News >> യൂറോപ്പിനെ ഭിന്നിപ്പിക്കുന്ന അദൃശ്യമതിലുകള്‍ ഉയരുന്നു-പാപ്പാ
യൂറോപ്പിന്‍റെ അമേയമായ ക്രൈസ്തവനിര്‍ഭര പൈതൃകം കൗതുകാഗാരത്തില്‍ പ്രതിഷ്ഠിക്കാനു ള്ളതോ, അതോ, സംസ്ക്കാരങ്ങള്‍ക്ക് പ്രചോദനമേകാനും സ്വന്തം മൂല്യങ്ങള്‍ നരകുലത്തിനാകമാനം പ്രദാനം ചെയ്യാനും ഇനിയും പ്രാപ്തിയുള്ളതോ എന്നു ചിന്തിക്കാനും സ്വയം ചോദിക്കാനും ആ ഭൂഖണ്ഡം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ശനിയാഴ്ച (02/07/16) യൂറോപ്പിനുവേണ്ടി ഒറ്റക്കെട്ടായി എന്ന ,1999 ല്‍ രൂപംകൊണ്ട, പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട യോഗത്തിനു നല്കിയ വീഢിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്. കത്തോലിക്കസഭയുള്‍പ്പടെയുള്ള വിവിധ സഭകളിലും സമൂഹങ്ങളിലുംപെട്ട പ്രസ്ഥാനങ്ങളും സംഘടനകളും , സമാഗമം-അനുരഞ്ജനം-ഭാവി എന്ന ശീര്‍ഷകത്തില്‍ നടന്ന ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. നമ്മുടെ ഈ കാലഘട്ടത്തിന്‍റെതായ പ്രശ്നങ്ങളെ യുറോപ്പിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തോടുകൂടി നേരിടാന്‍ കൈകോര്‍ക്കേണ്ടത് ആവശ്യമാണെന്നും ഇന്ന് യുറോപ്പു-ഭൂഖണ്ഡത്തെ വിഭജിക്കുന്നതിന് ലക്ഷ്യമിടുന്ന ദൃശ്യമായ ചില മതിലുകള്‍ക്കു പുറമെ അദൃശ്യമതിലുകളും ശക്തിപ്രാപിച്ചു വരുന്നുണ്ടെന്നും വ്യക്തികളുടെ ഹൃദയങ്ങളിലാണ് ഈ മതിലുകള്‍ ഉയരുന്നതെന്നും പാപ്പാ പറഞ്ഞു. ഭീതി, അക്രമാസക്തി, ഭിന്ന മത വര്‍ഗ്ഗങ്ങളില്‍പ്പെട്ട വ്യക്തികള്‍ തമ്മില്‍ പരസ്പര ധാരണയില്ലായ്മ, സാമ്പത്തിക രാഷ്ട്രീയ സ്വാര്‍ത്ഥത, മനുഷ്യ ജീവനോടും മാനവ ഔന്നത്യത്തോടും അനാദരവ് എന്നിവയാല്‍ നിര്‍മ്മിതങ്ങളാണ് ഈ മതിലുകള്‍ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. കാലഘട്ടത്തിന്‍റെതായ പ്രശ്നങ്ങള്‍ നാം തിരിച്ചറിഞ്ഞാല്‍ നമുക്ക് മാറ്റത്തിനായി ശബ്ദമുയര്‍ത്തുന്നതിനുള്ള ധൈര്യം ഉണ്ടാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. യഥാര്‍ത്ഥ ഐക്യം ജീവിക്കുക വൈവിധ്യത്തിന്‍റെ സമ്പന്നതിയാലാണെന്നു പാപ്പാ കുടുംബത്തെ ഉദാഹരണമായി വച്ചുകൊണ്ട് വിശദീകരിച്ചു. പാരസ്പര്യത്തിന്‍റെ സംസ്കൃതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടിയ പാപ്പാ പ്രസ്തുത സംസ്ക്കാരം അര്‍ത്ഥമാക്കുന്നത് പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും പരസ്പരം ആദരിക്കുകയും സ്വീകരിക്കുകയും താങ്ങായി നില്ക്കുകയും, ഐക്യോന്മുഖമായി സിദ്ധികളുടെ വൈവിധ്യങ്ങള്‍ അംഗീകരിക്കുകയും ആ ഐക്യത്തെ സമ്പന്നമാക്കുകയും ചെയ്യുക എന്നാണെന്നും ഉദ്ബോധിപ്പിച്ചു.Source: Vatican Radio