News >> വിശുദ്ധയായ വീട്ടമ്മ
ഇറ്റലി: എൺപതോളം അത്ഭുതങ്ങൾ നടന്ന വാഴ്ത്തപ്പെട്ട മദർ അഡോണിയായുടെ നാമകരണനടപടികൾ അതിവേഗം തുടരുന്നു."സന്തോഷമുള്ള ഒരു വ്യക്തി ജീവിച്ചിരുന്നുവെങ്കിൽ അത് ഞാനാണ്." ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ഭർത്താവിനെയും ആറു മക്കളുടെയും വിയോഗത്തിന് സാക്ഷ്യം വഹിച്ച ഈ അഡോണിയായിരുന്നു. വാഴ്ത്തപ്പെട്ടവരുടെ നിരയിലുളള മദർ അഡോണിയ സ്ത്രീകൾക്ക് മാർഗ്ഗദർശി എന്ന നിലയിലാണ് സഭ അംഗീകരിക്കുന്നത്.ഇറ്റലിയിലെ ഫിവിസിയാനോ നഗരത്തിലാണ് അന്ന മരിയ അഡോണി ഭൂജാതയായത്. അവൾക്ക് 15 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. സന്യാസിനിയായി ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചു. അമ്മ സമ്മതിച്ചില്ല. അമ്മയുടെ ആഗ്രഹപ്രകാരം 1826 ൽ ആന്റോണി യോ ഡൊമിനിക്കോയെ വിവാഹം ചെയ്തു. അവൾ ഭർത്താവിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. വിവാഹത്തിനുശേഷം മൂന്നുമാസം കഴിഞ്ഞപ്പോൾ അവൾക്ക് സ്വന്തം മാതാവിനെ നഷ്ടപ്പെട്ടു.നല്ല ഒരു ഭാര്യയായിരുന്നു അവൾ. പരസ്പരം സ്‌നേഹിക്കുക വളരെ നല്ലകാര്യമാണ്. ഭർത്താക്കന്മാരുടെ ആവശ്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നാൽ എല്ലാ ഭർത്താക്കന്മാരും നല്ലവരായിരിക്കുമെന്ന് അവൾ ഒരിക്കൽ പറഞ്ഞിരുന്നു. അവർക്ക് ആറു മക്കളെ ദൈവം നൽകി. മക്കളെ സ്വർഗ്ഗരാജ്യത്തിന് യോഗ്യരാക്കുവാൻ തികഞ്ഞ പ്രാർത്ഥനാരൂപിയിലാണ് വളർത്തിയെടുത്തത്. ആറുമക്കളിൽ രണ്ടുപേരെ ദൈവം നേരത്തെ വിളിച്ചു. അവൾക്ക് 39 വയസ്സായപ്പോൾ ഭർത്താവിന് രോഗം കൂടുതലായി. നാലുമാസത്തെ കിടക്കയിലെ വാസത്തിനുശേഷം ഭർത്താവിനെ ദൈവം തിരികെ വിളിച്ചു.വിധവയായ ശേഷം മക്കളെ പരിചരിച്ചുകൊണ്ട് ദൈവത്തിനു സമർപ്പിതയായി ജീവിക്കുവാൻ അവൾ ആഗ്രഹിച്ചു. ഉപവിയിലും തടവറയിലുള്ളവരെ സന്ദർശിച്ചും അവൾ കാലം കഴിച്ചു. വൈകാതെ നാലുമക്കളിൽ മുന്നുപേരെയും കർത്താവ് തിരികെ വിളിച്ചു. അവസാനത്തെ കുട്ടി ബെനഡിക്‌ടൈൻ മൊണാസ്ട്രിയിൽ ചേർന്നു. 26-ാമത്തെ വയസ്സിൽ ദൈവം അവനെയും തിരികെയെടുത്തു.ദൈവം പ്രിയപ്പെട്ടവരെയെല്ലാം തിരികെയെടുത്തെങ്കിലും അവൾ പ്രതീക്ഷ കൈവെടിഞ്ഞില്ല. അവളുടെ വിശ്വാസതീക്ഷ്ണത അനേകരെ ആകർഷിച്ചു. മദർ അഡോണിയുടെ തടവറ സന്ദർശനത്തിലും ജീവിതശൈലിയിലും ആകർഷിതരായി അനേകം വനിതകൾ വന്നു. അങ്ങനെ പ്രിസൺ മിനിസ്ട്രി കൂടുതൽ ശക്തമായി. 1857 ൽ എട്ടു പേരുമായി അവൾ പുതിയ സന്യാസിനി സഭയ്ക്ക് തുടക്കം കുറിച്ചു. പാപത്തിൽ വീണുപോയവരെ രക്ഷിക്കുക, അനാഥരെയും വിധവകളെയും സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ മുഴുകി. സമൂഹത്തിൽ വിവിധ തൊഴിലുകൾ ചെയ്ത് അവർ ജിവിതം നയിച്ചു. 1893 ൽ ദൈവസന്നിധിയിലേക്ക് യാത്രയായി. മദർ അഡോണിയുടെ വിശുദ്ധി അനേകരെ ആകർഷിച്ചു.Source: Sunday Shalom