News >> നിസ്വാർത്ഥതയുടെ ആധ്യാത്മികത: ജോൺ മാരിയൂസ് മാണിക്കനാംപറമ്പിലച്ചൻ


ബഹുമാനപ്പെട്ട ജോൺ മാരിയൂസ് മാണിക്കനാംപറമ്പിലച്ചൻ നന്മനിറഞ്ഞ മന:സാക്ഷിയുടെ ഉടമയാണ്. സി.എം.ഐ സഭാംഗമായ അദ്ദേഹം ബാംഗ്ലൂരിലെ ധർമാരാം കോളജിൽ താമസിക്കുന്നു. അവിടുത്തെ ക്രൈസ്റ്റ് സ്‌കൂൾ അദ്ദേഹമായിരുന്നു തുടങ്ങിയത്. അതിന്റെ പ്രിൻസിപ്പൽ ആയിരുന്നപ്പോഴും അദ്ദേഹം പാവപ്പെട്ടവരുടെയും വേദനയനുഭവിക്കുന്നവരുടെയും കൂടെ യാത്ര ചെയ്തിരുന്നു. ഉത്തരവാദിത്തങ്ങൾ ഏറെയുള്ള പല ജോലികൾക്കിടയിലും ഏറ്റവും പ്രധാനപ്പെട്ടത് പാവങ്ങളോടുള്ള പക്ഷം ചേരലാണെന്ന് അദ്ദേഹം വിശ്വസിച്ചു. പാവങ്ങളുടെ പക്ഷം ചേരുക എന്നു പറയുമ്പോഴും എഴുതുമ്പോഴും അത് സാഹിത്യഭംഗിക്കുവേണ്ടി ഉപയോഗിച്ചതാണെന്നു തെറ്റിദ്ധരിക്കാം. പക്ഷേ, മാരിയൂസച്ചൻ ഈ വാക്കുകൾക്ക് വാക്കോളം അർത്ഥം നൽകുന്നു. പാവങ്ങളോടൊപ്പം, അവർക്കുവേണ്ടി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ ക്രിസ്തുശിഷ്യൻ.

ഇപ്പോൾ ധർമാരാം കോളജിനടുത്ത് പാവങ്ങൾക്കായി ഭക്ഷണവിതരണം നടത്തുന്ന അച്ചനെ സഹായിക്കാൻ ധാരാളം പേർ ഒപ്പമുണ്ട്. അത് മനുഷ്യരിൽ പച്ചകെടാതെ നിൽക്കുന്ന പരസ്‌നേഹത്തിന്റെ പ്രതീകമാണ്. വലിയ സ്ഥാപനങ്ങളുടെ തണലിൽ മയങ്ങിപ്പോകുന്നവരാണ് പലരും... ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്നവർ മറ്റുള്ളവരുടെ ഇല്ലായ്മയെ മനസിലാക്കും. അതിലൊരാളാണ് ബഹുമാനപ്പെട്ട ജോൺ മാരിയൂസച്ചൻ. സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നിട്ടും ഒരിക്കൽപ്പോലും സമ്പന്നതയുടെ അടിമയായി ജീവിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. തനിക്കില്ലെങ്കിലും മറ്റുള്ളവർക്ക് എല്ലാം ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ... അദ്ദേഹത്തിന്റെ മുറിയിൽ ആഡംബരവസ്തുക്കളൊന്നുമില്ല. ഞാൻ അറിയുന്ന കാലംമുതൽ അദ്ദേഹം അങ്ങനെയാണ്. രാജ്‌കോട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലിയും മാതൃകയും അനുകരണീയമായിരുന്നു. അധികാരത്തിന്റെ ഗർവും ദുരുപയോഗവും ഒരിക്കലും ആ മനസിനെ ബാധിച്ചിട്ടില്ല.

സത്യം പറയാനും സത്യത്തിനുവേണ്ടി മാത്രം നിൽക്കാനും മാരിയൂസച്ചന് മടിയില്ല. തെറ്റു കണ്ടാൽ തെറ്റാണെന്നു പറയാനുള്ള ആർജവം അദ്ദേഹത്തിനുണ്ട്. സന്യാസിയെന്ന നിലയിൽ ഏതൊരു പ്രവർത്തനവും ഇല്ലാത്തവന്റെ പക്ഷത്തേക്ക് നീങ്ങാനുള്ള ഉപാധിയാണ്. അവിടെ ഈശോയാണ് മാതൃക. മാരിയൂസച്ചന്റെ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നതിതാണ്. തന്റെ മനസാക്ഷിക്കനുസരിച്ച് സത്യത്തെയും നീതിയെയും സന്യാസധാർമ്മികതയെയും മാരിയൂസച്ചൻ ജീവിതത്തിൽ പകർത്തുന്നു. ഒരിക്കൽ അഹമ്മദ്ബാദിൽ ഞങ്ങൾ താമസിക്കുന്നിടത്തേക്ക് മാരിയൂസച്ചൻ വരുമ്പോൾ, വീടുകൾവൃത്തിയാക്കി ഉപജീവനം നടത്തുന്ന ഒരു സ്ത്രീ ബൈക്ക് തട്ടി വീണതും ആളുകൾ ആശുപത്രിയിൽ കൊണ്ടുപോയതും അദ്ദേഹം കണ്ടു. ആ സ്ത്രീ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ചേരിയിലാണ് താമസിച്ചിരുന്നത്.

ആ സ്ത്രീയെപ്പറ്റിയും കുടുംബത്തെപ്പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു... പിറ്റേന്ന് ദിവ്യബലിയിൽ അദ്ദേഹം ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ചു... അവർക്കു നൽകാൻ കുറെ പണം എന്നെ ഏൽപ്പിക്കുകയും ചെയ്തു. ദുഃഖം കാണുമ്പോൾ അത് ആർക്കായിരുന്നാലും ആ ദുഃഖത്തിൽ പങ്കുചേരുന്നവനാണ് യഥാർത്ഥ മനുഷ്യസ്‌നേഹി... മതവും രാഷ്ട്രീയവും ജാതിയും ഉപജാതിയും നമ്മുടെ സ്‌നേഹസംസ്‌കാരത്തെ നശിപ്പിക്കരുത്. അന്യരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതിന് ഉത്തരം നൽകുമ്പോഴേ നമ്മളൊക്കെ നന്മനിറഞ്ഞ സമൂഹത്തിന്റെ ഭാഗമാകൂ. ഇങ്ങനെ മറ്റുള്ളവരെ സഹായിച്ചാൽ ചിലരെങ്കിലും നമ്മളെ കബളിപ്പിക്കില്ലേ? സത്യമാണത്... കബളിപ്പിക്കപ്പെടാം.

ചിലർ നമ്മെ വഞ്ചിക്കും എന്ന ന്യായത്തിൽ അർഹതപ്പെട്ടവനെ ഉപേക്ഷിക്കാൻ ഒരു നീതിശാസ്ത്രവും കൂട്ടുനിൽക്കില്ല. കബളിപ്പിക്കപ്പെടുമെന്നതിന്റെ പേരിൽ നന്മ ചെയ്യുന്നതിൽനിന്ന് നീങ്ങിനിൽക്കാൻ നമുക്കവകാശമില്ല. അങ്ങനെ മാറിയാൽ അതൊരു കള്ളന്യായം മാത്രം! കബളിപ്പിക്കുന്നവരെ ഓർത്ത് നെഞ്ചുരുകി ഉറക്കം നഷ്ടപ്പെടുത്തുന്നതിനെക്കാൾ മറ്റുള്ളവരുടെ ഇല്ലായ്മകളെയോർത്ത് നെഞ്ചുരുകുന്നതാണ് യഥാർത്ഥ ആധ്യാത്മികത. കൊടുക്കാനും സഹായിക്കാനും മടിക്കുന്നവർ കണ്ടെത്തുന്ന ന്യായമാണ് കബളിപ്പിക്കൽ സിദ്ധാന്തം! ആരുടെയും ഹൃദയം തുരന്നുനോക്കി നമുക്ക് ആരെയും സഹായിക്കാനാവില്ല. പരസ്‌നേഹത്തിലൂടെ ജീവിതത്തിന് അർത്ഥം കൊടുക്കാൻ ശ്രമിക്കുകയാണ് ജോൺ മാരിയൂസച്ചൻ. എത്രയോ പേർക്ക് അദ്ദേഹം സന്തോഷത്തിന്റെയും സംതൃപ്തിയുടെയും നിമിഷങ്ങൾ സമ്മാനിക്കുന്നു? ഒരു മനുഷ്യജീവിതത്തിന് ഇതിൽക്കൂടുതൽ എന്തു നേടാനുണ്ട്? മാരിയൂസച്ചന്റെ നന്മനിറഞ്ഞ ജീവിതം അനേകർക്ക് ഇനിയും പ്രതീക്ഷ നൽകട്ടെ....

പീറ്റർ കൊച്ചാലുങ്കൽ സി.എം.ഐ

Source: Sunday Shalom