News >> പഞ്ചാബിൽ ക്രൈസ്തവരുടെ വോട്ടിന് രാഷ്ട്രീയപാർട്ടികൾ മത്സരിക്കുന്നു


ജലന്തർ: അടുത്തവർഷം നടത്താനിരിക്കുന്ന പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിനെ മുൻനിർത്തി ക്രൈസ്തവരുടെ വോട്ടിനുവേണ്ടി രാഷ്ട്രീയപാർട്ടികൾ ചരടുവലി ആരംഭിച്ചു. ഇപ്പോൾ ഭരണത്തിലിരിക്കുന്ന അകാലിദൾ - ബി.ജെ.പി സഖ്യം ക്രൈസ്തവർക്ക് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കോൺഗ്രസ് പാർട്ടി ക്രൈസ്തവരിൽനിന്നും അഞ്ചുപേർക്ക് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സ്ഥാനം നൽകി. ഇവർക്കുപുറമെ ആം ആദ്മി പാർട്ടി ക്രൈസ്തവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാമെന്ന വാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ദളിത് ക്രൈസ്തവർക്കുവേണ്ട ആനുകൂല്യങ്ങൾ ബ്രിട്ടീഷുകാർ നിർമിച്ച അറുപതിൽപരം ദൈവാലയങ്ങൾ പുരാവസ്തു സംരക്ഷണ ലിസ്റ്റിൽ ഉൾപ്പെടുത്തുക, ക്രൈസ്തവർക്കുവേണ്ട സെമിത്തേരി സൗകര്യങ്ങൾ നൽകുക മുതലായവയും ഇവരുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

പഞ്ചാബിലെ 15 നിയോജക മണ്ഡലങ്ങളിൽ ക്രൈസ്തവർ നിർണായക ശക്തിയാണ്. ഇവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയുടെ ജയവും പരാജയവും.
ഗുരുദാസപൂർ, ഫെറോസ്പൂർ, തൻതരൻ, ലുധിയാന എന്നീ ജില്ലകളിൽ ക്രൈസ്തവരുടെ വോട്ട് നിർണായകമാണ്. 35 ലക്ഷത്തിൽപരം ക്രൈസ്തവർ പഞ്ചാബിലുണ്ട്. ഗുരുദാസ്പൂരിലാണ് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ളത്. 

Source: Sunday Shalom