News >> പിശാചിന്റെ ആക്രമണരീതികൾ


നമ്മുടെ കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിൽ 'തിന്മയിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ' എന്നതിനു പകരം 'ദുഷ്ടനിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ' എന്ന് ചില തർജിമകളിൽ ഉണ്ട്. കർത്താവു പഠിപ്പിച്ച ആ ചെറിയ പ്രാർത്ഥനയിൽ ദുഷ്ടനിൽനിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ അത് അത്രകണ്ട് പ്രധാനപ്പട്ടതാണെന്നു നാം മനസ്സിലാക്കണം.

ഒരിക്കൽ ഞാൻ വടക്കേ ഇൻഡ്യയിൽനിന്ന് കേരളത്തിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. ഞാൻ താഴത്തെ ബർത്തിലാണ് കിടന്നുറങ്ങിയത്, ഷർട്ടും പാൻസും ധരിച്ച്. നേരം വെളുത്തുവരുന്ന സമയം, എനിക്കെതിരെയുള്ള മുകളിലത്തെ ബർത്തിൽ ഇരുന്ന രണ്ടുപേരുടെ സംസാരം കേട്ടാണ് ഞാൻ ഉണർന്നത്. അവർ തമ്മിൽ പറയുകയാണ്: 'മേരിയെ വണങ്ങേണ്ട ആവശ്യമില്ല, അവൾ ഒന്നു പ്രസവിച്ചെന്നല്ലേയുള്ളൂ.'

യേശുവിന്റെ അമ്മയായ മേരിയെക്കുറിച്ചാണ് സംസാരമെന്ന് എനിക്കു മനസ്സിലായി. ഇവരോടു സംസാരിക്കണമെന്ന് എ നിക്കൊരാഗ്രഹം. എന്നാൽ എഴുന്നേറ്റില്ല, പല്ലു തേച്ചിട്ടില്ല. പല്ലുതേക്കാതെ എങ്ങനെ സംസാരിക്കാൻ? ഏതായാലും ഞാൻ എഴുന്നേറ്റപ്പോഴേക്കും അവരും താഴെ വന്ന് എനിക്കതിരെയുള്ള ബർത്തിൽ ഇരുന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി. ലുക്കായുടെ സുവിശേഷം ഒന്നാം അധ്യായം 41^ 43 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ പറഞ്ഞു:

'എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്.' നസ്രസ്സിലെ പാവപ്പെട്ട മേരി ദൈവത്തിന്റെ അമ്മയാണെന്ന് പരിശുദ്ധാത്മാവ് നിറഞ്ഞ എലിസബത്തു പറയുന്നു. അതുകൊണ്ട് അത് യഥാർത്ഥമാണ്. മേരി ദൈവമാതാവാണ്. ഇത്രയും ഞാൻ പറഞ്ഞപ്പോൾ അവർക്കു വാക്കുമുട്ടിപ്പോയി. അവർ പ്രൊട്ടസ്റ്റന്റുകാരാണെന്ന് എനിക്കു മനസ്സിലായി. ഞാൻ ഒരു റോമൻ കത്തോലിക്കനാണെന്ന് അവർക്കും മനസ്സിലായി.

ഞാൻ പല്ലു തേക്കാൻ പോയപ്പോൾ വണ്ടി എവിടെയോ നിന്നു. അപ്പോൾ ആ രണ്ടു പേരിൽ ഒരാൾ അവരുടെ ആശാനെ വിളിക്കാൻ ഓടി. വേറൊരു കംപാർട്ടുമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നു. ഞാൻ പല്ലുതേച്ചു കഴിഞ്ഞപ്പോൾ വിളിക്കാൻപോയ ആളും ആശാനും എത്തി. ആശാനെ എന്റെ നേരെ മുൻപിൽ ഇരുത്തിയിട്ട് മറ്റേയാൾ പറയുകയാണ്, 'ഇനി നിങ്ങൾ തമ്മിൽ സംസാരിക്കുക' എന്ന്.

ചുരുക്കത്തിൽ ഞങ്ങൾ തമ്മിൽ തർക്കിക്കണം. അവർക്ക് അതുകാണണം. വന്നയാൾ എന്നെക്കാൾ തടിമിടുക്കുള്ളവനാണെന്നു ഞാൻ കണ്ടു. ഏതായാലും കാണുന്നവരുടെ നേരെ ചാടിക്കയറാതെ അദ്ദേഹം എന്താണു പറയുന്നതെന്നു നോക്കാം എന്നു ഞാൻ വിചാരിച്ചു. പക്ഷേ, അയാൾ മാതാവിനെ വണങ്ങുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. മറിച്ച് 'പിശാചുണ്ടോ' എന്നൊരു ചോദ്യം. അതായത് പിശാച് എന്ന ഒരു ജീവി യഥാർത്ഥത്തിൽ ഉണ്ടോ എന്ന്. ഞാൻ പറഞ്ഞു, 'പിശാചിനെ കർത്താവു പുറത്താക്കിയിട്ടുണ്ടല്ലൊ' എന്ന്.

അതു കേട്ടപ്പോൾ അദ്ദേഹം മറ്റു രണ്ടുപേരോടുമായി പറഞ്ഞു: 'ഇപ്പോൾ റോമൻ കത്തോലിക്കർക്ക് ശരിയായ ബോധം വന്നിട്ടുണ്ട്.' പിശാച് ഉള്ളതായി റോമൻ കത്തോലിക്കർ വിശ്വസിക്കുന്നില്ലെന്ന് ഒരുപക്ഷെ അദ്ദേഹം വിചാരിച്ചിരുന്നിരിക്കാം. അത്രമാത്രം പറഞ്ഞിട്ട് അദ്ദേഹം അവിടെനിന്നു പോയി. ഒരു കാര്യം എനിക്കു മനസ്സിലായി; അതായത് പിശാചുണ്ടെന്ന് അവരെല്ലാവരും വിശ്വസിക്കുന്നുണ്ട്.

നാല് തരം ബാധകൾ

പിശാചിന് ഏതെല്ലാം വിധത്തിലാണ് നമ്മെ ഉപദ്രവിക്കാൻ സാധിക്കുന്നത്? നാലുവിധത്തിൽ ഉപദ്രവിക്കാം. ഒന്ന്; പിശാചിന്റെ ആവാസം. ചില മനുഷ്യരിൽ അവൻ ആവസിക്കും. ഉദാഹരണമായി (മർക്കോ. 5:1^20) ലെഗിയോൻ ബാധിച്ച മനുഷ്യൻ. അയാളോട് നിന്റെ പേരെന്താണെന്ന് കർത്താവു ചോദിച്ചപ്പോൾ, താനാകുന്ന മനുഷ്യവ്യക്തിയുടെ പേരല്ല അയാൾ പറഞ്ഞത്. പ്രത്യുത പിശാചിന്റെ പേരാണ്^ 'ലെഗിയോൻ'. ഒരു സൈന്യം പിശാചുക്കൾ അവനിൽ കുടിയേറി പാർത്തിരുന്നു. പിശാച് ആവസിച്ച മനുഷ്യൻ അമാനുഷിക പ്രവർത്തികൾ ചെയ്യാൻ കഴിവുള്ളവനാണ്.

'പലപ്പോഴും അവനെ കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും അവൻ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിർത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല.' അതുപോലെതന്നെ പിശാച് ആവസിക്കപ്പെട്ട മനുഷ്യൻ താൻ പഠിച്ചിട്ടില്ലാത്ത ഭാഷകൾ സംസാരിക്കുക, മനസ്സിലാക്കുക, വിദൂരത്തുനടക്കുന്ന സംഭവങ്ങൾ പ്രകൃത്യാതീതമായി മനസ്സിലാക്കുക മുതലായവ ചെയ്‌തെന്നുവരും. ഇവയെല്ലാം അമാനുഷിക പ്രവർത്തികളാണ്. അവ ഒന്നുകിൽ ദൈവീകമായിരിക്കും. അല്ലെങ്കിൽ പൈശാചികമായിരിക്കും.

പ്രവർത്തന രീതികളിൽനിന്ന് ഉറവിടം മനസ്സിലാക്കാം. ദൈവീകമാണെങ്കിൽ ശാന്തത, പ്രത്യാശ, സ്‌നേഹം, സമാധാനം, സന്തോഷം മുതലായവ ദൃശ്യമായിരിക്കും. പൈശാചികമാണെങ്കിൽ വെറുപ്പ്, വൈരാഗ്യം, നിരാശ, അസ്വസ്ഥത മുതലായവ കാണിക്കുകയും ഉളവാക്കുകയും ചെയ്യും. അവരുടെ ഫലങ്ങളിൽനിന്ന് അവരെ മനസ്സിലാക്കാം.

എന്നാൽ പിശാച് ആവസിച്ചെന്നു പറയുന്നതെല്ലാം അങ്ങനെ ആയിരിക്കണമെന്നില്ല, പലതും മാനസ്സിക രോഗങ്ങളായിരിക്കാം. മേൽപ്പറഞ്ഞ ലക്ഷണങ്ങളുണ്ടോയെന്നു നോക്കണം. ഞാൻ കല്യാണിയാണ്; രാധയാണ് എന്നൊക്കെ പറയുന്നതെല്ലാം പിശാചായിരിക്കണമെന്നില്ല. ചിലപ്പോൾ ഭയത്തിൽ നിന്നുളവായ മാനസ്സിക തകരാറായിരിക്കും. ചികിത്സിച്ചാൽ സുഖപ്പെടാവുന്നവ.

ശല്യപ്പെടുത്തൽ

പിശാചിന്റ വേറൊരു പ്രവർത്തനരീതി ശല്യപ്പെടുത്തലാണ്. ഇവിടെ ഉപദ്രവിക്കപ്പെടുന്ന മനുഷ്യന് സുബോധം നഷ്ടപ്പെടുന്നില്ല. പക്ഷേ സഹിക്കുന്നു. നഷ്ടങ്ങൾ സംഭവിക്കുന്നു. തകർച്ചകൾ അനുഭവിക്കുന്നു. ഉദാഹരണമായി ജോബിന്റെ വസ്തുവകളെല്ലാം നഷ്ടപ്പെടുത്തുന്നു. ശല്യപ്പെടുത്തൽ അനുഭവപ്പെടുന്ന വീടുകളിൽ അസമാധാനം, വഴക്ക്, വളർത്തുമൃഗങ്ങളുടെ നാശം മുതലായവ അനുഭവപ്പെടാം. ചിലപ്പോൾ പിശാചിന്റെ പിടിയിൽനിന്ന് മാറാൻ ശ്രമിക്കുന്ന വ്യക്തികളേയും തൽക്കാലത്തേക്ക് ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ, ഈശോയുടെ ശക്തമായ നാമത്തിൽ അവനെ ബന്ധിച്ച് പുറത്താക്കാൻ കഴിയും.

രോഗബാധ

പിശാചിന്റെ മറ്റൊരു പ്രവർത്തനരീതി രോഗങ്ങൾകൊണ്ട് അലട്ടുകയാണ്. ഉദാഹരണമായി കർത്താവു സുഖപ്പെടുത്തിയ കൂനിയായ സ്ത്രീ. പതിനെട്ടു വർഷം പിശാച് അവളെ ബന്ധിച്ചിട്ടിരിക്കുകയായിരുന്നു (ലൂക്കാ 13:10^13). രോഗിക്കുള്ള രോഗത്തിൽകൂടി അവൻ ശല്യപ്പെടുത്തും. അല്ലെങ്കിൽ പുതിയ രോഗങ്ങൾ അനുഭവപ്പെടും. ഒരു ചികിത്സകൊ ണ്ടും സുഖപ്പെടാത്ത രോഗങ്ങൾപോലും ഒരു ബന്ധന പ്രാർത്ഥന ചൊല്ലുമ്പോൾ സുഖമാകുന്നതായി കാണുന്നു. ഉദാഹരണമായി കർത്താവു സുഖപ്പെടുത്തിയ അപസ്മാരരോഗിയായ ബാലൻ (മത്താ 17:14^18). തക്ക മരുന്നുകൾ കഴിച്ചിട്ടും സുഖപ്പെടാത്ത രോഗങ്ങൾ ബന്ധന പ്രാർത്ഥന ചൊല്ലിയശേഷം അതേ മരുന്നുകൾ കഴിച്ചാൽ സുഖമാകാനിടയുണ്ട്.

പ്രലോഭനങ്ങൾ

അവസാനമായി, പാപത്തിന് പ്രേരിപ്പിക്കുന്ന പ്രലോഭനങ്ങൾ പിശാചിൽനിന്നുണ്ടാകും. പ്രലോഭനങ്ങൾ മനുഷ്യന് ലോകത്തിൽനിന്നും സാഹചര്യങ്ങളിൽനിന്നും ശരീരത്തിൽനിന്നും (ശാരീരികമായ പ്രലോഭനങ്ങൾ) പിശാചിൽനിന്നും ഉണ്ടാകും. ലോകവും ശരീരവും നമ്മെ പ്രലോഭിപ്പിക്കുമ്പോൾ നമ്മുടെ പരിശ്രമംകൊണ്ടും സാഹചര്യങ്ങൾ മാറുന്നതുകൊണ്ടും തപഃക്രിയകൾ അനുഷ്ഠിക്കുന്നതുകൊണ്ടും കുറെയെല്ലാം രക്ഷപ്പെടാൻ സാധിക്കും.

എന്നാൽ, പിശാചിൽനിന്നുള്ള പരീക്ഷ ജയിക്കാൻ ദൈവത്തിന്റെ പ്രത്യേക സംരക്ഷണം ആവശ്യമാണ്. അതുകൊണ്ടാണ് പ്രാർത്ഥനയിൽ 'ദുഷ്ടനിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ' എന്നു നിരന്തരം നാം പ്രാർത്ഥിക്കുന്നത്. 'പരീക്ഷയിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ' എന്ന് കർത്താവ് അരുളിചെയ്തിട്ടുണ്ടല്ലൊ. (മത്താ. 26:41)

'എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ ഇടറുകയില്ല.' (മത്താ 26:33) എന്നുപറഞ്ഞ പത്രോസുപോലും ഒടുവിൽ കർത്താവിനെ തള്ളിപ്പറഞ്ഞു. കാരണം പിശാചിന്റെ പരീക്ഷ വന്നു. 'ശിമയോൻ, ശിമയോൻ ഇതാ സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു.' (ലൂക്കാ 22:32) പക്ഷെ ഉണർന്നിരുന്നു പ്രാർത്ഥിക്കുന്നതിനു പകരം പത്രോസ് ഉറങ്ങിയിരുന്നാണ് പ്രാർത്ഥിച്ചത്. എങ്കിലും കർത്താവിന്റെ പ്രാർത്ഥനകൊണ്ട് വലിയ തകർച്ചയിൽനിന്നും പത്രോസ് രക്ഷപ്പെട്ടു. നമ്മളും ശത്രുവിന്റെ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഉണർന്നിരുന്ന് നിരന്തരം പ്രാർത്ഥിക്കണം. 'ഈശോയെ അങ്ങയുടെ തിരുരക്തം ഞങ്ങളുടെമേൽ തളിക്കണമേ' എന്നും നമുക്കു പ്രാർത്ഥിക്കാം.


വർക്കിയച്ചന്റെ സ്മരണകൾക്ക് ഏഴ് വയസ്...

06


Source: Sunday Shalom