News >> വികസനവും ജീവിതസന്തോഷവും ഒളിംപിക്സ് ഉന്നംവയ്ക്കണം


വികസനവും ജീവിതസന്തോഷവും കായികവിനോദത്തിന്‍റെ ലക്ഷ്യമായിരിക്കമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ ജനീവ കേന്ദ്രത്തിലുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവാന്‍ യര്‍ക്കോവിചാണ് അഭിപ്രായപ്പെട്ടത്.

മെച്ചപ്പെട്ട സാമൂഹികബന്ധവും സാഹോദര്യവും വളര്‍ത്താന്‍ സഹായകമാകുന്ന  മാധ്യമമാവണം രാജ്യാന്തര കായികവിനോദങ്ങള്‍, പ്രതേകിച്ച് അതിന് വേദിയൊരുക്കുന്ന മാനിവകതയുടെ കായിക മാമാംങ്കം, ഒളിംപിക് കളികള്‍. കായികോത്സവങ്ങളിലെ മനുഷ്യാവകാശ മൂല്യങ്ങളുടെ സംരക്ഷ​ണം സംബന്ധിച്ച സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്രകടനം നടത്തിയത്.

ആഗസ്റ്റ് 5-മുതല്‍ 21-വരെ ബ്രസീലിലെ റിയോ നഗരത്തിലാണ് ഒളിംപിക്സ് കായികമത്സരങ്ങള്‍ നടക്കുന്നത്. 'ഒളിംപിക്സ്' പോലുള്ള മത്സരവേദികള്‍ മനുഷ്യന്‍റെ അവകാശങ്ങള്‍ മാനിക്കുന്ന വേദികൂടിയാവണം.  കൂട്ടായ്മയ്ക്കും ഐക്യാദാര്‍ഢ്യത്തിനും മങ്ങലേറ്റിരിക്കുന്ന സമകാലീന ലോകത്ത് സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും കരുത്തു പകരാന്‍ കായികോത്സവങ്ങള്‍ക്ക് സാധിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് പ്രസ്താവിച്ചു.

ഒളിംപിക് ആദര്‍ശങ്ങള്‍ക്കും, അടിസ്ഥാന മാനവിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഘടകങ്ങള്‍, അതിക്രമങ്ങള്‍ അധാര്‍മ്മികത എന്നിവ മാറ്റിനിര്‍ത്താനും, കായിക വിനോദത്തിന്‍റെ സാമൂഹികവും, ധാര്‍മ്മികവുമായ മൂല്യങ്ങളും ആരോഗ്യകരമായ മാത്സര്യബുദ്ധിയും നിലനിര്‍ത്തുവാനും വേദകളില്‍ ജാഗ്രതപുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന്, ജൂണ്‍ 28-ാം തിയതി ജനീവ ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് ചൂണ്ടിക്കാട്ടി.

'കായികജീവിതവും ധാര്‍മ്മികതയും' എന്ന വിഷയം കേന്ദ്രികരിച്ച്, വത്തിക്കാന്‍റെ വീക്ഷണം പങ്കുവയ്ക്കുന്ന ഒരു രാജ്യാന്തര സംഗമം ഓഗസ്റ്റു മാസത്തില്‍ ജനീവയില്‍ സംഘടിപ്പിക്കും. മാനവികതയുടെ വിസ്തൃതമായ സാംസ്ക്കാരിക ചക്രവാളത്തില്‍ കായികോത്സവങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്നും ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് യുഎന്‍ സംഘത്തെ അറിയിച്ചു.

Source: Vatican Radio