News >> റോമിന്‍റെ പ്രഥമ നഗരാധിപ പാപ്പായെ സന്ദര്‍ശിച്ചു


റോമിന്‍റെ പ്രഥമ നഗരാധിപ വിര്‍ജീനിയ റാജിയെ പാപ്പാ വെള്ളിയാഴ്ച (01/07/16) രാവിലെ വത്തിക്കാനില്‍ സ്വീകരിച്ചു.

     നിത്യനഗരമായ റോമിന്‍റെ 3000 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു വനിത നഗരത്തിന്‍റെ അധികാരമേന്തിയിരിക്കുന്നത്.

     ഇക്കഴിഞ്ഞ ജൂണ്‍ (2016) 22 നാണ് റോമിന്‍റെ പ്രഥമ വനിതാമേയര്‍ ആയി വിര്‍ജീനിയ റാജി അധികാരമമേറ്റത്.

     ഫ്രാന്‍സീസ് പാപ്പായും ശ്രീമതി വിര്‍ജീനിയ റാജിയും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച 20 മിനിറ്റോളം ദീര്‍ഘിച്ചു.

     റോമാപുരിയുടെ   പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍  ദുരിതങ്ങളുള്ളിടങ്ങളിലെ ജനങ്ങളുടെ അഭ്യര്‍ത്ഥനകളും സാക്ഷ്യങ്ങളും സന്ദേശങ്ങളുമടങ്ങിയ, വിസ്മൃത റോമിന്‍റെ സ്വനം (LA VOCE DELLA ROMA) എന്ന ശീര്‍ഷകത്തിലുള്ള ഒരു വീഡിയൊ ആയിരുന്നു റോം നഗരാധിപ പാപ്പായ്ക്ക് സമ്മാനിച്ചത്.

     മകനും മാതാപിതാക്കളുമടങ്ങിയ കുടുംബാംഗങ്ങളോടും നഗരസഭയിലെ ഏതാനും ഉദ്യോഗസ്ഥരോടും ഒപ്പമാണ് ശ്രീമതി വിര്‍ജീനിയ റാജി പാപ്പായെ സന്ദര്‍ശിക്കാന്‍ വത്തിക്കാനില്‍ എത്തിയത്.

     വികാരസാന്ദ്രമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും സമസൃഷ്ടിസ്നേഹഭരിതനായ ഒരു വ്യക്തിയെയാണ് താന്‍ പാപ്പായില്‍ ദര്‍ശിച്ചതെന്നും അദ്ദേഹം തന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും ഈ കൂടിക്കാഴ്ചാനന്തരം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ ശ്രീമതി വിര്‍ജീനിയ റാജി പ്രതികരിച്ചു.

Source: Vatican Radio