
? കുടുംബ പ്രേഷിത രംഗത്ത് നാം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ.കുടുംബത്തിനെതിരായ തിന്മകൾ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുടുംബങ്ങൾ വിശുദ്ധിയുടെ കേന്ദ്രമായി മാറണം. മരണ സംസ്‌കാരം വളർത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം. വിവാഹം സൗഹൃദമായി മാത്രം കാണുന്ന നിലപാടുകൾ, കുട്ടികൾ വേണ്ടാ, അബോർഷൻ തുടങ്ങിയവയിൽ നിന്നെല്ലാം മാറി നിൽക്കുവാൻ നാം സമൂഹത്തെ ഒരുക്കണം.പഠനറിപ്പോർട്ടുകളനുസരിച്ച് 25 വർഷം കഴിയുമ്പോൾ കേരളത്തിലെ ജനസംഖ്യയിൽ 80 ശതമാനം വൃദ്ധരാകും. അണുകുടുംബങ്ങളിലെ മൂന്നാം തലമുറ ഏറ്റവും കുറഞ്ഞത് നാല് വൃദ്ധരെയെങ്കിലും സംരക്ഷിക്കേണ്ടിവരും. ജീവിതപങ്കാളിയുടെ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടിവന്നാൽ ഭാരം വർധിക്കും. ബന്ധങ്ങൾക്ക് കടുത്ത ഉലച്ചിൽ നേരിടും. ദയാവധം പോലെയുള്ള രീതികൾ ആ നാളുകളിൽ സജീവമാകാനുള്ള സാധ്യതയും ഏറെയാണ്. കുടുംബങ്ങളിൽ കുട്ടികളില്ലാത്ത അവസ്ഥയുണ്ടാകും. ഇത് വളരെയേറെ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. വിവാഹവും കുടുംബജീവിതവും ശ്രേഷ്ഠമായി നിലനിൽക്കുന്ന സമൂഹത്തിൽ നിന്നേ ആത്മനിയന്ത്രണവും അച്ചടക്കവും വിശുദ്ധിയുമുള്ള നല്ല തലമുറ രൂപപ്പെടുകയുള്ളൂ.
? യുവജനങ്ങൾക്ക് നല്കുവാനുള്ള ഉപദേശം എന്താണ്.പുരോഹിതനായിരിക്കുന്നതിൽ അത്യധികം സന്തോഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പുരോഹിതനോ മെത്രാനോ തന്റെ ജനത്തിനുവേണ്ടി എളിമയോടുകൂടി ജീവിക്കുവാൻ വിളിക്കപ്പെട്ടവനാണ്. കർഷകരും കഠിനാധ്വാനികളുമായ മാതാപിതാക്കന്മാരുടെ മകനായി ജനിച്ചു എന്നതുകൊണ്ട് എന്റെ പൗരോഹിത്യ ദൈ വവിളിക്ക് ഒരു തടസവും ഉണ്ടായിയിട്ടില്ല. ലാളിത്യത്തോടുകൂടി പരാതികൂടാതെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിളിയും നിയോഗവുമാണ്. പൗരോഹിത്യം എത്രയോ മഹനീയമായ ദൈവവിളിയാണെന്ന് ഓരോ ദിവസവും ആഴത്തിൽ അറിയുകയാണ് ഞാൻ. ദൈവവിളി ദൈവത്തിന്റെ മഹാദാനമാണ്. ക്രിസ്തുവിന്റെ ദൗത്യം നിറവേറ്റാനുള്ള വിളിയായിരിക്കണം യുവാക്കൾ ഇതിലൂടെ സ്വീകരിക്കേണ്ടത്. പഠിപ്പിക്കുക. നയിക്കുക. വിശുദ്ധീകരിക്കുക എന്ന ത്രിവിധ ദൗത്യങ്ങൾ നിർവ്വഹിക്കുവാൻ വൈദികർ തയാറാകണം അടിയുറച്ച പ്രാർത്ഥനാജീവിതവും ലളിത ജീവിതശൈലിയും പുരോഹിതർ സ്വീകരിക്കണം. അതിലൂടെ ക്രിസ്തുവിന്റെ പുരോഹിതരായി മാറി വിശുദ്ധ ജീവിതം നയിക്കാൻ നമ്മുടെ യുവജനങ്ങൾക്ക് വളരെ എളപ്പത്തിൽ കഴിയും.ഒരു കുടുംബത്തിൽ നിന്ന് ഒരാളെയെങ്കിലും ദൈവവേലയ്ക്കായി നൽകണമെന്ന് എല്ലാ കുടുംബങ്ങളും പ്രാർത്ഥിച്ചിരുന്ന കാലത്താണ് നമ്മുക്ക് നല്ല ദൈവവിളികൾ ഉണ്ടായത്. വൈദിക-സന്യസ്ത-വൈവാഹിക-ഏകസ്ഥ ജീവിതാന്തസുകളാണ് ഇന്ന് നമ്മുടെ ഇടയിൽ ഉള്ളത്. ഇതിൽ സമർപ്പിത ജീവിതത്തിലേക്ക് ധാരാളം ദൈവവിളികളുണ്ടാകാൻ നാം പ്രാർത്ഥിക്കണം. കാരണം സമർപ്പിത ജീവിതത്തിന് സവിശേഷമായ സ്ഥാനം നമ്മുടെ ദൈവജനത്തിന്റെ ഇടയിലുണ്ട്.ഈശോ തന്റെ ശിഷ്യന്മാരെ "എന്നെ അനുഗമിക്കുക" (മർക്കോ 1:17) എന്നു പറഞ്ഞു കൊണ്ടാണ് വിളിക്കുന്നത്. ദൈവം വിളിക്കുന്നത് എപ്പോഴാണെങ്കിലും ഒരു പ്രത്യേക ദൗത്യം പൂർത്തിയാക്കുന്നതിനാണ്.
മോശയേയും (പുറ 3:1-8),ദാവീദിനെയും ജറമിയായെയും (ജറ1:1-19) മറ്റ് രാജാക്കന്മാരെയും പ്രവാചകന്മാരെയും ന്യായാധിപന്മാരെയും ദൈവം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നല്ലോ. ദൈവദൗത്യം നിറവേറ്റുവാൻ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ദൈവത്തിന്റെ ഇഷ്ടത്തോടുകൂടിയ സ്വതന്ത്രമായ തിരഞ്ഞെടുപ്പുമായിരുന്നു അത്. തിരഞ്ഞെടുത്തവർക്ക് ദൗത്യം പൂർത്തിയാക്കുവാൻ അവിടുന്ന് ആവശ്യമായ എല്ലാ കൃപകളും നൽകി. അതുകൊണ്ടാണ് വിക്കനായിരുന്ന മോശയ്ക്കും ബാലനായിരുന്ന സാമുവേലിനും യുവാവായ ദാവീദിനുമൊക്കെ ദൗത്യങ്ങൾ ദൈവേഷ്ടത്തിനുസരണം പൂർത്തിയാക്കാൻ സാധിച്ചത്. ഇന്നും ദൈവം മാനുഷിക യോഗ്യതകൾ നോക്കിയല്ല തന്റെ തെരഞ്ഞെടുപ്പ് നടത്തുന്നത്. തിരഞ്ഞെടുത്ത് യോഗ്യരാക്കുന്നതാണ് ദൈവത്തിന്റെ ശൈലി. അതായത് കുറവുകളെ സദാ പരിഹരിക്കുന്ന കർത്താവാണ് വൈദിക-സന്യസ്ത വിളികളെ പരിപോഷിപ്പിക്കുന്നതും പൂർണ്ണമാക്കുന്നതും. അണു കുടുംബങ്ങളുടെ ആധിക്യം സമർപ്പിത വിളികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും കർത്താവ് തന്റെ തിരഞ്ഞെടുപ്പ് നിരന്തരം നടത്തികൊണ്ടിരിക്കുന്നു. യുവതീയുവാക്കൾ ഈ ദൈവവിളി തിരിച്ചറിയണം.
? ക്രൈസ്തവർക്കിടയിൽ വിവാഹപ്രായം വർദ്ധിച്ച് വരുന്നില്ലേവിവാഹപ്രായം ഒരു കാരണവശാലും നീട്ടിക്കൊണ്ടുപോകരുത്. ഇടുക്കി രൂപതയിൽ ഒരു വർഷം 2100 ഓളം യുവതീയുവാക്കൾ വിവാഹത്തിന് തയാറാകുന്നു എന്നാണ് കണക്ക്. ഇവിടെ 1880 പുരുഷന്മാർ 30 വയസ് കഴിഞ്ഞിട്ടും വിവാഹം പലവിധ കാരണങ്ങളാൽ നീട്ടിക്കൊണ്ടുപോകുന്നു. ലോകത്തിലെ 180 ഓളം രാജ്യങ്ങൾ പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും വിവാഹപ്രായമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വിവിധ കാരണങ്ങൾകൊണ്ട് സമ്പത്തും ജോലിയും ഭൗതിക സാഹചര്യങ്ങളുമെല്ലാം ഒരുക്കി യശേഷം വിവാഹത്തിനണയുമ്പോൾ അ ടുത്ത തലമുറയുടെ ഭാവിയാണ് ദുരിതപൂർണമാക്കുന്നത്. 30 വയസുകഴിഞ്ഞ് വിവാഹം നടത്തുന്നവർ ഭാവി തലമുറയെ കൂടുതൽ ഭാരപ്പെടുത്തുന്നു. വീടുണ്ടാക്കിയിട്ടും കടം തീർത്തിട്ടും കല്യാണം മതിയെന്ന് ചിന്തിക്കുന്നവർക്ക് നാൽപതും അമ്പതും വയസായിട്ടും വിവാഹം നടക്കാതെ പോകുന്നു. യൗവനാരംഭത്തിലേ വിവാഹിതരാകുന്നവരിലൂടെ, ഭാര്യാഭർതൃബന്ധം ദൃഢവും മാനസിക കൂട്ടായ്മ ആഴമേറിയതുമാകുമെന്ന് നിരവധി പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. ഇടുക്കി രൂപതയിൽ 2012 മാർച്ച് മുതൽ ഒരു വർഷത്തേക്ക് വിവാഹത്തിനിടയിൽ ലഭിക്കുന്ന കാഴ്ചസമർപ്പണം സ്ത്രീധനരഹിതവിവാഹത്തിന് തയാറാകുന്ന യുവതീ യുവാക്കൾക്കാ യി മാറ്റിവയ്ക്കാനും രൂപതാംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
(കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ദൈവവിളികളുള്ള ഇടുക്കി രൂപതയുടെ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സഹോദരരായ ആറ് വൈദികരും നാല് സിസ്റ്റേഴ്‌സും അഞ്ച് വിവാഹിതരുമായുള്ള കുടുംബത്തിലെ അംഗമാണ്.)പി.കെ ആഞ്ചലോSource: Sunday Shalom