News >> ഭിന്നശേഷിയുള്ളവരുടെ സംഗമവും ഹെലൻ കെല്ലർ അനുസ്മരണവും


കോട്ടയം: കാരുണ്യത്തിലൂടെ മനുഷ്യമഹത്വം വെളിപ്പെടുന്നുവെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കെ.സി.ബി.സി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിലുള്ള കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാരുണ്യ വർഷത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരെ സംഘടിപ്പിച്ച് നടന്ന സമരിറ്റൻ ദിനാചരണത്തിന്റെയും സെൻസ് ഇന്റർ നാഷണൽ ഇൻഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയിലെ അംഗങ്ങളുടെ വാർഷിക സംഗമമായ ഹെലൻ കെല്ലർ ദിനാചരണത്തിന്റെയും ഉദ്ഘാടനം ചേർപ്പുങ്കൽ സമരിറ്റൻ റിസോഴ്‌സ് സെന്ററിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ സമൂഹത്തിൽ നന്മയുടെ ചൈതന്യം പകർന്ന് നൽകുവാനും മാനുഷിക മൂല്യങ്ങൾ കാത്തുപരിപാലിക്കുവാനും സാധിക്കണമെന്നും അവഗണിക്കപ്പെടുന്ന ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഇത്തരം കൂട്ടായ്മകളും സംഗമവും സാമൂഹ്യ പ്രതിബദ്ധതയോടെ സംഘടിപ്പിക്കുവാൻ കഴിയുമ്പോഴാണ് കാരുണ്യത്തിന്റെ ചൈതന്യം എല്ലാവരിലേയ്ക്കും എത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി അബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ കാരുണ്യവർഷ സന്ദേശം നൽകി. കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ ചർച്ച് വികാരി ഫാ. മൈക്കിൾ നെടുംന്തുരുത്തിപുത്തൻപുരയിൽ, നവജീവൻ ട്രസ്റ്റ് സാരഥി പി.യു തോമസ്, എസ്.ബി.റ്റി തെള്ളകം ബ്രാഞ്ച് മാനേജർ പീറ്റർ വി.ജെ, വിൻസന്റ് ഡിപോൾ സൊസൈറ്റി എസ്.എച്ച് മൗണ്ട് യൂണിറ്റ് പ്രസിഡന്റ് എം.വി. ജോസ് പൂക്കുമ്പേൽ, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിൻസ് ചേത്തലിൽ, അസി. സെക്രട്ടറി ഫാ. ബിബിൻ കണ്ടോത്ത്, സമരിറ്റൻ റിസോഴ്‌സ് സെന്റർ ജോയിന്റ് ഡയറക്ടർ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈല തോമസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് ചൈതന്യ ജീവകാരുണ്യ നിധി ചികിത്സാ സഹായ വിതരണം, എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഭിന്നശേഷിയുള്ള കുട്ടിയ്ക്കുള്ള അവാർഡ് സമർപ്പണം, അന്ധബധിര വൈകല്യത്തെ മാതൃകാപരമായി അതിജീവിച്ച കുട്ടിയ്ക്കും ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് മാതൃകാപരമായി പരിശീലനം നൽകുന്ന രക്ഷകർത്താവിനുമുള്ള പുരസ്‌ക്കാരവും വിതരണം ചെയ്തു. കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ സഹകരണത്തോടെ വീൽചെയർ വിതരണവും, വിൻസെന്റ് ഡിപോൾ സൊസൈറ്റിയുടെ സഹകരണത്തോടെ പഠനോപകരണ വിതരണവും, ഖത്തർ ക്‌നാനായ കമ്മ്യൂണിറ്റിയുടെയും കെ.സി.വൈ.എൽ യൂണിറ്റിന്റെയും സഹകരണത്തോടെ ഭിന്നശേഷിയുള്ളവർക്കായുള്ള സഹായക ഉപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു.

വൈകല്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടാം എന്ന വിഷയത്തിൽ അനീഷ് മോഹൻ സെമിനാർ നയിച്ചു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൾ അണിയിച്ചൊരുക്കിയ കലാവിരുന്നും അന്ധബധിര വൈകല്യമുള്ളവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ജീവിതം സമർപ്പിച്ച ഹെലൻകെല്ലറിന്റെ അനുസ്മരണവും നടത്തപ്പെട്ടു. അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം മുൻനിർത്തി കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്‌സ് സെന്ററുമായ ചേർപ്പുങ്കൽ സമരിറ്റൻ സെന്ററിൽ കാരുണ്യവർഷത്തോടനുബന്ധിച്ച് ക്രമീകരിച്ച സംഗമത്തിൽ അഞ്ഞൂറോളം ഭിന്നശേഷിയുള്ളവർ പങ്കെടുത്തു.

Source: Sunday Shalom