News >> സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ പ്രതികരിക്കേണ്ടിവരും: മാര്‍ ആലഞ്ചേരി
പാലാ: കക്ഷിരാഷ്ട്രീയം കത്തോലിക്കാ കോണ്‍ഗ്രസിന്റെ അജന്‍ഡയിലില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരുകളുടെയും തെറ്റായ നയപരിപാടികള്‍ക്കെതിരേ പ്രതികരിക്കേണ്ടിവരുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതിനായി സമരങ്ങളും വേണ്ടിവരുമെന്നും Sept 06 പാലായില്‍ നടന്ന അല്മായ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ബദലല്ല. ഇന്നത്തെ കൂട്ടുകക്ഷി ഭരണ സമ്പ്രദായത്തില്‍ ഒരു സര്‍ക്കാരിനും ഒരു സമുദായത്തിന്റെയും അവകാശങ്ങളെ പൂര്‍ണമായി സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഓരോ സമുദായവും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും മുമ്പില്‍ അവതരിപ്പിച്ചു നീതിപൂര്‍വകമായി ഭരണം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി, എംഇഎസ്, കെപിഎംഎസ്, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി മുതലായ സമുദായ സംഘടനകളോടും സഹകരിച്ചു പൊതുനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാണു കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.
നാണ്യവിളകളുടെ വിലയിടിവ് കര്‍ഷകരെ കടക്കെണിയിലാക്കി. റബര്‍, തേങ്ങ എന്നിവയുടെ വിലത്തകര്‍ച്ച സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ മൂലമാണ്. കുടിയേറ്റ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ലഭിക്കുന്നതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സജീവമായി സമരരംഗത്തുണ്ടാകും. ഈ വിഷയത്തില്‍ ഇതുവരെയുണ്ടായ സര്‍ക്കാരിന്റെ നയങ്ങളിലെ വീഴ്ച മനസിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തീരദേശവാസികളുടെ ആകുലതകള്‍ക്കു സര്‍ക്കാരുകള്‍ പരിഹാരം കാണണം. ആരാധനാലയങ്ങളുടെയും കന്യകാമഠങ്ങളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സുരക്ഷ സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
അനീതി, അഴിമതി, അക്രമം എന്നിവയ്ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത കര്‍ദിനാള്‍ പാവപ്പെട്ടവരുടെ പക്ഷംചേരണമെന്നും അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നും ഉദ്ബോധിപ്പിച്ചു.
രാഷ്ട്രനിര്‍മാണത്തിനു സമുദായാംഗങ്ങള്‍ക്കു നിര്‍ണായക പങ്കുവഹിക്കാനുണ്െടന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.
എകെസിസി കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
പാലായെ ഇളക്കി മറിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വ ത്തില്‍ നടന്ന അല്മായ മഹാസംഗമവും റാലിയും ജനശക്തിയുടെ കരുത്തുതെളിയിക്കുന്നതായി രുന്നു.
Source: Deepika