News >> മാർ റാഫേൽ തട്ടിലിന്റെ പേരിൽ പുതിയ സസ്യം


തൃശൂർ: അറുപതാം പിറന്നാൾ ആഘോഷിച്ച തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലിനെ ആദരിക്കാൻ സെന്റ് തോമസ് കോളജ് സസ്യശാസ്ത്രവിഭാഗം പുതിയ സസ്യത്തിന് 'ഒഫിയോഗ്ലോസം റാഫേലിയാനം' എന്ന പേര് നൽകി.

ഏറ്റവും കൂടുതൽ ക്രോമസോം സംഖ്യയുള്ള മൂന്നുഗ്രാം മാത്രം വലിപ്പമുള്ള പാമ്പിൻനാവിന്റെ രൂപസാദൃശ്യമുള്ള പന്നൽ വംശത്തിൽപെട്ട ഈ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് അധ്യാപകരായ ഡോ. പി.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി, ബിരുദാനന്തര വിദ്യാർത്ഥികളായ അഫ്‌സാനഖാൻ, ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ് എന്നിവരാണ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ നടത്തപ്പെട്ട ഗവേഷണത്തിലാണ് ഈ പുതിയ സസ്യത്തെ കണ്ടെത്തിയത്.

ഈ കണ്ടുപിടിത്തം ഇന്റർനാഷണൽ ജേണൽ ഓഫ് അഡ്വാൻസ്ഡ് റിസർച്ചിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചികിത്സാരംഗത്ത് വളരെയേറെ ഉപയോഗസാധ്യതയുള്ള ഈ ചെടിയുടെ പ്രാധാന്യം സംബന്ധിച്ച് സെന്റ് തോമസ് കോളജ് സസ്യശാസ്ത്രവിഭാഗം പഠനം നടത്തിവരികയാണ്.

Source: Sunday Shalom