News >> വിശ്വാസത്തിന്‍റെ കൃപയാല്‍ തുറക്കപ്പെടുന്ന ജീവിതം
റോമാപുരിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ, വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ അനുവര്‍ഷം ജൂണ്‍ 29 ന് ആചരിക്കപ്പെടുന്നു. ഈ തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലും റോമിലും പൊതുഅവധിയാകയാല്‍ ഈ തിരുന്നാള്‍ദിനമായിരുന്ന ഈ ബുധനാഴ്ച(29/06/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ചില്ല. ഈ തിരുന്നാള്‍ദിനത്തില്‍ രാവിലെ 09.30ന് വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സാഘോഷമായ സമൂഹദിവ്യബലി പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ടു. പതിവുപോലെ ഇക്കൊല്ലവും കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെ ഒരു പ്രതിനിധിസംഘം ഈ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടു. ഓര്‍ത്തൊഡോക്സ് മെത്രാപ്പോലീത്ത മെത്തോഡിയോസ്, മെത്രാന്മാരായ തെല്‍മെസ്സാസ്, ജോബ്, വെദികന്‍ നെഫോണ്‍ ത്സെമാലിസ് എന്നീ നാലുപേരടങ്ങിയതായിരുന്നു ഈ പ്രതിനിനിധി സംഘം. കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ, നവമ്പര്‍ 30 ന് കോണ്‍സ്റ്റന്‍റിനോപ്പിളില്‍ നടത്തപ്പെടുന്ന തിരുന്നാളാഘോഷങ്ങളില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ ഒരു പ്രതിനിധിസംഘവും അനുവര്‍ഷം പങ്കുചേരാറുണ്ട്. കത്തോലിക്കാഓര്‍ത്തഡോക്സ് സഭകളുടെ പുനരൈക്യശ്രമങ്ങളുടെ ഭാഗമാണ് ഈ വാര്‍ഷിക സന്ദര്‍ശന പ്രതിസന്ദര്‍ശനങ്ങള്‍.വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ സഹകാര്‍മ്മികര്‍ നാന്നൂറിലേറെ ആയിരുന്നു. ഇവരില്‍ പാലീയം സ്വീകരിക്കേണ്ടവരായ വിവിധരാജ്യക്കാരായ മെത്രാപ്പോലീത്താമാര്‍ക്കു പുറമെ 40 കര്‍ദ്ദിനാള്‍മാരും 50 മെത്രാന്മാരും 300 വൈദികരും ഉള്‍പ്പെട്ടിരുന്നു.ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മെത്രാപ്പോലീത്തമാരായി ഉയര്‍ത്തപ്പെട്ട പതിനഞ്ചു നാട്ടുകാരായ 25 പേര്‍ക്കുള്ള പാലീയം പാപ്പാ ഈ തിരുക്കര്‍മ്മ മദ്ധ്യേ വെഞ്ചെരിച്ചു. റോമന്‍ സഭയുമായുള്ള കൂട്ടായ്മയില്‍ ഓരോ മെത്രാപ്പോലീത്തായ്ക്കും സ്വന്തം സഭാഭരണഭരണപ്രവിശ്യയിലുള്ള അജപാലനാധികാരത്തിന്‍റെ അടയാളമായി നല്കപ്പെടുന്നതാണ് പാലീയം. ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ പുതിയ മെത്രാപ്പോലീത്തമാരെ പാലീയം അണിയിച്ചിരുന്നത് വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച്, പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ക്കുര്‍ബ്ബാനമദ്ധ്യേ പാപ്പാതന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു ചെയ്യുന്നത് മെത്രാപ്പോലീത്ത സേവനമനുഷ്ഠിക്കുന്ന നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ, അഥവാ, പാപ്പായുടെ പ്രതിനിധി ആണ്.നീ പത്രോസാകുന്നു... TU ES PETRUS... എന്നീ വാക്കുകളില്‍ ആരംഭിക്കുന്ന ഭക്തിസാന്ദ്രമായ ലത്തീന്‍ പ്രവേശനഗീതം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഉയര്‍ന്നപ്പോള്‍ അള്‍ത്താരശുശ്രൂഷകരും പാലീയം സ്വീകരിക്കേണ്ടവരായ മെത്രാപ്പോലീത്തമാരുമുള്‍പ്പെട്ട ചുവന്ന തിരുവസ്ത്രധാരികളായ സഹകാര്‍മ്മികരും ഫ്രാന്‍സീസ് പാപ്പായും പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങി. ധൂപാര്‍പ്പണത്തിനും പ്രാരംഭപ്രാര്‍ത്ഥനകള്‍ക്കും ശേഷം, പാലീയം സ്വീകരിക്കേണ്ടവരായ പുതിയമെത്രാപ്പോലീത്താമാര്‍ റോമിലെ സഭയുടെ അപ്പസ്തോലനായ പത്രോസിനോടും പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായോടുമുള്ള വിശ്വസ്ഥതയും വിധേയത്വവും പ്രഖ്യാപിച്ചു. തദ്ദനന്തരം പാപ്പാ ഇവര്‍ക്ക് പിന്നീട് നല്കപ്പെടേണ്ടതായ പാലീയം വെഞ്ചെരിച്ചു.പാലീയം വെഞ്ചെരിപ്പുകര്‍മ്മത്തിനു ശേഷം അനുതാപ ശുശ്രൂഷയുടെ ഭാഗമായ കര്‍ത്താവേ കനിയേണമേ എന്ന പ്രാര്‍ത്ഥനയോടെ പാപ്പാ വിശുദ്ധകുര്‍ബ്ബാന തുടര്‍ന്നു. വചന ശുശ്രൂഷാവേളയില്‍ മത്തായിയുടെ സുവിശേഷം പതിനാറാം അദ്ധ്യായം 13 മുതല്‍ 19 വരെയുള്ള വാക്യങ്ങള്‍, അതായത്, നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്ന് പത്രോസ് വിശ്വാസം പ്രഖ്യാപിക്കുന്ന ഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പായുടെ വചനസമീക്ഷയായിരുന്നു.
പാപ്പായുടെ വചനസന്ദേശം: ഇന്നത്തെ ആരാധനാക്രമത്തിലെ ദൈവവവചനം അടയ്ക്കലിന്‍റെയും തുറക്കലിന്‍റെയുമായ സുവ്യക്തമായ കാതലായ രണ്ട് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈ ചിത്രത്തോടു നമുക്ക്, യേശു ശിമയോന്‍ പത്രോസിന് വാഗ്ദാനം ചെയ്യുന്ന താക്കോല്‍ എന്ന പ്രതീകവും ചേര്‍ത്തുവയ്ക്കാം. സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനകവാടം തുറക്കുന്നതിനുള്ളതാണ് ഈ താക്കോല്‍. തീര്‍ച്ചയായും അത്, ചില നിയമജ്ഞരും ഫരിസേയരും ചെയ്തിരുന്നതു പോലെ ജനങ്ങള്‍ക്കു മുന്നില്‍ വാതില്‍ അടച്ചിടുന്നതിനുള്ളതല്ല. ഈ നിയമജ്ഞരേയും ഫരിസേയരേയും യേശു ശാസിക്കുന്നുണ്ട്. (മത്തായി 23,13) ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 12, 1 മുതല്‍ 11 വരെയുള്ള വാക്യങ്ങള്‍ അടച്ചിടലിന്‍റെ മൂന്നു ഉദഹാരണങ്ങള്‍ നിരത്തുന്നുണ്ട്. അതായത്, പത്രോസിന്‍റെ കാരാഗൃഹ വാസം, മറ്റൊന്ന് പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുന്ന സമൂഹം, അടുത്തത്, ഈ വായനാഭാഗത്തിന്‍റെ തുടര്‍ച്ചായി വരുന്നതാണ്- അതായത്, കാരഗൃഹത്തില്‍ നിന്ന് പുറത്തുകടന്നതിനു ശേഷം പത്രോസ് വാതിലില്‍ മുട്ടുന്ന ഭവനം. അത് മാര്‍ക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്‍റെ അമ്മയായ മറിയത്തിന്‍റെ ഭവനമായിരുന്നു. ഈ അടച്ചിടലുകളില്‍ പ്രാര്‍ത്ഥനയാണ് മുഖ്യ രക്ഷാമാര്‍ഗ്ഗമായി പ്രത്യക്ഷപ്പെടുന്നത്. പീഢനനവും ഭയവും മൂലം സ്വയം അടച്ചുപൂട്ടിയിരിക്കുന്ന അപകടത്തിലാകുന്ന സമൂഹത്തിന് രക്ഷയുടെ മാര്‍ഗ്ഗമാകുന്നു അത്. കര്‍ത്താവ് ഭരമേല്പിച്ച ദൗത്യത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ഹേറോദേസ് തുറുങ്കിലടയ്ക്കുകയും വധിക്കപ്പെടുന്ന അപകടത്തിലാകുകയും ചെയ്ത പത്രോസിനും പ്രാര്‍ത്ഥന മോചനമാര്‍ഗ്ഗമാകുന്നു. കാരാഗൃഹത്തിലടയ്ക്കപ്പെട്ട പത്രോസിനു വേണ്ടി സഭ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 12,5) കര്‍ത്താവ് പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളുന്നു. ഹേറൊദേസിന്‍റെ കരങ്ങളില്‍നിന്ന് പത്രോസിനെ മോചിപ്പിക്കുന്നതിന് കര്‍ത്താവ് തന്‍റെ ദൂതനെ അയക്കുന്നു. ദൈവത്തിനും അവിടത്തെ ഹിതത്തിനും താഴ്മയോടെയുള്ള സമര്‍പ്പണമെന്ന നിലയില്‍ പ്രാര്‍ത്ഥന എന്നും നമ്മുടെ വൈക്തികവും സമൂഹപരവുമായ അടച്ചിടലുകളില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമാണ്. ഇത് അടച്ചിടലുകളില്‍നിന്നു പുറത്തുകടക്കാനുള്ള വലിയ വഴിയാണ്. താനും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച്, തന്‍റെ മോചനാനുഭവത്തെക്കുറിച്ച്, പൗലോസും, തിമോത്തെയോസിനുള്ള ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കര്‍ത്താവ് അവന്‍റെ ചാരെ ആയിരിക്കുകയും വിജാതിയരുടെ സുവിശേഷവത്ക്കരണമെന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിനായി ശക്തി പകരുകയും ചെയ്തു. (2 തിമോത്തി 4,17) എന്നാല്‍ ഉപരിവിശാലമായ അനന്തവിശാലമായ ഒരു ചക്രവാളത്തിലേക്കുള്ള കൂടുതല്‍ വലിയതായൊരു തുറവിനെക്കുറിച്ച് പൗലോസ് പറയുന്നുണ്ട്. അത് ഭൗമിക ഓട്ടം പൂര്‍ത്തിയാക്കിയതിനുശേഷം ലഭിക്കാനിരിക്കുന്ന നിത്യജീവന്‍റെതാണ്. ആകയാല്‍ സുവിശേഷത്തിന്‍റെ ശക്തിയാലുള്ള മോചനമായി അപ്പസ്തോലന്‍റെ ജീവിതത്തെ നോക്കിക്കാണുക മനോഹരം തന്നെ. പൗലോസപ്പസ്തോലന്‍റെ ജീവിതം, പ്രഥമത: ക്രിസ്തുവിനെ ഇനിയും അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് അവിടത്തെ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. അടുത്ത ലക്ഷ്യം, അവിടത്തെ സ്വര്‍ഗ്ഗരാജ്യത്തിലേക്കായി തന്നെ കാത്തുകൊള്ളുന്നതിന് അവിടത്തെ കരങ്ങളിലേക്ക് സ്വയം എറിഞ്ഞുകൊടുക്കുകയുമായിരുന്നു. നമുക്ക് പത്രോസിലേക്കു മടങ്ങിവാരം. പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനത്തെയും, തുടര്‍ന്ന് യേശു അദ്ദേഹത്തെ ഏല്പിക്കുന്ന ദൗത്യത്തെയും കുറിച്ചുള്ള സുവിശേഷവിവരണം നമുക്കു കാട്ടിത്തരുന്നത് ഗലീലിയിയെ മാത്സ്യനായ ശിമയോന്‍റെ ജീവിതം, നാമോരോരുത്തരുടെയും ജീവിതം പോലെ തന്നെ, ദൈവപിതാവില്‍ നിന്ന് വിശ്വാസത്തിന്‍റെ കൃപ സ്വീകരിക്കുമ്പോള്‍ തുറക്കപ്പെടുന്നു, പൂര്‍ണ്ണമായി തുറക്കപ്പെടുന്നു എന്നാണ്. അപ്പോള്‍ ശിമയോനാകട്ടെ വഴിയിലേക്കിറങ്ങുന്നു, സുദീര്‍ഘവും ദുര്‍ഘടം പിടിച്ചതുമായ സരണി. തന്നില്‍ നിന്നുതന്നെയും മാനുഷികമായ സുരക്ഷിതത്വങ്ങളില്‍ നിന്നും, സര്‍വ്വോപരി, ധൈര്യത്തോടും അപരന്‍റെ കാര്യത്തിലുള്ള ഉദാരതയാര്‍ന്ന ഔത്സുക്യത്തോടും കൂടിച്ചേര്‍ന്ന അഹംഭാവത്തില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിക്കുന്ന പാതയാണത്. മോചനത്തിന്‍റെ ഈ പ്രക്രിയയില്‍ യേശുവിന്‍റെ ഈ പ്രാര്‍ത്ഥന നിര്‍ണ്ണായകമാണ്: ശിമയോനെ
നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.( ലൂക്കാ,22,32) പത്രോസ് തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിനു ശേഷം യേശു അവനെ നോക്കിയ കരുണനിറഞ്ഞ നോട്ടവും അതുപോലെതന്നെ നിര്‍ണ്ണായകമാണ്. ആ കടാക്ഷം അവന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു, അനുതാപക്കണ്ണീരൊഴുകുകയും ചെയ്യുന്നു. ആ നിമിഷം പത്രോസ് അവന്‍റെ ഔദ്ധത്യവും ഭീതിയും നിറഞ്ഞ അഹത്തില്‍ നിന്ന് സ്വതന്ത്രനാകുകയും കുരിശിന്‍റ പാതയിലൂടെ തന്നെ പിന്‍ചെല്ലാനുള്ള യേശുവിന്‍റെ വിളിയ്ക്ക് മുന്നില്‍ ഹൃദയം അടച്ചിടാനുള്ള പ്രലോഭനത്തെ ജയിക്കുകയും ചെയ്തു. താന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ, പാരയണം ചെയ്യപ്പെട്ട അപ്പസ്തോല പ്രവര്‍ത്തനഭാഗങ്ങളുടെ തുടര്‍ന്നു വരുന്ന ഭാഗവും ശ്രദ്ധേയമാണ്. ഹേറൊദേസിന്‍റെ കാരാഗൃഹത്തില്‍ നിന്ന് അത്ഭുതകരമായി പുറത്തുകടന്ന പത്രോസ് മാര്‍ക്കോസ് എന്നു വിളിക്കപ്പെടുന്ന യോഹന്നാന്‍റെ അമ്മയുടെ ഭവനത്തിലേക്കു പോകുന്നു. ആ ഭവനത്തിന്‍റെ വാതിലില്‍ മുട്ടുന്നു, റോദ് എന്ന വീട്ടുവേലക്കാരി വിടിനകത്തു നിന്ന് പ്രത്യുത്തരിക്കുന്നു. പത്രോസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞ അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ആനന്ദത്താല്‍ മതിമറന്ന് അവള്‍ വാതില്‍ തുറക്കുന്നതിനു പകരം വീട്ടുടമസ്ഥയെ വിവിരം ധരിപ്പിക്കാന്‍ ഓടുന്നു. ഈ വിവരണം ഒരു തമാശയായി തോന്നാം. വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന, ദൈവത്തിന്‍റെ വിസ്മയങ്ങള്‍ക്കു മുന്നിലും സ്വയം അടച്ചിട്ട, ക്രൈസ്തവസമൂഹം അകപ്പെട്ടിരുന്ന ഭീതിയുടെ അവസ്ഥ മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നു. പത്രോസ് വാതിലില്‍ മുട്ടുന്നു.. നോക്കൂ, ഇവിടെ ആനന്ദമുണ്ട്, ഭീതിയുണ്ട്.. നമ്മള്‍ വാതില്‍ തുറക്കുമോ അതോ, തുറക്കാതിരിക്കുമോ. പത്രോസ് അപകടത്തിലാണ്, അദ്ദേഹത്തെ കാവല്‍ക്കാര്‍ പിടികൂടാം. ഭയം എന്നും നമ്മെ തടയുന്നു, നമ്മെ അടച്ചിടുന്നു, ദൈവത്തിന്‍റെ വിസ്മയങ്ങള്‍ക്കു മുന്നിലും നമ്മെ അടച്ചിടുന്നു. ഈ പ്രത്യേക അവസ്ഥ സഭയ്ക്ക് എന്നുമുള്ള പ്രലോഭനത്തെക്കുറിച്ച്, അതായത് അപകടങ്ങള്‍ക്കുമുന്നില്‍ തന്നില്‍ത്തന്നെ അടച്ചിടുന്നതിനുള്ള പ്രലോഭനത്തെക്കുറിച്ച് നമ്മോടു പറയുന്നു. എന്നാല്‍ ഇവിടെയും നമ്മള്‍ കാണുന്നു ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ചെറിയൊരു തുറവ്. ലൂക്കാ നമ്മോടു പറയുന്നത് ആ ഭവനത്തില്‍ അനേകര്‍ സമ്മേളിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നാണ്. മോചനത്തിന്‍റെ പാത തുറക്കാന്‍ പ്രാര്‍ത്ഥന വരപ്രസാദത്തെ പ്രാപ്തമാക്കുന്നു. അടച്ചിടലില്‍നിന്ന തുറവിലേക്കും ഭീതിയില്‍ നിന്ന് ധൈര്യത്തിലേക്കും സന്താപത്തില്‍ നിന്ന് സന്തോഷത്തിലേക്കും തുറക്കുന്ന പാതയാണത്. പിളര്‍പ്പില്‍ നിന്ന് ഐക്യത്തിലേക്കുള്ള പാതയെന്നും നമുക്ക് കൂട്ടിച്ചേര്‍ക്കാം. റോമിന്‍റെ സ്വര്‍ഗ്ഗീയസംരക്ഷകരായ വിശുദ്ധരുടെ തിരുന്നാളില്‍ പങ്കുകൊള്ളുന്നതിന് എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമേയൊ അയച്ച പ്രതിനിധികളായ സഹോദരങ്ങളോടു ചേര്‍ന്ന് വിശ്വാസത്തോടുകൂടി അത് നമുക്ക് പറയാം. ഇത് ആകമാനസഭയുടെ കൂട്ടായ്മയുടെ ഉത്സവമാണ്. പാലീയ വെഞ്ചെരിക്കുന്ന കര്‍മ്മത്തിനെത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തമാരുടെ സാന്നിധ്യം ഇതിനു തെളിവാണ്. ഈ പാലീയം ഈ മെത്രാപ്പോലീത്താമാര്‍ക്ക് അവരവരുടെ ആസ്ഥാനത്തുവച്ച് എന്‍റെ പ്രതിനിധികള്‍ നല്കും. നമ്മുടെ ഈ യാത്ര ആനന്ദത്തോടെ പൂര്‍ത്തിയാക്കാനും ദൈവത്തിന്‍റെ വിമോചനദായക പ്രവര്‍ത്തനം അനുഭവിച്ചറിയാനും അതിന് സകലരുടെയും മുന്നില്‍ സാക്ഷ്യമേകാനും നമുക്കു കഴിയുന്നതിന് വിശുദ്ധരായ പത്രോസും പൗലോസും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. ഈ വാക്കുകളില്‍ തന്‍റെ സുവിശേഷസന്ദേശം ഉപസംഹരിച്ചതിനുശേഷം പാപ്പാ വിശ്വാസ പ്രമാണത്തോടുകൂടി ദിവ്യബലി തുടര്‍ന്നു. ഈ തിരുക്കര്‍മ്മത്തിന്‍റെ അവസാനം പാപ്പാ എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കി.Source: Vatican Radio