News >> കൊറിയയും മംഗോളിയയും തമ്മിൽ മിഷനറി സഹകരണത്തിന് ധാരണ
ഉലാൻബാത്താർ: സീയൂൾ അതിരൂപതയും ഉലാൻബാത്താറിലെ അപ്പസ്‌തോലിക്ക് പ്രീഫക്ചറും തമ്മിൽ മിഷനറി സഹകരണത്തിനും മംഗോളിയയിലെ സഭയുടെ വികസനത്തിനുമായി ധാരണ രൂപീകരിച്ചു. സീയൂൾ അതിരൂപതയുടെ കാത്തലിക്ക് വിദ്യാഭ്യാസ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സീയൂൾ സഹായമെത്രാൻ ബെനഡിക്ട് സൺ ഹീ സോങ്ങും അപ്പസ്‌തോലിക്ക് പ്രീഫക്ചറിനെ പ്രതിനിധീകരിച്ച് ബിഷപ് വെൻസെസ്ലാവോ പാഡില്ലായുമാണ് എംഒയുവിൽ ഒപ്പുവച്ചത്.ഈ ധാരണപ്രകാരം ഉലാൻബാത്താറിലെ പ്രീഫക്ചറിന് അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു മില്ല്യൻ ഡോളർ അജപാലന ആവശ്യങ്ങൾക്കായി നൽകും. മംഗോളിയയിൽ നിന്നുള്ള ഭാവി സെമിനാരി വിദ്യാർത്ഥികളുടെ പഠനത്തിനായുള്ള സൗകര്യം സീയൂളിലെ തിയോളജിക്കൽ സെമിനാരിയിൽ ഒരുക്കും. റോബോട്ടിക്ക് സർജറി, സ്റ്റെം സ്റ്റെൽ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ ആധുനിക ചികിത്സാരീതികൾ മംഗോളിയൻ ജനതയ്ക്കും പ്രാപ്യമാക്കുന്ന വിധത്തിൽ സീയൂളിലെ സെന്റ് മേരീസ് ആശുപത്രിയും മംഗോളിയയിലെ സെൻട്രൽ ഹോസ്പിറ്റലും തമ്മിലുള്ള സഹകരണമാണ് മറ്റൊരു പ്രധാന തീരുമാനം.മംഗോളിയയിലെ ഇപ്പോഴുള്ള നിയമപ്രകാരം കത്തോലിക്ക സഭയ്ക്ക് നിയമപരമായ സാധുതയില്ല. സാമ്പത്തികമായി ഒരു വിധത്തിലുള്ള ലാഭവും ഉണ്ടാകാൻ പാടില്ലാത്ത എൻജിഒയായിട്ടാണ് സഭ അവിടെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഞായറാഴ്ച ജനങ്ങൾ കാഴ്ചയായി നൽകുന്ന പണമോ മറ്റേതെങ്കിലും സഹായമോ സ്വീകരിക്കാനോ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനോ സഭയ്ക്ക് അവിടെ സാധിക്കില്ല. ഇത്ര ക്ലേശകരമായ സാഹചര്യത്തിലും മംഗോളിയയുടെ സുവിശേഷവൽക്കരണത്തിനായി പ്രവർത്തിക്കുന്ന ബിഷപ് വെൻസെസ്ലാവോ പാഡില്ലായെയും എല്ലാ മിഷനറിമാരെയും ബിഷപ് ഹീസോങ്ങ് അഭിനന്ദിച്ചു.Source: Sunday Shalom