News >> വിശ്വാസത്തിന്റെ സാക്ഷ്യമായി ജയിലറയിൽ ഏഴാണ്ട്


ആരോ എന്റെ മുഖത്ത് ആഞ്ഞിടിച്ചു. എന്റെ മൂക്കിന് പരിക്കേറ്റു. രക്തം ഒഴുകുന്നു. എന്റെ കൈകാലുകൾ കുഴഞ്ഞുപോയി. അവർ എന്നെ ഒരു കഴുതയെപ്പോലെ പിടിച്ചുവലിച്ചു. എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല; മൗനമായി സഹിക്കുകയല്ലാതെ. ഞാൻ ജനക്കൂട്ടത്തിലേക്ക് നോക്കി. അവർ എന്റെ ശൂന്യമായിക്കൊണ്ടിരിക്കുന്ന പ്രതികരണത്തിൽ ആനന്ദിക്കുന്നതുപോലെ തോന്നി. അവരുടെ പ്രഹരത്തിന് പിന്നെയും കരുത്ത് കൂടിക്കൂടി വന്നു. എന്റെ ഒരു കൈ ഒടിഞ്ഞതുപോലെ തോന്നി. 'ക്രിസ്ത്യാനിയെ കൊല്ലുക. ജനക്കൂട്ടം ആർത്തുവിളിക്കുന്നുണ്ടായിരുന്നു.

പാക്കിസ്ഥാനിൽ ദൈവദൂഷണക്കുറ്റം ആരോപിച്ച് ഏഴ് വർഷമായി തുറങ്കിടലയ്ക്കപ്പെട്ട സാധാരണക്കാരിയായ വീട്ടമ്മയായ അസിയാബിയുടെ ഓർമ്മക്കുറിപ്പിൽ നിന്നാണിത്. ജനക്കൂട്ടം ദൈവദൂഷണക്കൂറ്റം കെട്ടിച്ചമച്ച് മക്കളുടെയും ഭർത്താവിന്റെയും മുന്നിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ ദിനത്തിലെ ഓർമ്മകൾ കുറിച്ച അസിയാബിയുടെ ആത്മകഥ പാക്കിസ്ഥാൻ ക്രിസ്ത്യാനികൾ മനപ്പാഠമാക്കിയിരിക്കുന്നു.

2009 ജൂൺ 14 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ലോകം അസിയാബിയെ തുറങ്കിലടച്ചതിന്റെ ഏഴാംവാർഷികവും ഇപ്പോൾ ആചരിച്ചുകഴിഞ്ഞു. ലോകമെങ്ങും അവളുടെ വിമോചനം ആഗ്രഹിക്കുന്നുവെങ്കിലും മതമൗലികവാദികൾ അവളുടെ രക്തത്തിനായി ഇപ്പോഴും നിലവിളിക്കുകയാണ്.

പാക്കിസ്ഥാനിലെ വിദൂരമായ ഗ്രാമത്തിലെ കൂലിപ്പണിക്കാരിയായിരുന്നു അസിയാബി. സമ്പന്നനായ കൃഷിക്കാരന്റെ കൃഷിയിടത്തിലെ വിളവെടുക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു അവൾ. 45 ഡിഗ്രി ചൂടിൽ ദാഹം സഹിക്കാനാവാതെ ആ പറമ്പിലെ കിണറ്റിൽ നിന്നും അവൾ വെള്ളംകോരി, സ്വന്തം ഗ്ലാസ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി വെള്ളം കോരിക്കുടിച്ചു ഇതാണ് അവൾ ചെയ്ത കുറ്റം. പെട്ടെന്നാണ് അവളോടൊപ്പം പണിയെടുത്ത ഭൂരിപക്ഷ മത്തിലെ യുവതികൾ അലറിവിളിച്ചത്. 'ഈ ക്രിസ്ത്യൻപെണ്ണ് നമ്മുടെ വെള്ളം അശുദ്ധമാക്കിയിരിക്കുന്നു'വെന്ന്.

തുടർന്നുണ്ടായ കശപിശയെതുടർന്ന് ദൈവദൂഷണക്കുറ്റം ആരോപിച്ച് അവൾ അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചുമക്കളുടെ അമ്മയായ അവളെ 2010 നവംബറിൽ ഷെയ്ക്ക്പുരയിലെ ജഡ്ജി തൂക്കിക്കൊല്ലുവാനാണ് വിധിച്ചത്. എന്നാൽ പിന്നീടത് തടവ് ശിക്ഷയാക്കി.

എന്നാലിന്നും അസിയാബി ജയിലിലിൽ തന്നെയാണ്.കോടതിയിൽ പലതവണ അപ്പീൽ നൽകി കാത്തിരിക്കുകയാണ് അവൾ. അവളെ കൊല്ലുന്നവർക്ക് വൻതുകയാണ് ഒരു മതനേതാവ് വാഗ്ദാനം ചെയ്തത്. അതിനാൽ ജയിലിലും വൻ സുരക്ഷ അസിയാബിക്ക് നൽകിയിട്ടുണ്ട്. ഏതുനേരവും ഏതെങ്കിലും ഒരു തടവുകാരനോ ജയിലധികാരിയോ അവളുടെ ജീവൻ അപഹരിച്ചേക്കാമെന്ന് ഇന്നും ക്രൈസ്തവർ ഭയപ്പെടുന്നു.

പാക്കിസ്താന്റെ അതിർത്തികൾക്കപ്പുറത്ത് അവളുടെ ജീവനുവേണ്ടി നിരന്തരം പ്രാർത്ഥനയിലും നിലവിളികളിലും കഴിയുന്ന അനേകരുണ്ട്. നിഷ്‌കളങ്കയായ അസിയാബിയുടെയും അമ്മയെക്കാത്തിരിക്കുന്ന മക്കളുടെയും വേദനിപ്പിക്കുന്ന മുഖം ലോകത്തെ വേട്ടയാടുകയാണ്. മതപീഡനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അഴികൾക്കുള്ളിലെ അസിയാബി.

ജയിലിൽ അസിയാബിയെ സന്ദർശിച്ച ഒരു ഫ്രഞ്ച് പത്രപ്രവർത്തകയാണ് അവളുടെ വിശ്വാസത്തിന്റെ കഥ ലോകത്തെ അറിയിക്കുന്നത്. പത്രവാർത്തയ്ക്കുശേഷം പാക്കിസ്ഥാനിലെ പത്ത് ദശലക്ഷം ആളുകളാണ് സ്വന്തം കൈകൾകൊണ്ട് എന്നെ കൊല്ലാൻ തയാറായിരിക്കുന്നതെന്ന് അസിയാബി പറഞ്ഞു. പാക്കിസ്ഥാന്റെ സ്വന്തം മണ്ണിൽ അനാഥരെപ്പോലയാണ് ക്രൈസ്തവർ. തത്വത്തിൽ സമത്വമുണ്ടെിലും അവർ പീഡിപ്പിക്കപ്പെടുന്നു. വീടുകളിൽപ്പോലും കുരിശുരൂപമോ, മാതാവിന്റെ ചിത്രമോ സൂക്ഷിക്കാനാവില്ല. ചെറിയ ബൈബിൾ മാത്രം രഹസ്യമായി അവർ സൂക്ഷിക്കുന്നു.

ലോകത്തിലെ മതപീഡനങ്ങളിൽ 80 ശതമാനവും ക്രൈസ്തവർക്കെതിരെയാണ്. 2011 പ്യൂ ഫൗണ്ടേഷൻ കണക്കനുസരിച്ച് 193 രാജ്യങ്ങളിൽ 130 ലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്.

ക്രൈസ്തവ പീഡനം പുതിയ രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ്. അസിയാബി പുസ്തകത്തിന്റെ അവസാന പേജിൽ തന്റെ കഥ ലോകത്തോട് പറയണമെന്ന് അവൾ അഭ്യർത്ഥിക്കുന്നുണ്ട്. "എനിക്ക് നിങ്ങളുടെ പ്രാർത്ഥന ആവശ്യമുണ്ട്. എന്നെ രക്ഷിക്കൂ..."

അസിയാബിയെ ക്രൈസ്തവർ വിസ്മരിക്കരുത്. അവൾക്കായി നിരന്തരം പ്രാർത്ഥിക്കണം. ദൈവം അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും.

Source: Sunday Shalom