News >> പാശ്ചാത്യ നാടുകളിൽ വിശ്വാസം വർദ്ധിക്കുന്നു
"ദൈവവിശ്വാസം ആഴത്തിൽ അനുഭവിച്ചറിയുന്ന രാജ്യമാണ് ഇന്ത്യ. ഇത് ദൈവവിശ്വാസികളുടെ നാടാണ്. അതുകൊണ്ട് തന്നെ ഭാരതത്തെ ഞാൻ ഏറെ സ്‌നേഹിക്കുന്നു.."'ദിവ്യരക്ഷകന്റെ സഭ' എന്നറിയപ്പെടുന്ന ബ്രീജിറ്റൈൻ സന്യാസസഭയുടെ ആബെസ് ജനറൽ മദർ തെക്ലാ ഫെമിഗ്ലേത്തി
സൺഡേശാലോമിനോട് പറഞ്ഞു."ഞങ്ങളുടെ സന്യാസസഭയുടെ ലക്ഷ്യം വിശുദ്ധ കുർബാനയുടെ പുകഴ്ച്ചയാണ്. വി.കുർബാനയിലൂടെ യേശുവിനെ കണ്ടെത്തുകയും ആ സ്‌നേഹം ലോകത്തിന് പകർന്നു കൊടുക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. സഭയുടെ ഐക്യവും ലോകസമാധാനവും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങളാണ്. വിശുദ്ധ ബ്രിജിത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിക്കുകയാണ് ഞങ്ങൾ; ആതുരസേവനത്തിലൂടെയും പാവങ്ങളുടെ പക്ഷം പിടിച്ചും. ജോലി ചെയ്യുന്ന പ്രദേശത്തിന്റെ പ്രാധാന്യമനുസരിച്ച് അവിടെ കർമോത്സുകരാകാൻ ശ്രമിക്കുന്നു." മദർ തെക്ലാ പറഞ്ഞു.
? പാശ്ചാത്യ നാടുകളിൽ യുവജനങ്ങൾ ആത്മീയമാന്ദ്യത്തിലാണെന്ന് പറയുന്നത് ശരിയാണോ♦ 'യൂറോപ്പിൽ ഇന്ന് ആത്മീയ തീക്ഷ്ണതയിൽ മാന്ദ്യം ഉണ്ടായിട്ടുണ്ടെങ്കിലും വിശ്വാസത്തിന് വേണ്ടിയുള്ള ദാഹം യുവാക്കൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. ആരാധനാ ചാപ്പലിന്റെ മുമ്പിൽ മുട്ടുകുത്തുന്ന ഓരോരുത്തരുടെയും കണ്ണിലൂടെ നമുക്ക് അവരുടെ വിശ്വാസം മനസിലാക്കാൻ കഴിയും. സാമൂഹിക പ്രവർത്തനങ്ങൾ, ശിശുസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സഭയും സന്യാസസമൂഹങ്ങളും കൂടുതൽ വ്യാപൃതരായതും അവരുടെ വിശ്വാസം വർദ്ധിപ്പിക്കു ന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്. യുവജനങ്ങൾക്കിടയിൽ അവരെ അറിയുന്ന ആളായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ നിത്യാരാധന ചാപ്പലിൽ എല്ലാവർക്കും വരാനുള്ള സ്വാതന്ത്ര്യമുണ്ട്. അവിടെ വരുന്നവർ ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ അവരുടെ നൊമ്പരങ്ങൾ ഇല്ലാതാകുന്നു. മ്ലാനവദനരായി വന്നവർ സന്തോഷാശ്രുക്കൾ പൊഴിച്ച് ചാപ്പലിന്റെ പടിയിറങ്ങിപ്പോകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. "
? ബ്രിജീറ്റൈൻ സഭ ഇപ്പോൾ ലോകത്ത് എത്ര രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു♦ 'ദിവ്യരക്ഷകന്റെ സഭ' എന്നറിയപ്പെടുന്ന ബ്രീജിറ്റൈൻ സന്യാസസഭ പതിനാലാം നൂറ്റാണ്ടിലെ ഒരു വലിയ ദിവ്യദർശകയായിരുന്ന സ്വീഡനിലെ ബ്രിജീത്താ പുണ്യവതിയാൽ സ്ഥാപിക്കപ്പെട്ടതാണ്. ഇന്ന് ബ്രിജീറ്റൈൻ സഭയ്ക്ക് 20 രാജ്യങ്ങളിലായി 52 ഭവനങ്ങളുണ്ട്. 19 ഭവനങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്നു. കോഴിക്കോട് രൂപതയുടെ ഒരു പവർഹൗസായി ഈ ഭവനം നിലകൊള്ളുന്നു. യൂറോപ്പ്, അമേരിക്ക, ഫിലിപ്പിയൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള മിഷനറിമാർ സുവിശേഷ വാഹകരായി പോകുന്നു.
? ഇന്ത്യയിൽ ആദ്യം കേരളത്തിലാണല്ലോ ഈ സഭ സ്ഥാപിക്കപ്പട്ടത്. എങ്ങനെയാണ് 75 വർഷം മുമ്പ് കോഴിക്കോട് സഭാംഗങ്ങൾ എത്തിയത്.♦ 1930 കളിൽ കോഴിക്കോട് മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഈശോസഭാ വൈദികനായ ഫാ.എഡ്വേർഡ് ബെരേറ്റാ, ഇറ്റലി സന്ദർശിക്കുന്നതിനിടയിൽ ലുഗാനോയിലെ ബ്രിജീറ്റൈൻ മഠത്തിൽ ധ്യാനപ്രസംഗത്തിന് ക്ഷണിക്കപ്പെട്ടു. ബ്രിജീറ്റൈൻ സന്യാസികളുടെ ദിവ്യകാരുണ്യ ഭക്തിയും ജനസമ്പർക്കത്തോടുകൂടിയ പ്രവർത്തനരീതിയും അദ്ദേഹത്തെ ആകർഷിച്ചു. ഈ സന്യാസിനീ വിഭാഗത്തിന് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കാര്യക്ഷമമായ പ്രവർത്തനസാധ്യതയുണ്ടെന്ന് വിശ്വസിച്ച ഫാ.എഡ്വേർഡ് ബെരേറ്റാ ബ്രിജീറ്റൈൻ സഭയുടെ ശാഖ കോഴിക്കോട് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് റോമിലെത്തിയത്. അന്നത്തെ മദർ ജനറലായിരുന്ന മദർ എലിസബത്തിനെ സന്ദർശിച്ച് ഇക്കാര്യം ചർച്ച ചെയ്തു. മലബാറിലെ അന്നത്തെ സ്ഥിതി പാശ്ചാത്യരെ സംബന്ധിച്ച് ഒരു പേടിസ്വപ്‌നമായിരുന്നു. പക്ഷേ, തികഞ്ഞ പ്രേഷിതചൈതന്യത്തോടെ വെല്ലുവിളികളെ നേരിടാനുള്ള മനോധൈര്യം ജീവിതകാലം മുഴുവൻ പ്രകടിപ്പിച്ച് പോന്ന മദർ എലിസബത്ത് ഈ ആശയം സ്വീകരിക്കുകയാണ് ചെയ്തത്.അങ്ങനെ 1937 ഏപ്രിൽ ഒമ്പതിന് മദർ ഫ്രാൻചേസ്‌ക ലാല്ലിയുടെ നേതൃത്വത്തിൽ 12 സന്യാസിനികൾ ഇന്ത്യൻ മിഷൻ തേടി ഇറ്റലിയിൽനിന്നും യാത്ര തിരിച്ചു. തികഞ്ഞ മിഷനറി മനോഭാവത്തോടും സ്‌നേഹാർദ്രമായ മനസോടുംകൂടെ വാഴ്ത്തപ്പെട്ട മദർ എലിസബത്ത് ഹെസേൽബ്ലാഡിന്റെ ജീവിതമാതൃക മനസിൽ ധ്യാനിച്ചുകൊണ്ടാണ് അവർ ഇന്ത്യയിൽ സുവിശേഷം പ്രഘോഷിക്കാൻ എത്തുന്നത്. ബ്രിജീറ്റൈൻ ആദർശങ്ങൾ പുതിയൊരു രാജ്യത്ത് പ്രാർത്ഥനയിൽ ജ്വലിപ്പിച്ച് ഇറങ്ങിത്തിരിക്കുകയായിരുന്നു ഈ സന്യാസിനികൾ. തുടക്കകാലങ്ങളിൽ ധാരാളം കഷ്ടപ്പാടുകളിലൂടെയാണ് ഇറ്റലിയിൽനിന്നുവന്ന സിസ്റ്റേഴ്‌സ് കടന്നുപോയത്.കോഴിക്കോട് നഗരത്തിന് പുറത്ത് എട്ടുകിലോമീറ്റർ കിഴക്ക് വയനാട്ടിലേക്കുള്ള വഴിയിൽ 'സെയ്ത്താൻകുന്ന്' എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ബ്രിജീറ്റൈൻ സന്യാസിനികളുടെ മഠത്തിന് ഈസ്ഥലം വാങ്ങി. ഈ കുന്നിൽ ഒരു ചെറുഭവനം സ്ഥാപിച്ച് അവിടെ താമസിച്ചുകൊണ്ട് ഫാ.ബരേറ്റ, ബ്രിജീത്താ സന്യാസിനികളുടെ മഠത്തിന്റെയും ദേവാലയത്തിന്റെയും നിർമാണം ആരംഭിക്കുകയായിരുന്നു.('സെയ്ത്താൻകുന്ന്' പിന്നീട് മേരിക്കുന്നായി) ഫാ.ബരേറ്റയുടെ പരിശ്രമത്താൽ നാലു യുവതികൾ ബ്രിജീത്താ സഭയുടെ അർത്ഥിനികളായി റോമിലെ ജനറലേറ്റ് കാസാദിസാംങ്കന്ത് ബ്രിജീത്തായിൽ മദർ എലിസബത്തിന്റെ സംരക്ഷണത്തിൽ ഏല്പിച്ചു. അവർക്ക് അവിടെ സന്യാസ പരിശീലനവും ലഭിച്ചു. 1934 ഒക്‌ടോബർ 19 ന് ഫാ.ബരേറ്റ, ബ്രിജീറ്റൈൻ സന്യാസിനികളുടെ മഠാധിപയും മംഗലാപുരത്തുനിന്ന് ഇറ്റലിയിൽ പരിശീലനത്തിനയച്ച നാല് സഹോദരിമാരുമൊപ്പം പതിനൊന്നാം പിയൂസ് മാർപാപ്പയെ കാണുകയും കേരളത്തിലെ പദ്ധതികൾക്ക് അനുഗ്രഹം വാങ്ങുകയും ചെയ്തു. പാപ്പയുടെ സമ്മാനമായി മനോഹരമായ ഒരു അരുളിക്കയും ലഭിച്ചു. ഈ നാല് അർത്ഥിനികളിൽ മൂന്നുപേർ സന്യാസവ്രതം സ്വീകരിച്ച് മറ്റ് ഒമ്പത് പാശ്ചാത്യരാജ്യങ്ങളിലെ സന്യാസിനികളുമായി ഇന്ത്യയിലേക്ക് തിരിച്ചു. 1937 ൽ ഏപ്രിൽ 27 ന് കോഴിക്കോടെ ബ്രിജീറ്റൈൻ മഠം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1937 ഒക്‌ടോബർ 26 ന് ദേവാലയത്തിൽ ദിവ്യകാരുണ്യം എഴുന്നെള്ളിച്ചുവച്ച് ആരാധനയും ആരംഭിച്ചു. ആദ്യകാലങ്ങളിൽ പകൽ മാത്രമേ ആരാധന ഉണ്ടായിരുന്നുള്ളൂ. പിന്നീടത് രാത്രിയും പകലുമായി. അങ്ങനെ ബ്രിജീറ്റാ മഠം നിത്യാരാധനാമഠമെന്ന് അറിയപ്പെടാൻ തുടങ്ങി.(മേരിക്കുന്നിലെ ഈ ആശ്രമ ദേവാലയം ആയിരക്കണക്കിന് ക്രൈസ്തവർക്ക് ഒരു ശക്തിസ്രോതസായി മാറിയിരിക്കുന്നു. സമീപപ്രദേശങ്ങളിൽനിന്ന് ധാരാളംപേർ ഇവിടെവന്ന് ആരാധനയിൽ പങ്കുകൊണ്ട് സന്യാസിനികളുടെ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കാറുണ്ട്.)കേരളത്തിലെ ഈ നൊവിഷ്യേറ്റ് പിന്നീട് തീക്ഷ്ണമതികളായ യുവതികളെകൊണ്ട് നിറഞ്ഞു.വിശുദ്ധ കുർബാനയുടെ ആരാധനയാണ് ഞങ്ങളുടെ മുഖ്യപ്രവർത്തനം. മതബോധനം, സ്ത്രീകൾക്കായുള്ള വെൽഫെയർ സെന്ററുകൾ, വനിതാ ഹോസ്റ്റലുകൾ, ഏകാന്തതയ്ക്കും പ്രാർത്ഥനയ്ക്കുമായി ആഗ്രഹിക്കുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കൽ, നഴ്‌സറി സ്‌കൂൾ, ആതുരാലയങ്ങൾ, അജപാലനശുശ്രൂഷ, കുടുംബപ്രേഷിതത്വം, ജയിൽ സന്ദർശനം, രൂപതാ-ഇടവക സേവനരംഗങ്ങളിൽ പ്രവർത്തിക്കുക തുടങ്ങിവയാണ് ബ്രിജീറ്റൈൻ സിസ്റ്റേഴ്‌സിന്റെ മറ്റ് പ്രവർത്തനമേഖലകൾ.
? നിരവധി പ്രതിസന്ധികളിലൂടെ സഭ കടന്നുപോയല്ലോ. അതിന്റെ പശ്ചാത്തലമെന്തായിരുന്നുദിവ്യകൂദാശയിൽ സർവദാ ക്രിസ്തു ആരാധിക്കപ്പെടണമെന്ന് ആദ്യം വെളിപ്പെടുത്തെപ്പട്ടവരിൽ ഒരാൾ വിശുദ്ധ ബ്രിജീത്തയായിരുന്നു. 1370 ൽ ഉർബൻ അഞ്ചാമൻ മാർപ്പായാണ് ഈ സഭയെ ഔദ്യോഗികമായി അംഗീകരിച്ചത്. തീവ്രമായ പ്രാർത്ഥനയിലും പരിത്യാഗത്തിലും ജീവിതം ചെലവഴിച്ച ബ്രിജീത്താ 1373 ജൂലൈ 23 ന് റോമിൽവച്ച് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. 1391 ഒക്‌ടോബർ ഏഴിന് ബോണിഫസ് ഒമ്പതാം മാർപാപ്പ ബ്രിജീത്തായെ വിശുദ്ധയായി പ്രഖ്യാപിച്ചു.പിന്നീട് ബ്രിജീറ്റൈൻ സഭയ്ക്ക് നിരവധി ആഘാതങ്ങളേറ്റു. മുറിവേറ്റ ഈ സഭയെ പുനരുദ്ധരിക്കാൻ ദൈവം തന്റെ അനന്തകൃപയാൽ അയച്ച മറ്റൊരു സ്വീഡിഷ് പ്രവാചകയാണ് വാഴ്ത്തപ്പെട്ട മരിയ എലിസബത്ത് ഹെസൽബ്ലാഡ്.അമേരിക്കയിൽനിന്ന് മരിയ എലിസബത്ത് വളരെ ആശങ്കാകുലമായ ആരോഗ്യത്തോടുകൂടിയാണ് റോമിലെത്തുന്നത്. വിശുദ്ധ ബ്രിജീത്താ ജീവിച്ച് മരിച്ച ആശ്രമത്തിൽ ശേഷിച്ചകാലം ജീവിച്ച് മരിക്കണമെന്ന ആഗ്രഹത്തോടുകൂടി റോമിലെത്തുകയായിരുന്നു. പത്താം പിയൂസ് മാർപാപ്പയോട് ബ്രിജീറ്റൈൻ സഭാവസ്ത്രം സ്വീകരിച്ചുകൊണ്ട് മരിക്കാനുള്ള ഭാഗ്യം നൽകണമെന്ന് മരിയ അപേക്ഷിച്ചു.മരണാസന്നയായ ഒരു സ്ത്രീക്ക് നൽകുന്ന സൗജന്യമെന്നോണം പരിശുദ്ധ പിതാവ് മരിയയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിശുദ്ധ ബ്രിജീറ്റാ ജീവിച്ച് മരിച്ച മുറിയിൽ വച്ചുതന്നെ മരിയ ബ്രിജീറ്റൈൻ സഭാവസ്ത്രധാരണം നടത്തി. എന്നാൽ മഹാത്ഭുതമെന്ന് പറയട്ടെ, മരണാസന്നയായ എലിസബത്ത് വളരെപ്പെട്ടെന്ന് ജീവനിലേക്ക് മടങ്ങിയെത്തി.സിസ്റ്റർ മരിയ എലിസബത്ത് എന്ന പേര് സ്വീകരിച്ച അവർ സ്വതന്ത്ര ബ്രിജീറ്റൈൻ ആശ്രമങ്ങളുടെ സഹായത്തോടെ സഭയ്ക്ക് പുതുജീവൻ നൽകുവാൻ തീരുമാനിച്ചു. സാഹചര്യങ്ങൾ പ്രതികൂലമായതിനാലാണ് ബ്രിജീറ്റൈൻ സഭയുടെ ഒരു നവീനശാഖ തുടങ്ങാൻ മദർ നിർബന്ധിതയായത്.1920 ൽ നവീകൃത ബ്രിജീത്താ സഭ ഔദ്യോഗിക സന്യാസിനീ സഭയായി അംഗീകരിക്കപ്പെട്ടു.ക്രിസ്തീയ സഭയുടെ പരിപൂർണ ഐക്യത്തിനായി പ്രാർത്ഥിക്കുന്നതിനും പ്രവർത്തിക്കുന്നതിനും പരിഷ്‌കൃത സാഹചര്യങ്ങൾക്ക് അനുസൃതമാംവിധം സഹോദരങ്ങൾക്ക് സേവനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുംകൂടിയാണ് സംയുക്ത ബ്രിജീറ്റൈൻ സഭ മദർ മരിയ സ്ഥാപിച്ചത്.? സഭയുടെ മുക്കാൽ നൂറ്റാണ്ട്. പിന്തിരിഞ്ഞു നോക്കുമ്പോൾ...ബ്രിജീറ്റൈൻ സന്യാസസഭ ഇന്ത്യയിൽ ആരംഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ ദൈവം എന്നെ പങ്കാളിയാക്കിയല്ലോ എന്നോർക്കുമ്പോൾ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. സഭയുടെ സ്ഥാപകയായ മദറാണ് പ്രാകൃതമെന്ന് പുറം ലോകം പറഞ്ഞിരുന്ന ഇന്ത്യയിലേക്ക് മിഷനറിമാരെ അയക്കാൻ കാരണഭൂതയായത്. ഇന്ത്യയിലേക്ക് ആദ്യം വന്ന ഇറ്റലി, സ്വിറ്റ്‌സർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാരെയും നന്ദിയോടെ ഓർക്കുന്നു.ഇന്ത്യയിൽ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചവർ, മദർ ഡെലഗേറ്റ്‌സ്, ഇപ്പോഴത്തെ മദർ ഡെലഗേറ്റായ സിസ്റ്റർ റെജീന കളത്തിൽ എന്നിവർ വിശുദ്ധ ബ്രിജീത്തിന്റെയും വാഴ്ത്തപ്പെട്ട മദർ എലിസബത്തിന്റെയും ആത്മീയ ചൈതന്യത്തിൽ ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചവരാണ്. കോൺഗ്രിഗേഷന്റെ ആദ്യകാല പ്രവർത്തനങ്ങളെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്ത ഫാ.എഡ്വേർഡിനെയും അന്നത്തെ ബിഷപ്പായിരുന്ന മോൺസിഞ്ഞോർ അർദോ പത്രോണി എസ്.ജെയും ഞങ്ങൾ മറക്കില്ല.കഴിഞ്ഞ 75 വർഷക്കാലവും ഞങ്ങൾക്ക് താങ്ങായി പ്രവർത്തിച്ച സഹകാരികളെ പ്രത്യേകം ഓർക്കുന്നു. അവരിലൂടെയാണ് ഇന്ത്യയിലെ സുവിശേഷപ്രവർത്തനങ്ങൾ പൂവണിയുന്നത്. "ഗ്രൂപ്പോ മെദഗാലിയ മിറകൊളോസ ദി ലുഗാനൊ" അപ്പോസ്‌തോലിക, സാമൂഹിക, ആതുരസേവനരംഗത്ത് പ്രവർത്തിക്കാനുള്ള പിന്തുണയുമായി എന്നും ഞങ്ങളോടൊപ്പമുണ്ട്.ബ്രിജീറ്റൈൻ സഭ ഇന്ത്യയിൽ വളരാൻ സഹായിച്ച സഭാധികാരികൾക്കും വൈദികർക്കും സന്യസ്തർക്കും നന്ദി. വ്യക്തിപരമായ ഒരു കാര്യത്തെക്കുറിച്ചും പരാമർശിക്കാൻ ഇഷ്ടപ്പെടാത്ത മദർ തെക്ലാ എല്ലാ മഹത്വവും ദൈവത്തിനുള്ള സ്‌തോത്രബലിയാണെന്ന് പറഞ്ഞ് പൂർത്തിയാക്കി."സഭയോടും സന്യാസ സമൂഹത്തോടും കാട്ടുന്ന എല്ലാ പരിഗണനയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ ബ്രിജീറ്റിന്റെയും നാമത്തിൽ ആശീർവാദത്തിനായി സമർപ്പിക്കുകയാണ്." മദർ തെക്ലാ പ്രാർത്ഥനയിലേക്ക് പ്രവേശിച്ചു,Source: Sunday Shalom