News >> വിശക്കുന്നവന്‍റെ മുന്നില്‍ പാട്ടുപാടുന്നതല്ല കാരുണ്യം
കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച നടത്തിയ പ്രത്യേക പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണം (പരിഭാഷ). മുപ്പതിനായിരത്തിലേറെപ്പേര്‍ സന്നിഹിതരായിരുന്നു : കാരുണ്യപ്രവൃത്തികളെക്കുറിച്ച് ജൂബിലിവത്സരത്തില്‍ നാം ധാരാളം കേള്‍ക്കുന്നുണ്ട്. ഇന്നു നമുക്ക് അതിനെക്കുറിച്ച് ഒരു ആത്മശോധന നടത്താം. കാരുണ്യം സാങ്കല്പികമല്ല, അത് ജീവല്‍ബന്ധിയാണ്. കാരുണ്യത്തെക്കുറിച്ച് ധാരാളം സംസാരിക്കാം, എന്നാല്‍ അതു നാം ജീവിക്കേണ്ടതാണ്. യാക്കോശ്ലീഹായുടെ ലേഖനഭാഗം ഇങ്ങനെ സംഗ്രഹിക്കാം (യാക്കോ. 2, 14-17) : പ്രവൃത്തിയില്ലാത്ത വിശ്വാസവും, കാരുണ്യമില്ലാത്ത പ്രവൃത്തികളും നിര്‍ജ്ജീവമാണ്.കാരുണ്യപ്രവൃത്തിയെന്നു പറയുന്നത് ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ലേശങ്ങളില്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുന്നതാണ്. കാരുണ്യമെന്നാല്‍ അപരന്‍റെ വേദന കാണാനുള്ള കണ്ണും, അതു കേള്‍ക്കുവാനുള്ള കാതും, അവരെ തുണയ്ക്കുവാനുള്ള കരങ്ങളുമാണ്. പാവങ്ങളും പരിത്യക്തരുമായവരുടെ ആവശ്യങ്ങള്‍ അനുദിന ജീവിതത്തില്‍ നിരവധിയാണ്. സഹോദരങ്ങളുടെ യാതനകളും ആവശ്യങ്ങളും മനസ്സിലാക്കി അവരെ തുണയ്ക്കുന്നതാണ് കാരുണ്യം, കാരുണ്യപ്രവൃത്തി. കാരുണ്യം ജീവിതശൈലിയാക്കേണ്ടവരാണ് ക്രൈസ്തവര്‍.ദാരിദ്ര്യത്തിന്‍റെ നാടകീയ രംഗങ്ങള്‍ ജീവിതപരിസരങ്ങളില്‍ നാം ധാരാളം കാണാറുണ്ട്. എന്നാല്‍ അവ നമ്മെ സ്പര്‍ശിക്കുന്നില്ല. ഒന്നും സംഭവിക്കാത്തപ്പോലെ നിസ്സംഗരായി നാം കടന്നുപോകുന്നു. ഈ നിസംഗത ജീവിതത്തെ കാപട്യത്തിലേയ്ക്കും മെല്ലെ ആത്മീയ മാന്ദ്യത്തിലേയ്ക്കും നയിക്കുന്നു. ദൈവം നമ്മോടു കരുണകാണിക്കുന്നു. അതുപോലെ കരുണയ്ക്കായി നമ്മിലേയ്ക്കു തിരിയുന്നവരും നിരവധിയാണ്. ദൈവത്തിന്‍റെ കാരുണ്യം അനുഭവിച്ചിട്ടുള്ളവര്‍ക്കും അതിനെക്കുറിച്ച് അവബോധമുള്ളവര്‍ക്കും ഒരിക്കലും ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളോട് നിസംഗരായിരിക്കാനാവില്ല. ഓര്‍ക്കണം, അപരനെ സഹായിക്കാതെയും ശുശ്രൂഷിക്കാതെയും ജീവിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല."എനിക്കു വിശന്നപ്പോള്‍ നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു, ദാഹിച്ചപ്പോള്‍ കുടിക്കാന്‍ തന്നു, നഗ്നനായിരുന്നപ്പോള്‍ വസ്ത്രം തന്നു, രോഗിയായിരുന്നപ്പോഴും കാരാഗൃഹത്തിലായിരുന്നപ്പോഴും സന്ദര്‍ശിച്ചു." ക്രിസ്തുവിന്‍റെ ഈ പ്രബോധനം കിട്ടിയിട്ടുള്ളവര്‍ക്ക് കാരുണ്യത്തിന്‍റെ പാത വെടിയാനാകുമോ (മത്തായി 25, 35-36)!? വിശക്കുന്ന മനുഷ്യന്‍റെ മുന്നില്‍ പാട്ടുപാടിയിട്ടു കാര്യമില്ല, അയാള്‍ക്ക് എന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കുന്നതാണ് കാരുണ്യം. അതിനാല്‍ കാരുണ്യപ്രവൃത്തികള്‍ പ്രാമാണികമോ, സൈദ്ധാന്തികമോ അല്ല. അവ സ്പഷ്ടമായും പ്രായോഗികമാണ്. അവ പ്രവൃത്തിബദ്ധവുമാണ്.മുണ്ടുമടക്കി നാം ഇറങ്ങി പ്രവൃത്തിക്കുകയും, സഹോദരങ്ങളെ സഹായിക്കുകയും ചെയ്യേണ്ട കാര്യമാണത്. വേദനിക്കുന്ന സഹോദരനിലും സഹോദരിയിലും ക്രിസ്തുവിനെ കാണണം. ദുഃഖിതരിലും പീഡിതരിലും, നിന്ദിതരിലും നിര്‍ദ്ധനരിലും ക്രിസ്തുവിന്‍റെ നിശ്ശബ്ദസാന്നിദ്ധ്യം തിരിച്ചറിയണം. ഇതാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്ന കാരുണ്യത്തിന്‍റെ വെല്ലുവിളി! സഹോദരങ്ങളില്‍ ക്രിസ്തുവിനെ കണ്ടെത്തുക! എന്നെയും നമ്മെ എല്ലാവരെയും ക്രിസ്തു കാരുണ്യപൂര്‍വ്വം കടാക്ഷിക്കുന്നു. അതിനാല്‍ സഹോദരങ്ങളില്‍, വിശിഷ്യാ പാവങ്ങളിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലും നാമും അവിടുത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു! ആഗോളവത്കൃത ലോകത്ത് ആത്മീയവും ഭൗതികവുമായ ദാരിദ്യം ഏറെ വര്‍ദ്ധിച്ചിട്ടുണ്ട് : അതിനാല്‍ സമൂഹത്തിലിന്ന് ഉപവി പ്രവൃത്തനങ്ങളുടെ ക്രിയാത്മകവും നവവുമായ രൂപങ്ങള്‍ ഉടലെടുക്കുന്നുമുണ്ട്. അങ്ങനെ കാരുണ്യപ്രവൃത്തികള്‍ കൂടുതല്‍ സംഘടിത രൂപവും ഭാവവും ആര്‍ജ്ജിക്കുന്നുണ്ട്. അപ്പോഴും ക്രൈസ്തവ വീക്ഷണത്തില്‍ നാം യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്നവരെ കാണാതെ പോകരുത്.ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി. അവരെ ആശീര്‍വ്വദിച്ചു.Source: Vatican Radio