News >> വിശ്വാസം സ്വീകരിച്ച് ചിത്രരചനയിലൂടെ ക്രിസ്തുസാക്ഷിയായി മാറിയ സിസ്റ്റർ


ഇന്ത്യയിലെ പന്ത്രണ്ടോളം ദേവാലയങ്ങളിൽ പീഡാനുഭവവഴികൾ ചിത്രീകരിച്ച സിസ്റ്റർ ക്ലെയർ നിരക്ഷരരായവർക്കുള്ള സുവിശേഷമാണ് ഈ ചിത്രരചനയിലൂടെ നടത്തുന്നത്. യഥാർത്ഥത്തിൽ ക്രൈസ്തവ രഹസ്യങ്ങളെ, ഭാരതീയ കലാരൂപത്തിലേക്ക് മാമോദീസ മുക്കുകയാണ് സിസ്റ്റർ. ആ ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന സംഗീതം പതിനായിരങ്ങളെ ആകർഷിക്കുന്നു. അതുകൊണ്ടാകാം 'സഭയുടെ കലാകാരി' എന്ന് ജോൺ പോൾ മാർപാപ്പ പോലും സിസ്റ്ററെ വിശേഷിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ അമ്പല നഗരിയായ തിരുപ്പതിയിൽ നായിഡു കുടുംബത്തിലാണ് 1937-ൽ മീര എന്ന സിസ്റ്റർ ക്ലെയർ ജനിച്ചത്. ഒമ്പതു മക്കളിൽ രണ്ടാമത്തെയാളായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. പിതാവിന്റെ ജോലിമാറ്റത്തോടൊപ്പം കുടുംബവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. അങ്ങനെയാണ് ആ കുടുംബം ബാംഗ്ലൂരിൽ എത്തുന്നത്. അത് മീരയുടെ ജീവിതത്തിൽ ഴിത്തിരിവായി.

ഒരു സന്യാസിനിയായി, മീരാഭായിയെപ്പോലെ, ജീവിതം ദൈവത്തിന് സമർപ്പിക്കാൻ ചെറുപ്പം മുതൽ താൽപര്യപ്പെട്ടിരുന്ന മീര ബാംഗ്ലൂരിൽ എസ്.എം.എം.ഐ സിസ്റ്റേഴ്‌സിന്റെ സ്‌കൂളിൽ ചേർന്നു പഠിച്ചു. സന്യാസിനിമാരുടെ ക്രിസ്തു കേന്ദ്രീകൃതമായ ത്യാഗജീവിതം അവളെ ഏറെ ആകർഷിച്ചു. മാതാപിതാക്കൾ അവളെ വളരെയധികം സ്‌നേഹിച്ചു. 'ചിന്നപ്പാപ്പ' (കൊച്ചുകുട്ടി) എന്നാണ് എല്ലാവരും മീരയെ വിളിച്ചത്. ചെറുപ്പം മുതൽ ശാന്ത പ്രകൃതമായിരുന്ന മീരയ്ക്ക് യേശുവിനോടു തോന്നിയ അടുപ്പം വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. മീരയ്ക്ക് ബാധ കൂടിയെന്ന ധാരണയാൽ അവർ പല സിദ്ധന്മാരുടെയും അടുക്കൽ അവളെ കൊണ്ടുപോയി. സായിബാബയുടെ പക്കൽനിന്ന് ലഭിച്ച ഭസ്മം വെള്ളത്തിൽ ചാലിച്ച് ആറുമാസം കൊടുത്തു. വിവാഹിതയായാൽ അവൾ ഹൈന്ദവ ആചാരങ്ങളിലേക്ക് മടങ്ങിവരുമെന്ന് മാതാപിതാക്കൾ കരുതി. അങ്ങനെ മനസമ്മതത്തിന് മീര നിർബന്ധിതയായി. വിവാഹ തിയതി കുറിച്ച് കാത്തിരുന്ന കുടുംബാംഗങ്ങളെ ഞെട്ടിച്ച്, വിവാഹനാളിന് മൂന്നുദിവസം മുമ്പ് രണ്ടുരൂപയും മോഷ്ടിച്ച് മീര വീടുവിട്ടിറങ്ങി. ബസിൽ കയറി ടിക്കറ്റ് എടുക്കവേ കണ്ടക്ടർ സ്ഥലം തിരക്കിയപ്പോൾ അവൾ പറഞ്ഞു; ബസ് അവസാനിക്കു ന്ന ഇടത്തേക്ക്!, റാണിപെട്ട് എന്ന സ്ഥലത്തേക്കായിരുന്നു ആ ബസ്. അവിടെ ഇറങ്ങിയ മീര, ഓർമയിൽ താൻ സൂക്ഷിച്ചിരുന്ന മഠം അന്വേഷിച്ച് നടന്നു. വഴിതെറ്റി ഒരു പുരുഷ ഹോസ്റ്റലിൽ എത്തിയ മീരയെ അവർ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും അവിടെനിന്ന് അവൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴുത്തിൽ കിടന്ന സ്വർണമാല ഒരു മനുഷ്യന് വിറ്റ് അമ്പതു രൂപയും വാങ്ങി പിന്നീട് ബാംഗ്ലൂരിലേക്ക് ബസിൽ പുറപ്പെട്ടു. പഴയ സ്‌കൂളിലെ മദറിനെ അന്വേഷിച്ച് നടന്ന അവൾ ഒടുവിൽ ഒരു മഠത്തിലാണ് എത്തിയത്. തന്റെ ഉദ്ദേശം അവരെ അറിയിച്ചു. പക്ഷേ, മീര ഉദ്ദേശിച്ച മഠമല്ലായിരുന്നു അത്. അവിടെ മീര കണ്ടുമുട്ടിയ സിസ്റ്റർ, കന്യാസ്ത്രീയാകണമെങ്കിൽ വികാരിയച്ചന്റെ കത്തുമായി വരാനായിരുന്ന നിർദേശിച്ചത്. നീണ്ട അന്വേഷണത്തിനൊടുവിൽ മീര ഹൈസ്‌കൂൾ പഠനം നടത്തിയ എസ്.എം.എം.ഐ സിസ്റ്റേഴ്‌സിന്റെ തന്നെ മഠത്തിലെത്തി. തന്റെ സ്‌നേഹമുള്ള പഴയ ഗുരുനാഥന്മാരെ കണ്ടു. അവർ മീരയെ മറ്റൊരു മഠത്തിലേക്ക് കുറച്ചുനാൾ മാറ്റിപാർപ്പിച്ചു.

മീരയുടെ മാതാപിതാക്കൾ ബാംഗ്ലൂരിലെത്തി. മീര പഠിച്ച സ്‌കൂളിലും കോൺവെന്റിലും അവർ അന്വേഷിച്ചു. മാതാപിതാക്കളുടെ വേദന മനസിലാക്കിയ സിസ്റ്റേഴ്‌സ് മീരയോട് തിരികെ പോകാൻ പറഞ്ഞെങ്കിലും അവൾ തെല്ലും തയാറായില്ല. ഒടുവിൽ ബ്രാഹ്മണനായ ഒരു അധ്യാപകന്റെ ഇടപെടൽമൂലം മാതാപിതാക്കൾ മനസില്ലാ മനസോടെ നാട്ടിലേക്ക് മടങ്ങി.

യേശുവിനോടുള്ള മീരയുടെ സ്‌നേഹവും അദമ്യമായ ആഗ്രഹവും കണ്ട് അവളെ ക്ലെയർ എന്ന നാമത്തിൽ മാമ്മോദീസ നൽകി സിസ്റ്റേഴ്‌സ് പിന്നീട് മഠത്തിൽ സ്വീകരിച്ചു. ക്രൈസ്തവ മതത്തെക്കുറിച്ചോ, കുരിശു വരക്കാൻപോലുമോ അറിയാത്ത മീരയെ കന്യസ്ത്രീയാക്കുന്നതിൽ മഠത്തിന്റെ അധികാരികൾ വിലക്കിയിരുന്നു. എന്നാൽ അവളുടെ ആഗ്രഹം കേട്ടറിഞ്ഞ് എസ്.എം.എം.ഐ സഭയുടെ ജനറാൾ ഇടപെട്ട് ഒരു അർത്ഥിനിയായി സ്വീകരിക്കാൻ തീരുമാനിച്ചു. അവളുടെ ആദ്യ വ്രതവാഗ്ദാനത്തിലും സഭാവസ്ത്ര സ്വീകരണത്തിലും പങ്കെടുക്കാൻ എത്തിയ മാതാപിതാക്കൾ ആ മുഹൂർത്തത്തിൽപ്പോലും അവളോട് തിരികെ വീട്ടിലേക്ക് മടങ്ങാനാണ് നിർബന്ധിച്ചത്. എന്നാൽ, സിസ്റ്റർ ക്ലെയർ എന്ന ആ കന്യാസ്ത്രീ തന്റെ ദിവ്യമണവാളനെ ധ്യാനിച്ച് മഠത്തിന്റെ ആവൃതിയിൽ ജീവിക്കാനുള്ള അനുവാദം തരണേയെന്ന് മാതാപിതാക്കളുടെ കാലിൽ വീണ് യാചിച്ചു. അങ്ങനെ അവരുടെ മൗനാനുവാദത്തോടെ യേശുവിന് തന്നെത്തന്നെ ക്ലെയർ സമർപ്പിച്ചു.

അധ്യാപനത്തോടായിരുന്നു സിസ്റ്റർ ക്ലെയറിന് താൽപര്യം. നന്നായി പാടുമായിരുന്നു. എന്നാൽ വോക്കൽകോഡിന് പ്രശ്‌നമുണ്ടാകുമെന്ന ഡോക്ടർമാരുടെ നിർദേശം മാനിച്ച് തന്റെ സ്വപ്‌നങ്ങൾ അവൾക്ക് ത്യജിക്കേണ്ടിവന്നു. എങ്കിലും മദർ സുപ്പീരിയറിന്റെ നിർദേശാനുസരണം ചിത്രം വരക്കാൻ ആരംഭിച്ചു. അവിടെ മറ്റൊരു വാതിൽ സിസ്റ്റർ ക്ലെയറിന് തുറക്കുകയായിരുന്നു. അസ്സീസി അവാർഡ് ജേതാവായ സിസ്റ്റർ ക്ലെയറിന്റെ ചിത്രകലാ ജീവിതം ആരംഭിക്കുന്നത് അങ്ങനെയായിരുന്നു.

ഹൈന്ദവ പശ്ചാത്തലമുള്ള സിസ്റ്ററിന്റെ ചിത്രങ്ങൾ സാംസ്‌കാരിക അനുരൂപണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. കുഞ്ഞുനാളിൽ വീട്ടുമുറ്റത്ത് വരച്ചിരുന്ന കോലങ്ങളും മറ്റും സിസ്റ്ററിന് ഈ ചിത്രകലക്ക് പ്രചോദനമായി മാറുകയായിരുന്നു.

ഒരിക്കൽ ബാംഗ്ലൂരിലെ സ്‌കൂളിൽനിന്നും സിസ്റ്റേഴ്‌സ് ക്രിസ്മസ് കാർഡുകൾ കുട്ടികൾക്ക് നൽകിയത് മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടില്ല. യൂറോപ്യൻ മോഡലിലുള്ള കാർഡുകൾ കണ്ട മാതാപിതാക്കൾ അവ ടീച്ചേഴ്‌സിനെ തിരിച്ചേൽപ്പിക്കാൻ പറഞ്ഞ് കുഞ്ഞുങ്ങളുടെ കൈയിൽ കൊടുത്തുവിട്ടു. എന്നാൽ സിസ്റ്റർ ക്ലെയർ വരച്ച, ഇന്ത്യൻ ശൈലിയിലുള്ള കാർഡുകൾ കുട്ടികൾ മാതാപിതാക്കൾക്ക് കൊടുത്തപ്പോൾ കൂടുതൽ കാർഡുകൾ ആവശ്യപ്പെട്ട് അവർ കുഞ്ഞുങ്ങളുടെ കൈയിൽ പണം കൊടുത്തുവിട്ടത് സിസ്റ്ററിന് കൂടുതൽ പ്രചോദനമായി.

വാഴ്ത്തപ്പെട്ട ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ ചിത്രരചനയുടെ വൈശിഷ്ട്യം അറിഞ്ഞ് സിസ്റ്ററിനെ വത്തിക്കാനിലേക്കും ക്ഷണിച്ചിരുന്നു. എളിമകൊണ്ട് ക്ഷണം നിരസിച്ചെങ്കിലും മാർപാപ്പ തന്റെ അഭിനന്ദനങ്ങളും അനുമോദനങ്ങളും മെത്രാൻ വഴി സിസ്റ്ററെ അറിയിച്ചു.

അധ്യാപികയായി പരിശീലനം നേടിയ സിസ്റ്ററിന് രോഗംമൂലം അധ്യാപനജീവിതം തുടരാൻ കഴിഞ്ഞില്ല. എങ്കിലും, സിസ്റ്ററിന്റെ ഉള്ളിലെ കലാകാരിയെ കണ്ടറിഞ്ഞ സഭാനേതൃത്വം അക്കാലത്ത് സഭയിലുണ്ടായിരുന്ന ഫ്രഞ്ചുകാരിയായ, ചിത്രരചനയിൽ പ്രഗത്ഭയായ സിസ്റ്റർ ജെനിവേവിന്റെ പാത പിന്തുടരാൻ ആവശ്യപ്പെട്ടു. രണ്ടുപേരും ചേർന്ന് ഗോവയിലെ ഈശോസഭാ ധ്യാനകേന്ദ്രത്തിന്റെ തടികൊണ്ടുള്ള അൾത്താരയിൽ ചെയ്ത പെയിന്റിങ് ഒരു സ്മാരകമായി നിലനില്ക്കുന്നു. ചിത്രരചനയിൽ പരിശീലനം നേടുന്നതിന് സംസ്ഥാന കലാവിദ്യാലയത്തിൽ സിസ്റ്ററിനെ അയക്കാനും അധികാരികൾ താല്പര്യം കാട്ടി. അവിടെ നടത്തിയ എല്ലാ പരീക്ഷകൾക്കും ഒന്നാമതായി സിസ്റ്റർ വിജയിച്ചു.

1971 ൽ സിസ്റ്റർ ഒരു ജെർമൻ വൈദികനെ കണ്ടുമുട്ടി. തികച്ചും യാദൃശ്ചികമായിരുന്നു അത്. അതിലുപരി ദൈവനിയോഗവും. സുവിശേഷ സത്യങ്ങളെ ഭാരതീയവൽക്കരിക്കാൻ തീക്ഷ്ണമായി അധ്വാനിക്കുകയായിരുന്നു ആ വൈദികൻ. ഭാരതീയ ക്രൈസ്തവ കലകളെ പ്രോത്സാഹിപ്പിക്കാൻ ആർറ്റ് ഇന്ത്യ എന്ന പേരിൽ പൂന കേന്ദ്രമാക്കി ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചിരുന്നു. ക്രിസ്മസ്, ഈസ്റ്റർ കാർഡുകളും മറ്റും പ്രിന്റ് ചെയ്ത് മിതമായ നിരക്കിൽ ഈ സ്ഥാപനത്തിൽനിന്നും പുറത്തിറക്കിയിരുന്നു. സിസ്റ്റർ വരച്ച ചിത്രങ്ങളിലൂടെ ദേശത്തും വിദേശത്തും ധാരാളം ആരാധകർ സിസ്റ്ററിനുണ്ടായി. എസ്.എം.എം.ഐ സഭയുടെ ഇന്ത്യക്കാരിയായ ആദ്യ സുപ്പീരിയർ ജനറാൾ സിസ്റ്റർ ജെയിൻ വാഴ്ത്തപ്പെട്ട ജോൺപോൾ രണ്ടാമൻ പാപ്പയ്ക്ക് സമ്മാനിച്ച ചിത്രങ്ങൾ ഇപ്പോഴും വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സിസ്റ്ററിന്റെ എഴുന്നൂറോളം ചിത്രങ്ങൾ പരിശോധിച്ച് പഠനം നടത്തിയ സിസ്റ്റർ എയ്ഞ്ചൽ മേരി ആ ചിത്രങ്ങളിലെ വൈവിധ്യത്തെക്കുറിച്ചാണ് തന്റെ ഡോക്ടറൽ തീസിസിൽ വ്യക്തമാക്കിയത്. ഓരോ തവണ പകർത്തുമ്പോഴും നൂതന ആശയങ്ങൾ അവയിൽ പ്രകടമാണ്. അത്രമാത്രം സാർവത്രിക ഭാവമുള്ളതാണ് സിസ്റ്റർ ക്ലെയറിന്റെ രചനകൾ. അമ്പതുവർഷം നീണ്ട സിസ്റ്റർ ക്ലെയറിന്റെ കലാസേവനത്തിനന് സി.ബി.സി.ഐ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. 

Source: Sunday Shalom