News >> സ്വയം ജീവനൊടുക്കാൻ ഇന്ത്യക്കാർക്ക് ധൃതിയോ?
ന്യൂഡൽഹി: ലോകത്ത് മൂന്ന് ആത്മഹത്യകൾ നടക്കുമ്പോൾ അതിൽ ഒന്ന് ഇന്ത്യയിലാണെന്ന് പഠനം. ആത്മഹത്യയുമായി ബന്ധപ്പെട്ടു നടത്തിയ നിരീക്ഷണത്തിലാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ രണ്ടു മിനിറ്റിലും ഇന്ത്യയിൽ ഒരാൾ ആത്മഹത്യക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 2012-ൽ 2,50,000 ആത്മഹത്യകൾ നടന്നതായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. 15നും 19നും ഇടയിലുള്ള പ്രായത്തിലാണ് കൂടുതൽ ആത്മഹത്യകളും. ആത്മഹത്യകളുടെ എണ്ണത്തിൽ സ്ത്രീകളെക്കാൾ മുമ്പിൽ നില്ക്കുന്നത് പുരുഷന്മാരാണ്. "ഒരു ആത്മഹത്യ വിജയിക്കുമ്പോൾ ഏതാണ്ട് 20 പേർ ആത്മഹത്യക്ക് ശ്രമിക്കുന്നു""വളരെ ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണിത്. ഭൗതീകവാദത്തിന്റെ വേരുകൾ സമൂഹത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ തെളിവാണ് വർധിക്കുന്ന ആത്മഹത്യകൾ. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലുള്ള അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണം. ആത്മഹത്യ പ്രവണത ഉള്ളവരെ വളരെ കരുതലോടെ സമീപിക്കുകയും അവർക്ക് ആവശ്യമായ ചികിത്സകൾ നൽകുകയും വേണം. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടവർ വീണ്ടും അതു ചെയ്യാനുള്ള സാധ്യത ഏറെയാണ്." ന്യൂഡൽഹി ഓൾ ഇന്ത്യാ മെഡിക്കൽ സയൻസിലെ പ്രഫസർ ഡോ. എം.സി. മിശ്ര പറയുന്നു.ആവശ്യമായ മുൻകരുതലുതകൾ സ്വീകരിക്കുകയാണെങ്കിൽ ഭൂരിഭാഗം ആത്മഹത്യകളും ഒഴിവാക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. "വിവിധ മേഖലകളിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുമ്പിൽ നിൽക്കുന്ന കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യയുടെ കാര്യത്തിലും മുന്നിട്ടുനിൽക്കുന്നത്. ആരോഗ്യ മേഖലക്ക് പ്രാധാന്യം നൽകുന്നതുപോലെ ആത്മഹത്യയിൽനിന്നും രക്ഷിക്കുന്നതിനും ഗൗരവം നൽകിയാൽ ഈ പ്രശ്‌നത്തെ മറികടക്കാൻ കഴിയും" ന്യൂഡൽഹി പബ്ലിക് ഹെൽത്ത് ഫൗണ്ടേഷനിലെ സൈക്യാട്രിസ്റ്റ് ഡോ. വിക്രം പട്ടേൽ ചൂണ്ടിക്കാട്ടുന്നു.പെരുകുന്ന ആത്മഹത്യകൾ ലോകത്തിന് വഴിതെറ്റുന്നതിന്റെ ലക്ഷണമാണ്. ആത്മീയത ദുർബലപ്പെടുമ്പോഴാണ് ആത്മഹത്യകൾ വർധിക്കുന്നത്. ജീവിതം ഈ ലോകത്തിൽ അവസാനിക്കാനുള്ളതാണ്, അതിനാൽ അത് ഏതു വിധത്തിൽ വേണമെങ്കിലും ആസ്വദിക്കണമെന്ന് ആധുനിക ലോകം പറയുന്നു. അതിനുള്ള സാധ്യതകളും വെച്ചുനീട്ടുന്നു. അതിലെ തെറ്റും അപകടസാധ്യതകളും ചൂണ്ടിക്കാണിക്കുന്നവരെ പിൻതിരിപ്പന്മാരായി ലോകം മുദ്രകുത്തുകയും ചെയ്യുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന അനേകം യുവജനങ്ങൾ അവസാനം ആത്മഹത്യയിൽ അഭയം തേടുന്നു. ആത്മഹത്യ പ്രവണതകളുടെ വേരുകൾ പിഴുതെറിയുകയാണ് ആദ്യം വേണ്ടത്.Source: Sunday Shalom