News >> ബ്രെക്‌സിറ്റിനെക്കുറിച്ച് പാപ്പയുടെ പ്രതികരണം


വത്തിക്കാൻ സിറ്റി: സ്ഥൂലമായ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളെ ഒന്നിച്ചുനിർത്താൻ ക്രിയാത്മകമായ പുതിയ മാർഗങ്ങൾ തേടണമെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്പിലും പുറത്തും വിതയ്ക്കപ്പെടുന്ന വിഭാഗീയതയുടെ അന്തരീക്ഷത്തെക്കുറിച്ച് യൂറോപ്പ് വിചന്തനം ചെയ്യണമെന്നും അർമേനിയയിൽ നിന്ന് വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ വാർത്താലേഖകരോട് മാർപാപ്പ പങ്കുവച്ചു.

യു.കെയെ പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് താൻ പഠിച്ചിട്ടില്ലെന്നും എന്നാൽ വിഭാഗീയതകൾ ഉണ്ടെന്നുള്ളത് വ്യക്തമാണെന്നും പാപ്പ 'ബ്രെക്‌സിറ്റി'നെക്കുറിച്ച് പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ അടിസ്ഥാനമായ ശക്തി വീണ്ടും കണ്ടെത്തണം. ആരോഗ്യകരമായ അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും ഭാവാത്മകതയിൽ നിന്നും ശക്തി സ്വീകരിക്കണം. യൂണിയനിലെ അംഗങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കണം. യൂറോപ്യൻ യൂണിയനിൽ എല്ലാം ശരിയായിട്ടല്ല നടക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ കുളിപ്പിച്ച് കുളിപ്പിച്ച് വെള്ളത്തോടൊപ്പം കുട്ടിയെക്കൂടി പുറത്തേക്കെറിയുന്ന സ്ഥിതിയുണ്ടാകരുത്. ഒന്നിച്ചു നിൽക്കാനുള്ള ആഗ്രഹം ഉജ്ജ്വലിപ്പിക്കുക എന്നതാണ് പ്രധാനം. മതിലുകളെക്കാളാൾ പാലങ്ങളാണ് നല്ലത്; പാപ്പ വ്യക്തമാക്കി.

Source: Sunday Shalom