News >> ഈ വിത്ത് ഇന്നും ഫലം ചൂടുന്നു
ബ്രസീൽ: സിസ്റ്റർ ഡൊറോത്തിയെ "2005 ഫെബ്രുവരിയിൽ സംസ്‌കരിക്കുന്ന സമയത്ത് ഞങ്ങൾ പറഞ്ഞു, ഞങ്ങൾ അവരെ സംസ്‌കരിക്കുകയല്ല. ഒരു വിത്തു നടുകയാണ്. അവർ ധാരാളം ഫലം പുറപ്പെടുവിക്കുന്ന വിത്താണ്. ഇന്ന് ഞങ്ങൾ ആ വിത്തിൽനിന്നുള്ള ഫലങ്ങളും ആ ഫലങ്ങളിൽനിന്നുള്ള പുതിയ വിത്തുകളും കൊയ്യുകയാണ്." സിൻഗുവിലെ ബിഷപ് എർവിൻ ക്രൗറ്റ്‌ലർ ആ ധീരസന്യാസിനി വരിച്ച രക്തസാക്ഷിത്വത്തെക്കുറിച്ച് അനുസ്മരിച്ചു.ബ്രസീലിലെ കത്തോലിക്ക സഭക്ക് സിസ്റ്റർ ഡൊറോത്തിയെ മറക്കാനാവില്ല. കാരണം അവർ ഒറ്റക്ക് നടത്തിയ നിശബ്ദമായ പ്രവർത്തനം ഇന്ന് ബ്രസീലീന്റെ മുക്കിലും മൂലയിലും പടർന്ന് പന്തലിച്ചിരിക്കുന്നു.
2005 ഫെബ്രുവരി 12-നാണ് നോട്ടർ ഡാം ഓഫ് നാമൂർ സന്യാസിനീസഭാംഗമായ സിസ്റ്റർ ഡൊറോത്തി സ്റ്റാംഗ് വധിക്കപ്പെടുന്നത്. ദരിദ്രരായ മനുഷ്യരുടെയിടെയിലും കാടിനെ ആശ്രയിച്ച് കഴിഞ്ഞ ആദിവാസിജനങ്ങളുടെ ഇടയിലും പ്രവർത്തിച്ച സിസ്റ്റർ ഡൊറോത്തി കാട്ടുകള്ളൻമാർക്കെതിരെയും അനധികൃത കുടിയേറ്റക്കാർക്കെതിരെയും ശക്തമായ നിലപാടെടുത്തു. 73-ാമത്തെ വയസിലും ആമസോണിലെ ജനങ്ങൾക്ക് വേണ്ടി വാദിക്കുകയും അവരോടൊപ്പം നിലയുറപ്പിക്കുകയും ചെയ്ത സിസ്റ്റർ ഡൊറോത്തിയുടെ കൊലപാതകം പക്ഷേ, ആസൂത്രകർ വിഭാവനം ചെയ്തതിന്റെ വിപരീതഫലമാണ് ഉണ്ടാക്കിയത്.പാസ്റ്ററൽ ലാന്റ് കമ്മീഷൻ എന്ന എൻ. ജി.ഒയുടെ കണക്കനുസരിച്ച് 2005-നും 2014-നും ഇടയ്ക്ക് ഭൂപ്രശ്‌നങ്ങളുടെ പേരിൽ 325 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 67.3 ശതമാനം ആളുകളും ആമസോൺ മേഖലയിലുള്ളവരാണ്. ബ്രസീലിയൻ ആമസോണിൽ നടന്ന 768 കൊലപാതകങ്ങളിൽ 19 എണ്ണത്തിൽ മാത്രമേ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന് ഇതേ എൻ.ജി.ഒ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു. 'ആഗോള സാക്ഷി' എന്ന എൻ.ജി.ഒ നടത്തിയ പഠനമനുസരിച്ച് 2002-നും 2013-നുമിടയിൽ ആഗോളതലത്തിൽ നടന്നിട്ടുള്ള 908 പരിസ്ഥിതി പ്രവർത്തകരുടെ കൊലപാതകങ്ങളിൽ പകുതിയും നടന്നിട്ടുള്ളത് ബ്രസീലിലാണ്.സിസ്റ്റർ ഡൊറോത്തിയുടെ പാത പിന്തുടർന്ന് രക്തസാക്ഷിത്വം വരിച്ചവർ നിരവധിയാണ്. ശക്തരായ എതിരാളികളുടെ നടുവിൽ സിസ്റ്റർ ഡൊറോത്തി നട്ട ധൈര്യത്തിന്റെ വിത്ത് ഇന്ന് പടർന്ന് പന്തലിച്ചിരിക്കുന്നു. തിരിച്ചടികൾ നേരിടുമ്പോൾ പ്പോലും ഭീഷണിക്ക് വഴങ്ങാത്ത യഥാർത്ഥ പ്രകൃതി സ്‌നേഹികളുടെ ഒരു നിരയെ അവശേഷിപ്പിച്ചാണ് സിസ്റ്റർ ഡൊറോത്തി യാത്രയായത്.Source: Sunday Shalom