News >> പിശാചിനെ എങ്ങനെ നേരിടണം
നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്. (എഫേ 6:12)പ്രഭുത്വങ്ങൾ, ആധിപത്യങ്ങൾ, മുതലായവ ദൈവദൂതന്മാരുടെ ഗണങ്ങളാണ്. ഇങ്ങനെയുള്ള ഓരോ ഗണത്തിൽനിന്നും പാപംചെയ്ത് നരകത്തിലകപ്പെട്ട ദുഷ്ടാരൂപികളുമുണ്ട്. ദുഷ്ടാരൂപികളായെങ്കിലും അവരുടെ പേരുകൾ മാറിയിട്ടില്ല. ഉദാഹരണമായി 'ലൂസിഫർ' എന്ന വാക്കിന്റെ അർത്ഥം 'പ്രകാശവാഹകൻ' എന്നാണ്. പക്ഷേ, പേര് അതുതന്നെയാണെങ്കിലും ലൂസിഫർ ഇപ്പോൾ പ്രകാശം വഹിക്കുന്നില്ല. ഇപ്രകാരമുള്ള ശക്തരായ ദുരാത്മാക്കൾക്കെതിരായിട്ടാണ് നമ്മുടെ സമരം.വളരെ യഥാർത്ഥമായ ഒരു സമരത്തിലാണു നമ്മൾ ഏർപ്പെട്ടിരിക്കുന്നത്- മനുഷ്യമനസ്സുകളിലുള്ള സമരം. മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്ന അദൃശ്യശക്തികൾ നടത്തുന്ന ഈ സമരങ്ങളുടെ ഫലങ്ങളാണ് ലോകത്തിൽ നാം കാണുന്ന മത്സരങ്ങളും വിയോജിപ്പുകളും യുദ്ധങ്ങൾപോലും. 'നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്‌നേഹിക്കുക.' (മത്താ. 22:37) നമ്മുടെ മനസ്സ് ദൈവത്തിന് പൂർണമായും വിധേയപ്പെട്ടിരിക്കണമെന്നാണ് യേശു ദൈവകൽപ്പന ഉദ്ധരിച്ചുകൊണ്ടു പറഞ്ഞിരിക്കുന്നുത്.അന്ധകാരശക്തികൾ നമ്മുടെ മനസ്സിനെ ബാധിക്കുമ്പോൾ, നമുക്ക് യഥാർത്ഥത്തിൽ ഉണ്ടായിരിക്കേണ്ട സ്‌നേഹവികാരങ്ങൾക്കുപകരം മനസ്സിൽ വെറുപ്പും വിദ്വേഷവും, നന്മ ചെയ്യാൻ താല്പ്പര്യമില്ലായ്മയും അ നുഭവപ്പെടും. ആരുടെയെങ്കിലും മനസ്സ് അന്ധകാരശക്തികൾക്ക് അടിപ്പെട്ടതാണെങ്കിൽ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നത് അവരുടെ മനസ്സിനു പുറത്തുള്ള ഈ ശക്തികളായിരിക്കും. അവർക്കുതന്നെ മനസ്സിലാകാത്തത് അവർ ചെയ്യും. തങ്ങളുടെ ബുദ്ധി ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെ അവർക്ക് അനുഭവപ്പെടും. 'ഞാൻ ആഗ്രഹിക്കുന്നതല്ല വെറുക്കുന്നതാണു ഞാൻ പ്രവർത്തിക്കുന്നത്"(റോമ. 7:15).തിന്മയുടെ അവതാരങ്ങളെന്നു തോന്നിക്കുന്ന യുവാക്കളെ നാം കണ്ടുമുട്ടാറുണ്ട്. അവരെല്ലാം ബന്ധിതരായതുകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. അവരുടെ ചിന്താമണ്ഡലത്തിൽ 'ദുശ്ചിന്തകൾ, കൊലപാത കം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, പരദൂക്ഷണം' (മത്താ. 15:19) എന്നിവയെല്ലാം അനുഭവപ്പെടും. അവരുടെ പ്രവൃത്തികൾ അവരുടെ വിചാരംപോലെ വരും.
പ്രകൃതിയുടെ സ്വാധീനംപ്രകൃതിക്കും നമ്മെ സ്വാധീനിക്കാൻ സാധിക്കുമെന്നുള്ളതു തീർച്ചയാണ്. അതുകൊണ്ട് എല്ലാം അരൂപിശക്തികളുടെ വകയാണെന്നു പറയാൻ വയ്യ. ഉദാഹരണമായി നല്ല സാഹചര്യത്തിൽ വളർത്തപ്പെടുന്ന കുട്ടികളും മോശമായ സാഹചര്യത്തിൽ വളർത്തപ്പെടുന്ന കുട്ടികളും തമ്മിലുള്ള വ്യത്യാസം പ്രകടമാണല്ലൊ. നിരന്തരമായ വിമർശനം, വൈരാഗ്യം, ക്രൂരത, മാത്സര്യം, അശുദ്ധത എന്നിവയുടെ അന്തരീക്ഷത്തിൽ വളർത്തപ്പെടുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കന്മാരെ ബാധിച്ച ബന്ധനങ്ങളുടേയും അടിമത്വങ്ങളുടേയും പങ്കുലഭിക്കുന്നു.അതുകൊണ്ട് പ്രകൃത്യാനുസൃതവും പ്രകൃത്യാതീതവുമായ ശക്തികൾ മനുഷ്യന്റെ ആത്മാവിനേയും മനസ്സിനേയും ഹൃദയത്തേയും ബാധിക്കുന്നുണ്ട്. ചില മനുഷ്യർ എന്തുകൊണ്ട് അങ്ങനെ പ്രവർ ത്തിക്കുന്നു, എന്തുകൊണ്ട് ഇത്ര ക്രൂരത, എന്തുകൊണ്ട് അങ്ങനെ വിചാരിക്കുന്നു എന്നു നമ്മൾ ചിന്തിക്കുന്നുണ്ടാവും. മനുഷ്യമനസ്സിനെ ബാധിക്കുന്ന അന്ധകാരശക്തികളാണ് പലപ്പോഴും കാരണമായി കാണാവുന്നത്.
പിതാവിന്റെ വെളിപ്പെടുത്തൽയേശു ഒരിക്കൽ തന്റെ ശിഷ്യന്മാരോടു ചോദിച്ചു: 'ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്.' ശിമയോൻ പത്രോസു പറഞ്ഞു: 'നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.' യേശു അവനോടു അരുളിചെയ്തു: 'സ്വർഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്... സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും' (മത്താ. 16:15-20). പത്രോസിന് സ്വർഗീയ പിതാവു കാണിച്ചു കൊടുത്തതുകൊണ്ടാണ് അങ്ങനെ പറയാൻ കഴിഞ്ഞതെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തി. മറ്റുള്ളവർ യേശുവിനെപ്പറ്റി പറഞ്ഞിരുന്നത്, 'അവൻ തച്ചന്റെ മകനല്ലേ' എന്നായിരുന്നു. ഇവിടെ സ്വർഗീയ പിതാവ് പത്രോസിന് വെളിപ്പെടുത്തിക്കൊടുത്തു. ദൈവീക ജ്ഞാനമാണത്. പിതാവ് ഇവിടെ ചെയ്തതുപോലെ പിശാചിനു പലതും ചെയ്യാൻ കഴിവുണ്ട്.
സാത്താന്റെ കൗൺസിലിംഗ്സ്വർഗസ്ഥനായ പിതാവ് പത്രോസിന് ഇപ്രകാരം വെളിപ്പെടുത്തി എന്നുള്ള വാക്കുകൾ കേട്ടപ്പോൾ പത്രോസ് അൽപ്പമൊന്ന് അഹങ്കരിച്ചിട്ടുണ്ടാകാം- പിതാവ് ഗുരുവിനോട് മാത്രമല്ല തന്നോടും സംസാരിക്കുന്നുണ്ടെന്ന്. തുടർന്ന് കർത്താവ് തനിക്കു വരാൻപോകുന്ന പീഡാസഹനത്തെപ്പറ്റി ശിഷ്യന്മാരോടു സംസാരിക്കാൻ തുടങ്ങി. അപ്പോൾ പത്രോസ് അവിടുത്തെ മാറ്റിനിറുത്തിയിട്ട് തടസ്സം പറയാനും ഇതൊരിക്ക ലും സംഭവിക്കാൻ പാടില്ലെന്ന് വിലക്കാനും തുടങ്ങി.അപ്പോൾ യേശു തിരിഞ്ഞു പറഞ്ഞു: 'സാത്താനേ എന്റെ മുമ്പിൽ നിന്നു പോകൂ. നീ എനിക്കു പ്രതിബന്ധമാണ്' (മത്താ 16:23). പിതാവിന്റെ ചിന്താധാരയിലായിരുന്ന പത്രോസ് പെട്ടെന്ന് സാത്താന്റെ ചിന്താധാരയിലേക്കു വന്നു. അതുകൊണ്ടാണ് യേശു പത്രോസിനെ സാത്താൻ എന്നു വിളിച്ചത്. ഒരേ മനുഷ്യൻ അടുത്തടുത്ത് ദൈവാരൂപിക്കും ദുഷ്ടാരൂപിക്കും വഴങ്ങുന്നു.വിശുദ്ധ പൗലോസ് പറയുന്നു: 'ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കു വിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്... ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയ ചിന്ത, വിദ്വേ ഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശ്യമായ മറ്റു പ്രവൃത്തികളുമാണ്' (ഗലാ. 5:16-21). 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു' (പത്രോ. 5:8).എന്നാൽ, സാത്താന്റെ കീഴിലേക്കു കൊണ്ടുവരപ്പെട്ടതിനെയും ക്രിസ്തുവിനോടുള്ള വിധേയത്വത്തിലേക്ക് കൊണ്ടുവരാം. 'കർത്താവിന്റ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം, എന്നിലേക്കു കവിഞ്ഞൊഴുകി' (1 തിമോ 1:14). അതിനാൽ സാത്താന്റെ കുടില തന്ത്രങ്ങൾകൊണ്ട് വ്യതിചലിക്കപ്പെട്ടവർക്കും രക്ഷപ്പെടാൻ സാധിക്കും.
പിശാചിനെതിരെ പോരാടുകസാത്താന്റ കൗശലങ്ങൾ നമ്മൾ മനസ്സിലാക്കിക്കൊണ്ട് അവനെതിരെ പ്രതിരോധം സൃഷ്ടിക്കണം. വിശുദ്ധ പൗലോസ് എഫേസൂസ് 6:1-17 വരെയുള്ള വചനങ്ങളിൽ ആത്മീയ സമരത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. അങ്ങോട്ടു കയറി ആക്രമിക്കാൻ പറ്റിയ ആയുധം ദൈവവചനമാകുന്ന വാൾ ആണ്. ജയിക്കാൻ ദൈവത്തിങ്കലേക്കു തിരിയണം. അവിടുത്തോടു സഹായം വിളിച്ചപേക്ഷിച്ചാൽ അവിടുന്ന് ഓടിയെത്തും.'കർത്താവേ അങ്ങ് അകന്നിരിക്കരുതേ, എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ! എന്റെ ജീവനെ വാളിൽനിന്നു രക്ഷിക്കണമേ! എന്നെ നായയുടെ പിടിയിൽനിന്നു മോചിപ്പിക്കണമേ! സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ! കാട്ടുപോത്തിന്റെ കൊമ്പുകളിൽനിന്ന് മുറിവേറ്റ എന്നെ മോചിപ്പിക്കണമേ! ഞാൻ അവിടുത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാ മധ്യത്തിൽ ഞാൻ അങ്ങയെ പുകഴ്ത്തും' (സങ്കീ. 22:19-22).സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന നായും സിംഹവും കാട്ടുപോത്തുമെല്ലാം പിശാചുക്കളെയാണു സൂചിപ്പിക്കുന്നത്. ഏതെങ്കിലും തരത്തിൽ എന്നെങ്കിലും പിശാചിന്റെ പ്രവർത്തനങ്ങൾക്ക് നമ്മൾ സ്വമേധയാ വഴിപ്പെട്ടിട്ടുണ്ടെങ്കിൽ ഉദാഹരണമായി മന്ത്രവാദം- കൂടോത്രം, പിശാചുസേവ മുതലായവ നമ്മുടെ മനസ്സുകളെ ദുരാത്മാക്കൾ കൂടുതൽ സ്വാധീനിക്കും.
അയോഗ്യതയോടെ സ്വീകരിക്കുന്ന കൂദാശകൾഅതുപോലെ തന്നെ അയോഗ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചാലും പിശാച് അവരുടെ മനസ്സിനെ കൂടുതൽ സ്വാധീനി ക്കും. ഉദാഹരണം, യൂദാസ് തന്നെ. യേശു വിശുദ്ധ കുർബാന സ്ഥാപിച്ച ഉടനെ അരുളിച്ചെയ്തു: 'എന്നാൽ ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അടുത്ത് മേശമേൽത്തന്നെയുണ്ട്' (ലൂക്കാ 22:21). ആരാണ് ഒറ്റിക്കൊടുക്കാനിരിക്കുന്നത് എന്ന് യോഹന്നാൻ യേശുവിനോടു ചോദിച്ചപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: 'അ പ്പക്കഷണം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അവൻ തന്നെ.'അവൻ അപ്പക്കഷണം മുക്കി ശിമയോൻ സ്‌ക്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു. അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു (യോഹ. 13:2627). സാത്താൻ അവ ന്റെ ചിന്താമണ്ഡലത്തെയാണ് ബാധിച്ച ത്. 'ഉടനെ അവൻ പുറത്തുപോയി. അപ്പോ ൾ രാത്രിയായിരുന്നു' (യോഹ. 13:30).അതിനുശേഷമാണ് യൂദാസ് ഒറ്റിക്കൊടുക്കുന്ന പ്രവൃത്തി ഗത്സമനിയിൽവെച്ച് ചെയ്തത്. എന്നാൽ, അപ്പം സ്വീകരിക്കുന്ന അവസരത്തിൽ അവൻ മനസ്സിൽ ഒറ്റിക്കൊടുക്കാൻ തീരുമാനിച്ചിരുന്നു. അയോഗ്യമായി കൂദാശകൾ സ്വീകരിക്കുമ്പോൾ സാത്താൻ നമ്മുടെ ചിന്താമണ്ഡലങ്ങളെ സ്വാധീനിക്കും.രക്ഷകനായ യേശുവിൽ നമുക്ക് ആശ്രയിക്കാം. ദുഷ്ടാരൂപിയുടെ എല്ലാ പ്രവർ ത്തനങ്ങളിൽനിന്നും നമ്മെ രക്ഷിക്കാൻ അവിടുത്തേക്കു കഴിയും.
വർക്കിയച്ചന്റെ സ്മരണകൾക്ക് ഏഴ് വയസ്...
![06](http://www.sundayshalom.com/wp-content/uploads/2016/06/06-250x300.jpg)
എം.എസ്.എം.ഐ സഭാ സ്ഥാപകനും ശാലോമിന്റെ ആത്മീയപിതാവും മലബാറിലെ ആദ്യകാല മിഷണറിയുമായ മോൺ. സി.ജെ വർക്കിയുടെ ഓർമകൾക്ക് ജൂൺ 24ന് ഏഴ് വയസ് കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഗൃഹീതതൂലികയിൽനിന്ന് പിറന്നുവീണ 'എല്ലാം തിരുഹിതംപോലെ' എന്ന സമാഹാരത്തിലെ രണ്ട് ലേഖനങ്ങൾ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.Source: Sunday Shalom