News >> ഹെൻട്രി എട്ടാമനെ വിറപ്പിച്ച എലിസബത്ത് ബർട്ടൻ

സർ തോമസ് മൂറിനെയും ബിഷപ്പ് ജോൺ ഫിഷറിനെയും വിശുദ്ധരാക്കിമാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച എലിസബത്ത് ബാർട്ടൻ എന്ന ധീരവനിതയെക്കുറിച്ച്.

ഭാര്യയായ കാതറിനെ ഉപേക്ഷി ച്ച് ആനി ബോളിനെ വിവാഹം കഴിക്കാനുള്ള ഹെൻട്രി എട്ടാമൻ രാജാവിന്റെ തീരുമാനത്തിനെതിരെ നിലയുറപ്പിച്ചതിനെ തുടർന്ന് രക്തസാക്ഷിയായ വിശുദ്ധ തോമസ് മൂറിനെയും രാജാവിനെ ധിക്കരിച്ചതിന്റെ പേരിൽ ശിരസറുത്ത് കൊല്ലപ്പെട്ട വിശുദ്ധ ജോൺ ഫിഷറിനെക്കുറിച്ചും അറിയാത്തവരുണ്ടാകില്ല. പക്ഷേ, രാജാവിനെ പരസ്യമായി ആദ്യം എതിർത്തത് സർ തോമസ് മൂറോ ബിഷപ്പ് ജോൺ ഫിഷറോ ആയിരുന്നില്ല. ഒരു വനിതയാണ് അവർക്ക് അതിന് പ്രേരണ പകർന്നത്: എലിസബത്ത് ബർട്ടൻ.

പിന്നീട് 'ഹോളി മെയ്ഡ് ഓഫ് കെന്റ്' എന്നും 'ദ മാൻ ഓഫ് കെന്റ്' എന്നും വിളിക്കപ്പെട്ട അവൾക്ക് അതിന് തന്റെ ജീവൻതന്നെ കൊടുക്കേണ്ടിവന്നു. അവൾ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനങ്ങളുടെയിടയിൽ 'ജീവിച്ചിരിക്കുന്ന വിശുദ്ധ' എന്ന പേരിൽ പ്രശസ്തയായ എലി

സബത്തിന് അനുഭവിക്കേണ്ടിവന്ന ക്‌ളേശങ്ങൾ നിരവധിയാണ്. പക്ഷേ, അവളെ എതിർത്തവർ ഒരു തട്ടിപ്പുകാരിയായും രാഷ്ട്രീയവിപ്ലവം ഇളക്കിവിടുന്ന ഒരു യുവതിയായും കണക്കാക്കി. ഉയർന്ന വിദ്യാഭ്യാസമോ ഉന്നതമായ ബുദ്ധിശക്തികളോ ഇല്ലാതിരുന്ന അവൾ ക്രിസ്തുവിനെ പ്രതി രക്ഷസാക്ഷിയാകാൻ നിരവധിപേർക്ക് ശക്തിപകർന്നു.

ആൽഡിംഗ്ടൺ ഇടവകയിൽ റോമ്‌നി മാർഷിൽ 1506^1534 കാലത്താണ് എലിസബത്ത് ബർട്ടൻ ജീവിച്ചിരുന്നത്. ചെറുപ്പകാലംമുതൽ വീട്ടുജോലിക്കാരിയായി നിത്യവൃത്തി തേടിയ അവൾ അനാരോഗ്യവുമായി മല്ലിട്ടാണ് ജീവിതം തള്ളിനീക്കിയത്. മരണത്തിന്റെ പിടിയിൽനിന്നും കഷ്ടിച്ചുമാത്രം രക്ഷപ്പെട്ട നിരവധി അവസരങ്ങൾ അവൾക്കുണ്ടായിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ രണ്ടും മൂന്നും ദിവസം 'സമാധി'യിൽ എന്നതുപോലെയിരുന്ന് സ്വർഗത്തിന്റെ രഹസ്യങ്ങൾ വിവരിക്കുമായിരുന്നു അവൾ. തന്റെ കാലഘട്ടത്തിലെ പാപങ്ങളെക്കുറിച്ചും ദൈവനിന്ദയെക്കുറിച്ചും പരസ്യമായി പറയാനും അവൾ ധൈര്യം കാട്ടി.

തദ്ദേശവാസികളുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകൾ പിന്നീട് സത്യമാണെന്ന് ബോധ്യപ്പെട്ടപ്പോൾ എലിസബത്തിന്റെ പ്രശസ്തി സമീപദേശങ്ങളിലേക്കും വ്യാപിച്ചു. അതേ തുടർന്ന് പ്രാർത്ഥനയ്ക്കും ഉപദേശങ്ങൾക്കുമായി നിരവധിപേർ അവളെ സന്ദർശിക്കാൻ എത്തിക്കൊണ്ടിരുന്നു. അവളുടെ പ്രശസ്തി വലിയ വളർച്ചയിലേക്ക് കടന്നപ്പോൾ ഇടവക വികാരി ഫാ. റിച്ചാർഡ് മാസ്റ്റേഴ്‌സ്, സകലസംഭവവികാസങ്ങളും ആർച്ച്ബിഷപ്പ് വില്യം വാർഹാം ഓഫ് കാന്റർബറിയെ അറിയിച്ചുകൊണ്ടിരുന്നു.

ആർച്ച്ബിഷപ്പ് അവളെ കാന്റർബറിയിലെ സെന്റ് സെപുൾഷെ കോൺവെന്റിലേക്ക് അയച്ചു. അങ്ങനെ അവൾ ഒരു ബെനഡിക്ടൈൻ സന്യാസിനിയായി ജീവിതം തുടർന്നു. തന്റെ പുതിയ താമസസ്ഥലത്തും ദൈവികവെളിപ്പെടുത്തലുകളും വിശുദ്ധിയും ദിവ്യത്വവും അവളെ കൂടുതൽ പ്രശസ്തയാക്കി. അവളെ സഹായിക്കാൻ ഡോ. എഡ്വേർഡ് ബേക്കിംഗ് എന്ന ബെനഡിക്ടൈൻ സന്യാസിയും നിയമിതനായി. എലിസബത്തിന്റെ വെളിപ്പെടുത്തലുകൾ എഡ്വേർഡ് ബോക്കിംഗ് ബിഷപ്പിനെ അറിയിക്കുകയും അദ്ദേഹം അത് ഹെൻട്രി എട്ടാമൻ രാജാവിനെ അറിയിക്കുകയും ചെയ്തിരുന്നു.

ആദ്യനാളുകളിൽ ദേശീയതാൽപ്പര്യമുള്ള കാര്യങ്ങളെക്കുറിച്ച് എലിസബത്ത് പറയാറില്ലായിരുന്നെങ്കിലും പിന്നീട് അവൾ അതും പറഞ്ഞുതുടങ്ങി. ഈ അവസരത്തിൽ അവൾക്ക് ഏകദേശം 20 വയസേ ഉണ്ടായിരുന്നുള്ളൂ. കാതറിൻ ഓഫ് ആരഗണുമായിട്ടുള്ള ദാമ്പത്യം അവസാനിപ്പിച്ച് ആനി ബോളിനെ വിവാഹം കഴിക്കാനുള്ള ഹെൻട്രി എട്ടാമൻ രാജാവിന്റെ തീരുമാനത്തെ എലിസബത്ത് ശക്തമായി എതിർത്തു.

സ്വർഗത്തിൽനിന്നും മഗ്ദലനമറിയത്തിൽനിന്നും ഒരു കത്ത് തനിക്ക് ലഭിച്ചെന്നും അതിൻപ്രകാരം ഹെൻട്രി രാജാവ് ആനി ബോളിനെ വിവാഹം ചെയ്താൽ ദൈവദൃഷ്ടിയിൽ മേലിൽ രാജാവായി തുടരാനാവില്ലെന്നും ഒരു ദുരന്തമരണം രാജാവ് അഭിമുഖീകരിക്കേണ്ടിവരുമെന്നും എലിസബത്ത് ബർട്ടൻ തുറന്നടിച്ചു. ഹെൻട്രി എട്ടാമന് വിവാഹമോചനം അനുവദിച്ചുകൊടുത്താൽ കർദിനാൾ വോൾസി കഠിനമായ ശിക്ഷയ്ക്ക് വിധേയപ്പെടുമെന്ന പ്രഖ്യാപനവും എലിസബത്ത് നടത്തി.

രാജാവിന്റെ വിരോധത്തിനു പുറമെ സഭാധികാരികളുടെ എതിർപ്പും ഇത് ക്ഷണിച്ചുവരുത്തി. ഈ സന്ദേശങ്ങൾ, അന്നത്തെ പാപ്പയ്ക്കും അദ്ദേഹത്തിന്റെ ദൗത്യസംഘത്തിനും അയച്ചുകൊടുത്തു. പിന്നാക്കം പോകാൻ തയാറായിരുന്നില്ല എലിസബത്ത്. വിവാഹമോചനത്തെക്കുറിച്ച് 1532ൽ ഹെൻട്രി രാജാവിനോട് ശക്തമായ ഭാഷയിൽ ശബ്ദിച്ചു. എലിസബത്തിന്റെ എതിർപ്പിനെ രാജാവ് പേടിച്ചിരുന്നു.

കാരണം, എലിസബത്തിന്റെ ജീവിതത്തിലുള്ള ദൈവിക ഇടപെടലുകളെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നു. അതുപോലെ അവളുടെ പ്രശസ്തിയും രാജാവിനെ അലോസരപ്പെടുത്തി.

ഉപദേശികളെയും ന്യായാധിപരേയും ഇതര പ്രമുഖരെയും ക്ഷണിച്ചുകൊണ്ട് 1533ൽ ഹെൻട്രി എട്ടാമൻ ഉപചാരവൃന്ദയോഗം വിളിച്ചുകൂ ട്ടി. എലിസബത്ത് ബർട്ടന്റെ കാര്യത്തിൽ ഏതുതരം ശിക്ഷാവിധി നടപ്പാക്കണമെന്ന് തീരുമാനിക്കാനായിരുന്നു യോഗം.

ചർച്ചയിൽ തീരുമാനിച്ചപ്രകാരം എലിസബത്തിനെയും വളരെയടുത്ത അനുയായികളായ ആറ് വൈ ദികരെയും ലണ്ടൻ ടവർ ജയിലിൽ ചോദ്യം ചെയ്യലിന് വിധേയരാക്കി. തന്റെ നിലപാടുകളിൽനിന്ന് അണുവിട വ്യതിചലിക്കാൻ തയാറാകാതിരുന്ന എലിസബത്ത് ബർട്ടനെയും ആറ് വൈദികരെയും തലയറുത്തു കൊല്ലാൻ വിധിച്ചു.

1534 ഏപ്രിൽ 20ന് ശിക്ഷാവിധി നടപ്പാക്കി. ശിരച്ഛേദനം ചെയ്തതിനുശേഷം ശിരസ് ലണ്ടന്റെ വിവിധ സ്ഥലങ്ങളിൽ ഭരണകൂടം പ്രദർശനത്തിനുവെച്ചു. എലിസബത്തിന്റെ വധത്തോടെ തന്റെ വിവാഹമോചനത്തെ എതിർക്കുന്നവർക്ക് പരസ്യമായ താക്കീത് നൽകുകയായിരുന്നു ഹെൻട്രി എട്ടാമൻ ഇതിലൂടെ ലക്ഷ്യംവെച്ചത്. ഈ വധത്തിലൂടെ വിവാഹമോചനത്തെ എതിർത്തിരുന്ന കുറേയേറെപ്പേർ പ്രാണരക്ഷാർത്ഥം പരസ്യമായ എതിർപ്പിൽനിന്നും പിന്മാറി. എന്നാൽ, എലിസബത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കുറേപ്പേർ രാജാവിനെ എതിർക്കാൻ ശക്തിയുക്തം മുന്നോട്ടുവന്നു.

എലിസബത്തിന്റെ ജീവിതകാലഘട്ടത്തിൽ അവളുടെ ദൈവിക വെളിപ്പെടുത്തലുകളെക്കുറിച്ച് ഒട്ടേറെപ്പേർ സംശയിച്ചിരുന്നു. അതുപോലെതന്നെ അവൾ വിശുദ്ധയാണോ അല്ലയോ എന്നതിനെക്കുറിച്ചും.

തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് താൻ സത്യമാണെന്നു കണ്ടെത്തിയ കാര്യം ഉറക്കെ വിളിച്ചുപറയാൻ അവൾ കാണിച്ച അസാധാരണമായ ധീരത ശ്ലാഘനീയംതന്നെ. ഒരുപക്ഷേ, എലിസബത്ത് ബർട്ടനെപ്പോലുള്ള ദുർബലരായ സ്ത്രീകളുടെ ധീരതയായിരിക്കാം വിശുദ്ധ തോമസ് മൂറിനെയും വിശുദ്ധ ജോൺ ഫിഷറിനെയും ധൈര്യപൂർവം ഹെൻട്രി എട്ടാമനെ എതിർക്കാൻ പ്രേരിപ്പിച്ചത്.

Source: Sunday Shalom